ഓൾഡ് ട്രാഫോഡ് നിശ്ചലം, സ്പർസിനോട് നാണം കെട്ട് യുണൈറ്റഡ്

സ്വന്തം മൈതാനത്തെ സരക്ഷിതത്വവും ജോസ് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചില്ല. ഓൾഡ് ട്രാഫോഡിൽ സ്പർസിനെ നേരിട്ട അവർക്ക് എതിരില്ലാത്ത 3 ഗോളുകളുടെ തോൽവി. ഹാരി കെയ്ൻ, ലൂക്കാസ് മോറയുടെ രണ്ട് ഗോളുകളാണ് സ്പർസിന് ജയം ഒരുക്കിയത്. ഇന്നത്തെ തോൽവിയോടെ യുണൈറ്റഡ് 3 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റുമായി  13 ആം സ്ഥാനത്താണ്. സ്പർസ് 9 പോയിന്റുമായി 3 ആം സ്ഥാനത്താണ്

ബ്രൈറ്റനെതിരെ തോൽവി വഴങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ടീമിനെ ഇറക്കിയത്. പെരേര, ബായി, ലിണ്ടലോഫ്, യങ് എന്നിവർക്ക് പകരം ഹെരേര, മാറ്റിച്, സ്മാളിങ്, ജോൻസ്, വലൻസിയ എന്നിവർ ടീമിലെത്തി.

ആദ്യ പകുതിയിൽ യുണൈറ്റഡ് മികച്ച ആധിപത്യമാണ് പുലർത്തിയത്. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. ഡാനി റോസിന്റെ പിഴവിൽ നിന്ന് ലുകാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. സ്പർസ് പക്ഷെ എതിർ ഗോൾ മുഖത്ത് കാര്യമായ വെല്ലുവിളി ഉയർത്തിയതുമില്ല.

രണ്ടാം പകുതിയിൽ പക്ഷെ സ്പർസ് ആക്രമണത്തിന് മുൻപിൽ യുണൈറ്റഡ് പ്രതിരോധം ചിന്നി ചിതറുന്ന കാഴ്ചയാണ് കണ്ടത്. 50 ആം മിനുട്ടിൽ ട്രിപ്പിയറിന്റെ കോർണറിൽ നിന്ന് കെയ്ൻ നേടിയ ഹെഡർ ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ സ്പർസ് ഏറെ വൈകാതെ 52 ആം മിനുട്ടിൽ ലൂക്കാസ് മോറയുടെ ഗോളിൽ ലീഡ് രണ്ടാക്കി. ഇതോടെ ഹെരേരയെ പിൻവലിച്ച മൗറീഞ്ഞോ സാഞ്ചസിനെ കളത്തിൽ ഇറക്കി. പക്ഷെ 84 ആം മിനുട്ടിൽ മോറയുടെ രണ്ടാം ഗോളും പിറന്നതോടെ യുണൈറ്റഡിന്റെ പതനം പൂർത്തിയായി.

നിർണായക പോരാട്ടത്തിന് യുണൈറ്റഡ് സ്പർസിനെതിരെ

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക പോരാട്ടം. ടോട്ടൻഹാമിനെയാണ് അവർ ഓൾഡ് ട്രാഫോഡിൽ നേരിടുക. നാളെ പുലർച്ചെ 12.30 നാണ് മത്സരം.

ബ്രയിട്ടന് എതിരായ തോൽവിയോടെ പ്രതിസന്ധിയിലായ യുണൈറ്റഡിന് ഇന്ന് നിർണായകമാണ്. ടോട്ടൻഹാമാകട്ടെ ആദ്യ 2 മത്സരങ്ങളും ജയിച്ചു മികച്ച ഫോമിലാണ്. ജയത്തോടെ ഫോമിലേക്ക് മടങ്ങി എത്താനാകും യുണൈറ്റഡിന്റെ ശ്രമം.

സെൻട്രൽ ഡിഫൻസിൽ ഫോം ഇല്ലാത്തതാണ് മൗറീഞ്ഞോ നേരിടുന്ന പ്രധാന പ്രശ്നം. ബായിയും ലിണ്ടലോഫും തീർത്തും മോശം ഫോമിലാണ്. ഹാരി കെയ്ൻ അടക്കമുള്ള സ്പർസ് ആക്രമണ നിര മികച്ച ഫോമിലുമാണ്.

യുണൈറ്റഡ് നിരയിൽ വലൻസിയയും മാറ്റിച്ചും പരിക്ക് മാറി എത്തിയെങ്കിലും ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത വിരളമാണ്. സ്പർസ് നിരയിൽ വൻയാമയും കളിച്ചേക്കില്ല. ഓൾഡ് ട്രാഫോഡിൽ ഏറെ നാളായി സ്പർസിന് ജയിക്കാനായിട്ടില്ല. അവർ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ മൈതാനവും ഇതാണ്. അതുകൊണ്ട് തന്നെ ആ റെക്കോർഡ് തിരുത്താനാകും അവരുടെ ശ്രമം.

ഇംഗ്ലണ്ടിൽ ഇന്ന് കളി ആരംഭം, കമ്മ്യുണിറ്റി ഷീൽഡിൽ ചെൽസി സിറ്റിക്കെതിരെ

ഇംഗ്ലണ്ടിൽ ഫുട്‌ബോൾ സീസണ് തുടക്കം കുറിക്കുന്ന കമ്മ്യുണിറ്റി ഷീൽഡ് മത്സരത്തിൽ ചെൽസി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ കപ്പ് ജേതാക്കളും തമ്മിൽ ഏറ്റു മുട്ടുന്ന പോരാട്ടം പക്ഷെ ഇത്തവണ ഇരു ടീമുകളും രണ്ടാം നിര ടീമുമായിട്ടാകും ഇറങ്ങുക. ലോകകപ്പ് ഇടവേള കഴിഞ്ഞ് ഇരു ടീമിലെയും പ്രധാന താരങ്ങളെല്ലാം വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ അവരാരും ഇന്ന് കളിക്കാൻ ഇടയില്ല.

പുതിയ പരിശീലകൻ മൗറീസിയോ സാരിക്ക് കീഴിൽ ഇറങ്ങുന്ന ചെൽസി പുതുയുഗ ആരംഭം കിരീടത്തോടെ തുടങ്ങാനാകും ലക്ഷ്യമിടുക. പോയ സീസണിലെ മിന്നും ഫോം തുടരാൻ തന്നെയാകും സിറ്റിയും ലക്ഷ്യം വെക്കുക. ഒരേ ശൈലി പിന്തുടരുന്ന സാരിയും ഗാർഡിയോളയും തമ്മിലുള്ള പോരാട്ടവും ഇന്ന് ശ്രദ്ധേയമാകും.

ചെൽസി നിരയിൽ വില്ലിയൻ മടങ്ങി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. പ്രീ സീസണിൽ തിളങ്ങിയ 17 വയസുകാരൻ കാലം ഹഡ്സൻ ഓഡോയിയാകും ഇന്ന് ഹസാർഡിന്റെ പകരം ഇടത് വിങ്ങിൽ കളിക്കുക. സ്ട്രൈക്കർ റോളിൽ മൊറാട്ട തന്നെയാകും ഇറങ്ങുക. പ്രതിരോധത്തിൽ ഡേവിഡ് ലൂയിസിന് ഒപ്പം റൂഡിഗർ കളിച്ചേക്കും.

സിറ്റി നിരയിൽ ഡു ബ്രെയ്, ഡേവിഡ്‌സിൽവ, കെയിൽ വാൾക്കർ, ജോൻസ് സ്റ്റോൻസ് എന്നിവർ ഉണ്ടാവില്ല എങ്കിലും സാനെ, ലപോർട്ട് എന്നിവർ ഉറപ്പായും ഉണ്ടാകും. ഗോൾ കീപ്പറായി ബ്രാവോയാകും ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതിസന്ധി വിട്ടൊഴിയാതെ യുണൈറ്റഡ്, സീസൺ തുടക്കത്തിൽ മാറ്റിച്ചും ഉണ്ടാവില്ല

പരിക്ക് പ്രശ്നങ്ങൾ അലട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ തിരിച്ചടി. മധ്യനിര താരം നേമഞ്ഞ മാറ്റിച്ചിന് പരിക്കേറ്റ് പുറത്തായത് കാരണം സീസണിന്റെ തുടക്കത്തിൽ കളിക്കാനാവില്ല. യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

വയർ സംബന്ധമായ അസുഖത്തിന് മാറ്റിച്ചിന് ശാസ്ത്രക്രിയ നടത്തിയതായി മൗറീഞ്ഞോ സ്ഥിതീകരിച്ചു. ടീമിൽ അഭിവാജ്യ ഘടകമായിരുന്ന മാറ്റിചിന്റെ അഭാവം യുണൈറ്റഡിന് ശക്തമായ തിരിച്ചടിയാകും. ലോകകപ്പ് കഴിഞ്ഞു വിശ്രമത്തിലുള്ള താരങ്ങൾ യുണൈറ്റഡിന്റെ ലെസ്റ്ററിന് എതിരായ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.

നേരത്തെ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയയും പരിക്കേറ്റ് പുറത്തായിരുന്നു. ഡിയഗോ ഡലോട്ട്, ക്രിസ് സ്മാളിംഗ്, ലുക്ക് ഷോ എന്നിവർക്കും പരിക്കുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീസൺ തുടങ്ങും മുൻപേ യുണൈറ്റഡിന് കനത്ത തിരിച്ചടി

സീസൺ തുടങ്ങും മുൻപ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റൻ അന്റോണിയോ വലൻസിയക്ക് സീസൺ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാകും. യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോയാണ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചത്.

അമേരിക്കയിലെ പ്രീ സീസൺ മത്സരത്തിന് ഇടയിലാണ് റൈറ്റ് ബാക്കായ വലൻസിയക്ക് പരിക്കേറ്റത്. ഇതോടെ ലോകകപ്പ് കഴിഞ്ഞു അവധിയിലുള്ള ആഷ്ലി യങിനോട് പെട്ടെന്ന് തിരിച്ചെത്താൻ മൗറീഞ്ഞോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ പുതുതായി ടീമിൽ എത്തിച്ച ഡിഫൻഡർ ഡിയഗോ ഡലോട്ടും പരിക്കേറ്റ് പുറത്തായതോടെ യുണൈറ്റഡിൽ രണ്ട് റൈറ്റ് ബാക്കുകളും പുറത്തായി.

സീസൺ തുടക്കത്തിൽ ഇതോടെ റൈറ്റ് ബാക്കായി ആഷ്ലി യങ്ങും ലെഫ്റ്റ് ബാക്കായി ലുക്ക് ഷോയുമാകും ആദ്യ ഇലവനിൽ കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് ലോകകപ്പ് താരത്തെ സ്വന്തമാക്കാൻ തയ്യാറെടുത്ത് യുണൈറ്റഡ്

ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ഹാരി മഗ്വേയറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നു. ലെസ്റ്റർ സിറ്റി താരമായ മഗ്വേയറിനെ ടീമിൽ എത്തിക്കാൻ 50 മില്യൺ യൂറോയോളം മുടക്കാൻ യുണൈറ്റഡ് തയ്യാറാണെന്ന് എന്നാണ് റിപ്പോർട്ടുകൾ.

ഫിൽ ജോൻസ്, ക്രിസ് സമാലിങ് എന്നിവരിൽ ഒരാൾക്ക് പകരകാരനായിട്ടാവും താരത്തെ മൗറീഞ്ഞോ ലക്ഷ്യമിടുന്നത്. പക്ഷെ 17 മില്യൺ നൽകി ഹൾ സിറ്റിയിൽ നിന്ന് താരത്തെ വാങ്ങി ഒരു വർഷം മാത്രം കഴിഞ്ഞ സമയത്‌ലെസ്റ്റർ താരത്തെ വിട്ട് നൽകുമോ എന്ന കാര്യം സംശയമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തായ് കുട്ടികളെ ഓൾഡ് ട്രാഫോഡിലേക്ക് ക്ഷണിച് യുണൈറ്റഡ്

തായ്ലൻഡിലെ ഒരു ഗുഹയിൽ അകപ്പെട്ട മുഴുവൻ 12 കുട്ടികളെയും പരിശീലകനെയും 17 ദിവസങ്ങൾക്ക് ശേഷം പുറത്തെത്തിച്ചു എന്ന വാർത്ത നിമിഷങ്ങൾ മുൻപാണ് ലോകം സന്തോഷത്തോടെ ശ്രവിച്ചത്. നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് അപകടങ്ങൾ ഒന്നും കൂടാതെ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. കുട്ടികൾക്കും പരിശീലകനും പിന്തുണ അർപ്പിച്ചു എത്തിയിരിക്കുകയാണ് ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.

തായ്ലന്റിലെ വൈൽഡ് ബോർസ് ഫുട്ബോൾ ക്ലബിലെ കുട്ടികളേയും പരിശീലകനേയും കൂടാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും ഓൾഡ് ട്രാഫോഡിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ വരുന്ന സീസണിൽ ഏതെങ്കിലും ഒരു ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ഹോം ഗ്രൗണ്ട് ആയ ഓൾഡ് ട്രാഫോഡും സന്ദര്ശിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ഷണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൂണിയുടെ വണ്ടർ കിക്കിന് ഇന്ന് 7 വയസ്

2010-11 സീസണിലെ ഒരു മാഞ്ചസ്റ്റർ ഡെർബി, മത്സരം 1-1 നിലയിൽ അവസാന പത്ത് മിനിറ്റിലേക്ക് അടുക്കുന്നു. പന്ത് മിഡ്ഫീൽഡിൽ സ്കോൾസിൽ നിന്നും നാനിയിലേക്ക്. നാനി വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസ്സ് ചെയ്യുന്നു. വായുവിൽ ഉയർന്ന് ഒരു ഓവർഹെഡ്‌ കിക്കിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പത്തം നമ്പറുകാരൻ പന്ത് വലയിൽ എത്തിക്കുന്നു. ഓൾഡ് ട്രാഫോഡ് ഒന്നടങ്കം ഇളകി മറിച്ച ആ ഒരു ഗോൾ മതി റൂണി എന്ന ജീനിയസിൻറെ മാറ്ററിയിക്കാൻ.

മാർട്ടിൻ ടെയ്‌ലറുടെ ശബ്ദത്തിൽ “Rooney! It defies description! How about ‘sensational’? How about ‘superb’?” കമന്ററിയോടു കൂടെ ഈ ഗോൾ കണ്ടപ്പോൾ ഓരോ ഫുട്ബാൾ ഫാനും അതിശയിച്ചു നിന്നിട്ടുണ്ടാവും. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്ത ഈ ഓവർ ഹെഡ് കിക്കിന് ഇന്ന് 7 വയസ് തികയുന്നു. റൂണിയുടെ മികവിൽ യുണൈറ്റഡ് ഡെർബി വിജയിച്ചപ്പോൾ യുണൈറ്റഡ് കിരീടം നേടിയ സീസണിൽ, മത്സരത്തിലെ വിജയത്തോടെ കിരീടത്തിലേക്ക് ഒരു പടി കൂടെ അടുത്തു മാഞ്ചസ്റ്റർ യുണൈറ്റഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൗറീഞ്ഞോക്ക് കീഴടക്കാനാവാതെ സെന്റ് ജെയിംസ് പാർക്ക്

മൗറീഞ്ഞോ സന്ദർശിക്കാൻ ഏറ്റവും വെറുക്കുന്ന പ്രീമിയർ ലീഗ് ഗ്രൗണ്ട് ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ കാണൂ- സെന്റ് ജെയിംസ് പാർക്ക്. ന്യൂ കാസിലിന്റെ മൈതാനത്തേക്ക് സ്വന്തം ടീമുമായി പോയപ്പോയൊക്കെ മൗറീഞ്ഞോക്ക് തിരിച്ചടികൾ മാത്രം നേരിടേണ്ടി വന്ന മൈതാനം. ഇന്നലെയും അതിന് മാറ്റം ഉണ്ടായില്ല. റെലഗേഷൻ ഭീഷണിക്ക് തൊട്ടരികിൽ നിൽകുന്ന ബെനീറ്റസിന്റെ ടീമിനെ തന്റെ താര സമ്പന്നമായ യൂണൈറ്റഡ് ടീമുമായി ചെന്നപ്പോഴും മൗറീഞ്ഞോക്ക് എതിരില്ലാത്ത 1 ഗോളിന് തോൽകാനായിരുന്നു വിധി.

തന്റെ പ്രീമിയർ ലീഗ് കരിയറിൽ 7 തവണ സെന്റ് ജെയിംസ് പാർക്കിൽ ചെന്ന മൗറീഞ്ഞോ ഒരിക്കൽ പോലും ഇവിടെ ജയിച്ചിട്ടില്ല. 4 തോൽവിയും 3 സമനിലയുമാണ് പോർച്ചുഗീസുകാൻറെ സമ്പാദ്യം. ഇന്നലത്തെ തോൽവിയോടെ ബെനീറ്റസിന്റെ മൗറീഞ്ഞോക്കെതിരായ റെക്കോർഡും മെച്ചപ്പെട്ടു. ബെനീറ്റസിനെതിരെ ആറ് മത്സരങ്ങളിലാണ് മൗറീഞ്ഞോ ഇതുവരെ തോൽവി അറിഞ്ഞത്. 9 മത്സരങ്ങൾ മൗറീഞ്ഞോ ടീമിനെതിരെ ജയിച്ച പെപ് ഗാർഡിയോള മാത്രമാണ് ഇതിൽ ബെനീറ്റസിന്റെ മുൻപിൽ ഉള്ളത്.
പ്രീമിയർ ലീഗിൽ സെന്റ് ജെയിംസ് പാർക്കിൽ ജയിക്കാൻ ആയിട്ടില്ലെങ്കിലും ലീഗ് കപ്പിൽ രണ്ട് തവണ അവിടെ ജയിക്കാൻ മൗറീഞ്ഞോക്ക് ആയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൗറിഞ്ഞോയെ വീഴ്ത്തി ബെനീറ്റസ്, യുണൈറ്റഡിന് തോൽവി

സെന്റ് ജെയിംസ് പാർക്കിൽ മൗറീഞ്ഞോയുടെ യുണൈറ്റഡിന് ബെനീറ്റസിന്റെ ന്യൂ കാസിൽ യൂണൈറ്റഡിന്റെ വക പ്രഹരം. എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ നിർണായക ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ റിച്ചിയാണ് അവരുടെ ഗോൾ നേടിയത്. കരിയറിൽ ഒരിക്കൽ പോലും സെന്റ് ജെയിംസ് പാർക്കിൽ ജയിച്ചിട്ടില്ലാത്ത മൗറീഞ്ഞോക്ക് തന്റെ റെക്കോർഡ് തിരുത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. സ്വന്തം മൈതാനത്ത് ന്യൂ കാസിൽ ആദ്യ പകുതിയിൽ യൂണൈറ്റഡിനേക്കാൾ മികച്ചു നിൽക്കുകയും ചെയ്തു. പക്ഷെ മാഞ്ചസ്റ്റർ പ്രതിരോധം മറികടക്കാൻ ബെനീറ്റസിന്റെ ടീമിനായില്ല.

മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഇറങ്ങിയത്. സാഞ്ചസിലൂടെ യുണൈറ്റഡ്‌ ലീഡിന് തൊട്ട അടുത്തെത്തിയെങ്കിലും ന്യൂ കാസിലിന്റെ മികച്ച പ്രതിരോധം തുടർന്നപ്പോൾ സന്ദർശകർക്ക് ഗോൾ കണ്ടെത്താനായില്ല. 65 ആം മിനുട്ടിലാണ് ന്യൂ കാസിലിന്റെ ഗോൾ പിറന്നത്. ഫ്രീകിക്കിൽ ബോക്സിലെത്തിയ പന്ത് ഗെയ്ൽ ഹെഡ് ചെയ്തപ്പോൾ ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന് റിച്ചി മികച്ച ഫിനിഷിൽ യുണൈറ്റഡ്‌ വലയിലെത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ മാറ്റിച്, പോഗ്ബ, ലിംഗാർഡ് എന്നിവരെ പിൻവലിച്ച മൗറീഞ്ഞോ കാരിക്, മക് ടോമിനി, മാറ്റ എന്നിവരെ കളത്തിൽ ഇറക്കി. സമനില നേടാനായി യുണൈറ്റഡ്‌ ഉണർന്ന് കളിച്ചതോടെ ഏതാനും മിനിറ്റുകൾ ന്യൂ കാസിലിന് നന്നായി പ്രതിരോധിക്കേണ്ടി വന്നെങ്കിലും യുണൈറ്റഡ്‌ ആക്രമണത്തെ പിന്നീടുള്ള സമയമത്രയും പിടിച്ചു കെട്ടി ബെനീറ്റസിന്റെ സംഘം അർഹിച്ച ജയം സ്വന്തമാക്കി. ഒക്ടോബറിന് ശേഷം ന്യൂ കാസിൽ നേടുന്ന ആദ്യ ഹോം ജയമാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മ്യൂണിക് ദുരന്തം : ഓർമ്മ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്‌

മ്യൂണിക് ദുരന്തത്തിന്റെ ഓർമ്മ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 60 വർഷങ്ങൾക്ക് മുൻപ് 1958 ഫെബ്രുവരി 6 നാണ് മ്യൂണിക്കിൽ 23 പേർ വിമാനാപകടത്തിൽ മരണപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും സ്റ്റാഫുകളും ഉൾപ്പെടുന്നതായിരുന്നു ഈ 23 പേർ. ഓൾഡ് ട്രാഫോഡിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ്‌ കളിക്കാർക്ക് പുറമെ പരിശീലകൻ മൗറീഞ്ഞോ, യുണൈറ്റഡ്‌ ഇതിഹാസം ബോബി ചാൾട്ടൻ, സർ അലക്‌സ് ഫെർഗൂസൻ എന്നിവരും മരണപ്പെട്ടവരുടെ ബന്ധുക്കളും ആരാധകരും പങ്കെടുത്തു.

6 പതിറ്റാണ്ട് മുൻപ് അപകടം നടന്ന വൈകിട്ട് 3.04 ന് ഒരു മിനുറ്റ് മൗനം ഓൾഡ് ട്രാഫോഡിൽ ആചരിച്ചു. 44 പേർ സഞ്ചരിച്ച വിമാനത്തിലെ 20 പേർ അപകട സ്ഥലത്തും 3 പേർ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. യുറോപ്യൻ കപ്പിൽ റെഡ് സ്റ്റാർ ബെൽഗ്രിഡിനെ തോൽപിച്ച ശേഷം മടങ്ങുന്ന ‘ബുസ്ബി ബേബ്‌സ്’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മാഞ്ചസ്റ്റർ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തിൽ പെട്ടത്. ടീമിലെ 8 കളിക്കാരാണ് അന്ന് അപകടത്തിൽ മരണപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസിന് ആദ്യ ഗോൾ, യുണൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ മികച്ച ജയം

സാഞ്ചസിന്റെ ആദ്യ ഓൾഡ് ട്രാഫോഡ് ഗോൾ പിറന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് മൗറീഞ്ഞോയുടെ ടീം ഹഡഴ്‌സ്ഫീൽഡിനെ മറികടന്നത്. ജയത്തോടെ 56 പോയിന്റുള്ള യുണൈറ്റഡ്‌ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വിത്യാസം 13 പോയിന്റായി കുറച്ചു.

സ്പർസിനോട് തോൽവി വഴങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ഇത്തവണ ടീമിനെ ഇറക്കിയത്. പോഗ്ബ, മാർഷിയാൽ ആഷ്‌ലി യങ് എന്നിവരെ ബെഞ്ചിൽ ഇരുത്തിയപ്പോൾ ജോൻസും ഹെരേരയും ബെഞ്ചിൽ പോലും ഇടം നേടിയില്ല. മാർക്കോസ് റോഹോ, മക്‌ടോമിനി, ലൂക്ക് ഷോ എന്നിവരാണ് പകരം ടീമിൽ ഇടം നേടിയത്. പക്ഷെ ആദ്യ പകുതിയിൽ യുണൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ പക്ഷെ യുണൈറ്റഡ്‌ ഉണർന്നതോടെ ഹഡഴ്‌സ് ഫീൽഡിന് കാര്യങ്ങൾ കടുത്തതായി. സാഞ്ചസിനെ തടയാൻ പലപ്പോഴും പരാജയപ്പെട്ട ഹഡഴ്‌സ്ഫീൽഡ് താരങ്ങൾ പലപ്പോഴും ഫൗൾ വഴങ്ങി. 55 ആം മിനുട്ടിൽ മാറ്റയുടെ പാസ്സിൽ ലുകാകു യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ 68 ആം മിനുട്ടിൽ യൂണൈറ്റഡ് ലീഡ് ഉയർത്തി. ഇത്തവണ ലിംഗാർഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ ഗോളാകുകയായിരുന്നു. കിക്ക് ഗോളി തടുത്തെങ്കിലും റീ ബൗണ്ടിൽ സാഞ്ചസ് വല കുലുക്കിയതോടെ താരത്തിന്റെ ആദ്യ യുണൈറ്റഡ്‌ ഗോൾ പിറന്നു. അടുത്ത ആഴ്ച ന്യൂ കാസിലിന് എതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version