ഹാര്‍ദ്ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ പുകഴ്ത്തി മഹേല

ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎലില്‍ 373 റണ്‍സും 14 വിക്കറ്റുമാണ് ഇതുവരെ ഈ സീസണില്‍ നേടിയിട്ടുള്ളത്. 91 റണ്‍സ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാകുമ്പോള്‍ 20 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയതാണ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. മുംബൈയുടെ ടോപ് ഓര്‍ഡര്‍ പലപ്പോഴും ശോഭിക്കാതെ പോകുമ്പോള്‍ താരവും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡുമെല്ലാമാണ് പലപ്പോഴും രക്ഷയ്ക്ക് എത്തിയിട്ടുള്ളത്.

കൊല്‍ക്കത്തയ്ക്കെതിരെ അവസാന മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി ഹാര്‍ദ്ദികാണ് ക്രിസ് ലിന്നിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനങ്ങള്‍ താരത്തെ വാനോളം പുകഴ്ത്തുവാന്‍ മഹേല ജയവര്‍ദ്ധനേയെ പ്രേരിപ്പിച്ചിരിക്കുകയാണ്. താരം പായിക്കുന്ന ഷോട്ടുകള്‍ നോക്കുമ്പോള്‍ ഹാര്‍ദ്ദിക്കിനെതിരെ പന്തെറിയു ഏറെ പ്രയാസമായി മാറിയിട്ടുണ്ടെന്നും ജയവര്‍ദ്ധനേ പറഞ്ഞു.

മുമ്പ് പലപ്പോഴും സ്പിന്നര്‍മാരെ കടന്നാക്രമിച്ചിരുന്ന താരം ഇത്തവണ പേസ് ബൗളര്‍മാരെയും അടിച്ച് പറത്തുകയാണ് ചെയ്തിട്ടുള്ളത്. ആറ്, ഏഴ് നമ്പറുകളില്‍ ബാറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ല, കാരണം ക്രീസിലെത്തിയ ഉടനെ വമ്പനടികള്‍ക്ക് ശ്രമിക്കേണ്ടതായുണ്ട്, എന്നാല്‍ താരം മികച്ച രീതിയില്‍ ഈ പൊസിഷനില്‍ ഇഴുകിചേര്‍ന്നുവെന്നും മഹേല വ്യക്തമാക്കി.

മലിംഗ ടൂര്‍ണ്ണമെന്റ് മുഴുവന്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ മുംബൈ

ശ്രീലങ്കയിലെ പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിക്കുന്നതിനാല്‍ മുംബൈയുടെ ചില മത്സരങ്ങള്‍ താരത്തിനു നഷ്ടമായേക്കുമെന്ന സ്ഥിതി സംജാതമായിരിക്കുന്ന അവസരത്തില്‍ താരത്തിനു പൂര്‍ണ്ണമായും ഐപിഎലില്‍ മുംബൈയ്ക്കൊപ്പമുണ്ടാകാനാകുമെന്ന പ്രത്യാശ പ്രകടപിപ്പിച്ച് മുംബൈ ഇന്ത്യന്‍സ് കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായി മഹേല ജയവര്‍ദ്ധേനെ. മുംബൈ ഇന്ത്യന്‍സിനെ താരത്തിന്റെ അഭാവമുണ്ടാകുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് മഹേല പറയുന്നത്.

ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍ നാല്-അഞ്ച് ദിവസത്തേക്കാണ് എന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ അതുവരെ താരം നമുക്കൊപ്പമുണ്ടാകും. ലേലത്തില്‍ താരത്തെ സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ഷെഡ്യൂളില്‍ ഈ ടൂര്‍ണ്ണമെന്റ് ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഇപ്പോളൊരു മാറ്റമുണ്ടെങ്കില്‍ അത് വ്യക്തതയോടെ നമ്മളെ അറിയിക്കേണ്ടതുണ്ടെന്നും അതില്‍ ഒരു ചര്‍ച്ച ആവശ്യമാണെന്നുമാണ് മഹേല വ്യക്തമാക്കിയത്.

ബുംറ എത്രത്തോളം കൂടുതല്‍ ഐപിഎല്‍ കളിക്കുന്നുവോ അത്രത്തോളം ലോകകപ്പില്‍ ഗുണം ചെയ്യും

ഐപിഎലില്‍ ജസ്പ്രീത് ബുംറ എത്രയധികം മത്സരം കളിക്കുന്നുവോ അത്രയും ഗുണം താരത്തിനു ലോകകപ്പില്‍ ഉണ്ടാകുമെന്ന അഭിപ്രായവുമായി മഹേല ജയവര്‍ദ്ധനേ. നിങ്ങളുടെ ഏറ്റവും മികച്ച താരങ്ങള്‍ കൂടുതല്‍ മത്സരം കളിക്കണം, അത് സ്വാഭാവികമാണ്. കരുതലെന്ന നിലയില്‍ അവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാതെ ഇരുന്ന ശേഷം ഒരു സുപ്രഭാതത്തില്‍ അവരോട് കളിക്കുവാന്‍ ആവശ്യപ്പെട്ടാല്‍ മികവ് പുറത്തെടക്കുവാന്‍ അവര്‍ക്കായേക്കില്ലെന്ന് മഹേല പറഞ്ഞു.

താരങ്ങള്‍ക്ക് അവരുടെ ഫിറ്റ്നെസ്സും ഫോമും ഒരേ പോലെ നിലനിര്‍ത്തിക്കൊണ്ടുവാന്‍ കഴിയണമെന്നതാണ് ഏറ്റവും പ്രധാനമെന്നും മഹേല പറഞ്ഞു. ലോകകപ്പില്‍ മികച്ച റിഥം കണ്ടെത്തുവാന്‍ ബുംറയെ ഐപിഎല്‍ സഹായിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മഹേല അഭിപ്രായപ്പെട്ടു.

ബിപിഎല്‍ വിജയിക്കുവാന്‍ പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധിക്കണം: മഹേല

പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുത്ത് ഖുല്‍ന ടൈറ്റന്‍സിനെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് മഹേല ജയവര്‍ദ്ധേനെ. ലീഗിന്റെ വിജയത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടത് പ്രാദേശിക യുവ താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലാണെന്നും മഹേല വ്യക്തമാക്കി. തന്റെ ടീം അതിനാവും ഊന്നല്‍ നല്‍കുകയെന്നും മുന്‍ ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

2017 സീസണില്‍ അഞ്ച് വിദേശ താരങ്ങളെ ടീമിലുള്‍പ്പെടുത്താമെന്ന തീരുമാനത്തെ ഏറെ വിമര്‍ശനങ്ങളോടെയാണ് ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ ഒരു വിദേശ താരത്തെകൂടി കളിപ്പിക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ അത് ബംഗ്ലാദേശിലെ യുവ താരങ്ങള്‍ക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തുകയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതോടെ പുതിയ സീസമില്‍ ഈ തീരുമാനം വേണ്ടെന്ന് തീരുമാനിച്ച് 4 താരങ്ങളായി വിദേശ താരങ്ങളുടെ ക്വോട്ട നിശ്ചയിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് കാര്‍ലോസ് ബ്രാത്‍വൈറ്റിനെ മാത്രമാണ് ഖുല്‍ന ടൈറ്റന്‍സ് വിദേശ താരങ്ങളില്‍ ടീമില്‍ നിലനിര്‍ത്തിയത്. ഇത് ടീമിലേക്ക് കൂടുതല്‍ പ്രാദേശിക താരങ്ങളെ പരിഗണിക്കുവാനുള്ള തീരുമാനത്തിനെ അടിസ്ഥാനമാക്കിയാണെന്ന് വേണം മഹേലയുടെ പ്രതികരണത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലാക്കുവാനാകുന്നത്.

Exit mobile version