സിറ്റിയെ സമനിലയിൽ പിടിച്ചു കെട്ടി ലിയോൺ

മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞ് ഫ്രഞ്ച് ക്ലബ്ബ് ലിയോൺ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇരുവരും 2-2 ന്റെ സമനിലയിൽ പിരിഞ്ഞു. മത്സരം സമനിലയിൽ ആയെങ്കിലും സിറ്റി നോകൗട്ട് ഉറപ്പാക്കി.

ലിയോണിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ സിറ്റി ആക്രമണത്തെ തുടക്കം മുതൽ മികച്ച രീതിയിൽ പ്രതിരോധിച്ചാണ് ലിയോൺ സമനില നേടിയത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ ലിയോണാണ് ആദ്യം വലകുലുക്കിയത്. മെംഫിസ് ഡിഫോയുടെ പാസിൽ നിന്ന് മാക്സ്വെൽ കോർനെറ്റ് ആണ് ഗോൾ നേടിയത്. പക്ഷെ 7 മിനിട്ടുകൾക്ക് ശേഷം ലപോർട്ടിലൂടെ സിറ്റി സമനില നേടി. പക്ഷെ കളി തീരാൻ 9 മിനുട്ട് ശേഷിക്കെ കോർനെറ്റ് വീണ്ടും വല കുലുക്കിയതോടെ സിറ്റി പരാജയ ഭീതിയിലായി. പക്ഷെ 2 മിനിട്ടുകൾക്ക് ശേഷം അഗ്യൂറോ സിറ്റിയയുടെ രക്ഷകനാവുകയായിരുന്നു. മഹ്‌റസിന്റെ പാസിൽ താരം സിറ്റിയുടെ രണ്ടാം ഗോൾ നേടി പരാജയം ഒഴിവാക്കി.

ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കേ 7 പോയിന്റുള്ള ലിയോൺ രണ്ടാം സ്ഥാനത്താണ്. എങ്കിലും അവസാന മത്സരം ശേഷിക്കെ 5 പോയിന്റുള്ള ശാക്തറിനും ഗ്രൂപ്പിൽ സാധ്യത ശേഷിക്കുന്നുണ്ട്.

ലണ്ടനിൽ വെസ്റ്റ് ഹാമിനെ മലർത്തിയടിച്ച് മാഞ്ചസ്റ്റർ സിറ്റി

പഴയ പരിശീലകനോട് ഒട്ടും ബഹുമാനമില്ലാതെ മാഞ്ചസ്റ്റർ സിറ്റി. മാനുവൽ പല്ലെഗ്രിനിയുടെ വെസ്റ്റ് ഹാമിനെ അവരുടെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് അവർ മറികടന്നത്. ആദ്യ പകുതിയിൽ നടത്തിയ അസാമാന്യ കുതിപ്പാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 13 കളികളിൽ നിന്ന് 35 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരും.

ആദ്യ പകുതിയിൽ റഹീം സ്റ്റർലിങ്ങിന്റെ മികച്ച പ്രകടനമാണ്‌ സിറ്റിക്ക് കരുത്തായത്. 11 ആം മിനുട്ടിൽ സ്റ്റെർലിങ് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഡേവിഡ് സിൽവയിലൂടെ സിറ്റി ലീഡ് നേടി. വൈകാതെ 19 ആം മിനുട്ടിൽ സാനെയുടെ പാസിൽ നിന്ന് സ്റ്റെർലിങ് ലീഡ് രണ്ടാക്കി. 34 ആം മിനുട്ടിൽ പക്ഷെ സാനെയുടെ ഗോളിന് വഴി ഒരുക്കിയാണ് സ്റ്റെർലിങ് സിറ്റിയുടെ ഹീറോ ആയത്. മറുവശത്ത് വെസ്റ്റ് ഹാമിന് ഒരിക്കൽ പോലും സിറ്റിക്കെതിരെ മുന്നേറ്റം നടത്താനായില്ല.

രണ്ടാം പകുതിയിൽ ക്രെസ്‌വേൽ, ഹെർണാണ്ടസ്, ലൂക്കാസ് പേരസ് എന്നിവരെ പല്ലെഗ്രിനി കളത്തിൽ ഇറക്കിയെങ്കിലും കാര്യമായ ആക്രമണ പുരോഗതി ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഏറെ നേരം പിടിച്ചു നിന്നെങ്കിലും കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ സാനെ സിറ്റിയുടെ ലീഡ് 4 ആക്കി ഉയർത്തുന്നത് തടയാൻ വെസ്റ്റ് ഹാമിനായില്ല.

പഴയ ശിഷ്യന്മാരെ വീഴ്ത്താൻ പല്ലേഗ്രിനി, കുതിപ്പ് തുടരാൻ സിറ്റി ഇന്ന് ലണ്ടനിൽ

രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വീണ്ടും തുടങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് കളി വെസ്റ്റ് ഹാമിനെതിരെ. വെസ്റ്റ് ഹാമിന്റെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ മാനുവൽ പല്ലേഗ്രിനിക്ക് ഇന്ന് തന്റെ മുൻ ടീമുമായുള്ള ആദ്യ മത്സരമാണ്. സീസണിന്റെ തുടക്കത്തിൽ ഫോമില്ലതെ വിഷമിച്ച വെസ്റ്റ് ഹാം പക്ഷെ സമീപ കളികളിൽ താരതമ്യേന മികച്ച കളിയാണ് പുറത്തെടുക്കുന്നത്. എങ്കിലും അപരാജിതരായി കുതിക്കുന്ന സിറ്റിയെ മറികടക്കാൻ അവർക്ക് മികച്ച കളി തന്നെ പുറത്ത് എടുക്കേണ്ടി വരും.

സസ്‌പെൻഷൻ മാറി വെസ്റ്റ് ഹാം ക്യാപ്റ്റൻ മാർക്ക് നോബിൾ തിരിച്ചെത്തും. പക്ഷെ അഞ്ചാം മഞ്ഞകാർഡ് കണ്ട റോബർട്ട് സ്നോഡ്ഗ്രാസ് ഇന്ന് പുറത്തിരിക്കേണ്ടി വരും. പരിക്ക് മാറി എത്തിയ സ്‌ട്രൈക്കർ ആൻഡി കരോൾ ഇന്ന് പകരക്കാരുടെ ബെഞ്ചിൽ ഉണ്ടാകും. സിറ്റി നിരയിൽ ബെർനാടോ സിൽവക്ക് നേരിയ പരിക്കുണ്ട്. കൂടാതെ ലെഫ്റ്റ് ബാക്ക് ബെഞ്ചമിൻ മെൻഡി 3 മാസത്തോളം പുറത്താണ്.

ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഗാർഡിയോള

ദേശീയ ടീമുകളെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ താൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഗാർഡിയോള വ്യക്തമാക്കി. ഫുട്‌ബോൾ പരിശീലക റോൾ എപ്പോഴും പുതിയ വെല്ലുവിളികൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

ക്ലബ്ബ് ലെവലിൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ്. കരിയറിൽ ഇതുവരെ 24 കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം അതിൽ 14 എണ്ണവും നേടിയത് ബാഴ്സക്ക് ഒപ്പമാണ്. ബാഴ്സലോണയിൽ വിജയ ശേഷം ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിലേക്ക് മാറിയ അവിടെയും മികച്ച ജയം നേടി. പിന്നീട് 2016 ൽ സിറ്റിയിലേക്ക് മാറിയ പെപ് പക്ഷെ ആദ്യ സീസണിൽ കിരീടം ഒന്നും നേടിയില്ല. രണ്ടാം സീസണിൽ ലീഗ് കിരീടവും കാരബാവോ കപ്പും പെപ് സ്വന്തമാക്കി. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് സിറ്റി.

യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നടത്തിയ പ്രഭാഷണത്തിലാണ് ഭാവിയിൽ തന്നെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ക്ഷണിക്കാൻ തയ്യാറെടുക്കുന്ന വിവിധ ദേശീയ ടീം അധികാരികൾക്ക് അനുകൂലമായ വാർത്ത പെപ്പ് പുറത്ത് വിട്ടത്.

അഭ്യൂഹങ്ങൾക്ക് അവസാനം, സ്റ്റെർലിങ് പുതിയ കരാർ ഒപ്പിട്ടു

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിങ് ക്ലബ്ബ്മായി പുതിയ 5 വർഷത്തെ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തുടരും. മുൻപ് കരാർ ഒപ്പിടാൻ വിസമ്മതിച്ച താരത്തിനായി റയൽ മാഡ്രിഡ് വല വിരിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് താരം കരാർ ഒപ്പിട്ടത്.

23 വയസുകാരനായ താരത്തിന്റെ പഴയ കരാർ അടുത്ത സീസണിലെ അവസാനത്തോടെ തീരാൻ ഇരിക്കെയാണ് പുതിയ കരാറിൽ ഒപ്പിടുന്നത്. ഈ കരാർ പ്രകാരം പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന കളിക്കാരിൽ ഒരാളായി സ്റ്റെർലിങ് മാറും. 2015 ൽ 49 മില്യൺ പൗണ്ടോളം നൽകി ലിവർപൂളിൽ നിന്നാണ് സിറ്റി സ്റ്റർലിങ്ങിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിച്ചത്.

ശക്തർ ആരാധകരോടും റഫറിയോടും മാപ്പ് പറഞ്ഞ് റഹിം സ്റ്റെർലിങ്

ചാമ്പ്യൻസ് ലീഗിൽ ശക്തറിനെതിരായ മത്സരത്തിൽ പെനാൽറ്റി നേടിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് മുന്നിട്ടു നിൽക്കുന്ന സമയത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് വിവാദമായത്.

മത്സരത്തിൽ റഹിം സ്റ്റെർലിങ് ശക്തർ ബോക്സിലേക്ക് മുന്നേറിയ സമയത്ത് റഹിം സ്റ്റെർലിങ് നിലത്ത് വീഴുകയും റഫറി പെനാൽറ്റി വിധിക്കുകയുമായിരുന്നു. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന ശ്കതർ താരം മാറ്റ്വെയ്‌ൻകോ സ്റ്റെർലിംഗിനെ തൊടുക പോലും ചെയ്തിരുന്നില്ല. ഇതറിയാതെയാണ് റഫറി മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. താൻ പന്ത് ചിപ്പ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിൽ തട്ടിയാണ് വീണതെന്നും സ്റ്റെർലിങ് വ്യക്തമാക്കി.

ശക്തർ താരങ്ങൾ പെനാൽറ്റിക്കെതിരെ വാദിച്ചെങ്കിലും റഫറി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. റഹീം സ്റ്റെർലിങ് പെനാൽറ്റിക്കായി വാദിച്ചില്ലെങ്കിലും റഫറിയുടെ തീരുമാനത്തെ തിരുത്താനും ശ്രമിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ശക്തർ ആരാധകരോടും റഫറിയോടും മാപ്പ് പറഞ്ഞ് സ്റ്റെർലിങ് രംഗത്തെത്തിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ 6 ഗോളുകൾക്ക് ജയിച്ചതുകൊണ്ട് തന്നെ റഫറിയുടെ തീരുമാനം കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായതും ഇല്ല.

ചാമ്പ്യൻസ് ലീഗിന് നാണക്കേടായി റഫറിയുടെ അബദ്ധം

ചാമ്പ്യൻസ് ലീഗിന് നാണക്കേടായി റഫറിയുടെ അബദ്ധം. മാഞ്ചസ്റ്റർ സിറ്റി – ശ്കതർ മത്സരത്തിനിടെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ച് റഫറി നാണക്കേടുണ്ടാക്കിയത്. മത്സരത്തിൽ 1-0ന് മാഞ്ചസ്റ്റർ  സിറ്റി മുന്നിട്ടു നിൽക്കുന്ന സമയത്താണ് ശ്കതർ പോസ്റ്റിലേക്ക് മുന്നേറിയ സ്റ്റെർലിങ് ഗ്രൗണ്ടിൽ തട്ടി വീണത്. പക്ഷെ സ്റ്റെർലിങ്ങിന്റെ തൊട്ടടുത്തുണ്ടായിരുന്ന ശക്തർ താരം മാറ്റ്വെയ്‌ൻകോ സ്റ്റെർലിങ്ങിന്റെ ഫൗൾ ചെയ്‌തെന്ന് കരുതി റഫറി വിക്ടർ കസായി പെനാൽറ്റി വിധിക്കുകയായിരുന്നു. താരം സ്റ്റെർലിങ്ങിന്റെ ദേഹത്ത് തൊടുക പോലും ചെയ്തിരുന്നില്ല.

ശക്തർ താരങ്ങൾ പെനാൾക്കെതിരെ പ്രതികരിച്ചെങ്കിലും തന്റെ തീരുമാനം മാറ്റാൻ റഫറി തയ്യാറായിരുന്നില്ല. അതെ സമയം റഹിം സ്റ്റെർലിങ് പെനാൽറ്റിക്കായി വാദിച്ചിരുന്നില്ല എന്നതും റഫറിയുടെ ശ്രദ്ധയിൽ പെട്ടില്ല. റഹിം സ്റ്റെർലിങ് ആവട്ടെ റഫറിയുടെ തീരുമാനം തിരുത്താനും ശ്രമിച്ചില്ല. പെനാൽറ്റി എടുത്ത മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജെസൂസ് ഗോൾ നേടുകയും സിറ്റിക്ക് 2-0ന്റെ ലീഡും നേടികൊടുക്കുകയും ചെയ്തു.

മത്സരത്തിൽ ഏകപക്ഷീയമായ 6 ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.

ഡി ബ്രുയിന് വീണ്ടും പരിക്ക്, മാഞ്ചസ്റ്റർ ഡർബി നഷ്ടമാകും

മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം കെവിൻ ഡു ബ്രെയ്‌നെ വീണ്ടും പരിക്കേറ്റ് പുറത്ത്. ഏറെ നാളായി പരിക്കേറ്റ് പുറത്തായിരുന്നു താരം തിരിച്ചെത്തി കേവലം 2 മത്സരങ്ങൾക്ക് ശേഷം വീണ്ടും പുറത്തായത് സിറ്റിക്ക് കനത്ത തിരിച്ചടിയാകും.

ഫുൾഹാമിന് എതിരായ ലീഗ് കപ്പ് മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തിന് ചുരുങ്ങിയത് 5 ആഴ്ച്ചയെങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്ന് ഉറപ്പാണ്. ഇതോടെ നിർണായകമായ മാഞ്ചസ്റ്റർ ഡർബിക്ക് താരം ഉണ്ടാവില്ല എന്നത് ഉറപ്പായി. ഈ സീസണിലെ തുടക്കത്തിൽ പരിക്കേറ്റ താരം 3 മാസത്തോളമായി കളത്തിന് പുറത്താണ്. താരത്തിന്റെ അഭാവത്തിൽ അവസരം ലഭിച്ച ബെർനാടോ സിൽവ തിളങ്ങുന്നത് സിറ്റിയുടെ കുതിപ്പിൽ നിർണായകമായി.

സ്പർസിനേയും വീഴ്ത്തി, സിറ്റി ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു. വെംബ്ലിയിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ജയിച്ചു കയറിയത്. റിയാദ് മഹ്‌റസ് നേടിയ ഗോളാണ് മത്സര ഫലം നിർണയിച്ചത്. ജയത്തോടെ 26 പോയിന്റുള്ള സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്താണ്. ലിവർപൂളിനും 26 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ സിറ്റി ഒന്നാമതായി.

മത്സര തുടക്കത്തിൽ തന്നെ സിറ്റി ലീഡ് എടുത്തിരുന്നു. ആറാം മിനുട്ടിൽ റഹീം സ്റ്റർലിംഗിന്റെ പസിൽ നിന്നാണ് മഹ്‌റസ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സ്പർസ് കെയ്ൻ, ആൾഡർവീൽഡ് എന്നിവരിലൂടെ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോളാലായില്ല. രണ്ടാം പകുതിയിൽ സ്പർസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. സിറ്റിയുടെ പഴുതടച്ച പ്രതിരോധത്തിന് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. വൻ തോൽവി ഒഴിവാക്കാനായി എന്നതിലപ്പുറം മത്സരത്തിൽ നിന്ന് സ്പർസിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

ഉക്രൈനിൽ വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ ഉക്രയിനിയൻ ചാമ്പ്യന്മാരായ ശക്തർ ഡോണെസ്റ്റെക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കാൻ പലപ്പോഴും ശക്തർ ഡോണെസ്റ്റെക്കിനായില്ല.

മാഞ്ചസ്റ്റർ സിറ്റി നിരയിൽ അഗ്വേറോ. കമ്പനി, സനേ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ടീമിനെയിറക്കിയത്. അതെ സമയം ദിവസം ബേൺലിക്കെതിരെ പകരക്കാരനായി ഇറങ്ങിയ കെവിൻ ഡി ബ്രൂണെക്ക് മാഞ്ചസ്റ്റർ സിറ്റി ജേഴ്‌സിയിൽ സീസണിൽ ആദ്യ തുടക്കം കൂടിയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റി 30ആം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെ മുൻപിലെത്തി. മെൻഡിയും ജെസൂസും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ഗോളാക്കിയാണ് സിൽവ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. അധികം താമസിയാതെ കോർണറിൽ നിന്ന് രണ്ടാമത്തെ ഗോളും നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ലപോർട്ടെയാണ് ഗോൾ നേടിയത്.

തുടർന്ന് രണ്ടാം പകുതിയിലാണ് പകരക്കാരനായി ഇറങ്ങിയ ബെർണാർഡോ സിൽവ സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങി 90 സെക്കന്റ് തികയുന്നതിനിടയിലായിരുന്നു സിൽവയുടെ ഗോൾ.  ഹോഫൻനെയിം – ലിയോൺ മത്സരം സമനിലയിലായതോടെ 6 പോയിന്റുമായി സിറ്റി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. 5 പോയിന്റുള്ള ലിയോൺ ആണ് ഗ്രൂപ്പിൽ രണ്ടുമത്.

ഡേവിഡ് സിൽവ രക്ഷകനായി, ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

ആവേശകരമായ മത്സരത്തിൽ ഹോഫൻഹെയ്‌മിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. മത്സരം സമനിലയിലാവുമെന്ന തോന്നിച്ച ഘട്ടത്തിൽ ഡേവിഡ് സിൽവ നേടിയ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടി കൊടുത്തത്. ആദ്യ മത്സരത്തിൽ ലിയോണിനോട് സ്വന്തം ഗ്രൗണ്ടിൽ തോറ്റ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നത്തെ ജയം ആശ്വാസം നൽകും

നേരത്തെ മത്സരം തുടങ്ങി ഒരു മിനുട്ട് ആവുന്നതിനു മുൻപ് തന്നെ മാഞ്ചസ്റ്റർ സിറ്റി പിറകിലായി. ഡെമിർബേയുടെ പാസിൽ നിന്ന് ബെൽഫോഡിൽ ആണ് മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ തന്നെ മാഞ്ചസ്റ്റർ സിറ്റി അഗ്വേറോയിലൂടെ മത്സരത്തിൽ സമനില പിടിച്ചു. ഡേവിഡ് സിൽവ തുടങ്ങി വെച്ച മുന്നേറ്റത്തിൽ സനേ നൽകിയ പന്ത് ഹോഫൻഹെയിം പ്രതിരോധ നിരയെ കബളിപ്പിച്ച് അഗ്വേറോ ഗോൾ നേടുകയായിരുന്നു.

തുടർന്നും മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സിറ്റിക്കായില്ല. ശേഷം മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ഡേവിഡ് സിൽവയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി മത്സരം സ്വന്തമാക്കിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് പ്രതിരോധിക്കുന്നതിൽ ഹോഫൻഹെയിം താരം പോഷ് വരുത്തിയ പിഴവ് മുതലെടുത്താണ് സിൽവ ഗോൾ നേടിയത്.

ഷിയററുടെ റെക്കോർഡ് തകർക്കാൻ അഗ്വേറോക്കവുമെന്ന് സിൽവ

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അലൻ ഷിയററുടെ റെക്കോർഡ് തകർക്കാൻ മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേറോക്ക് സാധിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ അഗ്വേറോയുടെ സഹ താരമായ ബെർണാർഡോ സിൽവ. പ്രീമിയർ ലീഗിൽ 260 ഗോളുകൾ നേടിയ അലൻ ഷിയററുടെ പേരിലാണ് ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ്. അഗ്വേറോ അത് മറികടക്കുമെന്നാണ് ബെർണാർഡോ സിൽവ കരുതുന്നത്

കഴിഞ്ഞ ദിവസം ബേൺലിക്കെതിരെ ഗോൾ നേടിയ അഗ്വേറോ ന്യൂ കാസിലിനു വേണ്ടി 148 ഗോൾ നേടിയ ഷിയററുടെ റെക്കോർഡിനൊപ്പം എത്തിയിരുന്നു. ഒരു ക്ലബിന് വേണ്ടി കൂടുതൽ ഗോൾ നേടുന്ന ഷിയററുടെ റെക്കോർഡിനൊപ്പമാണ് അഗ്വേറോ എത്തിയത്. അതെ സമയം ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 183 ഗോളുകൾ നേടിയ റൂണിയുടെ പേരിലാണ്.  റൂണിയെ കൂടാതെ ആഴ്‌സണൽ ഇതിഹാസം തിയറി ഹെൻറിയാണ് അഗ്വേറോക്ക് മുൻപിൽ ഇനിയുള്ളത്.

30 കാരനായ അഗ്വേറോ അടുത്താണ് മാഞ്ചെസ്റ്റെർ സിറ്റിയിൽ കരാർ പുതുക്കിയത്. 2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ അഗ്വേറോ പുതിയ കരാർ പ്രകാരം 2021 വരെ സിറ്റിയിൽ തുടരും.  കഴിഞ്ഞ നാല് സീസണിലും പ്രീമിയർ ലീഗിൽ 20ൽ കൂടുതൽ ഗോൾ നേടാൻ അഗ്വേറോക്ക് കഴിഞ്ഞിട്ടുണ്ട്.

Exit mobile version