ജോ ഹാർട്ടിന് മാഞ്ചസ്റ്റർ സിറ്റിയുടെ സമ്മാനം

മുൻ മാഞ്ചസ്റ്റർ സിറ്റി ഗോളിയും നിലവിൽ ബേൺലി ഗോളിയുമായ ജോ ഹാർട്ടിന് മാഞ്ചസ്റ്റർ സിറ്റിയുടെ സമ്മാനം. ബേൺലികൊപ്പം എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തുന്നതിന് മുന്നോടിയായി സിറ്റിയുടെ ട്രെയിനിങ് പിച്ചുകളിൽ ഒന്നിന് താരത്തിന്റെ പേര് നൽകാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചു.

സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർ ആയ ഹാർട്ട് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആണ് ബേൺലിയിൽ എത്തിയത്. പെപ്പ് ഗാർഡിയോളയുടെ ടീമിൽ ഇടമില്ലാതായതോടെ താരം ടോറിനോ, വെസ്റ്റ് ഹാം ടീമുകളിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.

നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് താരം എത്തിഹാദ് സ്റേഡിയത്തോട് വിട പറഞ്ഞത്.

ഫോഡന്റെ ആദ്യ ഗോൾ പിറന്നു, സിറ്റിക്ക് ജയം

ടീനേജ് താരം ഫിൽ ഫോഡൻ നേടിയ ഗോളിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാരബാവോ കപ്പിൽ ജയം. ഓക്സ്ഫോഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന അവർ കാരബാവോ കപ്പിന്റെ നാലാം റൗണ്ടിൽ കടന്നു.

പ്രധാന തരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് ഗാർഡിയോള ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗബ്രിയേൽ ജിസൂസിലൂടെ മുന്നിലെത്തിയ അവർ രണ്ടാം പകുതിയിൽ 78 ആം മിനുട്ടിൽ റിയാദ് മഹ്റസിലൂടെ ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിലാണ് സിറ്റി ടീനേജർ ഫോഡന്റെ ആദ്യ സിറ്റി ഗോൾ പിറന്നത്. ഇതോടെ സിറ്റി അനായാസ ജയം പൂർത്തിയാക്കി.

കാർഡിഫിൽ വലയിൽ ഗോളടിച്ച്കൂട്ടി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിക്ക് വീണ്ടും തോൽവി. സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇത്തവണ കാർഡിഫ് സിറ്റിയുടെ ഗോൾ വല നിറച്ചത്. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. കാർഡിഫ് സിറ്റിയുടെ തുടർച്ചയായ നാലാം തോൽവിയായിരുന്നു ഇത്.

ആദ്യ അര മണിക്കൂർ മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തെ സമർത്ഥമായി പ്രതിരോധിച്ച കാർഡിഫ് സിറ്റി തുടർന്ന് മത്സരം കൈവിടുകയായിരുന്നു. 32ആം മിനുട്ടിൽ അഗ്വേറോയിലൂടെ ഗോളടി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ ഇടവേളകളിൽ ഗോൾ നേടുകയായിരുന്നു. അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സിയിൽ 300മത്തെ മത്സരം കൂടിയായിരുന്നു ഇത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ബെർണാർഡോ സിൽവയും ഗുൻഡോഗനും ചേർന്ന് മാഞ്ചസ്റ്റർ സിറ്റിയെ 3-0ന് മുൻപിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മഹ്റസ് ഇരട്ടഗോളുകളും കൂടി നേടിയതോടെ കാർഡിഫിന്റെ തോൽവി പൂർത്തിയായി. മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളുകളായിരുന്നു ഇത്. ജയത്തോടെ ലിവർപൂളിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി.

തോൽവി മറക്കാൻ സിറ്റി ഇന്ന് കാർഡിഫിൽ

ചാമ്പ്യൻസ് ലീഗിൽ ലിയോണിനോട് സ്വന്തം മൈതാനത്ത് ഏറ്റ തോൽവിയിൽ നിന്ന് കര കയറാൻ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കാർഡിഫിൽ. കാർഡിഫിനെതിരെ പ്രീമിയർ ലീഗിൽ അവരുടെ മൈതാനത്താണ് മത്സരം. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം.

കാർഡിഫ് നിരയിൽ പരിക്ക് മാറി ഹാരി ആർതർ തിരിച്ചെത്തുമെങ്കിലും ആരോൺ ഗുണാർസൻ പരിക്ക് കാരണം തിരിച്ചെത്തില്ല. മാഞ്ചസ്റ്റർ സിറ്റി നിരയിൽ ലിയോണിനെതിരെ ബെഞ്ചിൽ ഇരുന്ന സെർജിയോ അഗ്യൂറോ ആദ്യ ഇലവനിലക്ക് തിരിച്ചെത്തും. ബെഞ്ചമിൻ മെൻഡി പരിക്ക് കാരണം ഇന്നും കളിക്കില്ല. ലിയോണിനെതിരെ മോശം പ്രകടനം പുറത്തെടുത്തെങ്കിലും ഫാബിയൻ ഡെൽഫ് തന്നെയാവും സിറ്റി ലെഫ്റ്റ് ബാക്ക്.

അഗ്വേറോ സിറ്റിയിൽ തുടരും, പുത്തൻ കരാർ ഒപ്പിട്ടു

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനൻ സ്ട്രൈക്കർ സെർജിയോ അഗ്വേറോ സിറ്റിയുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2021 വരെ എത്തിഹാദ് സ്റ്റേഡിയത്തിൽ തുടരും.

2011 ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്ററിൽ എത്തിയ താരം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടകാരനായി മാറി. ഈ സീസണിൽ ഇതുവരെ സിറ്റിക്കായി 3 ഗോളുകൾ താരം നേടിയിട്ടുണ്ട്.

സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് തുടക്കം പാളി, ലിയോണിനോട് തോൽവി

ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ഫ്രഞ്ച് ടീം ലിയോണാണ്‌സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. എത്തിഹാദ് സ്റ്റേഡിയത്തിൽ 1-2 എന്ന സ്കോറിനാണ് ഫ്രഞ്ച് ടീം ജയം നേടിയത്. ടച്ച് ലൈൻ ബാൻ നേരിടുന്ന ഗാർഡിയോളക്ക് തന്റെ ടീം ആദ്യ തോൽവി വഴങ്ങുന്ന കാഴ്ച്ച കണ്ടിരിക്കാൻ മാത്രമാണ് സാധിച്ചത്.

ആദ്യ പകുതിയിൽ പന്തടക്കത്തിൽ സിറ്റി മുന്നിട്ട് നിന്നെങ്കിലും ലിയോണിന്റെ ഫിനിഷിങ്ങിലെ കൃത്യത സിറ്റിക്ക് തിരിച്ചടിയായി. 26 ആം മിനുട്ടിലാണ് ലിയോണിന്റെ ആദ്യ ഗോൾ പിറന്നത്. ഫെകിർ ബോക്സിലേക്ക് നൽകിയ പാസ്സ് ക്ലിയർ ചെയ്യുന്നതിൽ ഡെൽഫിന് പിഴച്ചപ്പോൾ അവസരം മുതലാക്കി മാക്സെൽ കോർനെറ്റ് പന്ത് വലയിലാക്കി. 43 ആം മിനുട്ടിൽ ഇടം കാലൻ ഷോട്ടിലൂടെ ഫെകിർ അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതി പത്ത് മിനിറ്റ് പിന്നിട്ടപ്പോൾ സിറ്റി ഗുണ്ടഗനെ പിൻവലിച്ചു സാനെയെ കളത്തിൽ ഇറക്കി. പക്ഷെ പിന്നീട് ഡിപ്പായുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് സിറ്റിക്ക് ഭാഗ്യമായി. 66 ആം മിനുട്ടിൽ ബെർണാണ്ടോ സിൽവയിലൂടെ സിറ്റി ഒരു ഗോൾ മടക്കി. സാനെയാണ് അസിസ്റ്റ്. പിന്നീട് സിറ്റി നിരന്തരം സമനില ഗോളിനായി ശ്രമിച്ചെങ്കിലും സമനില ഗോൾ പിറന്നില്ല.

ടീമിൽ ഇടമില്ല, സാനെയുടെ പ്രതിസന്ധി തുടരുന്നു

ലോകകപ്പ് ടീമിൽ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടത്തിന് പിന്നാലെ ലീറോയ്‌സാനെയുടെ കഷ്ടകാലം തുടരുന്നു. ഇന്നലെ ന്യൂ കാസിലിനെതിരെ 18 അംഗ ടീമിൽ പോലും ഈ ജർമ്മൻ വിങർക്ക് ഇടമില്ലായിരുന്നു.

പരിക്കാകും കാരണം എന്ന് പ്രതീക്ഷിച്ചവരെ തിരുത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള തന്നെ രംഗത്തെത്തി. സാനെയെ ടീമിൽ ഉൾപ്പെടുത്തുക എന്നത് അസാധ്യമായിരുന്നു എന്നാണ് പെപ്പ് പറഞ്ഞത്. സീസൺ തുടങ്ങിയത് മുതൽ ഫോമില്ലാതെ വിഷമിക്കുന്ന താരം വോൾവ്സിനെതിരെ പകരക്കാരനായി തീർത്തും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. താരത്തിന്റെ പ്രകടനത്തിലും സമീപനങ്ങളും ഗാർഡിയോളക്ക് പരിപൂർണ്ണ അതൃപ്തിയാണ് എന്നാണ് അറിയുന്നത്.

റഹീം സ്റ്റർലിംഗിന്റെ മിന്നും ഫോമും റിയാദ് മഹ്റസ് ടീമിൽ എത്തിയതും കഴിഞ്ഞ വർഷത്തെ മികച്ച യുവ താരമായ സാനെയുടെ സിറ്റി ഭാവി തന്നെ അവതാളത്തിലാക്കി. ബെർനാടോ സിൽവയും താരത്തിന്റെ അതേ പൊസിഷനിൽ കളിക്കാൻ പ്രാപ്തനാണ്.

വാൾക്കറിന്റെ റോക്കറ്റ് ഗോളിൽ സിറ്റിക്ക് ജയം

കെയിൽ വാൾക്കർ നേടിയ മനോഹര ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂ കാസിലിനെ മറികടന്നു. 2-1 നാണ് ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. ജയത്തോടെ 10 പോയിന്റുമായി സിറ്റി 3 ആം സ്ഥാനത്താണ്. 1 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ 18 ആം സ്ഥാനത്താണ്.

റഹീം സ്റ്റർലിംഗിന്റെ മികച്ച ഗോളോടെയാണ് സിറ്റി കളി ആരംഭിച്ചത്. 8 ആം മിനുട്ടിൽ പിറന്ന ഗോളോടെ സിറ്റി ഗോൾ വേട്ട തുടരും എന്ന് പ്രതീക്ഷിച്ചെങ്കിലും ബെനീറ്റസിന്റെ ടീം നന്നായി പ്രതിരോധിച്ചു. 30 ആം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിലൂടെ എഡ്ലിൻ സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ പതിവ് പോലെ സിറ്റി വ്യക്തമായ ആധിപത്യം പുലർത്തി. 52 ആം മിനുട്ടിൽ വാൾക്കർ സ്റ്റൈലായി തന്നെ സിറ്റിക്കായുള്ള തന്റെ ആദ്യ ലീഗ് ഗോൾ നേടി. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ടിന് ന്യൂ കാസിൽ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല. പിന്നീടും ഏതാനും അവസരങ്ങൾ സിറ്റി സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ അപാകതകൾ അവർക്ക് വിനയായി. എങ്കിലും വോൾവ്സിനെതിരെ സമനില വഴങ്ങിയ ശേഷം ജയത്തിലേക്ക് തിരിച്ചെത്താനായത് പെപ്പിന് ആശ്വാസമാകും.

ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വോൾവ്സ്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വോൾവ്സ്. സ്കോർ 1-1. ഈ കൊല്ലം പ്രീമിയർ ലീഗിലേക്ക് എത്തിയ വോൾവ്സ് മാഞ്ചസ്റ്റർ സിറ്റിക്ക് മുൻപിൽ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു വേള മത്സരത്തിൽ ലീഡ് ചെയ്തതിനു ശേഷമാണു വോൾവ്സ് സമനില വഴങ്ങിയത്.

ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ എല്ലാം വോൾവ്സ് മാഞ്ചസ്റ്റർ സിറ്റി ഗോൾ മുഖം ആക്രമിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ അഗ്വേറോയുടെ ശ്രമം പോസ്റ്റിൽ കൊണ്ട് തെറിച്ചതും സ്റ്റെർലിങിന്റെ മറ്റൊരു ശ്രമം ലോകോത്തര സേവിലൂടെ വോൾവ്സ് ഗോൾ കീപ്പർ പാട്രിസിയോ രക്ഷപെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി.

തുടർന്ന് രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് വോൾവ്സ് ഗോൾ നേടിയത്. വില്ലി ബോളിയാണ് ഗോൾ നേടിയത്. താരത്തിന്റെ കയ്യിൽ കൊണ്ടാണ് പന്ത് സിറ്റി വലയിലെത്തിയതെങ്കിലും റഫറിയെ അസിറ്റന്റ് റഫറിയോ കാണാത്തത് കൊണ്ട് ഗോൾ നിലകൊള്ളുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റിക്കായി താരങ്ങൾ വാദിച്ചെങ്കിലും ഇത്തവണയും റഫറി സിറ്റിക്കെതിരായായിരുന്നു.

എന്നാൽ അധികം താമസിയാതെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. ഗുൺഡോഗന്റെ ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ലപോർട്ടെയാണ് സമനില ഗോൾ നേടിയത്. താരത്തിന്റെ സിറ്റിയിലെ ആദ്യ ഗോളായിരുന്നു. തുടർന്ന് വിജയ ഗോൾ നേടാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം തുടർന്നെങ്കിലും ഭാഗ്യം വോൾവ്സിന്റെ തുണക്കെത്തുകയായിരുന്നു. അവസാന നിമിഷം ലഭിച്ച ഫ്രീ കിക്കിൽ അഗ്വേറോയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും സിറ്റിക്ക് വിനയായി.

കുതിപ്പ് തുടരാൻ സിറ്റി ഇന്ന് വോൾവ്സിനെതിരെ

ആദ്യ 2 മത്സരങ്ങളും ജയിച്ചു പ്രീമിയർ ലീഗ് ഈ സീസണിലും ഗംഭീരമാകുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് വോൾവ്സിനെ നേരിടും. വോൾവ്സിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നാണ് മത്സരം കിക്കോഫ്.

വോൾവ്സ് നിരയിൽ വിങ് ബാക്ക് മാറ്റ് ഡോഹെർത്തി പരിക്ക് കാരണം കളിച്ചേക്കില്ല. പുതുതായി ടീമിൽ എത്തിയ അഡമ ട്രയോറെ ഇന്ന് അരങ്ങേറിയേക്കും. സിറ്റി നിരയിൽ പരിക്കേറ്റ ക്ലാഡിയോ ബ്രാവോക്ക് പകരം ലോണിൽ നിന്ന് തിരിച്ചു വിളിച്ച ആറോ മ്യുറിക് ആവും ബെഞ്ചിൽ.

പോയ സീസണിൽ ലീഗ് കപ്പിൽ 2 തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിൽ സിറ്റിക്കായിരുന്നു ജയം. സെർജിയോ അഗ്യൂറോ, ബെഞ്ചമിൻ മെൻഡി എന്നിവർ സിറ്റി നിരയിൽ മികച്ച ഫോമിലാണ്. വോൾവ്സ് നിരയിൽ റൂബൻ നെവെസ് മികച്ച ഫോമിലാണ്.

സിറ്റിക്കായി റെക്കോർഡിട്ട് എഡേഴ്സൻ

ഇന്നലെ ഹഡേഴ്ഫീൽഡ്‌ ടൗണിനെതിരായ മത്സരത്തിൽ സെർജിയോ അഗ്യൂറോയുടെ ആദ്യ ഗോളിന് അവസരമൊരുക്കിയ എഡേഴ്സൻ മോറിസ് പുതിയ ക്ലബ്ബ് റെക്കോർഡ് ഇട്ടു. മാഞ്ചസ്റ്റർ സിറ്റിക്കായി അസിസ്റ്റ് നേടുന്ന ആദ്യ ഗോളി എന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്.

2017 ൽ ബെൻഫിക്കയിൽ നിന്ന് സിറ്റിയിൽ എത്തിയ താരം പെപ്പ് ഗാർഡിയോളയുടെ ശൈലിക്ക് ഏറെ അനുയോജ്യനായ കീപ്പറായാണ് അറിയപ്പെടുന്നത്. തന്റെ അസാമാന്യ ഡിസ്ട്രിബ്യുഷൻ കഴിവിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ്‌ എഡേഴ്സൻ. ബ്രസീൽ ദേശീയ താരമാണ്‌എഡേഴ്സൻ.

മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി, സൂപ്പർ താരത്തിന് പരിക്ക്

പരിശീലനത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂണെക്ക് രണ്ട് മുതൽ മൂന്ന് മാസം വരെ പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് കിരീടം ഇത്തവണയും എത്തിഹാദിൽ എത്തിക്കാനുറച്ച് ഇറങ്ങിയ ഗ്വാർഡിയോളക്ക് താരത്തിന്റെ പരിക്ക് തിരിച്ചടിയാവും. കാൽമുട്ടിന്റെ ലിഗ്മെന്റിനാണ് താരത്തിന് പരിക്കേറ്റത്.

കഴിഞ്ഞ സീസണിൽ സിറ്റിക്ക് വേണ്ടി 52 മത്സരങ്ങൾ കളിച്ച താരം ലോകകപ്പിൽ ബെൽജിയത്തിനു വേണ്ടിയും മത്സരങ്ങൾ കളിച്ചിരുന്നു. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരെ താരം പകരക്കാരനായി ഇറങ്ങിയിരുന്നു. 2016ൽ ജനുവരിയിൽ താരത്തിന് എവർട്ടനെതിരെ ഇതെ പോലെയു ഒരു പരിക്ക് താരത്തിന് പറ്റിയിരുന്നു. അന്ന് രണ്ട് മാസത്തോളം താരം കളത്തിനു പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version