ലിവർപൂളിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഈഡൻ ഹസാർഡും ചെൽസിയും

ലിവർപൂളിന്റെ അപരാജിത കുതിപ്പിന് ചെൽസി അന്ത്യം കുറിച്ചു. കാരബാവോ കപ്പിൽ 1-2 ന് ചെൽസി ജയത്തോടെ നാലാം റൌണ്ട് ഉറപ്പാക്കി. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഈഡൻ ഹസാർഡ് നേടിയ മനോഹര ഗോളാണ് ചെൽസിയുടെ ജയം ഉറപ്പിച്ചത്.

ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയേൽ സ്റ്ററിഡ്ജിന് കിട്ടിയ സുവർണാവസരം താരം നഷ്ടമാക്കിയത് ചെൽസിക്ക് ഭാഗ്യമായി. പക്ഷെ 59 ആം മിനുട്ടിൽ സ്റ്ററിഡ്ജ് പ്രായശ്ചിത്തം ചെയ്തു. മികച്ച ഫിനിഷിലൂടെ താരം ലിവർപൂളിനെ മുന്നിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ സാറി കാന്റെ, ലൂയിസ് എന്നിവരെ കളത്തിൽ ഇറക്കി. ഹസാർഡ് 56 ആം മിനുട്ടിൽ തന്നെ വില്ലിയന്റെ പകരക്കാരനായി കളത്തിൽ ഉണ്ടായിരുന്നു. 79 ആം മിനുട്ടിലാണ് ചെൽസിയുടെ സമനില ഗോൾ പിറന്നത്. ചെൽസി ഫ്രീകിക്കിൽ നിന്ന് ബാർക്ലിയുടെ ഹെഡർ മിനോലെ തടുത്തെങ്കിലും റീ ബൗണ്ടിൽ എമേഴ്സൻ പന്ത് വലയിലാക്കി. എമേഴ്സന്റെ ആദ്യ ചെൽസി ഗോൾ. പിന്നീട് 85 ആം മിനുട്ടിലാണ് ഹസാർഡ് ചെൽസിയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ലിവർപൂൾ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നേടിയ ഗോളിന് പിന്നീടുള്ള സമയംകൊണ്ട് മറുപടി നൽകാൻ ചുവപ്പ് പടക്കായില്ല.

ഈ സീസണിൽ ആദ്യമായാണ് ലിവർപൂൾ തോൽകുന്നത്. 2012 ന് ശേഷം ആൻഫീൽഡിൽ ഒരൊറ്റ തോൽവി പോലും വഴങ്ങിയിട്ടില്ല എന്ന റെക്കോർഡും ചെൽസി നിലനിർത്തി.

അപരാജിത കുതിപ്പ് തുടരാൻ ലിവർപൂൾ ഇന്ന് സൗത്താപ്ടനെതിരെ

സീസണിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂളിന് ഇന്ന് ആൻഫീൽഡിൽ സൗത്താപ്റ്റന്റെ വെല്ലുവിളി. ഇതുവരെ കളിച്ച 6 മത്സരങ്ങളും ജയിച്ച ലിവർപൂൾ സീസണിലെ 7 ആം ജയമാകും ലക്ഷ്യമിടുക. ആൻഫീൽഡിൽ കാര്യമായ റെക്കോർഡ് ഇല്ലാത്ത സൗത്താംപ്ടനെതിരെ അത് നേടാനാകും എന്ന് തന്നെയാവും ക്ളോപ്പിന്റെ പ്രതീക്ഷ.

ലിവർപൂൾ നിരയിൽ അവസാന പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ഫിർമിനോ പൂർണാമായും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. സൗതാംപ്ടൻ നിരയിൽ മികച്ച ഫോമിലുള്ള ഡാനി ഇങ്സിന് ഇന്ന് കളിക്കാനാവില്ല. ലിവർപൂളിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന താരത്തിന് സ്വന്തം ടീമിനെതിരെ കളിക്കാനാവില്ല. മനോലോ ഗാബിയദീനിയും ഇന്ന് കളിച്ചേക്കില്ല.

ഇന്ന് ജയിക്കാനായാൽ ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായാവും ലിവർപൂൾ ആദ്യത്തെ 7 മത്സരങ്ങൾ ജയിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് കിക്കോഫ്.

സലായുടെ ഫോമിൽ ആശങ്കപ്പെടാനില്ല – ക്ളോപ്പ്

മുഹമ്മദ് സലായുടെ ഫോമിൽ തനിക്ക് ആശങ്കയൊന്നും ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. കഴിഞ്ഞ 3 മത്സരങ്ങളിലും ഗോൾ നേടാനാവാതെ വിഷമിച്ച താരത്തിന് പിന്തുണയുമായി പരിശീലകൻ.

ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ക്ക് എതിരെ ലിവർപൂൾ ജയിച്ചെങ്കിലും സലാക്ക് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. കൂടാതെ എംബപ്പേയുടെ ഗോളിന് വഴി ഒരുക്കിയ പിഴവും താരത്തിന്റേതായിരുന്നു. ഇതോടെയാണ് സലായുടെ ഫോമിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

കഴിഞ്ഞ സീസണിൽ സലായുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ സലായുടെ അടുത്ത് നിന്ന് മികച്ചത് പ്രതീക്ഷിക്കുന്നത് സ്വാഭാവികം ആണെങ്കിലും താൻ ആശങ്കപ്പെടുന്നില്ലെന്നു ക്ളോപ്പ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ആദ്യത്തെ 6 കളികളിൽ നിന്ന് 3 ഗോൾ നേടിയ താരം ഈ സീസണിൽ 6 കളികളിൽ നിന്ന് 2 ഗോളുകൾ നേടിയിട്ടുണ്ടെന്നും അത് പ്രതിസന്ധിയല്ലെന്നുമാണ് ക്ളോപ്പിന്റെ പക്ഷം.

സലായുടെ ഫോമിൽ ഇടിവ് ഉണ്ടായെങ്കിലും മാനേയും ഫിർമിനോയും ഗോൾ കണ്ടെത്തുന്നത് ക്ളോപ്പിന് ആശ്വാസമാകും. ഡാനിയേൽ സ്റ്ററിഡ്ജും താളം കണ്ടെത്തിയിട്ടുണ്ട് എന്നതും ലിവർപൂളിന് കരുത്താകും.

നൂറ് വർഷങ്ങൾക്ക് ശേഷം റെക്കോർഡ് ആവർത്തിച്ച് ചെൽസിയും ലിവർപൂളും

ഇംഗ്ലണ്ടിലെ ലീഗ് ചരിത്രത്തിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ചെൽസിയും ലിവർപൂളും. ഒരു ലീഗ് സീസണിൽ ആദ്യത്തെ 5 മത്സരങ്ങളും ഒന്നിൽ കൂടുതൽ ജയിക്കുന്ന അപൂർവ്വ റെക്കോർഡാണ് സാറിയുടെ ചെൽസിയും ക്ളോപ്പിന്റെ ലിവർപൂളും ഒന്നിച്ച് നേടിയത്.

1992 -1993 മുതൽ പ്രീമിയർ ലീഗ് ഇന്ന് കാണുന്ന രൂപത്തിൽ ആയ ശേഷം ആദ്യമായാണ് ഒന്നിൽ കൂടുതൽ ടീമുകൾ ആദ്യ 5 മത്സരങ്ങളും ജയിക്കുന്നത്. ഇംഗ്ലണ്ട് ടോപ്പ് ഡിവിഷനിൽ ഈ നേട്ടം ഇതിന് മുൻപ് പിറന്നത് 1908-1909 സീസണിലാണ്. നൂറിലധികം വർഷങ്ങൾക്ക് ശേഷം ഇന്നലെ ചെൽസിയും ലിവർപൂളും നേട്ടം ആവർത്തിച്ചു.

മേഴ്സിസൈഡ് ഡർബി ഊതി പെരുപ്പിച്ചത്- ഫിൽ നെവിൽ

ഇംഗ്ലീഷ് ഫുട്ബോളിലെ ഏറെ ശ്രദ്ധേയമായ ഡർബിയായ മേഴ്സിസൈഡ് ഡർബി ഊതി പെരുപ്പിച്ച ഒന്നാണെന്ന് മുൻ എവർട്ടൻ, യുണൈറ്റഡ് താരം ഫിൽ നെവിൽ. എവർട്ടനും ലിവർപൂളും തമ്മിലുള്ള പോരാട്ടമാണ് മേഴ്സിസൈഡ് ഡർബി.

2005 ൽ എവർട്ടനിൽ എത്തിയത് മുതൽ ക്യാപ്റ്റനായിരുന്നു ഫിൽ തന്നെ ഡർബിയെ ഊതിപെരുപ്പിച്ചത് എന്ന് വിശേഷിപ്പിച്ചത് ഇംഗ്ലണ്ടിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. താൻ മേഴ്സിസൈഡ് ഡർബി ഒരിക്കൽ പോലും ആസ്വദിച്ചിരുന്നില്ല എന്നും നെവിൽ വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിലിന്റെ അനിയനാണ് ഇപ്പോൾ ഇംഗ്ലണ്ട് വനിതാ ടീം പരിശീലകൻ കൂടിയായ ഫിൽ.

അലിസണെ പോലെ റിസ്ക് എടുക്കാനില്ല- പിക്ഫോഡ്

ലിവർപൂൾ ഗോളി അലിസൺ ബെക്കറിനെ പോലെ റീസ്ക്ക് എടുക്കാൻ താനില്ലെന്ന് ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ്. ലെസ്റ്ററിനെതിരെ അലിസൺ ബോക്സിൽ ലെസ്റ്റർ താരത്തെ കബളിപ്പിക്കാൻ ഉള്ള ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.

എവർട്ടന്റെ ഒന്നാം നമ്പർ ഗോളിയായ പിക്ഫോഡ് പക്ഷെ അത്തരത്തിലുള്ള ശ്രമങ്ങൾ നടത്താൻ തയ്യാറല്ല. വിജയിച്ചാൽ അത്തരം റിസ്കുകൾ നല്ലതാണെങ്കിലും അല്ലാത്ത പക്ഷം അവ ആത്മവിശ്വാസത്തെ ബാധിക്കും എന്നും പിക്ഫോഡ് പറഞ്ഞു.

കുതിപ്പ് തുടരാൻ ക്ളോപ്പും സംഘവും ഇന്ന് ലെസ്റ്ററിൽ

പ്രീമിയർ ലീഗ് ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ഇന്ന് ലെസ്റ്ററിനെതിരെ പോരാട്ടം. ലെസ്റ്ററിന്റെ മൈതാനമായ കിംഗ്‌പവർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് മത്സരം കിക്കോഫ്.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ലിവർപൂൾ ആക്രമണവും പ്രതിരോധവും ഒരേ പോലെ മികച്ചതാണ്. ഒരു ഗോൾ പോലും വഴങ്ങാത്ത ലിവർപൂൾ പ്രതിരോധം മറികടക്കുക എന്നത് തന്നെയാവും ലെസ്റ്റർ നേരിടുന്ന പ്രധാന വെല്ലുവിളി.

ലെസ്റ്റർ നിരയിൽ ചുവപ്പ് കാർഡ് കിട്ടി സസ്പെൻഷനിൽ ഉള്ള ജാമി വാർഡിക്ക് ഇന്ന് കളിക്കാനാവില്ല. ലിവർപൂൾ നിരയിൽ കാര്യമായ പരിക്കോ സസ്പെൻഷനോ ഇല്ല.ലിവർപൂളിനെതിരായ അവസാന 4 ഹോം മത്സരങ്ങളിൽ 3 ലും ലെസ്റ്ററിന് ജയിക്കാനായിരുന്നു. എങ്കിലും നിലവിലെ ഫോമിൽ ക്ളോപ്പിന്റെ സംഘത്തിനാണ് സാധ്യത കൂടുതൽ.

സെപ്റ്റംബറിൽ ലിവർപൂളിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങൾ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പും മത്സര ക്രമവും എത്തിയപ്പോൾ ലിവർപൂളിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങൾ. സെപ്റ്റംബർ പകുതി മുതൽ ലിവർപൂളിന് എതിരാളികൾ യൂറോപ്പിലെ തന്നെ വമ്പൻ ക്ലബ്ബ്കൾ. ലിവർപൂളിന്റെ സീസണിലെ ഫലം തന്നെ നിർണയിക്കുന്ന നിർണായക മത്സരങ്ങളാണ് ഇവയെല്ലാം.

ചാമ്പ്യൻസ് ലീഗിൽ പി എസ് ജി യും നാപോളിയും അടങ്ങുന്ന മരണ ഗ്രൂപ്പിൽ പെട്ട ക്ളോപ്പിന്റെ ടീമിന് സെപ്റ്റംബർ 25 ന് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ എവേ മത്സരമുണ്ട്. സെപ്റ്റംബർ 18 ന് ചാമ്പ്യൻസ് ലീഗിൽ പി എസ് ജി യെ ആൻഫീൽഡിലാണ് അവർക്ക് നേരിടാനുള്ളത്. 22 ന് സൗതാംപ്ടനെ എവേ മത്സരത്തിൽ നേരിടുന്ന അവർക്ക് പിന്നീട് വരുന്നത് ചെൽസിക്കെതിരെ തുടർച്ചയായി 2 മത്സരങ്ങളാണ്.

ലീഗ് കപ്പ് രണ്ടാം റൗണ്ടിൽ സെപ്റ്റംബർ 25 നോ 26 നോ അവർക്ക് ആൻഫീൽഡിൽ ചെൽസിയെ നേരിടേണ്ടി വരും. 3 ദിവസങ്ങൾക്ക് അപ്പുറം സ്റ്റാംഫോഡ് ബ്രിഡ്ജിൽ പ്രീമിയർ ലീഗ് മത്സരം. ഒക്ടോബർ 3 ന് നാപോളിയെ അവരുടെ മൈതാനത്ത് നേരിടുന്ന ക്ളോപ്പിനും സംഘത്തിനും പിന്നീട് 7 ആം തിയതി കളിക്കേണ്ടത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആൻഫീൽഡിൽ !!.

ഈ കാലയളവിൽ 3 പ്രധാന ടൂർണമെന്റുകളിലെ ലിവർപൂളിന്റെ ഭാവി തീരുമാനമാകും. പ്രീമിയർ ലീഗിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമിന് ഇത്രയും മത്സരങ്ങളിലെ പ്രകടനം നിർണായകമാകും.

കാരിയസ് ലിവർപൂൾ വിട്ടു, ഇനി തുർക്കിയിൽ

ലിവർപൂൾ ഗോളി ലോറിസ് കാരിയസ് ക്ലബ്ബ് വിട്ടു. ടർക്കിഷ് ക്ലബ്ബ് ബേസിക്താസിലേക്കാണ് താരം ചുവട് മാറുന്നത്. 2 വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് കരാർ.

അലിസൻ ബക്കർ ടീമിൽ എത്തിയതോടെയാണ് കാരിയസിന് ആൻഫീൽഡിലെ അവസരം നഷ്ടമായത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരുത്തിയ വൻ പിഴവുകളുടെ പേരിൽ ഏറെ പഴി കേട്ട താരമാണ്‌കാരിയസ്. 2016 ൽ ലിവർപൂളിൽ എത്തിയ താരം ക്ലബ്ബിനായി 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

അലിസൺ രക്ഷകനായി, പൊരുതി നിന്ന ബ്രൈറ്റനെ തോൽപ്പിച്ച് ലിവർപൂൾ

പൊരുതി നിന്ന ബ്രൈറ്റനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലിവർപൂൾ. ആദ്യ പകുതിയിൽ മുഹമ്മദ് സല നേടിയ ഗോളാണ് ലിവർപൂളിന് ജയം നേടി കൊടുത്തത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഗോളെന്ന് ഉറച്ച അവസരം രക്ഷപ്പെടുത്തിയ  ലിവർപൂൾ ഗോൾ കീപ്പർ അലിസണിന്റെ പ്രകടനവും ലിവർപൂളിന്റെ രക്ഷക്കെത്തി. ജയത്തോടെ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.

ആദ്യ പകുതിയിൽ ബ്രൈറ്റൻ പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ബീസൂമയുടെ മോശം പാസ് പിടിച്ചെടുത്ത മിൽനർ തുടങ്ങിയ ആക്രമണം ഫിർമിനോയുടെ പാസിൽ മുഹമ്മദ് സല ഗോളകുകയായിരുന്നു. തുടർന്നും ഇരു ടീമുകളും ഗോൾ നേടാൻ പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം വിട്ടു നിന്നു. അവസാന മിനുട്ടിൽ അലിസണിന്റെ മികച്ച രക്ഷപെടുത്തലും ലിവർപൂളിന്റെ രക്ഷക്കെത്തിയതോടെ മത്സരത്തിൽ ലിവർപൂൾ ജയം ഉറപ്പിക്കുകയായിരുന്നു.

പ്രീമിയർ ലീഗ് ജയിക്കുന്നത് ബുണ്ടസ് ലീഗയെക്കാൾ ക്ലേശകരമെന്ന് ക്ളോപ്പ്

പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത് ബുണ്ടസ് ലീഗ ജയിക്കുന്നതിനേക്കാൾ ക്ലേശകരമെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ്. ജർമനിയിൽ ബയേൺ മ്യൂണിക് ആധിപത്യം പുലർത്തുന്നത് പോലെ ഇംഗ്ലണ്ടിൽ ഒരു ടീമിനും തുടർച്ചയായി കിരീടം നേടി ആധിപത്യം നിലനിർത്താൻ കഴിയില്ലെന്നും ക്ളോപ്പ് പറഞ്ഞു. ജർമനിയിൽ ബയേൺ മ്യൂണിക് നേടിയ തുടർച്ചയായ 6 കിരീടം എന്ന നേട്ടം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പോലും നേടാൻ കഴിയില്ലെന്നും ക്ളോപ്പ് പറഞ്ഞു.

ഡോർട്മുണ്ടിനെ 2011ലും 2012ലും തുടർച്ചയായി ബുണ്ടസ് ലീഗ കിരീടം നേടി കൊടുത്ത ക്ളോപ്പിനു ഇംഗ്ലണ്ടിൽ ലിവർപൂളിന്റെ കൂടെ കിരീടം നേടാൻ സാധിച്ചിരുന്നില്ല.  കഴിഞ്ഞ വർഷം സിറ്റിക്ക് 25 പോയിന്റ് പിറകിലായിട്ടാണ് ലിവർപൂൾ സീസൺ അവസാനിപ്പിച്ചത്.

 

യുവേഫയുടെ മികച്ച കളിക്കാരൻ ആരാകും, ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

യുവേഫയുടെ 2017-2018 സീസണിലെ മികച പുരുഷ ഫുട്ബോളർക്കുള്ള അവാർഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചു. യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, ലിവർപൂളിന്റെ മുഹമ്മദ് സല, റയൽ മാഡ്രിഡിന്റെ ലൂക്ക മോഡ്റിച് എന്നിവരാണ് ഫൈനലിസ്റ്റുകൾ.

ആഗസ്റ്റ് 30 ന് നടക്കുന്ന UCL അവാർഡ് ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുക. റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് സമ്മാനികുന്നതിൽ നടത്തിയ നിർണായക പ്രകടങ്ങളാണ് റൊണാൾഡോയെ ഫൈനൽ പട്ടികയിൽ ഇടം നൽകിയത് എങ്കിൽ ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ വഹിച്ച പങ്കാണ് മോഡ്റിച്ചിന് ഇടം നൽകിയത്. ലോകകപ്പിലെ മികച്ച താരവും മോഡ്റിച്ചായിരുന്നു.

ലിവർപൂളിലെ ആദ്യ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ താരമാണ്‌ ഈജിപ്തിന്റെ സലാ. റെഡ്സിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും പങ്ക് വഹിച്ചു.

Exit mobile version