മാൽകോമിന് ഹാട്രിക്ക്, അൽ ഹിലാൽ വിജയത്തോടെ ലീഗ് തുടങ്ങി

സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിൽ അൽ ഹിലാലിന് വിജയം. ഇന്ന് അബഹയെ എവേ മത്സരത്തിൽ നേരിട്ട അൽ ഹിലാൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ഇന്ന് സാവിചുൻ കൗലിബലിയും അൽ ഹിലാലിനൊപ്പം ഉണ്ടായിരുന്നില്ല. എങ്കിലും ബ്രസീലിയൻ താരം മാൽകോമിന്റെ ഹാട്രിക്ക് അവരുടെ വിജയം ഉറപ്പിച്ചു.

31ആം മിനുട്ടിൽ ആയിരുന്നു മാൽകോം ആദ്യ ഗോൾ നേടിയത്‌. പക്ഷെ 33ആം മിനുട്ടിൽ ബുഗൈറിലൂടെ അബഹ സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും മാൽകോം അൽ ഹിലാലിന് ലീഡ് തിരികെ നൽകി. 77ആം മിനുട്ടിൽ മാൽകോം ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു. ഇതോടെ അവർ 3-1ന്റെ വിജയം നേടി.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ അൽ ഇത്തിഹാദ് അൽ റയിദിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ബെൻസീമ ഗോൾ കണ്ടെത്തിയില്ല എങ്കിലും വിജയത്തിൽ ഒരു അസിസ്റ്റുമായി നിർണായക പങ്കുവെച്ചു. കൊറണാഡോ ഇത്തിഹാദിനായി ഇന്ന് ഇരട്ട ഗോളുകൾ നേടി.

60 മില്യൺ നൽകി!! ബ്രസീലിയൻ താരം മാൽകോം അൽ ഹിലാലിൽ

ബ്രസീലിയൻ താരനായ മാൽകോം സൗദി അറേബ്യൻ ടീമായ അൽ ഹിലാൽ കരാർ ഒപ്പുവെക്കും. ഇതു സംബന്ധിച്ച് അൽ ഹിലാലും റഷ്യൻ ക്ലബായ സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗും തമ്മിൽ ധാരണ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 26-കാരനായ ഫോർവേഡിനായി 60 മില്യണോളം നൽകാൻ സൗദി ക്ലബ് തയ്യാറായതായും അദ്ദേഹം പറയുന്നു.

ഫ്രഞ്ച് ക്ലബ് ബോർഡോയിലൂടെയാണ് മാൽകോം യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധ നേടുന്നത്‌.അവിടെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 96 കളികളിൽ നിന്ന് 23 ഗോളുകളും 16 അസിസ്റ്റുകളും നേടിയ താരം പിന്നീട് ബാഴ്സലോണയിൽ എത്തി. ബാഴ്സലോണയിൽ പക്ഷെ അത്ര തിളങ്ങാൻ ബ്രസീലിയനായില്ല. 24 കളികളിൽ, അദ്ദേഹം 4 ഗോളുകളും 2 അസിസ്റ്റുകളും നേടിയ താരം അവിടെ സ്പാനിഷ് ലീഗ് നേടി എങ്കിലും പെട്ടെന്ന് തന്നെ ക്ലബ് വിടേണ്ടി വന്നു.

പിന്നീട് റഷ്യയിൽ എത്തി ഫോമിലേക്ക് തിരികെ എത്തുകയായിരുന്നു. നിലവിലെ ട്രാൻസ്ഫർ വിൻഡോയിലെ അൽ ഹിലാലിന്റെ നാലാമത്തെ സൈനിംഗാകും മാൽകോം. മിലിങ്കോവിച്-സാവിച്, കലിഡൗ കൗലിബാലി, റൂബൻ നെവ്സ് എന്നിവരെ നേരത്തെ തന്നെ അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു.

ബാഴ്സലോണയുടെ മാൽകോം റഷ്യയിലേക്ക്

ബാഴ്സലോണയുടെ ബ്രസീലിയൻ താരം മാൽകോം റഷ്യയിലേക്ക് പറക്കുമെന്ന് സൂചന. മാൽകോമിനായി 40‌മില്ല്യൺ മുടക്കാൻ റഷ്യൻ ക്ലബ്ബായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് എഫ്സി തയ്യാറായെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. റോമ കരാർ ഉറപ്പിച്ച മാൽകോമിനെ ഹൈജാക്ക് ചെയ്താണ് ബാഴ്സലോണ ടീമിലെത്തിച്ചത്.

മധ്യനിര താരമായ മാൽകോം എന്നാൽ ലാ ലീഗയിൽ അധികം തിളങ്ങാനായില്ല. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളിൽ മാത്രമാണ് മാൽകോം സ്റ്റാർട്ട് ചെയ്തത്. പരിക്കും താരത്തിന്റെ സ്പാനിഷ് കരിയറിന് തിരിച്ചടിയായിരുന്നു. അന്റൊണിൻ ഗ്രീസ്മാന്റെ ബാഴ്സലോണയിലേക്കുള്ള വരവും ക്ലബ്ബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചു. ബോർഡോക്സിന്റെ താരമായിരുന്ന മാൽകോം ബ്രസീൽ ജൂനിയർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Exit mobile version