മാഡിസണായി ന്യൂകാസിലിന്റെ പുതിയ ബിഡ് | Newcastle have improved their bid for James Maddison

ലെസ്റ്റർ മിഡ്ഫീൽഡർ ജെയിംസ് മാഡിസണിനായി ന്യൂകാസിൽ പുതിയ 50 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂകാസിലിന്റെ £40 മില്യന്റെ ആദ്യ ബിഡ് ക്ലബ് നിരസിച്ചിരുന്നു. 25കാരനായ മാാഡിസണായുള്ള പുതിയ ബിഡും ഇതുവരെ ലെസ്റ്റർ സ്വീകരിച്ചിട്ടില്ല. 60 മില്യൺ എങ്കിലും ലഭിച്ചാൽ മാത്രമേ ലെസ്റ്റർ മാഡിസണെ വിട്ടു നൽകുകയുള്ളൂ.

2018 ജൂണിൽ നോർവിച്ചിൽ നിന്ന് 24 മില്യൺ പൗണ്ടിന് ആയിരുന്നു മാഡിസൻ ലെസ്റ്ററിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ലെസ്റ്ററിനായി 53 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 12 അസിസ്റ്റുകളും മാഡിസൺ നേടിയിരുന്നു. ന്യൂകാസിലിന്റെ ഓഫർ അംഗീകരിക്കപ്പെടുകയാണെങ്കിൽ മാഡിസൺ ക്ലബിന്റെ റെക്കോർഡ് സൈനിംഗായി മാറും.

സുന്ദര ഗോളുകളുടെ മികവിൽ ബ്രന്റ്ഫോർഡിനെ തോൽപ്പിച്ചു ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ലെസ്റ്റർ സിറ്റി. സീസണിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബ്രന്റ്ഫോർഡിനെ സുന്ദര ഗോളുകളുടെ മികവിൽ ആണ് ലെസ്റ്റർ മറികടന്നത്. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ ഹാർവി ബാർൺസിന്റെ പാസിൽ നിന്നു പരിക്കിൽ നിന്നു തിരിച്ചു വന്ന തിമോത്തി കാസ്റ്റാഗ്‌നെ ആണ് ലെസ്റ്ററിന്റെ ആദ്യ ഗോൾ നേടിയത്.

ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ ഗോൾ ആയിരുന്നു ഇത്. തുടർന്ന് 33 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ലക്ഷ്യത്തിൽ എത്തിച്ച ജെയിംസ് മാഡിസൺ ലെസ്റ്ററിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ അവസാന നിമിഷങ്ങളിൽ വിസ്സയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ഒരു ഗോൾ ബ്രന്റ്ഫോർഡ് തിരിച്ചടിച്ചു എങ്കിലും ലെസ്റ്റർ ജയം പിടിച്ചെടുത്തു. നിലവിൽ ലെസ്റ്റർ ലീഗിൽ പത്താം സ്ഥാനത്തും ബ്രന്റ്ഫോർഡ് പതിനഞ്ചാം സ്ഥാനത്തും ആണ്.

ലെസ്റ്റർ സിറ്റി ഡിഫൻഡർ ജെയിംസ് ജസ്റ്റിന് പുതിയ കരാർ

ഡിഫൻഡർ ജെയിംസ് ജസ്റ്റിൻ ലെസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026 വരെയുള്ള ഒരു പുതിയ ദീർഘകാല കരാറിൽ താരം ഒപ്പുവെച്ചതായി ക്ലബ് സ്ഥിരീകരിച്ചു. 2019-ലെ വേനൽക്കാലത്ത് ലൂട്ടൺ ടൗണിൽ നിന്ന് എത്തിയതുമുതൽ ലെസ്റ്ററിൽ മികച്ച പ്രകടനമാണ് 24-കാരൻ കാഴ്ചവെക്കുന്നത്.

ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബ്ബിനായി ഇന്നുവരെ മൊത്തം 54 മത്സരങ്ങൾ കളിക്കുകയും നാല് ഗോളുകൾ നേടുകയും ചെയ്തു. ജസ്റ്റിന്റെ വെർസറ്റലിറ്റി പ്രതിരോധത്തിൽ ഏതു സ്ഥാനങ്ങളിലും കളിക്കാനുള്ള മികവ് താരത്തിന് നൽകുന്നു. വലിയ പരിക്കിൽ നിന്ന് കഴിഞ്ഞ മാസം തിരിച്ചെത്തിയ ജസ്റ്റിൻ ഇപ്പോൾ വീണ്ടും ലെസ്റ്ററിന്റെ സ്റ്റാർട്ടിംഗ് ഇലവന സ്ഥിരാംഗം ആവുന്നുണ്ട്.

കോൺഫറസ് ലീഗിൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി, മാഴ്‌സെക്കും ജയം, സെൽറ്റിക്കിന്‌ പരാജയം

യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആയിരുന്നു ലെസ്റ്റർ സിറ്റിക്ക്. അതേസമയം ക്വരാബാഗ് എഫ്.കെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്സെ വീഴ്ത്തിയത്. മിലിക് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ദിമിത്രി പയറ്റ് ആണ് അവരുടെ ഗോളടി പൂർത്തിയാക്കിയത്.

അതേസമയം സ്‌കോട്ടിഷ് വമ്പന്മാരായ സെൽറ്റിക്കിനെ ബോഡോ ഗിലിംറ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സ്‌കോട്ടിഷ് വമ്പന്മാർക്ക് മേൽ നോർവീജിയൻ ടീമിന്റെ ചരിത്ര വിജയം ആയി ഇത്. മറ്റൊരു മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും വിറ്റസെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു റാപിഡ് വിയന്ന. തുടക്കത്തിൽ ആധിപത്യം കാണിച്ച വിയന്ന 10 പേരായ ശേഷം വലിയ രീതിയിൽ പ്രതിരോധിച്ചു ആണ് ജയം കണ്ടത്. വേറൊരു മത്സരത്തിൽ സ്പാർട്ട പ്രാഗിനെ പാർറ്റിസിയൻ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. അടുത്ത ആഴ്ചയാണ് യൂറോപ്പ കോൺഫറസ് ലീഗിലെ രണ്ടാം പാത മത്സരങ്ങൾ.

വാർഡിക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

പ്രീമിയർ ലീഗിൽ ലിവർപൂളിന് തോൽപ്പിച്ചതിന് പിന്നാലെ ലെസ്റ്റർ സിറ്റിക്ക് വമ്പൻ തിരിച്ചടി. ലെസ്റ്റർ സിറ്റി ഫോർവേഡ് ജാമി വാർഡിക്ക് പരിക്ക്. താരത്തിന്റെ ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. ഇതോടെ താരം 4 ആഴ്ചയോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് വാർഡിക്ക് പരിക്കേറ്റത്.

തുടർച്ചയായ മത്സരങ്ങളും കോവിഡ് വൈറസ് ബാധയുടെ താരങ്ങളുടെ പരിക്കിന് കാരണമാവുന്നു എന്നും ലെസ്റ്റർ സിറ്റി പരിശീലകൻ റോജേഴ്‌സ് പറഞ്ഞു. പാറ്റ്സൺ ധാക്കയുടെ പരിക്കും ആഫ്രിക്കൻ നേഷൻസ് കപ്പിനായി കെലേച്ചി ഇഹ്‌നാച്ചോ പോവുന്നതും ലെസ്റ്റർ സിറ്റിക്ക് തിരിച്ചടിയാവും. അതെ സമയം നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിൽ ജെയിംസ് മാഡിസൺ പരിക്ക് മാറി തിരിച്ചുവരുമെന്നും ലെസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു.

പെനാൽറ്റി നഷ്ടപ്പെടുത്തി സല, ലിവർപൂളിന് ലെസ്റ്റർ സിറ്റിയുടെ ഷോക്ക്

പ്രീമിയർ ലീഗിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ലെസ്റ്റർ സിറ്റിയാണ് ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല പെനാൽറ്റി നഷ്ട്ടപെടുത്തിയതാണ് ലിവർപൂളിന് തിരിച്ചടി ആയത്. ലിവർപൂൾ പരാജയപ്പെട്ടതോടെ പ്രീമിയർ ലീഗിന്റെ തലപ്പത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് 6 പോയിന്റിന്റെ ലീഡ് ആയി.

സലയെ ലെസ്റ്റർ താരം എൻഡിഡി ഫൗൾ ചെയ്തതിന് അനുകൂലമായാണ് ലിവർപൂളിന് പെനാൽറ്റി ലഭിച്ചത്. എന്നാൽ സലയുടെ പെനാൽറ്റി ലെസ്റ്റർ ഗോൾ കീപ്പർ ഷ്മൈക്കിൾ രക്ഷപ്പെടുത്തുകയും തുടർന്ന് റീബൗണ്ടിൽ സല ഹെഡ് ചെയ്‌തെങ്കിലും ബാറിൽ തട്ടുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ മാനെക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് ഗോൾ നേടാനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് പകരക്കാരനായി ഇറങ്ങിയ ലുക്ക്മാൻ ലെസ്റ്റർ സിറ്റിയുടെ വിജയ ഗോൾ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ലീഗ് കപ്പിൽ ലിവർപൂളിനേറ്റ തോൽവിക്കുള്ള മധുരം പ്രതികാരം കൂടിയായിരുന്നു ലെസ്റ്റർ സിറ്റിക്ക് ഈ ജയം.

ലെസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന്റെ വമ്പൻ തിരിച്ച് വരവ്, ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ജയം

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്കെതിരെ വമ്പൻ ജയവുമായി ലിവർപൂൾ. 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ലിവർപൂൾ ലെസ്റ്റർ സിറ്റിയെ തോൽപിച്ചത്. മത്സരത്തിന്റെ 95ആം മിനുട്ടിൽ വരെ ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് ലിവർപൂൾ സമനില നേടി മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിച്ചത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയ മത്സരത്തിൽ ലെസ്റ്റർ സിറ്റിയുടെ രണ്ട് കിക്കുകൾ ലിവർപൂൾ ഗോൾ കീപ്പർ കെല്ലെഹർ രക്ഷപെടുത്തുകയായിരുന്നു. ലിവർപൂൾ താരം മിനമിനോ പെനാൽറ്റി കിക്ക്‌ നഷ്ട്ടപെടുത്തിയെങ്കിലും സഡൻ ഡെത്തിൽ ഗോൾ നേടി ജോട്ട ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ജാമി വാർഡി രണ്ട് ഗോളുകൾ നേടി ലെസ്റ്റർ സിറ്റിക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് അധികം താമസിയാതെ ചേമ്പർലൈനിലൂടെ ലിവർപൂൾ ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മികച്ചൊരു ഗോളിലൂടെ മാഡിസൺ ലെസ്റ്റർ സിറ്റിയുടെ ലീഡ് 2 ഗോളായി ഉയർത്തുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ജോട്ടയിലൂടെ ഒരു ഗോൾ മടക്കിയ ലിവർപൂൾ മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ മിനമിനോയിലൂടെ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.

ലെസ്റ്ററിനും തടയാനായില്ല, പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ചെൽസി

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ മികച്ച ജയവുമായി ചെൽസി. ഇന്ന് ലെസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ചെൽസിക്ക് കാര്യമായ വെല്ലുവിളി സൃഷ്ട്ടിക്കാൻ ലെസ്റ്റർ സിറ്റിക്കായില്ല. ജയത്തോടെ പ്രീമിയർ ലീഗിന്റെ തലപ്പത്ത് 6 പോയിന്റിന്റെ ലീഡ് നേടാനും ചെൽസിക്കായി.

തുടക്കം മുതൽ ചെൽസി ആധിപത്യം ഉറപ്പിക്കുന്ന പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. തുടർന്ന് ചിൽവെല്ലിന്റെ കോർണറിൽ നിന്ന് ഗോൾ നേടി അന്റോണിയോ റൂഡിഗർ ചെൽസിയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു. തടുർന്ന് അധികം താമസിയാതെ എൻഗോളോ കാന്റെയുടെ മനോഹരമായ ഗോളിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ലെസ്റ്റർ സിറ്റി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പകരക്കാരനായി ഇറങ്ങിയ പുലിസിച്ച് ചെൽസിയുടെ മൂന്നാമത്തെ ഗോൾ നേടുകയായിരുന്നു. ഹക്കിം സീയെച്ചിന്റെ പാസിൽ നിന്നാണ് പുലിസിച്ച് ഗോൾ നേടിയത്. മത്സരത്തിൽ മൂന്ന് ഗോൾ മാത്രമാണ് ചെൽസി നേടിയെങ്കിലും കൂടുതൽ ഗോൾ നേടാനുള്ള സുവർണ്ണാവസരങ്ങൾ ചെൽസിക്ക് ലഭിച്ചിരുന്നു. 3 തവണയാണ് ചെൽസിയുടെ ഗോളുകൾ റഫറി ഓഫ് സൈഡ് വിളിച്ചത്.

ഫോഫാനയുടെ പരിക്ക് ഗുരുതരം തന്നെ, 2022 വരെ താരം പുറത്ത്

പ്രീ സീസൺ മത്സരത്തിനിടെ പരിക്കേറ്റ ലെസ്റ്റർ സിറ്റി താരം വെസ്ലി ഫോഫാനയുടെ പരിക്ക് വിചാരിച്ചതിലും ഗുരുതരമാണെന്ന് ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ്. താരം തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാവുമെന്നും അടുത്ത വർഷം മാത്രമേ താരം പരിക്ക് മാറി തിരിച്ചുവരുമെന്നും ലെസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വില്ലറയലുമായുള്ള പരിശീലന മത്സരത്തിനിടെയാണ് വെസ്ലി ഫോഫാനക്ക് പരിക്കേറ്റത്. വില്ലറയൽ താരം ഫെർ നിനോയുടെ ടാക്കിളിൽ താരത്തിന്റെ കാലിന് പൊട്ടലേറ്റിരുന്നു. താരം ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ആഴ്ച തന്നെ ടീമിന്റെ ട്രെയിനിങ് സെന്ററിൽ എത്തുമെങ്കിലും താരത്തിന്റെ തിരിച്ചുവരവിന് ഒരു വ്യക്തമായ തിയ്യതി ലെസ്റ്റർ സിറ്റി പുറത്തുവിട്ടിട്ടില്ല.

ലെസ്റ്റർ സിറ്റി താരം ഫോഫാനക്ക് ഗുരുതര പരിക്ക്

ലെസ്റ്റർ സിറ്റി യുവതാരം വെസ്‌ലി ഫോഫനക്ക് ഗുരുതര പരിക്ക്. ഇന്നലെ വില്ലറയലിനെതിരെ നടന്ന സൗഹൃദ മത്സരതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിന് താഴെ പൊട്ടലേറ്റിട്ടുണ്ടെന്ന് താരം സോഷ്യൽ മീഡിയയിൽ പറഞ്ഞു. പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരത്തിനേറ്റ പരിക്ക് ലെസ്റ്റർ സിറ്റിക്ക് വമ്പൻ തിരിച്ചടിയാണ്.

വില്ലറയൽ താരം നിനോയുടെ ടാക്കിളിൽ ആണ് ഫോഫനക്ക് പരിക്കേറ്റത്. പരിക്കേറ്റ താരത്തിന് ദീർഘ നേരം ഗ്രൗണ്ടിൽ ചികിത്സ നൽകിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ സീസണിൽ ലെസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഫോഫന. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയിരുന്നു.

പാറ്റ്സൺ ഡാകയുടെ സൈനിങ്‌ ഔദ്യോഗികമാക്കി ലെസ്റ്റർ സിറ്റി

യുവ സ്‌ട്രൈക്കർ പാറ്റ്സൺ ഡാകയുടെ സൈനിങ്‌ ഔദ്യോഗിമായി പ്രഖ്യാപിച്ച് ലെസ്റ്റർ സിറ്റി. ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽ‌സ്ബർഗിൽ നിന്നാണ് 22 കാരനായ സാമ്പിയൻ യുവ താരത്തെ ലെസ്റ്റർ സിറ്റി സ്വന്തമാക്കിയത്. അഞ്ച് വർഷത്തെ കരാറിലാണ് താരം ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. ഏകദേശം 23 മില്യൺ പൗണ്ട് നൽകിയാണ് പാറ്റ്സൺ ഡാകയെ ലെസ്റ്റർ സ്വന്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളുമായി പാറ്റ്സൺ ഡാക മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ സീസണിൽ ഓസ്ട്രിയൻ ലീഗിലെ ടോപ് സ്കോററും പാറ്റ്സൺ ഡാക ആയിരുന്നു. 28 ലീഗ് മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് താരം നേടിയത്. തുടർന്നാണ് ജാമി വാർഡിക്ക് പകരക്കാരനാകാൻ ലെസ്റ്റർ സിറ്റി താരത്തെ ടീമിൽ എത്തിച്ചത്.

ചെൽസിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ പിഴ

പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ പിഴയിട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഏകദേശം 23 ലക്ഷം രൂപ വീതമാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഇരു ടീമുകൾക്കും പിഴയിട്ടത്. ചെൽസിയുടെ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ലെസ്റ്റർ സിറ്റി താരം റിക്കാർഡോ പെരേര ചെൽസി താരം ബെൻ ചിൽവെല്ലിനെ ഫൗൾ ചെയ്തതിനെ തുടർന്നാണ് ഇരു ടീമിലെയും താരങ്ങൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇരു ടീമിലെയും ഒട്ടുമിക്ക താരങ്ങളും ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് ഇരു ടീമുകളും തങ്ങളുടെ താരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഫുട്ബോൾ അസോസിയേഷൻ പറഞ്ഞിരുന്നു. തുടർന്നാണ് ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയയേഷൻ ഇരു ടീമുകൾക്കും പിഴയിട്ടത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വളരെയധികം നിർണായകമായ ഈ മത്സരത്തിൽ ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ മത്സരത്തിന് മൂന്ന് ദിവസം മുൻപ് മാത്രം നടന്ന എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം കൂടിയിരുന്നു.

Exit mobile version