മലിംഗ ശ്രീലങ്കയുടെ തീരാ നഷ്ടം, താരം ബംഗ്ലാദേശ് പരമ്പരയോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും

ശ്രീലങ്കന്‍ ക്രിക്കറ്റിന് മലിംഗയുടെ സേവനങ്ങള്‍ ഇനി അധിക കാലം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ലോകകപ്പിന് ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്നാണ് മലിംഗ പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഈ മാസം അവസാനം നടക്കുന്ന പരമ്പരയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് തന്റെ വിരമിക്കലുണ്ടാകുമെന്ന് മലിംഗ അറിയിച്ചു കഴിഞ്ഞു.

മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് തീരാ നഷ്ടമായി മാറുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ. ഏത് താരത്തിനുും തന്റെ കരിയര്‍ ഒരു ദിവസം അവസാനിപ്പിക്കേണ്ടി വരുമെന്ന് അറിയാം എന്നാല്‍ ഇത് പുതിയ താരങ്ങള്‍ക്ക് മുന്നോട്ട് വരുവാനുള്ള അവസരമാണെന്നും മലിംഗയ്ക്ക് പകരക്കാരനാകുവാന്‍ ആര്‍ക്കും ആകില്ലെങ്കിലും പുതിയ പ്രതിഭകള്‍ വരേണ്ടതുണ്ടെന്നും കരുണാരത്നേ പറഞ്ഞു.

ശ്രീലങ്കയുടെ ലോകകപ്പുകള്‍ക്ക് പിന്നിലുള്ള താരമാണ് മലിംഗ, ശ്രീലങ്കയുടെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാള്‍, അദ്ദേഹത്തിന്റെ നഷ്ടം മറികടക്കുക പ്രയാസകരമാണെങ്കിലും അതിനായി ടീം തയ്യാറാകണമെന്ന് ദിമുത് കരുണാരത്നേ പറഞ്ഞു. സെലക്ടര്‍മാര്‍ ടീമിനു വേണ്ടി പുതിയ പ്രതിഭകളെ കണ്ടെത്തേണ്ടതുണ്ടെന്നും ദിമുത് കരുണാരത്നേ പറഞ്ഞു.

ഇനിയൊരു ലോകകപ്പില്‍ താരം കളിക്കില്ലെങ്കിലും ലോകകപ്പില്‍ 56 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്താണ് മലിംഗ നിലവില്‍ സ്ഥിതി ചെയ്യുന്നത്. വസീം അക്രമിനെ ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ നേടിയ ഒരു വിക്കറ്റിലൂടെ മറികടക്കുവാന്‍ താരത്തിന് സാധിച്ചിരുന്നു.

അക്രമിനെ മറികടന്ന് മലിംഗ, ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമന്‍

ഇന്ത്യയുടെ ലോകേഷ് രാഹുലിനെ പുറത്താക്കി തന്റെ അവസാന ലോകകപ്പ് മത്സരത്തിലെ സ്പെല്ലില്‍ ഒരു വിക്കറ്റ് നേട്ടവുമായി മലിംഗ മടങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ വസീം അക്രമിനെ മറികടക്കുവാനായി എന്ന ആശ്വാസത്തോടെയകും ഈ ശ്രീലങ്കന്‍ ഇതിഹാസ താരത്തിന്റെ മടക്കം. ഇന്ന് 10 ഓവറില്‍ നിന്ന് 82 റണ്‍സാണ് മലിംഗ വഴങ്ങിയത്. ലോകകപ്പിലെ തന്റെ അവസാന മത്സരം അത്ര ശ്രദ്ധേയമാക്കുവാന്‍ മലിംഗയ്ക്കായില്ലെന്നത് താരത്തിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന കാര്യമാണ്.

വസീം അക്രം നേടിയ 55 വിക്കറ്റുകളുടെ നേട്ടത്തെയാണ് രാഹുലിന്റെ വിക്കറ്റോടെ മലിംഗ മറികടന്നത്. 56 വിക്കറ്റാണ് ലസിത് മലിംഗയുടെ നേട്ടത്തിന്റെ പട്ടികയിലുള്ളത്. 71 വിക്കറ്റുമായി ഗ്ലെന്‍ മക്ഗ്രാത്തും 68 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനുമാണ് പട്ടികയില്‍ മലിംഗയ്ക്ക് മുന്നിലായുള്ളത്.

പൊരുതി വീണ് നിക്കോളസ് പൂരന്‍, പൂരനെ വീഴ്ത്തിയത് 2017ന് ശേഷം ആദ്യമായി ബൗളിംഗിനെത്തി മാത്യൂസ്

അവിഷ്ക ഫെര്‍ണാണ്ടോയുടെ ശതകത്തിന്റെയും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തില്‍ 338/6 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ ചേസിംഗിനറങ്ങിയ വിന്‍ഡീസിനെ ടോപ് ഓര്‍ഡര്‍ കൈവിട്ടുവെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്ന് നിക്കോളസ് പൂരന്റെ വീരോചിതമായ പോരാട്ടം. 18 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബൗളിംഗിലേക്ക് തിരികെ എത്തിയ ആഞ്ചലോ മാത്യൂസ് പൂരനെ വീഴ്ത്തുമ്പോള്‍ 103 പന്തില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസ് യുവ താരത്തിന്റെ മടക്കം. ആര്‍ക്ക് പന്തേല്പിക്കുമെന്ന് ആലോചിച്ച് വലഞ്ഞ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ എടുത്ത വലിയ റിസ്ക് പക്ഷേ ശ്രീലങ്കയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പൂരന്‍ പുറത്തായതോടെ ഗതി നഷ്ടമായ വിന്‍ഡീസ് ഇന്നിംഗ്സ് 315 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ 84/4 എന്ന നിലയിലേക്ക് വീണ ശേഷം നിക്കോളസ് പൂരന്റെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തില്‍ വിന്‍ഡീസ് പൊരുതിയെങ്കിലും ലക്ഷ്യത്തിന് 23 റണ്‍സ് അകലെ വരെ എത്തുവാനെ 9 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസിന് സാധിച്ചുള്ളു. പൂരനും ഫാബിയന്‍ അല്ലെനും ക്രീസില്‍ നിന്ന് സമയത്ത് വിന്‍ഡീസ് ജയ സാധ്യത പുലര്‍ത്തിയെങ്കിലും അല്ലെന്റെ റണ്ണൗട്ട് മത്സരഗതി മാറ്റുകയായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍ക്കൊപ്പം 61 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റിനെ സാക്ഷി നിര്‍ത്തി ആറാം വിക്കറ്റില്‍ 54 റണ്‍സും പൂരന്‍ നേടി വിന്‍ഡീസ് നിരയിലെ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു പൂരന്‍. കാര്‍ലോസ് ബ്രാത്‍വൈറ്റ്(8) പുറത്തായ ശേഷം എത്തിയ ഫാബിയന്‍ അല്ലെനും നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ വിന്‍ഡീസ് ക്യാമ്പില്‍ നേരിയ പ്രതീക്ഷ ഉയര്‍ന്നിരുന്നു. മത്സരം അവസാന പത്തോവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 96 റണ്‍സായി പൂരനും ഫാബിയന്‍ അല്ലെനും ചേര്‍ന്ന് കുറച്ചിരുന്നു.

അവിടെ നിന്ന് മത്സരം പൂര്‍ണ്ണമായും വിന്‍ഡീസ് പക്ഷത്തേക്ക് ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മാറ്റി മറിയ്ക്കുകയായിരുന്നു. മലിംഗയുള്‍പ്പടെയുള്ള ശ്രീലങ്കന്‍ ബൗളര്‍മാരെ സധൈര്യം നിക്കോളസ് പൂരനും ഫാബിയന്‍ അല്ലെനും ചേര്‍ന്ന് നേരിടുകയായിരുന്നു. 45ാം ഓവറിന്റെ ആദ്യ പന്തില്‍ മത്സരഗതിയ്ക്കെതിരായി ഫാബിയന്‍ അല്ലെന്‍ റണ്ണൗട്ടായപ്പോള്‍ 32 പന്തില്‍ നിന്ന് 7 ബൗണ്ടറി സഹിതം 51 റണ്‍സാണ് അല്ലെന്‍ നേടിയത്. ഒരു സിക്സും താരം നേടി. 83 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. മത്സരത്തില്‍ ആദ്യമായി നിക്കോളസ് പൂരനെക്കാള്‍ വേഗത്തില്‍ ഒരു താരം ബാറ്റ് വീശിയത് ഫാബിയന്‍ അല്ലെന്‍ ആയിരുന്നു.

അടുത്ത പന്തില്‍ നിക്കോളസ് പൂരന്‍ തന്റെ കന്നി ഏകദിന ശതകം നേടി. 93 പന്തില്‍ നിന്നായിരുന്നു പൂരന്റെ ഇന്നിംഗ്സ്. അതേ ഓവറില്‍ തന്നെ ഒരു സിക്സ് കൂടി പായിച്ച് പൂരന്‍ തന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു. 30 പന്തില്‍ നിന്ന് ലക്ഷ്യം 47 റണ്‍സായി മാറിയിരുന്നുവെങ്കിലും വിക്കറ്റുകളായിരുന്നു വിന്‍ഡീസിന്റെ പ്രശ്നം.

മലിംഗ എറിഞ്ഞ അടുത്ത ഓവറില്‍ പൂരന്‍ നല്‍കിയ ഒരു അവസരം സബ്‍സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ തിസാര പെരേര കൈവിട്ട് ബൗണ്ടറി വിട്ട് നല്‍കുകയായിരുന്നു. മത്സരത്തിലെ തന്നെ നിര്‍ണ്ണായകമായ ഘടത്തില്‍ ബൗളിംഗ് ദൗത്യം ആഞ്ചലോ മാത്യൂസിനെ ഏല്പിച്ചത് ശ്രീലങ്കയ്ക്ക് തുണയായി മാറുന്നതാണ് പിന്നീട് കണ്ടത്. 18 മാസങ്ങള്‍ക്ക് ശേഷം  താന്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറിഞ്ഞ പന്തില്‍ തന്നെ നിക്കോളസ് പൂരനെ വീഴ്ത്തി മാത്യൂസ് വിന്‍ഡീസ് പ്രതീക്ഷകളെ തകര്‍ത്തു.

ഏകദിനത്തില്‍ നൂറ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ലസിത് മലിംഗ

ലോകകപ്പില്‍ ശ്രീലങ്കയുടെ സാധ്യതകള്‍ ഇന്ന് ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനം കാരണം അവസാനിച്ചേക്കാമെങ്കിലും ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്. ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിലെ 24ാം ഓവര്‍ റണ്‍ വിട്ട് നല്‍കാതെ ഹഷിം അംലയെ നിര്‍ത്തി എറിഞ്ഞപ്പോള്‍ ഏകദിനങ്ങളിലെ തന്റെ നൂറാം മെയ്ഡന്‍ ഓവര്‍ ആമ് ലസിത് മലിംഗ് എറിഞ്ഞത്.

തന്റെ എട്ടോവര്‍ ഇതുവരെ എറിഞ്ഞ മലിംഗ 35 റണ്‍സ് വിട്ട് നല്‍കിയാണ് ഒരു വിക്കറ്റ് നേടിയത്. ക്വിന്റണ്‍ ഡി കോക്കിനെയാണ് താരം പുറത്താക്കിയത്.

സ്റ്റോക്സിനെ കൈവിട്ടുവെങ്കിലും ഞങ്ങളുടെ പ്ലാനുകളുമായി മുന്നോട്ട് പോയി അത് വിജയം കണ്ടു

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ പ്ലാനുകളില്‍ ഉറച്ച് നിന്നതിന്റെ ഫലമായിട്ടാണ് വിജയം സ്വന്തമാക്കാനായതെന്ന് പറഞ്ഞ് കളിയിലെ മാന്‍ ഓഫ് ദി മാച്ചായ ലസിത് മലിംഗ. ബെന്‍ സ്റ്റോക്സിന്റെ ക്യാച്ച് തന്റെ ബൗളിംഗില്‍ കൈവിട്ടപ്പോള്‍ അത് തിരിച്ചടിയാകുമോ എന്ന് തങ്ങള്‍ അധികം ചിന്തിച്ചില്ലെന്ന് മലിംഗ പറഞ്ഞു. സ്റ്റോക്സിന്റെ കഴിവ് നമ്മള്‍ ടി20 ക്രിക്കറ്റിലും ഐപിഎലിലുമെല്ലാം കണ്ടിട്ടുള്ളതാണ്, സ്റ്റോക്സ് ഒരു മികച്ച താരമാണ്, എന്നാല്‍ ലങ്ക ഈ പിച്ചില്‍ ലൈനും ലെംഗ്ത്തിലും സ്ലോവറുകളിലും ബൗണ്‍സറുകളും ഉപയോഗിച്ചുള്ള പദ്ധതി തുടരുവാനാണ് തീരുമാനിച്ചത്. അത് ഫലം കാണുകയും ചെയ്തുവെന്ന് ലസിത് മലിംഗ പറഞ്ഞു.

ടീമിലെ താരങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു ഇതുപോലൊരു വിജയം സ്വന്തമാക്കാനാകുമെന്ന്, ഇത്തരം മത്സരങ്ങളില്‍ ഞങ്ങളുടെ സ്വാധീനം ചെലുത്തുവാനാകുമെന്നും തങ്ങള്‍ വിശ്വസിച്ചിരുന്നുവെന്ന് മലിംഗ കൂട്ടിചേര്‍ത്തു. മത്സരത്തില്‍ നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് മലിംഗ നേടിയത്. തന്റെ പത്തോവറില്‍ നിന്ന് 43 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയെയും ജെയിംസ് വിന്‍സിനെയും പുറത്താക്കിയ മലിംഗ തന്നെയാണ് ജോ റൂട്ടിനെയും പുറത്താക്കിയത്. പിന്നീട് അപകടകാരിയായ ജോസ് ബട്‍ലറെയും പുറത്താക്കി മലിംഗ ഇംഗ്ലണ്ടിന് കനത്ത പ്രഹരം ഏല്പിക്കുകയായിരുന്നു.

ഇംഗ്ലണ്ട് വീണു, മലിംഗയും ധനന്‍‍ജയ ഡിസില്‍വയും വീഴ്ത്തി

നേടിയത് 232 റണ്‍സ് മാത്രം അതും പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ. ആരും തന്നെ ഈ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആഞ്ചലോ മാത്യൂസ് നേടിയ 85 റണ്‍സിന്റെ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ലസിത് മലിംഗ നയിച്ച ശ്രീലങ്കന്‍ ബൗളര്‍മാര്‍ എന്നാല്‍ കളത്തിലിറങ്ങിയത്. രണ്ടാം പന്ത് മുതല്‍ മലിംഗ തുടങ്ങി വെച്ച ഇംഗ്ലണ്ടിന്റെ തകര്‍ച്ച ധനന്‍ജയ ഡി സില്‍വ തുടര്‍ന്നപ്പോള്‍ 47 ഓവറില്‍ 212 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആവുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ റൂട്ടും മധ്യനിരയില്‍ ബെന്‍ സ്റ്റോക്സും അര്‍ദ്ധ ശതകങ്ങളുമായി പൊരുതിയെങ്കിലും ശ്രീലങ്ക 20 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ജോ റൂട്ട് 57 റണ്‍സ് നേടി പുറത്തായപ്പോള്‍ ബെന്‍ സ്റ്റോക്സ് പുറത്താകാതെ നേടിയത് 82ണ്‍സായിരുന്നു. മലിംഗ നാലും ധനന്‍ജയ ഡി സില്‍വ മൂന്നും വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ തകര്‍ത്ത പൂര്‍ണ്ണമാക്കിയത്. വാലറ്റത്തോടൊപ്പം പൊരുതി ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഹീറോ ആയി ബെന്‍ സ്റ്റോക്സ് മാറുമെന്ന് കരുതിയെങ്കിലും നുവാന്‍ പ്രദീപ് മറുവശത്ത് മാര്‍ക്ക് വുഡിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനു തിരശ്ശീല വീഴുകയായിരുന്നു.

ലോകകപ്പിലെ ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്

ലോകകപ്പ് ക്രിക്കറ്റില്‍ തന്റെ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്നത്തെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് സ്റ്റാര്‍ക്ക് ഈ പട്ടികയില്‍ ഒന്നാമത്തെത്തിയത്. 25 വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു ഇപ്പോള്‍ സ്വന്തമായുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടിയ ലസിത് മലിംഗയെയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്.

ഇമ്രാന്‍ താഹിര്‍(24), ട്രെന്റ് ബോള്‍ട്ട്(23), ഷോണ്‍ ടൈറ്റ്(23) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശേഷം മലിംഗയുടെ ആദ്യ വിജയം

2018 സെപ്റ്റംബറില്‍ മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ശേഷം ടീമിനൊപ്പം മലിംഗ് ഇത് നേടുന്നത് ആദ്യ വിജയം. 2017ലായിരുന്നു മലിംഗയുടെ അവസാനത്തെ ഏകദിന വിജയം. 21 ഏകദിനങ്ങള്‍ക്ക് ശേഷമാണ് മലിംഗ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയുള്ള വിജയത്തില്‍ ശ്രീലങ്കന്‍ ടീമിന്റെ ഭാഗമായത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി മലിംഗ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

സിംബാബ്‍വേയ്ക്കതിരെ ജൂലൈ 6 2017ല്‍ ആയിരുന്നു മലിംഗയുടെ അവസാന ഏകദിന വിജയം. 697 ദിവസങ്ങള്‍ക്ക് ശേഷമാണ് മലിംഗ വീണ്ടും ഒരു അന്താരാഷ്ട്ര വിജയം നേടുന്നത്. ഇതിനിടെ താരം കുറേ നാള്‍ ടീമില്‍ നിന്ന് പുറത്തുമായിരുന്നു.

നബിയുടെ നാല് വിക്കറ്റുകള്‍ക്ക് നുവാന്‍ പ്രദീപിലൂടെ മറുപടി നല്‍കി ശ്രീലങ്ക

41 ഓവറില്‍ നിന്ന് ലക്ഷ്യമായ 187 റണ്‍സ് നേടുവാനാകാതെ അഫ്ഗാനിസ്ഥാന്‍ വീണപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കടന്ന് കൂടി ശ്രീലങ്ക. 36.5 ഓവറില്‍ 201 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ആദ്യ ഇന്നിംഗ്സില്‍ പലപ്പോഴായി തടസ്സം സൃഷ്ടിച്ച മഴ മൂലം അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം പുനര്‍ നിര്‍ണ്ണയിക്കുകയായിരുന്നു. 41 ഓവറില്‍ നിന്ന് 187 റണ്‍സാണ് വിജയിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ നേടേണ്ടിയിരുന്നത്.

താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച ടീമിനു 34 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടാനായെങ്കിലും ലസിത് മലിംഗ മുഹമ്മദ് ഷെഹ്സാദിനെ(7) പുറത്താക്കിയ ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ശ്രീലങ്ക സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 57/5 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍ അപ്പോള്‍ 30 റണ്‍സ് നേടി ഹസ്രത്തുള്ള സാസായി ആയിരുന്നു.

ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബും നജീബുള്ള സദ്രാനും ചേര്‍ന്ന് ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നുവാന്‍ പ്രദീപ് അഫ്ഗാനിസ്ഥാന്റെ വില്ലനായി എത്തുന്നത്. 64 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്ത് പ്രദീപ് നൈബിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ റഷീദ് ഖാനെയും പുറത്താക്കിയതോടെ കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ശ്രമകരമായി.

43 റണ്‍സുമായി നജീബുള്ള സദ്രാന്‍ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സിലെ 9ാം വിക്കറ്റായി താരം പുറത്തായപ്പോള്‍ ലക്ഷ്യം പിന്നെയും 42 റണ്‍സ് അകലെയായിരുന്നു. അധികം വൈകാതെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടീം നേടിയത് 152 റണ്‍സായിരുന്നു. 34 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.

മലിംഗ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019ന്റെ പ്ലേയര്‍ ഡ്രാഫ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വില നേടി ലസിത് മലിംഗ, അലക്സ് ഹെയില്‍സ്, ഇസ്രു ഉഡാന എന്നിവര്‍. 160000 ഡോളറിനാണ് ഇവരെ ആദ്യ റൗണ്ടില്‍ തന്നെ ടീമുകള്‍ സ്വന്തമാക്കിയത്. ഹെയില്‍സിനെ ബാര്‍ബഡോസ് ട്രിഡന്റ്സ് സ്വന്തമാക്കിയപ്പോള്‍ മലിംഗയെ സെയിന്റ് ലൂസിയ സ്റ്റാര്‍സും ഇസ്രു ഉഡാനയെ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് സ്വന്തമാക്കുകയായിരുന്നു.

അതേ സമയം ആന്‍ഡ്രേ റസ്സലിനെയും ഡ്വെയിന്‍ ബ്രാവോയെയും അവരുടെ ഫ്രാഞ്ചൈസികളായ ജമൈക്ക തല്ലാവാസും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നിലനിര്‍ത്തുകയായിരുന്നു.

താക്കൂറിനെതിരെ മലിംഗയോട് സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നു

പ്രാദേശിക ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടടി കളിയ്ക്കുന്ന ശര്‍ദ്ധുല്‍ താക്കൂറിനെ അടുത്തറിയാവുന്ന താരമാണ് രോഹിത് ശര്‍മ്മ. അതിനാല്‍ തന്നെ അവസാന പന്തില്‍ ലസിത് മലിംഗയോട് താന്‍ താരത്തിനെതിരെ സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. വിജയിക്കുവാന്‍ രണ്ട് റണ്‍സുള്ളപ്പോള്‍ സ്ലോ ഓഫ് കട്ടര്‍ എറിഞ്ഞ മലിംഗയെ ഓണ്‍ സൈഡിലേക്ക് ഫ്ലിക്ക് ചെയ്യുവാനുള്ള താക്കൂറിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

ബാറ്റ്സ്മാനെ പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം, ശര്‍ദ്ധുല്‍ താക്കൂറിനെ തനിക്ക് നന്നായി അറിയാം, താരം എവിടെ അടിയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ സംയുക്തമായി സ്ലോവ്ര‍ ബോള്‍ എറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. താക്കൂര്‍ വലിയ ഷോട്ടിനു ശ്രമിയ്ക്കുമെന്നും സ്ലോവര്‍ ബോള്‍ ആയതിനാല്‍ പന്ത് ആകാശത്തുയര്‍ന്ന് ക്യാച്ച് ആകുവാനുള്ള സാധ്യത കണക്കിലെടുത്താണ് ആ തീരുമാനം കൈക്കൊണ്ടത്. ഇങ്ങനെയാണെങ്കിലും അത് സിക്സര്‍ പോകുവാനുള്ള സാധ്യതയുമുണ്ടായിരുന്നവെന്നത് സത്യമാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ വ്യക്തമാക്കി.

മലിംഗ് ചാമ്പ്യന്‍, വര്‍ഷങ്ങള്‍ക്കായി ഞങ്ങളുടെ മാച്ച് വിന്നര്‍

ലസിത് മലിംഗയ്ക്ക് പകരം ഹാര്‍ദ്ദിക്കിനു അവസാന ഓവര്‍ കൊടുക്കാമെന്നാണ് താന്‍ ആദ്യം കരുതിയതെങ്കിലും സമാനമായ സ്ഥിതിയിലൂടെ മുമ്പ് കടന്ന് പോയിട്ടുള്ള ഒരാളാവും കൂടുതല്‍ അനുയോജ്യമാവുകയെന്ന തന്റെ ചിന്തയാണ് അവസാന ഓവര്‍ മലിംഗയെ ഏല്പിക്കുവാനുള്ള കാരണമെന്ന് പറഞ്ഞ് മുംബൈയുടെ ഐപിഎല്‍ ജേതാവായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

2017ല്‍ മിച്ചല്‍ ജോണ്‍സണ് പന്ത് നല്‍കുവാനുള്ള തന്റെ തീരുമാനവും ഇത്തരത്തിലുള്ളതായിരുന്നു. മലിംഗ ഒരു ചാമ്പ്യന്‍ താരമാണ്, ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി ഇത്തരം വിജയങ്ങള്‍ നേടി തരുന്നതില്‍ താരം വഹിച്ച പങ്ക് ഏറെ വലുതാണ് എന്നും രോഹിത് പറഞ്ഞു.

താന്‍ ഓരോ മത്സരങ്ങളിലും കൂടുതല്‍ കാര്യങ്ങള്‍ പഠിയ്ക്കുകയാണെന്നും വിജയത്തില്‍ ടീമിന്റെ പങ്കും ഏറെ വലുതാണെന്നും രോഹിത് പറഞ്ഞു. ടീമംഗങ്ങളില്‍ നിന്ന് വേണ്ടത്ര പ്രകടനം വരുന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ വെറും വിഡ്ഢിയായി ആളുകള്‍ക്ക് തോന്നുമെന്നും രോഹിത് പറഞ്ഞു. മികച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഉടനീളം കളിച്ചതിനാലാണ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തങ്ങള്‍ ഒന്നാമതെത്തിയതെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Exit mobile version