U-19 ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഓസ്ട്രേലിയ. വെറും 127 റണ്‍സിനു ഓള്‍ഔട്ട് ആയ ഓസ്ട്രേലിയി ഇംഗ്ലണ്ടിനെ 96 റണ്‍സിനു എറിഞ്ഞിട്ട് 31 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ നായകന്‍ ജേസണ്‍ സംഗ(58) മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. 33.3 ഓവറില്‍ ഓസ്ട്രേലിയ 127 റണ്‍സിനു ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനായി ഏഥന്‍ ബാംബര്‍, ദിലിയണ്‍ പെന്നിംഗ്ടണ്‍, വില്‍ ജാക്സ് എന്നിവര്‍ 3 വീതം വിക്കറ്റ് വീഴ്ത്തി.
അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍ ടോം ബാന്റണ്‍ മാത്രമാണ് തിളങ്ങിയത്. 71/3 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 96 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സ്കോര്‍ 71 ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റായി ടോം ബാന്റണ്‍ (58) പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചു. 35 റണ്‍സ് നല്‍കി 8 ഇംഗ്ലണ്ട് വിക്കറ്റ് നേടിയ ലോയഡ് പോപ്പിന്റെ പ്രകടനമാണ് ടീമുകളില്‍ വേറിട്ട് നിന്നത്.
എട്ടാം ഓവര്‍ എറിയാന്‍ വന്ന പോപ് ആണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് നേടുന്നത്. സ്കോര്‍ 47ല്‍ വെച്ചാണ് ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായത്. അതേ ഓവറില്‍ തന്നെ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ പൂജ്യത്തിനു പോപ് പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ വില്‍ ജാക്സിനെയും വീഴ്ത്തിയപ്പോള്‍ 47/0 നിന്ന് 51/3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. പിന്നീട് ടോം ബാന്റണ്‍ ഒറ്റയാല്‍ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും ഏറെ വൈകാതെ പോപ് തന്നെ ബാന്റണിന്റെയും അന്തകനായി. 23.4 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിനു പിടിച്ച് നില്‍ക്കാനായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
