ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗില്‍, കാന്‍ഡി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിയ്ക്കും

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗിലേക്ക്. കാന്‍ഡി ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസിയുടെ വിദേശ സൈനിംഗില്‍ ഒരാളായാണ് താരം ലങ്കയിലേക്ക് പറക്കുന്നത്. ടീമിന്റെ ഐക്കണ്‍ താരമായ ക്രിസ് ഗെയിലിനൊപ്പമാവും പത്താന് കളിക്കാനാകുക.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഇര്‍ഫാന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ടീം ഉടമ സൊഹൈല്‍ ഖാന്‍ വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 13 വരെയാണ് ലങ്ക പ്രീമിയര്‍ ലീഗ് നടക്കുക. അഞ്ച് ഫ്രാഞ്ചൈസികളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.

15 ദിവസത്തെ ദൈര്‍ഘ്യത്തില്‍ 23 മത്സരങ്ങളാണ് ഈ അഞ്ച് ടീമുകള്‍ രണ്ട് വേദികളിലായി കളിക്കുക. കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുല്ല, ജാഫ്ന എന്നിവയാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികള്‍. ഡിസംബര്‍ 13ന് ആണ് ഫൈനല്‍ നടക്കുക. ഡിസംബര്‍ 14 റിസര്‍വ് തീയ്യതിയായും നിശ്ചയിച്ചിട്ടുണ്ട്.

ഹമ്പന്‍ടോട്ടയിലെ മഹീന്ദ രാജപക്സ അന്താരാഷ്ട്ര സ്റ്റേഡിയവും കാന്‍ഡിയിലെ പല്ലികേലെ അന്താരാഷ്ട്ര സ്റ്റേഡിയവുമാണ് ടൂര്‍ണ്ണമെന്റിന്റെ വേദികള്‍.

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്‍കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ് ഷാക്കിബ് ലങ്ക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 1നാണ് ലേലം നടക്കുക. ടൂര്‍ണ്ണമെന്റ് നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് നടക്കുക. അഞ്ച് ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ 23 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ ഉണ്ടാകുക. ഏഷ്യന്‍ കറപ്ഷന്‍ യൂണിറ്റിനോട് സംസാരിച്ച ശേഷമാണ് താരത്തിന്റെ പേര് ലേലത്തില്‍ ചേര്‍ത്തതെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമ്മുദ്ദീന്‍ ചൗധരി പറയുന്നത്.

ഒക്ടോബര്‍ അവസാനം ആണ് ഷാക്കിബിന്റെ വിലക്ക് അവസാനിക്കുന്നത്. ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്ന സമയത്തേക്ക് താരത്തിന്റെ വിലക്ക് മാറുമെന്നതിനാല്‍ തന്നെ ഇത് അത്ര വിഷയമുള്ള കാര്യമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വ്യക്തമാക്കി.

ലങ്കന്‍ പ്രീമിയര്‍ ലീഗ് തല്‍ക്കാലമില്ല

ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ടൂര്‍ണ്ണമെന്റെന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സ്വപ്ന പദ്ധതിയ്ക്ക് തിരിച്ചടി. ശ്രീലങ്കന്‍ ബോര്‍ഡിന്റെ തിരഞ്ഞെടുപ്പ് വൈകുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് പിന്നീടൊരു ദിവസം മാത്രമേ ഉണ്ടാകുകയുള്ളു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ലങ്കന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ റസ്സല്‍ ആര്‍ണോള്‍ഡ് സംഭവം ഒരു ട്വീറ്റിലൂടെ സ്ഥിതീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് മാറ്റിയെന്നാണ് ആര്‍ണോള്‍ഡ് ട്വീറ്റ് ചെയ്തത്. പുതുക്കിയ തീയ്യതിയെക്കുറിച്ചൊന്നും താരം പ്രതികരിച്ചിട്ടില്ല.

ബിസിസിഐ പിന്തുണയോടു കൂടിയുള്ള ടൂര്‍ണ്ണമെന്റെന്ന രീതിയില്‍ ഏറെ മാധ്യമ ശ്രദ്ധ ലഭിച്ച ടൂര്‍ണ്ണമെന്റായിരുന്നു എല്‍പിഎല്‍. ചില സീനിയര്‍ താരങ്ങളെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ ബിസിസിഐ സമ്മതിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യൂസഫ് പത്താന്‍, യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരായിരുന്നു അവര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version