കാസ്പർ റൂഡ് മാഡ്രിഡ് ഓപ്പൺ നേടി, ജാക്ക് ഡ്രേപ്പറെ തോൽപ്പിച്ച് കന്നി മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി


കാസ്പർ റൂഡ് തന്റെ കരിയറിലെ ഏറ്റവും വലിയ കിരീടം ഞായറാഴ്ച സ്വന്തമാക്കി. മാഡ്രിഡ് ഓപ്പൺ ഫൈനലിൽ ജാക്ക് ഡ്രേപ്പറെ 7-5, 3-6, 6-4 എന്ന സ്കോറിന് തോൽപ്പിച്ച് അദ്ദേഹം തന്റെ ആദ്യ എടിപി മാസ്റ്റേഴ്സ് 1000 ട്രോഫി കരസ്ഥമാക്കി. മൂന്ന് തവണ ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ റൂഡ്, താഴ്ന്ന തലത്തിലുള്ള എടിപി 250, 500 ടൂർണമെന്റുകളിൽ 12 കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും, ഈ വിജയത്തോടെ എലൈറ്റ് തലത്തിൽ ആദ്യമായി ഒരു കിരീടം നേടി.


ഗൗഫിനെ തോൽപ്പിച്ച് സബലെങ്ക മൂന്നാം മാഡ്രിഡ് ഓപ്പൺ കിരീടം നേടി



ലോക ഒന്നാം നമ്പർ താരം അര്യാന സബലെങ്ക ശനിയാഴ്ച നടന്ന മാഡ്രിഡ് ഓപ്പൺ ഫൈനലിൽ കോക്കോ ഗൗഫിനെ 6-3, 7-6(3) എന്ന സ്കോറിന് തകർത്ത് മൂന്നാം മാഡ്രിഡ് ഓപ്പൺ കിരീടം സ്വന്തമാക്കി. കളിമൺ കോർട്ടിലെ തന്റെ ആധിപത്യം അവർ ഈ വിജയത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചു. ഈ ടൂർണമെന്റിൽ ഇത് അവരുടെ 31-ാം കരിയർ വിജയമാണ്.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായിരുന്ന സബലെങ്ക ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഗൗഫ് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ടൈ-ബ്രേക്കറിൽ സബലെങ്കയുടെ അനുഭവസമ്പത്തും സ്ഥിരതയും നിർണായകമായി. ഗൗഫിന്റെ ഡബിൾ ഫോൾട്ടോടെ സബലെങ്ക കിരീടം ഉറപ്പിച്ചു.

ഈ വർഷം ബ്രിസ്ബേനിലും മിയാമിയിലും നേടിയ കിരീടങ്ങൾക്ക് പുറമെ ഇത് അവരുടെ ആറാം ഫൈനൽ ആയിരുന്നു.
തുടക്കത്തിൽ സബലെങ്കയുടെ കരുത്തുറ്റ ഷോട്ടുകൾക്ക് മുന്നിൽ ഗൗഫ് പതറി. രണ്ടാം സെറ്റിൽ അമേരിക്കൻ താരം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, സബലെങ്കയുടെ പോരാട്ടവീര്യവും പരിചയസമ്പത്തും വിജയം ഉറപ്പാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലാം തവണയാണ് സബലെങ്ക മാഡ്രിഡ് ഓപ്പൺ ഫൈനലിൽ എത്തുന്നത്.

ഡ്രേപ്പറും റൂഡും മാഡ്രിഡ് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടും


ബ്രിട്ടന്റെ ജാക്ക് ഡ്രേപ്പറും നോർവേയുടെ കാസ്പർ റൂഡും മാഡ്രിഡ് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ ഇരുവരും നേരിട്ടുള്ള സെറ്റുകളിൽ വിജയം നേടി. ഡ്രേപ്പർ ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയെ 6-3, 7-6(4) എന്ന സ്കോറിന് തോൽപ്പിച്ചു. റൂഡ് പരിക്കിന്റെ ആശങ്കകളെ മറികടന്ന് ഫ്രാൻസിസ്കോ സെറുൻഡോലോയെ 6-4, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി.


നെഞ്ചുവേദനയും പുറംവേദനയും കാരണം ആദ്യ സെറ്റിൽ മെഡിക്കൽ ടൈം ഔട്ട് എടുത്ത റൂഡ്, അസ്വസ്ഥതകളെയും അർജന്റീനൻ ആരാധകരുടെ പ്രതികൂലമായ ആരവങ്ങളെയും അതിജീവിച്ചാണ് തന്റെ മൂന്നാം മാസ്റ്റേഴ്സ് 1000 ഫൈനലിൽ പ്രവേശിച്ചു. മുമ്പ് മോണ്ടെ കാർലോയിലും (2024) മിയാമിയിലും (2022) ഫൈനലിൽ പരാജയപ്പെട്ട 26-കാരനായ താരം തന്റെ ആദ്യ മാസ്റ്റേഴ്സ് 1000 കിരീടം ലക്ഷ്യമിട്ടാകും ഇറങ്ങുന്നത്.


മറുവശത്ത്, ഡ്രേപ്പർ മുസെറ്റിക്കെതിരെ നാല് കരിയർ മത്സരങ്ങളിലും തോൽവി അറിയാതെ മുന്നേറുകയാണ്. ഈ വർഷം ഇത് അദ്ദേഹത്തിന്റെ രണ്ടാം മാസ്റ്റേഴ്സ് 1000 ഫൈനലാണ്, മാർച്ച് മാസത്തിൽ ഇന്ത്യൻ വെൽസിൽ അദ്ദേഹം വിജയിച്ചിരുന്നു.

സബലെങ്ക നാലാം തവണയും മാഡ്രിഡ് ഓപ്പൺ ഫൈനലിൽ


ലോക ഒന്നാം നമ്പർ താരം ആര്യാന സബലെങ്ക തുടർച്ചയായ നാലാം തവണയും മാഡ്രിഡ് ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സെമിഫൈനൽ മത്സരത്തിൽ 17-ാം സീഡ് എലീന സ്വിറ്റോലിനയെ 6-3, 7-5 എന്ന സ്കോറിനാണ് സബലെങ്ക തോൽപ്പിച്ചത്.
രണ്ട് തവണ മാഡ്രിഡ് ഓപ്പൺ കിരീടം നേടിയിട്ടുള്ള (2021, 2023) സബലെങ്കയ്ക്ക് സ്വിറ്റോലിനയുടെ ഈ വർഷത്തെ കളിമൺ കോർട്ടിലെ 9-0 എന്ന മികച്ച റെക്കോർഡ് അവസാനിപ്പിക്കാൻ 90 മിനിറ്റിൽ കൂടുതൽ സമയം വേണ്ടിവന്നില്ല.


ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നാലാം സീഡ് കോക്കോ ഗൗഫാണ് സബലെങ്കയുടെ എതിരാളി. നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാടെക്കിനെ 6-1, 6-1 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ഗൗഫ് ഫൈനലിൽ എത്തിയത്.

ഇഗയെ തോൽപ്പിച്ച് കോക്കോ ഗൗഫ് മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ

അമേരിക്കൻ താരം കോക്കോ ഗൗഫ് മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയറ്റെകിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ 6-1, 6-1 എന്ന സ്കോറിനാണ് ഗൗഫ് വിജയിച്ചത്. 64 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ മത്സരം കളിമൺ കോർട്ടിൽ ഇഗയ്ക്ക് എതിരായ ഗൗഫിൻ്റെ കന്നി വിജയമായിരുന്നു.


ലോക രണ്ടാം നമ്പർ താരവും അഞ്ച് തവണ ഗ്രാൻസ്ലാം കിരീടം നേടിയ താരവുമായ ഇഗയ്ക്ക് മത്സരത്തിൽ ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനായില്ല. അഞ്ച് തവണ അവൾക്ക് സർവീസ് നഷ്ടപ്പെട്ടു.

മെദ്‌വദേവിനെ തോൽപ്പിച്ച് റൂഡ് മാഡ്രിഡ് ഓപ്പൺ സെമിയിൽ


കാസ്പർ റൂഡ് വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡാനിൽ മെദ്‌വദേവിനെ 6-3, 7-5 എന്ന സ്കോറിന് തകർത്ത് മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു. നാല് മത്സരങ്ങൾക്ക് ശേഷം റൂഡിൻ്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ആദ്യ സെറ്റിൽ റൂഡ് തുടക്കത്തിൽ തന്നെ മെദ്‌വദേവിൻ്റെ സർവീസ് ബ്രേക്ക് ചെയ്യുകയും പിന്നീട് ആധിപത്യം നിലനിർത്തുകയും ചെയ്തു. രണ്ടാം സെറ്റിൽ 11-ാം ഗെയിമിൽ ഒരു ബ്രേക്ക് നേടിയ റൂഡ് മത്സരം സ്വന്തമാക്കുകയായിരുന്നു. ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള റൂഡ് സെമിഫൈനലിൽ ഫ്രാൻസിസ്കോ സെറുണ്ടോളോയെയോ യാക്കൂബ് മെൻസിക്കിനെയോ നേരിടും.

സബലെങ്കയും സ്വിറ്റെക്കും മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ


ഒന്നാം സീഡ് ആര്യന സബലെങ്ക ശക്തമായ പോരാട്ടം കാഴ്ചവെച്ച മാർട്ട കോസ്റ്റ്യുക്കിനെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് 7-6(7/4), 7-6(9/7) എന്ന സ്കോറിന് വിജയിച്ച് നാലാം മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു. സബലെങ്ക ഇനി എലീന സ്വിറ്റോലിനയെ നേരിടും.


മറ്റൊരു മത്സരത്തിൽ, നിലവിലെ ചാമ്പ്യൻ ഇഗ സ്വുയറ്റെക് മോശം തുടക്കത്തിന് ശേഷം ശക്തമായി തിരിച്ചുവന്ന് മാഡിസൺ കീസിനെ 0-6, 6-3, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിലെ തോൽവിക്ക് പകരം വീട്ടി. സെമിഫൈനലിൽ കോക്കോ ഗൗഫിനെയാണ് ഇഗ നേരിടുക. ഗൗഫ് മിറ ആൻഡ്രീവയെ 7-5, 6-1 എന്ന സ്കോറിന് അനായാസം തോൽപ്പിച്ചു.

ഞെട്ടിക്കുന്ന തോൽവിയുമായി ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ നിന്ന് പുറത്ത്


നോവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരം മാറ്റിയോ അർണാൾഡിയോട് അപ്രതീക്ഷിതമായി തോറ്റു പുറത്തായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അർണാൾഡിയുടെ വിജയം (6-3, 6-4). ഈ സീസണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

നേരത്തെ മോണ്ടി കാർലോ ഓപ്പണിലും ആദ്യ റൗണ്ടിൽ അദ്ദേഹം പുറത്തായിരുന്നു. ലോക റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള അർണാൾഡിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്.


മറ്റൊരു മത്സരത്തിൽ, ഇറ്റലിയുടെ ലൊറെൻസോ മുസെറ്റി അർജന്റീനയുടെ തോമസ് എച്ചെവെറിയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. വനിതാ വിഭാഗത്തിൽ മാഡിസൺ കീസും കോക്കോ ഗൗഫും മുന്നേറിയപ്പോൾ, കൗമാര താരം മിറ ആൻഡ്രീവയും നാലാം റൗണ്ടിൽ എത്തി.

പരിക്ക് മൂലം ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറി

കഴിഞ്ഞ ഞായറാഴ്ച നടന്ന ബാഴ്സലോണ ഓപ്പൺ ഫൈനലിൽ ഹോൾഗർ റൂണിനോട് തോറ്റ മത്സരത്തിനിടെ പരിക്കേറ്റ അൽകാരാസ് മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറി. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ അൽകാരാസിന്റെ ഫ്രഞ്ച് ഓപ്പണായുള്ള തയ്യാറെടുപ്പുകളെ ഈ പരിക്ക് ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.


മാഡ്രിഡിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അൽകാരാസ് നിരാശ പ്രകടിപ്പിക്കുകയും എന്നാൽ ഈ തീരുമാനം അനിവാര്യമാണെന്ന് പറയുകയും ചെയ്തു. “എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചു, പക്ഷേ കാര്യമായ പുരോഗതി ഉണ്ടായില്ല,” അദ്ദേഹം പറഞ്ഞു. “ഞാൻ കളിക്കുകയാണെങ്കിൽ, പ്രതീക്ഷിച്ചതിലും കൂടുതൽ കാലം അത് എന്നെ ബുദ്ധിമുട്ടിലാക്കും… ഞങ്ങൾ ശരിയായ തീരുമാനമാണ് എടുത്തത്.” അദ്ദേഹം പറഞ്ഞു.


2022 ലും 2023 ലും മാഡ്രിഡ് ഓപ്പൺ നേടിയ 21 കാരനായ സ്പാനിഷ് താരം തിങ്കളാഴ്ച നഗരത്തിൽ എത്തിയതിന് ശേഷം പരിശീലനം നടത്തിയിട്ടില്ല.

കാർലോസ് അൽകാരാസ് മാഡ്രിഡ് ഓപ്പൺ സ്വന്തമാക്കി

മാഡ്രിഡ് ഓപ്പൺ കിരീടം കാർലോസ് അൽകാരാസ് സ്വന്തമാക്കി. ജാൻ-ലെനാർഡ് സ്‌ട്രഫിനെതിരെ 6-4, 3-6, 6-3 എന്ന സ്‌കോറിന് വിജയിച്ചാണ് താരം തന്റെ കരിയറിലെ 10-ാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം അൽകാരസ് ആയിരിന്നു മാഡ്രിഡ് ഓപ്പൺ സ്വന്തമാക്കിയത്. ഈ ജയത്തോടെ അൽകാരസ് ഒന്നാം റാങ്കിന് അടുത്ത് എത്തി.

റോം മാസ്റ്റേഴ്‌സിൽ ഒരൊറ്റ മത്സരം കളിച്ചാൽ നൊവാക് ജോക്കോവിച്ചിനെ മറികടന്ന് വീണ്ടും ലോക ഒന്നാം നമ്പറിൽ എത്താൽ സ്പാനിഷ് യുവതാരത്തിന് ആകും. നിലവിൽ അൽകാരസ് രണ്ടാം റാങ്കിലാണ്. സെപ്തംബറിലെ യുഎസ് ഓപ്പൺ വിജയത്തിന് ശേഷം 20 ആഴ്‌ചയോളം ഒന്നാം സ്ഥാനത്ത് അൽകാരാസ് ഉണ്ടായിരുന്നു. ലോക ഒന്നാം നമ്പറിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അന്ന് അൽകാരസ് മാറിയിരുന്നു. ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തോടെ നൊവാക് ഒന്നാം നമ്പറിൽ എത്തി.

മാഡ്രിഡ് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ ആൻഡി മറെ പുറത്ത്

വ്യാഴാഴ്ച നടന്ന മാഡ്രിഡ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ ആൻഡി മറെ പുറത്ത്. സ്പാനിഷ് തലസ്ഥാനത്ത് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ലോക 164ആം നമ്പർ താരം ആൻഡ്രിയ വവസോറി മറയെ തോൽപ്പിച്ചത്. 6-2, 7-6 (9/7) എന്നായിരുന്നു സ്കോർ.

മൂന്ന് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മറെ ഇതാദ്യമായാണ് മാഡ്രിഡ് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. 12 തവണ മാഡ്രിഡ് ഓപ്പൺ കളിച്ചിട്ടുള്ള മറെ രണ്ട് തവണ ഈ കിരീടം നേടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മോണ്ടെ കാർലോ മാസ്റ്റേഴ്സിലും മുൻ ലോക ഒന്നാം നമ്പർ താരം മറെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

Exit mobile version