എംഎൽഎസ് ഓൾ-സ്റ്റാർ ഗെയിം: മെസ്സിക്കും ആൽബയ്ക്കും വിലക്ക് ലഭിക്കാൻ സാധ്യത


ഓസ്റ്റിൻ: എംഎൽഎസ് ഓൾ-സ്റ്റാർ ഗെയിമിൽ നിന്ന് പിന്മാറിയ ലയണൽ മെസ്സിക്കും ജോർഡി ആൽബയ്ക്കും ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലീഗ് എംഎക്സിനെതിരായ ബുധനാഴ്ച ഓസ്റ്റിനിൽ നടന്ന പ്രദർശന മത്സരത്തിൽ ഇന്റർ മിയാമി താരങ്ങളായ ഇരുവരും കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഔദ്യോഗിക വിശദീകരണമൊന്നും നൽകാതെ ഇരുവരും മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


പരിക്കോ മറ്റ് സാധുവായ കാരണങ്ങളോ വ്യക്തമാക്കാത്ത പക്ഷം ഇത്തരം സാഹചര്യങ്ങളിൽ കളിക്കാരെ സസ്പെൻഡ് ചെയ്യാൻ എംഎൽഎസ് നിയമങ്ങൾ അനുവദിക്കുന്നുണ്ട്. തിരക്കേറിയ മത്സരക്രമവും സമീപകാലത്തെ പരിക്കുകളും ചൂണ്ടിക്കാട്ടി പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മയാമി പരിശീലകൻ ജാവിയർ മഷെരാനോ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഫിഫ ക്ലബ് ലോകകപ്പിൽ അടുത്തിടെ ഇരു കളിക്കാരും പങ്കെടുത്തിരുന്നു. കൂടാതെ ഇരുവർക്കും തുടർച്ചയായി ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്നു.

മെസ്സി മാജിക്; ന്യൂയോർക്ക് റെഡ് ബുൾസിനെ തകർത്ത് ഇൻ്റർ മയാമി


എംഎൽഎസ് മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ 5-1ന്റെ തകർപ്പൻ വിജയം നേടി ഇൻ്റർ മയാമി. കഴിഞ്ഞ മത്സരത്തിൽ സിൻസിനാറ്റിയോട് 0-3ന് തോറ്റതിന് ശേഷം ശക്തമായി തിരിച്ചെത്തിയ മിയാമിക്ക് ഊർജ്ജമായത് നായകൻ ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ്.


മത്സരത്തിൻ്റെ തുടക്കത്തിൽ ഹാക്കിൻ്റെ ഗോളിലൂടെ റെഡ് ബുൾസ് മുന്നിലെത്തിയെങ്കിലും, പിന്നീട് കളി മയാമിക്ക് അനുകൂലമായി മാറി. സമനില ഗോളിനായി ജോർഡി ആൽബയ്ക്ക് മെസ്സി നൽകിയ പാസ് മത്സരത്തിൻ്റെ ഗതി മാറ്റി. പിന്നാലെ ആൽബയും മെസ്സിയും ചേർന്ന് നടത്തിയ നീക്കത്തിൽ സെഗോവിയ ഒരു ഗോൾ കൂടി നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സെഗോവിയ വീണ്ടും വല കുലുക്കി മിയാമി 3-1ന് മുന്നിലെത്തി.


രണ്ടാം പകുതിയിൽ മെസ്സി പൂർണ്ണമായും കളി നിയന്ത്രിച്ചു. സെർജിയോ ബുസ്കെറ്റ്സ് നൽകിയ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. 75-ാം മിനിറ്റിൽ സുവാരസ് നൽകിയ ക്രോസിൽ നിന്ന് തൻ്റെ രണ്ടാം ഗോളും നേടി മെസ്സി വിജയം ഉറപ്പിച്ചു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസ്സി, റെഡ് ബുൾസ് പ്രതിരോധനിരയെ പൂർണ്ണമായും തകർത്തു.

ഇന്റർ മയാമിക്ക് ലീഗിൽ വൻ തോൽവി


മേജർ ലീഗ് സോക്കറിൽ എഫ്‌സി സിൻസിനാറ്റിയോട് ഇന്റർ മയാമിക്ക് 3-0 ന്റെ ദയനീയ തോൽവി. ഒഹായോയിലെ TQL സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിക്കും സംഘത്തിനും തിളങ്ങാനായില്ല. ആതിഥേയർക്ക് വേണ്ടി ബ്രസീലിയൻ മിഡ്ഫീൽഡർ എവാണ്ടർ ഇരട്ടഗോൾ നേടി തിളങ്ങി.


ആദ്യ മിനിറ്റ് മുതൽക്കേ സിൻസിനാറ്റിയുടെ ആധിപത്യം വ്യക്തമായിരുന്നു. 15-ാം മിനിറ്റിൽ ജെറാർഡോ വലൻസുവേല ആദ്യ ഗോൾ നേടി സിൻസിനാറ്റിക്ക് ലീഡ് സമ്മാനിച്ചു. തുടർന്നും പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയ സിൻസിനാറ്റി മയാമി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഇന്റർ മയാമി ഗോൾകീപ്പർ ഓസ്കാർ ഉസ്താരിക്ക് പരിക്കേറ്റ് നേരത്തെ കളം വിടേണ്ടി വന്നത് മയാമിക്ക് തിരിച്ചടിയായി.


സമീപ ആഴ്ചകളിൽ മികച്ച ഫോമിലായിരുന്ന മെസ്സിക്ക് ഈ മത്സരത്തിൽ പതിവ് താളം കണ്ടെത്താനായില്ല. ഗോളിനായി പലതവണ ശ്രമിച്ചെങ്കിലും നിർഭാഗ്യം അദ്ദേഹത്തെ വേട്ടയാടി. ആദ്യ പകുതിയുടെ അവസാനത്തിൽ ലൂയിസ് സുവാരസുമായി ചേർന്ന് മെസ്സി നടത്തിയ മുന്നേറ്റം അപകടകരമായിരുന്നുവെങ്കിലും റോമൻ സെലെന്റാനോ ആ ഷോട്ട് അനായാസം രക്ഷപ്പെടുത്തി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എവാണ്ടർ സിൻസിനാറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 69-ാം മിനിറ്റിൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വീണ്ടും ലക്ഷ്യം കണ്ട എവാണ്ടർ സിൻസിനാറ്റിയുടെ വിജയം ഉറപ്പിച്ചു.


കഴിഞ്ഞ സീസണിൽ സപ്പോർട്ടേഴ്‌സ് ഷീൽഡ് നേടിയ മയാമിക്ക്, മെസ്സി, സുവാരസ്, ആൽബ, ബുസ്‌ക്വെറ്റ്സ് തുടങ്ങിയ വമ്പൻ താരങ്ങളുണ്ടായിട്ടും ആക്രമണത്തിൽ തിളങ്ങാനായില്ല. ഈ തോൽവി മയാമിയുടെ പ്രതിരോധത്തിലെ പാളിച്ചകളും കൂട്ടായ്മയില്ലായ്മയും തുറന്നുകാട്ടുന്നു. പരിശീലകൻ ജാവിയർ മഷെരാനോ ഈ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.
ഈ തോൽവിയോടെ ഈസ്റ്റേൺ കോൺഫറൻസിൽ ഇന്റർ മയാമി എട്ടാം സ്ഥാനത്ത് ആയി.

മെസ്സിയുടെ നമ്പർ 10 ജേഴ്സി ഇനി ലമിൻ യമാൽ അണിയും


ബാർസലോണയുടെ യുവതാരം ലമിൻ യമാലിന് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയുടെ ഇതിഹാസപരമായ നമ്പർ 10 ജേഴ്സി ഔദ്യോഗികമായി നൽകി. ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്. അൻസു ഫാറ്റി സീരി എ ക്ലബ്ബായ എ.എസ്. റോമയിലേക്ക് പോയതിന് ശേഷം നമ്പർ 10 ജേഴ്സി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2021-ൽ മെസ്സി പി.എസ്.ജിയിലേക്ക് പോയപ്പോൾ ഫാറ്റിക്ക് ഈ നമ്പർ ലഭിച്ചെങ്കിലും, മെസ്സി ബാക്കിവെച്ച വലിയ വിടവ് നികത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ, വെറും 18 വയസ്സുള്ള യമാൽ ആ പ്രശസ്തമായ ജേഴ്സിയുടെ അടുത്ത അവകാശിയായി മാറിയിരിക്കുന്നു.
2031 വരെ ക്ലബ്ബിൽ തുടരുന്ന ഒരു ദീർഘകാല കരാറിൽ യമാൽ അടുത്തിടെ ഒപ്പുവച്ചിരുന്നും. യമാലിനെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായാണ് ഫുട്ബോൾ ലോകം കണക്കാക്കുന്നത്. മെസ്സിയെയും റൊണാഡീഞ്ഞോയും പോലെ ഈ ഐതിഹാസിക ജേഴ്സിയെ കൂടുതൽ ഉയരങ്ങളിലേക്ക് യമാൽ കൊണ്ടു പോകും എന്ന് ക്ലബ് വിശ്വസിക്കുന്നു.

തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട ഗോൾ നേടി ലയണൽ മെസ്സി


ലയണൽ മെസ്സി തന്റെ ബാഴ്‌സലോണ കാലഘട്ടത്തിലെ ഏറ്റവും മികച്ച വ്യക്തിഗത റെക്കോർഡുകളിലൊന്ന് തകർക്കുന്നതിന് തൊട്ടരികിലാണ്. നിലവിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയമിക്ക് വേണ്ടി കളിക്കുന്ന അർജന്റീന ഇതിഹാസം തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി അഞ്ച് ബ്രേസുകൾ (രണ്ട് ഗോളുകൾ) നേടി. ഈ മത്സരങ്ങളിൽ നന്ന് ആകെ 10 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.


നാഷ്‌വില്ലിനെതിരായ മത്സരത്തിലാണ് മെസ്സി ഇന്ന് ബ്രേസ് നേടിയത്. 2-1 ന് ഇന്റർ മയാമി വിജയിച്ച ആ മത്സരത്തിൽ മനോഹരമായ ഒരു ഫ്രീകിക്കും വിജയഗോളും മെസ്സി നേടി. അതിന് മുമ്പ് ന്യൂ ഇംഗ്ലണ്ട്, മോൺട്രിയൽ (രണ്ട് തവണ), കൊളംബസ് ക്രൂ എന്നിവർക്കെതിരെയും മെസ്സി രണ്ട് ഗോളുകൾ വീതം നേടിയിരുന്നു.


ബാഴ്‌സലോണയ്‌ക്കൊപ്പം 2012-13 ലാ ലിഗ സീസണിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ രണ്ട് ഗോളുകൾ വീതം നേടിയ തന്റെ റെക്കോർഡിന് ഒരു മത്സരം മാത്രം അകലെയാണ് മെസ്സി ഇപ്പോൾ. ആ റണ്ണിൽ മായോർക്ക, റയൽ സരഗോസ, ലെവന്റെ, അത്‌ലറ്റിക് ബിൽബാവോ, റയൽ ബെറ്റിസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവർക്കെതിരായ ബ്രേസുകൾ ഉൾപ്പെട്ടിരുന്നു.


വീണ്ടും ഇരട്ട ഗോൾ, എം‌എൽ‌എസിൽ ചരിത്രം കുറിച്ച് മെസ്സി


മേജർ ലീഗ് സോക്കർ ചരിത്രത്തിൽ തുടർച്ചയായി നാല് ലീഗ് മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി തന്റെ ഇതിഹാസ കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ബുധനാഴ്ച രാത്രി ജില്ലറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരെ ഇന്റർ മിയാമിക്ക് 2-1ന്റെ വിജയം നേടിക്കൊടുത്തത് മെസ്സിയുടെ ഇരട്ട ഗോളുകളാണ്.

ഈ സീസണിൽ 15 എം‌എൽ‌എസ് മത്സരങ്ങളിൽ നിന്ന് അർജന്റീനയുടെ ഈ മാന്ത്രികൻ 14 ഗോളുകൾ നേടിയിട്ടുണ്ട്, നിലവിലെ ഗോൾഡൻ ബൂട്ട് ലീഡറായ നാഷ്‌വില്ലെയുടെ സാം സറീജിന് രണ്ട് ഗോൾ മാത്രം പിന്നിലാണ് മെസ്സി.
മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോൾ വന്നത്. ന്യൂ ഇംഗ്ലണ്ടിന്റെ പ്രതിരോധ പിഴവ് മുതലെടുത്താണ് മെസ്സി ഗോൾ നേടിയത്. ഒരു ക്ലിയറൻസ് പിഴച്ചതിനെത്തുടർന്ന് ബോക്സിനുള്ളിൽ പന്ത് ലഭിച്ച മെസ്സി അത് ഇവാസിചിനെ മറികടന്ന് വലയിലേക്ക് തള്ളി.

പത്ത് മിനിറ്റിന് ശേഷം, ദീർഘകാല സഹതാരം സെർജിയോ ബുസ്‌ക്വെറ്റ്സ് നൽകിയ മനോഹരമായ ഒരു ത്രൂ ബോൾ ഫിനിഷ് ചെയ്ത് അദ്ദേഹം ലീഡ് ഇരട്ടിയാക്കി. 79-ാം മിനിറ്റിൽ കാർലെസ് ഗിൽ ബോക്സിന് പുറത്ത് നിന്ന് ഒരു ഗോൾ നേടി ആതിഥേയർക്ക് ആശ്വാസം നൽകിയെങ്കിലും, ഇന്റർ മിയാമി വിജയം ഉറപ്പിച്ചു.

ടേബിൾ ടോപ്പർമാരായ എഫ്‌സി സിൻസിനാറ്റിയെക്കാൾ മൂന്ന് മത്സരങ്ങൾ കുറവ് കളിച്ച മിയാമി ഈസ്റ്റേൺ കോൺഫറൻസിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി മെസ്സിയുടെ ആകെ ഗോൾ നേട്ടം 20 ആയി.

മെസ്സിയുമായി ക്ലബിൽ ഒന്നിക്കാൻ റോഡ്രിഗോ ഡി പോൾ, ഇന്റർ മയാമി ചർച്ച തുടങ്ങി


ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ ഇന്റർ മയാമി ചർച്ചകൾ ആരംഭിച്ചു. തങ്ങളുടെ മധ്യനിര ശക്തിപ്പെടുത്താനും അർജന്റീന ഇന്റർനാഷണൽ താരത്തെ ലോകകപ്പ് നേടിയ സഹതാരവും അടുത്ത സുഹൃത്തുമായ ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിപ്പിക്കാനുമാണ് മേജർ ലീഗ് സോക്കർ ടീം ലക്ഷ്യമിടുന്നത്.


31 വയസ്സുകാരനായ ഡി പോൾ ഇന്റർ മയാമിയുടെ ഈ സമ്മറിലെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി മാറിയിട്ടുണ്ട്. അത്‌ലറ്റിക്കോയുമായി ഡി പോളിന് ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്. അടുത്ത വേനൽക്കാലത്ത് അദ്ദേഹത്തെ സൗജന്യ ട്രാൻസ്ഫറിൽ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ക്ലബ്ബ് ആഗ്രഹിക്കുന്നു. ഏകദേശം 15 ദശലക്ഷം യൂറോക്ക് താരത്തെ വിൽക്കാൻ സ്പാനിഷ് ക്ലബ്ബ് തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്.



2021-ൽ അത്‌ലറ്റിക്കോയിൽ ചേർന്നതിന് ശേഷം, 187 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 26 അസിസ്റ്റുകളും നേടി ഡി പോൾ മികച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2024-25 സീസണിലെ ലാ ലിഗ ടീം ഓഫ് ദ സീസണിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ മികച്ച പ്ലേമേക്കിംഗ് കഴിവുകൾക്ക് അടിവരയിടുന്നു.


ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ-അഹ്ലി ചർച്ചകൾ ആരംഭിച്ചു


ലയണൽ മെസ്സിയുമായി ചർച്ചകൾക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ-അഹ്ലി ഒരുങ്ങുന്നു. അർജന്റീന സൂപ്പർതാരത്തിന്റെ ഇന്റർ മിയാമിയുമായുള്ള കരാർ അവസാനിക്കാറായ സാഹചര്യത്തിലാണിത്. ലെക്വിപ്പ് റിപ്പോർട്ട് പ്രകാരം മെസ്സിയുമായി അവർ ഉടൻ നേരിട്ട് ചർച്ചകൾ നടത്തും.


മുമ്പ് ബാഴ്സലോണയ്ക്കും പാരീസ് സെന്റ് ജെർമെയ്‌നും വേണ്ടി കളിച്ചിട്ടുള്ള 38 വയസ്സുകാരനായ ഫോർവേഡിന്റെ മയാമിയുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കും. അദ്ദേഹത്തെ നിലനിർത്താൻ ഇന്റർ മയാമിക്ക് താൽപ്പര്യമുണ്ടെങ്കിലും, സൗദി അറേബ്യയിൽ നിന്നുള്ള താൽപ്പര്യം അവർക്ക് ഒരു വലിയ വെല്ലുവിളിയായേക്കാം.


മെസ്സിയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബുകൾ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. 2023-ൽ പിഎസ്ജി വിട്ടതിന് ശേഷം, സൗദി പ്രോ ലീഗിൽ നിന്ന് അദ്ദേഹത്തിന് വൻ ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം ഡേവിഡ് ബെക്കാം ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ, നിലവിലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ-അഹ്ലി, ലോകകപ്പ് നേടിയ ഈ ഇതിഹാസ താരത്തെ ഗൾഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
കരാറിന്റെ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മെസ്സിയുടെ ഒപ്പ് ഉറപ്പാക്കാൻ സൗദി ഉദ്യോഗസ്ഥർ വലിയ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് വിശ്വസിക്കപ്പെടുന്നു.

മെസ്സിക്ക് ഇരട്ട ഗോളുകൾ, ഇന്റർ മയാമിക്ക് തകർപ്പൻ ജയം


മെസ്സി മാന്ത്രികതയിൽ ഇന്റർ മയാമിക്ക് എംഎൽഎസിൽ മോൺട്രിയലിനെതിരെ 4-1ന്റെ തകർപ്പൻ വിജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ അർജന്റീന സൂപ്പർതാരം രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ ഇന്റർ മയാമിക്ക് എവേ മത്സരത്തിൽ ആധികാരിക വിജയം നേടാനായി.


മത്സരം ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ പി. ഓവുസുവിന്റെ ഗോളിലൂടെ മോൺട്രിയൽ മുന്നിലെത്തി. എന്നാൽ, ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം എത്തിയ ഇന്റർ മയാമി മികച്ച തിരിച്ചുവരവ് നടത്തി.

33-ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്ന് ട അല്ലെൻഡെ മനോഹരമായ ഫിനിഷിലൂടെ ഗോൾ നേടി സ്കോർ സമനിലയിലാക്കി. ഏഴ് മിനിറ്റിന് ശേഷം മെസ്സി തന്നെ അതിമനോഹരമായ ഒരു ഗോൾ നേടി ഇന്റർ മയാമിക്ക് 2-1ന്റെ ലീഡ് നൽകി.
രണ്ടാം പകുതിയിലും ഇന്റർ മയാമി ആധിപത്യം തുടർന്നു. 60-ാം മിനിറ്റിൽ അല്ലെൻഡെയുടെ മികച്ച അസിസ്റ്റിൽ ട സെഗോവിയ ലീഡ് വർധിപ്പിച്ചു. തൊട്ടുപിന്നാലെ, ലൂയിസ് സുവാരസിന്റെ പാസിൽ നിന്ന് മെസ്സി തന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.


മെസ്സിയെ പിൻവലിച്ചിട്ടും ഇന്റർ മയാമി കളിയുടെ നിയന്ത്രണം നിലനിർത്തി. ഈ വിജയത്തോടെ ഇന്റർ മയാമി 32 പോയിന്റുമായി ഈസ്റ്റേൺ കോൺഫറൻസിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും എന്ന് സൂചന നൽകി ഇന്റർ മയാമി


ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, ഇന്റർ മയാമി ക്ലബ്ബ് വൃത്തങ്ങൾ താരം തുടരും എന്ന് നിർണായക സൂചനകൾ നൽകി. മെസ്സി ക്ലബ്ബിൽ തുടരാൻ സാധ്യതയുണ്ടെന്ന് ക്ലബ്ബിനോടടുത്ത വൃത്തങ്ങൾ അറിയിച്ചു.


“മെസ്സിക്ക് 2025 അവസാനം വരെ കരാറുണ്ട്. യാഥാർത്ഥ്യം എന്തെന്നാൽ, ഇരു പാർട്ടികളും ബന്ധം തുടരാൻ താൽപ്പര്യപ്പെടുന്നു എന്നതാണ്,” ക്ലബ്ബ് വൃത്തങ്ങൾ വ്യക്തമാക്കി.
കൂടാതെ, “ഇത് യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ ശരിയായ ചിന്താഗതിയോടെ സ്വീകരിച്ചുവരികയാണ്” എന്നും അവർ കൂട്ടിച്ചേർത്തു.

ഇത് മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണെന്നതിന്റെ സൂചനയാണ്. ഈ പ്രസ്താവന മെസ്സി ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. 2023-ൽ പി.എസ്.ജി വിട്ട് ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം മെസ്സി ക്ലബ്ബിന്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം എം.എൽ.എസ്സിനും ഇന്റർ മയാമിക്കും വലിയ ഉണർവ് നൽകിയിട്ടുണ്ട്. ക്ലബ് ലോകകപ്പിൽ നിന്ന് ഇന്റർ മയാമി പുറത്തായതിനു പിന്നാലെയാണ് ക്ലബ് ഈ പ്രസ്താവന നടത്തിയത്.

ഫിഫ ക്ലബ് ലോകകപ്പ്: ഇന്റർ മയാമി 2 ഗോൾ ലീഡ് നഷ്ടമാക്കി, നോക്കൗട്ടിൽ ഇനി മെസ്സി PSG-ക്ക് എതിരെ


ഫിഫ ക്ലബ് ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണ്ണാവസരം ഇന്റർ മയാമിക്ക് നഷ്ടമായി. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാൽമെറാസിനെതിരെ 2-0 ന്റെ ലീഡ് കളഞ്ഞുകുളിച്ച് 2-2 സമനില വഴങ്ങുകയായിരുന്നു ഇന്റർ മയാമി.


ടി. അലൻഡെ (16′), ലൂയിസ് സുവാരസ് (65′) എന്നിവരുടെ ഗോളുകളിൽ മയാമിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ, പൗളിഞ്ഞോ (80′), മൗറീസിയോ (87′) എന്നിവർ നേടിയ ഗോളുകളിലൂടെ പാൽമെറാസ് തിരിച്ചുവരവ് നടത്തി ഒരു പോയിന്റ് സ്വന്തമാക്കി.


ഈ സമനിലയോടെ പാൽമെറാസിനും ഇന്റർ മയാമിക്കും 5 പോയിന്റ് വീതമായി. എന്നാൽ ഗോൾ വ്യത്യാസത്തിൽ പാൽമെറാസ് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇത് പ്രകാരം റൗണ്ട് ഓഫ് 16-ൽ പാൽമെറാസ് മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയെ നേരിടും.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം, ഈ ഫലം ഒരു ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഇന്റർ മയാമിക്ക് ഇനി നോക്കൗട്ട് ഘട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ PSG യെ നേരിടണം.

2023-ൽ പാരീസ് വിട്ടതിന് ശേഷം മെസ്സി തന്റെ മുൻ ക്ലബ്ബിനെതിരെ അണിനിരക്കുന്നത് ഇത് ആദ്യമായിരിക്കും.

മെസ്സി മാജിക്കിൽ ഇന്റർ മയാമിക്ക് ക്ലബ്ബ് ലോകകപ്പിൽ പോർട്ടോക്കെതിരെ തകർപ്പൻ ജയം


ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ എഫ്‌സി പോർട്ടോക്കെതിരെ 2-1 ന്റെ അവിസ്മരണീയമായ തിരിച്ചുവരവ് വിജയത്തിലേക്ക് ഇന്റർ മിയാമിയെ നയിച്ച് ലയണൽ മെസ്സി. അറ്റ്ലാന്റയിലെ ഭാഗികമായി നിറഞ്ഞ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 54-ാം മിനിറ്റിൽ മെസ്സി തന്റെ ട്രേഡ്മാർക്ക് ഫ്രീ-കിക്കിലൂടെ പോർച്ചുഗീസ് വമ്പൻമാരെ ഞെട്ടിച്ചു.


എട്ടാം മിനിറ്റിൽ സാമു അഗെഹോവ നേടിയ വിവാദപരമായ പെനാൽറ്റി ഗോളിലൂടെ പോർട്ടോ മുന്നിലെത്തി. ജോവോ മാരിയോയെ നോഹ അലൻ ചെറുതായി സ്പർശിച്ചതിന് വി.എ.ആർ. വഴി ലഭിച്ച പെനാൽറ്റിയായിരുന്നു പോർട്ടോയുടെ ഗോളിന് വഴിവെച്ചത്.

പോർച്ചുഗീസ് ടീം ആദ്യ പകുതിയിൽ കളിയിൽ ആധിപത്യം പുലർത്തി. അലൻ വരേലയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾകീപ്പർ ഓസ്കാർ ഉസ്താരിയിൽ തട്ടി മടങ്ങിയതടക്കം ലീഡ് വർദ്ധിപ്പിക്കാൻ അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചു.
രണ്ടാം പകുതിയിൽ ഇന്റർ മിയാമി ശക്തമായി തിരിച്ചെത്തി. രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകൾക്കകം മാഴ്സലോ വെയ്ഗാൻഡിന്റെ കട്ട്-ബാക്കിൽ നിന്ന് വെനസ്വേലൻ മിഡ്ഫീൽഡർ ടെലാസ്കോ സെഗോവ പന്ത് വലയിലേക്ക് അടിച്ച് 1-1 സമനിലയാക്കി. തൊട്ടുപിന്നാലെ, ബോക്സിന് തൊട്ടുപുറത്ത് മെസ്സിക്ക് ഫൗൾ ലഭിച്ചു. ആ ഫ്രീ-കിക്ക് മെസ്സി വലത് കോർണറിലേക്ക് വളച്ചെടുത്ത് ഗോളാക്കി മാറ്റി മസ്സി ടീമിനെ മുന്നിൽ എത്തിച്ചു.


അവസാന മിനിറ്റുകളിൽ, ഏഴ് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം ഉൾപ്പെടെ, പോർട്ടോ ശക്തമായി മുന്നോട്ട് പോയെങ്കിലും ജാവിയർ മഷെരാനോ പരിശീലിപ്പിക്കുന്ന ഇന്റർ മയാമി മികച്ച പ്രതിരോധത്തിലൂടെ ഉറച്ചുനിന്നു. യൂറോപ്യൻ എതിരാളികൾക്കെതിരെ എം‌എൽ‌എസ് ടീമിന്റെ ക്ലബ്ബ് ലോകകപ്പിലെ ആദ്യ വിജയമാണിത്.


ഈ വിജയത്തോടെ ഇന്റർ മിയാമിയും പാൽമെയ്‌റാസും ഗ്രൂപ്പ് എ-യിൽ നാല് പോയിന്റ് വീതം നേടി. പോർട്ടോയും അൽ അഹ്ലിയും ഒരു പോയിന്റ് വീതമാണ് നേടിയിട്ടുള്ളത്. ഇന്റർ മിയാമിയുടെ അടുത്ത മത്സരം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുമോ എന്ന് നിർണ്ണയിക്കും.

Exit mobile version