അഭിമാനമായി കേരളത്തിന്റെ മുരളി ശ്രീശങ്കർ, കോമൺവെൽത്ത് ലോംഗ് ജമ്പിൽ ചരിത്രം എഴുതിയ ഒരു മെഡൽ | Murali Sreeshankar wins silver in long jump

മലയാളിയായ മുരളി ശ്രീശങ്കർ ചരിത്രം കുറിച്ചിരിക്കുകയാണ്. കോമൺ‌വെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ ലോംഗ്ജമ്പറായി കേരളത്തിൽ നിന്നുള്ള യുവതാരം മുരളി ശ്രീശങ്കർ ഇന്ന് മാറി. ബിർമിംഗ്ഹാമിലെ അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ 8.08 മീറ്റർ ചാടി വെള്ളി നേടിക്കൊണ്ടാണ് ശ്രീശങ്കർ ചരിത്രം എഴുതിയത്.

2018-ൽ അപ്പെൻഡിസൈറ്റിസ് മൂലം ഗോൾഡ് കോസ്റ്റ് ഗെയിംസ് നഷ്‌ടമായ മുരളി ശ്രീശങ്കർ ഇന്ന് അതിന് കണക്കു തീർക്കുക ആയിരുന്നു. നാലാമത്തെ ചാട്ടത്തിൽ ആയിരുന്നു മെഡൽ ഉറപ്പിച്ച 8.08 മീറ്റർ ശ്രീശങ്കർ ചാടിയത്. 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ്.

ഒന്നാമത് എത്തിയ ബഹാമാസിന്റെ ലക്വനും 8.08 ആണ് ചാടിയത്. എങ്കിലും മികച്ച രണ്ടാമത്തെ ശ്രമം താരത്തെ ശ്രീശങ്കറിന് മുകളിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചു. ബർമിങ്ഹാമിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡൽ ആണിത്.

7.97 മീറ്റർ ചാടിയ മുഹമ്മദ് അനിസ് യഹിയ ലോങ് ജമ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Story Highlight: Kerala’s Murali Sreeshankar wins silver in long jump.

ഒന്നാമനായി മുരളി ശ്രീശങ്കര്‍, മുഹമ്മദ് യഹിയയും ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് ലോംഗ്ജംപിൽ പുരുഷ വിഭാഗത്തിൽ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. മുരളി ശ്രീശങ്കര്‍ 8.05 മീറ്റര്‍ ചാടി ഒന്നാമനായി യോഗ്യത നേടിയപ്പോള്‍ മുഹമ്മദ് യഹിയ 7.68 മീറ്റര്‍ ചാടി എട്ടാമനായി യോഗ്യത നേടുകയായിരുന്നു. മുരളി ശ്രീശങ്കര്‍ തന്റെ ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാര്‍ക്ക് ആയ എട്ട് മീറ്റര്‍ കടക്കുകയായിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി 18 താരങ്ങളാണ് യോഗ്യത റൗണ്ടിൽ കളിച്ചത്. ഇതിൽ നിന്ന് ആദ്യ 12 സ്ഥാനക്കാരാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഗ്രീസിലെ അന്താരാഷ്ട്ര ജംപ്സ് മീറ്റിൽ സ്വര്‍ണ്ണ നേട്ടവുമായി മുരളി ശ്രീശങ്കര്‍

ഗ്രീസിൽ നടക്കുന്ന ഇന്റര്‍നാഷണൽ ജംപ്സ് മീറ്റിലെ ലോംഗ് ജംപി വിഭാഗത്തിൽ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍. 8.31 മീറ്റര്‍ ദൂരം ചാടി ശ്രീശങ്കര്‍ സ്വീഡന്റെ തോബിയാസ് മോണ്ടലര്‍(8.27 മീറ്റര്‍) ഫ്രാന്‍സിന്റെ ജൂലസ് പോമ്മറി(8.17) എന്നിവരെ പിന്തള്ളിയാണ് സ്വര്‍ണ്ണ മെഡലിന് അര്‍ഹനായത്.

തന്റെ മൂന്നാം ശ്രമത്തിലാണ് ശ്രീശങ്കറിന്റെ സ്വര്‍ണ്ണ നേട്ടം വന്നത്.

സ്വര്‍ണ്ണം കൈപ്പിടിയില്‍ നിന്ന് വഴുതിയത് ഒരു സെന്റി മീറ്ററിന്, വെള്ളി മെഡലുമായി ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ശൈലി സിംഗ്

നൈറോബിയിൽ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം സ്വര്‍ണ്ണ നേടുവാന്‍ ഉള്ള അവസരം ഇന്ത്യന്‍ താരം ശൈലി സിംഗിന് നഷ്ടമായി. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും ഇന്ത്യന്‍ താരം ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തിൽ സ്വീഡന്റെ മായ അസ്കഗിനോട് പിന്നില്‍ പോകുകയായിരുന്നു.. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യന്‍ താരം 6.59 മീറ്റര്‍ ദൂരം ചാടിയാണ് വെള്ളി മെഡൽ നേടിയത്.

തന്റെ മൂന്നാം ശ്രമത്തിലാണ് ശൈലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.. ആദ്യ രണ്ട് ശ്രമങ്ങളിലും ശൈലി 6.34 മീറ്ററാണ് ചാടിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടമാണ് ഇന്ന് ശൈലി സ്വന്തമാക്കിയതെങ്കിലും കാറ്റിന്റെ ആനുകൂല്യം ഉള്ളതിനാൽ അത് മികച്ച പ്രകടനമായി പരിഗണിക്കപ്പെടില്ല. നാലും അഞ്ചും ശ്രമങ്ങള്‍ ശൈലിയുടേത് പിഴച്ചു.

എന്നാൽ നാലാം ശ്രമത്തിൽ ശൈലിയ പിന്തള്ളി സ്വീഡന്റെ താരം 6.60 മീറ്റര്‍ നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യന്‍ താരം വെള്ളി മെഡലുമായി തലയയുര്‍ത്തി മടങ്ങി.

ലോംഗ് ജംപ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി ഇന്ത്യയുടെ ശൈലി സിംഗ്

നൈറോബിയിൽ നടക്കുന്ന അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ ശൈലി സിംഗ് ലോംഗ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടി. 6.40 മീറ്റര്‍ ദൂരം ചാടി നേരിട്ട് യോഗ്യത നേടുകയായിരുന്നു ഇന്ത്യന്‍ താരം.

6.35 മീറ്ററായിരുന്നു യോഗ്യതയ്ക്കായുള്ള മാനദണ്ഡം. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെ യോഗ്യത നേടിയ ഇന്ത്യന്‍ താരം ആണ് യോഗ്യ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. തന്റെ ആദ്യ ശ്രമത്തിൽ 6.34 മീറ്റര്‍ ചാടിയ താരം അവസാന ശ്രമത്തിലാണ് നേരിട്ടുള്ള യോഗ്യത നേടിയത്.

ആവേശകരമായി അവസാന റൗണ്ടിൽ മാറി മറിഞ്ഞ് മെഡൽ പട്ടിക, കൗണ്ട് ബാക്കിൽ സ്വര്‍ണ്ണം നേടി ഗ്രീക്ക് താരം

ആവേശകരമായ ലോംഗ്ജംപ് മത്സരത്തിൽ അവസാന റൗണ്ടിൽ ക്യൂബന്‍ താരങ്ങളെ പിന്തള്ളി സ്വര്‍ണ്ണം സ്വന്തമാക്കി ഗ്രീസിന്റെ മിൽട്ടിയാഡിസ് ടെന്റോഗ്ലൂ. അവസാന റൗണ്ടിലേക്ക് മത്സരം കടന്നപ്പോള്‍ ആദ്യ രണ്ട് സ്ഥാനക്കാരും ക്യൂബയ്ക്കും മൂന്നാം സ്ഥാനം അമേരിക്കയുടെ ഹാരിസൺ ആയിരുന്നു.

അവസാന റൗണ്ടിൽ സ്വീഡന്റെ തോബിയാസ് മോണ്ടലര്‍ ആദ്യ മൂന്ന് സ്ഥാനക്കാരെയും മറികടന്ന് ചാടിയെങ്കിലും ചാട്ടം ഫൗള്‍ ആയി. അടുത്ത ഊഴത്തിനെത്തിയ സ്പെയിനിന്റെ യൂസേബിയോ കാകേരെസ് 8.18 ചാടി വെങ്കല മെഡൽ സ്ഥാനത്തേക്കുയര്‍ന്നതോടെ അമേരിക്കയുടെ ഹാരിസണിന്റെ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ച് ഗ്രീസിന്റെ ടെന്റോഗ്ലൂ 8.41 മീറ്റര്‍ ചാടി ക്യൂബയുടെ ജുവാന്‍ മിഗ്വല്‍ എച്ചേവേരിയയ്ക്കൊപ്പമെത്തി. കൗണ്ട് ബാക്കിൽ താന്‍ സ്വര്‍ണ്ണം നേടിയെന്നത് താരം ഏറെ നേരം വിശ്വസിക്കുന്നു തന്നെ ഇല്ലായിരുന്നു. ഈ അവസാന റൗണ്ട് പ്രകടനത്തോടെ മെഡൽ പട്ടിക തന്നെ മാറി മറിയുന്ന കാഴ്ചയാണ് ലോംഗ്ജംപ് പിറ്റിൽ കണ്ടത്.

ക്യൂബയുടെ മായ്ക്കെൽ മാസ്സോയ്ക്കാണ് വെങ്കല മെഡൽ.

വെള്ളി മെഡലുമായി നീന വരകില്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 40ലേക്ക് ഉയര്‍ന്നു. ഇന്ന് നടന്ന വനിത ലോംഗ് ജംപില്‍ വെള്ളി മെഡലുമായി മലയാളിതാരം നീന വരകില്‍ ആണ് ഇന്ത്യയുടെ ഏറ്റവും പുതിയ മെഡലവകാശിയായി മാറിയത്. 6.51 മീറ്റര്‍ ചാടിയാണ് നീന തന്റെ വെള്ളി മെഡല്‍ ഉറപ്പാക്കിയത്. കോഴിക്കോട് സ്വദേശിയാണ് നീന വരകില്‍.

മറ്റൊരു ഇന്ത്യന്‍ താരം നയന ജെയിംസിനു 6.14 മീറ്റര്‍ മാത്രമേ താണ്ടുവാനായുള്ളു. 10 സ്ഥാനത്താണ് മത്സരം നയന അവസാനിപ്പിച്ചത്. വിയറ്റ്നാമിന്റെ താവോ തു തി ബുയി സ്വര്‍ണ്ണവും ചൈനയുടെ ക്സു ക്സിയാലോയിംഗ് വെങ്കലവും നേടി.

Exit mobile version