വീണ്ടും പരാജയപ്പെട്ടു റയൽ മാഡ്രിഡ്! ബാഴ്‌സലോണക്ക് ലാ ലീഗ കിരീടം കയ്യെത്തും ദൂരത്ത്

സ്പാനിഷ് ലാ ലീഗയിൽ വീണ്ടും പരാജയം വഴങ്ങി റയൽ മാഡ്രിഡ്. ഇത്തവണ റയൽ സോസിദാഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവരെ തോൽപ്പിച്ചത്. ഇതോടെ ലീഗിൽ അഞ്ചു മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ 14 പോയിന്റുകൾ മുന്നിലുള്ള ബാഴ്‌സലോണക്ക് വെറും ഒരു ജയം നേടാൻ ആയാൽ കിരീടം ഉറപ്പിക്കാം. അതേസമയം ജയത്തോടെ ലീഗിലെ നാലാം സ്ഥാനം ഒന്നു കൂടി ഉറപ്പിക്കാൻ സോസിദാഡിന് ആയി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സംഭവബഹുലമായ രണ്ടാം പകുതിയാണ് കാണാൻ ആയത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ പാഴാക്കിയപ്പോൾ ഇടക്ക് സോസിദാഡിന്റെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങി. രണ്ടാം പകുതി തുടങ്ങിയ ഉടൻ കൗണ്ടർ അറ്റാക്കിൽ നിന്നു ഗോൾ നേടിയ ജപ്പാനീസ് താരം കുബോ റയൽ മാഡ്രിഡിനെ ഞെട്ടിച്ചു. 53 മത്തെ മിനിറ്റിൽ ആദ്യ മഞ്ഞ കാർഡ് കണ്ട കാർവഹാൽ മോശം ഫൗളിന് 61 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ റയൽ 10 പേരായി ചുരുങ്ങി. 85 മത്തെ മിനിറ്റിൽ ഡേവിഡ് സിൽവയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബാരനെറ്റ്സിയ ഗോൾ നേടിയതോടെ റയൽ പരാജയം ഉറപ്പാകുക ആയിരുന്നു.

തരം താഴ്ത്തൽ ഒഴിവാക്കാനുള്ള വമ്പൻ പോരിൽ വലൻസിയയെ വീഴ്ത്തി കാഡിസ്

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള വമ്പൻ പോരാട്ടത്തിൽ നിർണായക ജയവുമായി കാഡിസ്. വലൻസിയയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. കഴിഞ്ഞ കളി ജയിച്ചു വന്ന വലൻസിയക്ക് പരാജയം വലിയ തിരിച്ചടി ആയി. വലൻസിയക്ക് നേരിയ ആധിപത്യം ഉണ്ടായിരുന്ന മത്സരത്തിൽ 39 മത്തെ മിനിറ്റിൽ റൂബൻ സോബിറിനായുടെ ക്രോസിൽ നിന്നു ഗോൺസാലോ എസ്കലാന്റോയുടെ ഹെഡറിലൂടെ കാഡിസ് ആദ്യം മുന്നിലെത്തി.

തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ അവർ മുൻതൂക്കം ഇരട്ടിയാക്കി. അൽഫോൺസോ എസ്പിനോയുടെ പാസിൽ നിന്നു സെർജി ഗാർഡിയോള ആണ് കാഡിസിന് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടാം ഗോൾ വഴങ്ങി 5 മിനിറ്റിനുള്ളിൽ സാമുവൽ ലിനോയുടെ ഗോളിൽ ഒരു ഗോൾ മടക്കാൻ വലൻസിയക്ക് ആയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വലൻസിയയുടെ കടുത്ത ആക്രമണം കാഡിസ് അതിജീവിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ 6 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ കാഡിസ് 14 സ്ഥാനത്തും വലൻസിയ 17 സ്ഥാനത്തും ആണ്. തരം താഴ്ത്തൽ ഒഴിവാക്കാൻ 33 പോയിന്റുകൾ നിലവിൽ ഉള്ള വലൻസിയക്ക് ഇനി 2 ജയം എങ്കിലും ഉറപ്പാക്കേണ്ടത് ഉണ്ട്.

തരം താഴ്ത്തൽ മുന്നിൽ കണ്ടു എസ്പന്യോൾ! വിയ്യറയലിനോടും പരാജയം

സ്പാനിഷ് ലാ ലീഗയിൽ കറ്റാലൻ ടീം ആയ എസ്പന്യോൾ തുടരുമോ എന്ന കാര്യം സംശയത്തിൽ. ഇന്ന് വിയ്യറയലിനോടു 4-2 നു പരാജയപ്പെട്ടതോടെ 19 സ്ഥാനത്ത് ഉള്ള അവർക്ക് തരം താഴ്ത്തൽ ഒഴിവാക്കാൻ അത്ഭുതം വേണ്ടി വരും. അതേസമയം ജയത്തോടെ വിയ്യറയൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയുടെ അവസാന നിമിഷം കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഹാവി പുവാഡോ എസ്പന്യോളിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് കൂടുതൽ ആവേശത്തോടെ കളിക്കുന്ന വിയ്യറയൽ ടീമിനെ ആയിരുന്നു. 53 മത്തെ മിനിറ്റിൽ ഡാനി പരേഹോയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടിയ എറ്റിയൻ കപൗ വിയ്യാറയലിന് സമനില സമ്മാനിച്ചു. 63 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് വിയ്യറയലിന് അനുകൂലമായി പെനാൽട്ടി ലഭിച്ചതോടെ എസ്പന്യോൾ കൂടുതൽ പരുങ്ങി. ഡാനി പരേഹോയുടെ പെനാൽട്ടി എസ്പന്യോൾ ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും തുടർന്ന് പോസ്റ്റിൽ തട്ടി തിരിച്ചു വന്ന പന്ത് വലയിൽ എത്തിച്ച ഡാനി പരേഹോ വിയ്യറയലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

10 മിനിറ്റിനുള്ളിൽ മാർട്ടിൻ ബ്രെത്വെയിറ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഹോസലു എസ്പന്യോളിനെ ഒരിക്കൽ കൂടി മത്സരത്തിൽ ഒപ്പം എത്തിച്ചു. എന്നാൽ 80 മത്തെ മിനിറ്റിൽ ആൽബർട്ടോ മൊറേനോയുടെ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ നിക്കോളാസ് ജാക്സൺ വിയ്യറയലിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കപൗ വിയ്യറയൽ ജയം ഉറപ്പിക്കുക ആയിരുന്നു. അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ എഡു എക്‌സ്പോസിറ്റോക്ക് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ എസ്പന്യോൾ പരാജയം ഉറപ്പായി.

തൊണ്ണൂറ്റി മൂന്നാം മിനിറ്റിൽ വിജയഗോൾ! തിരിച്ചു വന്നു വിലമതിക്കാൻ ആവാത്ത വിജയവുമായി വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ വിലപ്പെട്ട ജയവുമായി വലൻസിയ. റയൽ വയ്യനോയിഡും ആയുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തിരിച്ചു വന്നു വിലമതിക്കാൻ ആവാത്ത ജയം ആണ് അവർ നേടിയത്. സ്വന്തം മൈതാനത്ത് ആറാം മിനിറ്റിൽ തന്നെ വലൻസിയ പിറകിൽ പോയി. കെയിൽ ലാറിൻ ആണ് വലൻസിയയെ ഞെട്ടിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച വലൻസിയ 60 മത്തെ മിനിറ്റിൽ സമനില നേടി.

ആന്ദ്ര അൽമേഡിയയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ദിയകാബി ആണ് അവർക്ക് സമനില സമ്മാനിച്ചത്. തുടർന്ന് സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 19 കാരൻ ഹാവി ഗുയെര ഇഞ്ച്വറി സമയത്ത് വലൻസിയക്ക് ആയി വിജയഗോൾ നേടി. മോറിബയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്നുള്ള യുവതാരത്തിന്റെ ഷോട്ട് ഗോൾ ആവുക ആയിരുന്നു. ജയത്തോടെ അവസാന മൂന്നു സ്ഥാനങ്ങളിൽ നിന്നു വളരെ നാളുകൾക്ക് ശേഷം വലൻസിയ പുറത്ത് കടന്നു. നിലവിൽ വലൻസിയ പതിനാറാം സ്ഥാനത്തും റയൽ വയ്യനോയിഡ് പതിനാലാം സ്ഥാനത്തും ആണ്.

അത്ലറ്റികോയെ കീഴടക്കി!! ബാഴ്സലോണ കിരീടത്തോട് അടുക്കുന്നു

ലാ ലീഗ കിരീടം സ്വപ്നം കാണുന്ന ബാഴ്സലോണക്ക് അത്ലറ്റികോ മാഡ്രിഡിന് മുകളിൽ നിർണയക ജയം. ഇന്ന് നടന്ന മത്സരത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് ബാഴ്‌സ ജയം നേടിയത്. കഴിഞ്ഞ തുടർച്ചയായ മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്തിയ ബാഴ്‌സക്ക് മൂന്നാം സ്ഥാനക്കാർക്കെതിരെ നേടിയ ജയം ആത്മവിശ്വാസം നൽകും. എന്നാൽ തോൽവി അത്ലറ്റികോ മാഡ്രിഡിന് രണ്ടാം സ്ഥാനക്കാരായ റയലുമായുള്ള അകലം അഞ്ചായി വർധിപ്പിച്ചു. ഇതോടെ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡ് തിരിച്ചു പിടിക്കാനും ബാഴ്‌സക്കായി.

പരിക്ക് ഭേദമായ ഫ്രാങ്കി ഡിയോങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ബാഴ്‌സ കളത്തിൽ ഇറങ്ങിയത്. ഇതോടെ കഴിഞ്ഞ മത്സരങ്ങളിൽ പൂർണമായും ചിത്രത്തിൽ ഇല്ലാതിരുന്ന മധ്യനിര വീണ്ടും താളം കണ്ടെത്തി. പതിവ് പോലെ ബാഴ്‌സ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തിയപ്പോൾ പ്രത്യാക്രമണങ്ങൾക്ക് ഒരുങ്ങി തന്നെ ആയിരുന്നു സിമിയോണി ടീമിനെ ഇറക്കിയത്. വളരെ കുറഞ്ഞ അവസരങ്ങളിൽ ആയിരുന്നെങ്കിലും അത്ലറ്റികോ മുന്നേറ്റങ്ങൾ ആയിരുന്നു കൂടുതൽ അപകടകരം. ഒന്നാം മിനിറ്റിൽ തന്നെ ഗ്രീസ്മാന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ട് തെറിച്ചു. ബോക്സിനുള്ളിൽ നിന്നും ലെവെന്റോവ്സ്കിയുടെ ശ്രമവും ഫലം കണ്ടില്ല. പിന്നീട് ഗ്രീസ്മാന്റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞിട്ടു. ഇരു പ്രതിരോധവും മികച്ച പ്രകടനം നടത്തി വരുന്നതിനിടെ ഇടവേളക്ക് തൊട്ടു മുൻപ് ബാഴ്‌സയുടെ ഗോൾ എത്തി. പിറകിൽ നിന്നും ഉയർത്തി നൽകിയ ബോൾ നിയന്ത്രിച്ച റാഫിഞ്ഞ, ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം ബോക്സിന് മുന്നിൽ ഫെറാൻ ടോറസിന് നൽകി. താരം എതിർ പ്രതിരോധത്തെ കബളിപ്പിച്ച് മികച്ച അവസരം ഒരുക്കിയ ശേഷം തൊടുത്ത ഷോട്ട് അനായാസം ഒബ്‌ലാക്കിനെ മറികടന്നു.

രണ്ടാം പകുതിയിൽ ഇരു ഭാഗത്തും നിരവധി അവസരങ്ങൾ പിറന്നു. ഗവിയുടെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയപ്പോൾ മൊറാട നൽകിയ അവസരത്തിൽ ബോക്സിനുള്ളിൽ നിന്നും ഗ്രീസ്മാന്റെ ഫസ്റ്റ് ടൈം ഷോട്ട് കീപ്പർക്ക് നേരെ ആയി. പലപ്പോഴും എതിർ മുന്നേറ്റം തടയാൻ പരുക്കൻ അടവുകൾ പിറന്നപ്പോൾ റഫറിക്ക് നിരവധി തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. ലെവെന്റോവ്സ്കി നൽകിയ പാസ് പോസിറ്റിന് തൊട്ടു മുൻപിൽ വെച്ചു റാഫിഞ്ഞക്ക് നിയന്ത്രണത്തിൽ ആക്കാൻ സാധിക്കുന്നതിന് മുൻപേ താരത്തിന്റെ ദേഹത്ത് തട്ടി ഒബ്‌ലാക്കിന്റെ കൈകളിൽ വിശ്രമിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നിൽ കൗണ്ടർ അറ്റാക്കിലൂടെ എത്തിയ നീക്കം ബോക്‌സും വിട്ടിറങ്ങിയ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലെവെന്റോവ്സ്കിക്ക് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. അവസാന നിമിഷങ്ങളിൽ അത്ലറ്റികോ പൂർണ്ണമായും ആക്രമണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചെങ്കിലും ഗോൾ ഒന്നും പിറക്കാതെ പോയതോടെ ബാഴ്‌സ വിജയം നേടി.

തരം താഴ്ത്തൽ പോരാട്ടത്തിൽ വിലമതിക്കാൻ ആവാത്ത ജയവുമായി വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വലൻസിയക്ക് ഒടുവിൽ ജയം. ലീഗിൽ തരം താഴ്ത്തൽ ഉറപ്പിച്ച അവസാന സ്ഥാനക്കാർ ആയ എൽചെക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വലൻസിയ ജയം കണ്ടത്. തുടർ പരാജയങ്ങൾ നേരിട്ട വലൻസിയക്ക് ഇത് വിലമതിക്കാൻ ആവാത്ത ജയമാണ്. ആദ്യ പകുതിയിൽ ആണ് വലൻസിയ രണ്ടു ഗോളുകളും നേടിയത്.

മത്സരത്തിൽ 19 മത്തെ മിനിറ്റിൽ എഡിസൺ കവാനിയുടെ ത്രൂ ബോളിൽ നിന്നു സാമുവൽ ലിനോ ആണ് വലൻസിയക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 42 മത്തെ മിനിറ്റിൽ ഗോൺസാല വെർദുവിന്റെ സെൽഫ്‌ ഗോൾ വലൻസിയയുടെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ നിലവിൽ 30 കളികളിൽ നിന്നു 30 പോയിന്റുകൾ ഉള്ള വലൻസിയ 18 സ്ഥാനത്ത് ആണ്, ഇനിയുള്ള 8 കളികളിൽ നിന്നു മരണക്കളി കളിച്ചു തരം താഴ്ത്തൽ ഒഴിവാക്കാൻ ആവും അവരുടെ ശ്രമം.

വാൽവെർഡേക്കെതിരെ നടപടി വരും; 12 മത്സരങ്ങൾ വരെ വിലക്ക് ലഭിക്കാൻ സാധ്യത

വിയ്യാറയൽ താരം അലക്‌സ് ബയെനയെ ആക്രമിച്ച കേസിൽ ഫെഡറിക്കോ വാൽവെർഡേക്ക് എതിരെ നടപടികൾക്ക് സാധ്യത. കേസ് പരിശോധിച്ച ആന്റി വയലൻസ് കമ്മിറ്റി തങ്ങളുടെ അന്വേഷണ റിപ്പോർട് കോമ്പറ്റീഷൻ കമ്മിറ്റിക്ക് കൈമാറിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയിരിക്കുന്നത്. സ്പാനിഷ് ഫുട്ബോൾ അസോസിയേഷന് കീഴിലെ ഒരു സ്വതന്ത്ര അച്ചടക്ക കമ്മിറ്റിയാണ് ഇത്. ഇവർക്കാണ് താരത്തിന് എതിരായ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉണ്ടായിരിക്കുക.

MADRID, SPAIN – FEBRUARY 19: Fede Valverde of Real Madrid during the La Liga Santander match between Real Madrid v Deportivo Alaves at the Santiago Bernaubeu on February 19, 2022 in Madrid Spain (Photo by David S. Bustamante/Soccrates/Getty Images)

വിയ്യാറയൽ പരാതി ഒന്നും നൽകിയിരുന്നില്ല എന്നതിനാൽ കോമ്പറ്റീഷൻ കമ്മിറ്റിക്ക് നേരത്തെ ഇടപെടുന്നതിന് പരിമിതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിയ്യാറയൽ നൽകിയ പോലീസ് കേസ് അടക്കമുള്ള ഫയൽ ലഭിച്ചത് അവർക്ക് മത്സര വിലക്ക് ഉൾപ്പടെ താരത്തിന് മുകളിൽ ചുമത്താൻ അധികാരം നൽകും. നാല് മുതൽ പന്ത്രണ്ട് വരെ മത്സരങ്ങളിൽ ആണ് വിലക്ക് ലഭിക്കാൻ സാധ്യത എന്ന് മാർസ അടക്കുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ നടപടികൾ പൂർത്തിയാവാൻ ഒന്നര മാസത്തോളം സമയം എടുത്തേക്കും. അതേ സമയം മത്സര സമയത്തെ സംഭവം എല്ലാ എന്നതിനാൽ നടപടി തങ്ങളുടെ അധികാര പരിധിയിൽ വരില്ല എന്ന് വിധിക്കാനും സാധ്യത ഉണ്ടെന്ന സൂചനകൾ ഉണ്ട്. എന്നാൽ വിയ്യാറയൽ മറ്റ് വഴികളിലൂടെ നീങ്ങിയിരുന്നെങ്കിൽ ആറു മാസം വരെയുള്ള വിലക്ക് താരത്തിന് ലഭിക്കുമായിരുന്നു എന്നും മാർസ റിപ്പോർട്ട് ചെയ്യുന്നു.

തരം താഴ്ത്തൽ ഭീഷണി യാഥാർഥ്യം ആവുന്നു, സെവിയ്യയോടും തോറ്റു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ സ്‌പെയിനിലെ വമ്പൻ ക്ലബുകളിൽ ഒന്നായ വലൻസിയ അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം വലിയ സംശയത്തിൽ. ഇന്ന് സെവിയ്യയോട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റതോടെ 29 മത്സരങ്ങൾക്ക് ശേഷം 18 സ്ഥാനത്ത് ആണ് അവർ. ജയത്തോടെ സെവിയ്യ 12 സ്ഥാനത്തേക്ക് കയറുകയും ചെയ്തു. കൂടുതൽ നേരം പന്ത് കൈവശം വച്ചതും കൂടുതൽ ഷോട്ടുകൾ ഉതിർത്തതും വലൻസിയ ആയിരുന്നു.

എന്നാൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട ലോയിക് ബേഡ് സെവിയ്യക്ക് മുൻതൂക്കം നൽകി. 75 മത്തെ മിനിറ്റിൽ മോണ്ടിയലിന്റെ മികച്ച നീക്കത്തിന് ഒടുവിൽ ലക്ഷ്യം കണ്ട സുസോ വലൻസിയ പരാജയം ഉറപ്പാക്കുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ ബ്രയാൻ ഗിലിനെ ഫൗൾ ചെയ്ത ഇലായിക്‌സ് മോറിബ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ വലൻസിയ പരാജയം പൂർണമായി. ഇനിയുള്ള 9 കളികളിൽ നിന്നു ലീഗിൽ നിലനിൽക്കാനുള്ള പോയിന്റുകൾ നേടുക ആവും വലൻസിയ ശ്രമം.

ഗോൾ വരൾച്ച തുടർന്ന് ബാഴ്സലോണ; ഗെറ്റാഫെയുമായും സമനിലയിൽ കുരുങ്ങി

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്താൻ ആവാതെ ബാഴ്സലോണ ലാ ലീഗയിൽ ഗെറ്റാഫെയുമായി സമനിലയിൽ പിരിഞ്ഞു. ഗെറ്റാഫെയുടെ തട്ടകത്തിൽ ഇരു കൂട്ടർക്കും ഗോൾ കണ്ടെത്താൻ ആയില്ല. റിലഗേഷനോട് അടുത്തു നിൽക്കുന്ന ഗെറ്റാഫെക്ക് ഫലം സംതൃപ്തി നൽകും. ഇന്നലെ മാഡ്രിഡിന്റെ ജയം നേടിയിരുന്നതിനാൽ ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 11 പോയിന്റിലേക്ക് ചുരുങ്ങി. അടുത്തതായി അത്ലറ്റികോ മാഡ്രിഡിനെയാണ് നേരിടാൻ ഉള്ളത് എന്നത് സാവിക്ക് കൂടുതൽ തലവേദന സൃഷ്ടിക്കും.

കഴിഞ്ഞ മത്സരങ്ങളിലെ പോലെ തന്നെ ബാഴ്‌സ മുൻ നിരക്ക് ഒട്ടും തിളങ്ങാൻ ആവാതെയാണ് ആദ്യ പകുതി കടന്ന് പോയത്. റാഫിഞ്ഞയുടെ പോസ്റ്റിൽ ഇടിച്ചു തെറിച്ച ഷോട്ടും റീബൗണ്ടിൽ ബാൾടേയുടെ ഷോട്ട് പോസ്റ്റിന് തൊട്ടിരുമി കടന്നു പോയതും ആയിരുന്നു ആദ്യ പകുതിയിൽ സന്ദർശകരുടെ മികച്ച നീക്കം. ഇടവേളക്ക് തൊട്ടു മുൻപ് ലെവെന്റോവ്സ്കിയുടെ ഹെഡർ ലക്ഷ്യം കണ്ടില്ല. എതിർ ബോക്സിലേക്ക് എത്തുന്നതിന് പോലും ബാഴ്‌സ വിഷമിക്കുന്നതാണ് കണ്ടത്. ഗെറ്റഫെ ആവട്ടെ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ആയില്ലെങ്കിലും എതിർ പോസ്റ്റിലേക്ക് തുടർച്ചയായ നീകങ്ങൾ നടത്തി. സെർജി റോബർട്ടോ പരിക്കേറ്റ് പുറത്തായതോടെ എറിക് ഗർഷ്യയേയും ആദ്യ പകുതിയിൽ തന്നെ ബാഴ്‌സക്ക് കളത്തിൽ ഇറക്കേണ്ടി വന്നു.

രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റം ഉണ്ടായില്ല. കെസ്സിയുടെ മികച്ചൊരു ഷോട്ട് കീപ്പർ തടുത്തു. ലെവെന്റോവ്സ്കിയുടെ മറ്റൊരു ഹെഡർ അകന്ന് പോയി. റാഫിഞ്ഞയുടെ ഒരു തകർപ്പൻ ഷോട്ടും കീപ്പർ തടുത്തു. പിന്നീട് മാറ്റങ്ങളുമായി ഫെറാൻ ടോറസും ഫാറ്റിയും കളത്തിൽ എത്തിയിട്ടും ഗോൾ നേടാൻ ബാഴ്‌സ വിയർക്കുന്ന കാഴ്ച്ച തന്നെയാണ് കണ്ടത്. അവസാന മിനിറ്റുകളിൽ ഗെറ്റഫെ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്കിടെ അവർ നെയ്തെടുത്ത മുന്നേറ്റങ്ങൾ കുണ്ടെയും അറോഹോയും കൃത്യമായി ഇടപെട്ടു തടഞ്ഞു. 87ആം മിനിറ്റിൽ കൗണ്ടറിലൂടെ ലഭിച്ച സുവർണാവസരത്തിൽ ബോർഹ മായോറാൽ തൊടുത്ത ഷോട്ട് പോസ്റ്റിന് ഇഞ്ചുകൾ മാത്രം അകന്ന് കടന്ന് പോയി. ഇഞ്ചുറി ടൈമിൽ ബാഴ്‌സ സമ്മർദ്ദം ശക്തമാക്കി എങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

കഴിഞ്ഞ കളിയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചു വന്ന വിയ്യറയലിന് ലാ ലീഗയിൽ തോൽവി

സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ കളിയിൽ റയൽ മാഡ്രിഡിനെ അട്ടിമറിച്ച വിയ്യറയലിന് ഇന്ന് തോൽവി. റയൽ വയ്യഡോയിഡ് ആണ് വിയ്യറയലിന് 2-1 ന്റെ പരാജയം സമ്മാനിച്ചത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വിയ്യറയൽ ആധിപത്യം ഉണ്ടായിട്ടും നിരവധി ഷോട്ടുകൾ ഉതിർത്തിട്ടും അവർക്ക് ജയിക്കാൻ ആയില്ല. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വിയ്യറയൽ ഗോൾ വഴങ്ങി. മൊറോക്കൻ താരം സലിം അമാല്ലാ കെയിൽ ലാറിന്റെ പാസിൽ നിന്നാണ് വിയ്യറയൽ വല കുലുക്കിയത്. 15 മത്തെ മിനിറ്റിൽ സാമുവൽ ചുക്വുസെ വിയ്യറയലിന് ആയി ഗോൾ നേടിയെങ്കിലും വാർ ഈ ഗോൾ അനുവദിച്ചില്ല.

34 മത്തെ മിനിറ്റിൽ സലിം അമാല്ലായുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മറ്റൊരു മൊറോക്കൻ താരം ജവാദ് എൽ യമിഖ് വിയ്യറയലിന് അടുത്ത അടി നൽകി. തുടർന്ന് സമനില ഗോളുകൾക്ക് ആയി വിയ്യറയൽ കിണഞ്ഞു പരിശ്രമിച്ചു. ഇടക്ക് ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഏതൻ കപൗയുടെ ഗോളിൽ ഒരു ഗോൾ അവർ മടക്കി. അർജന്റീന താരം ലൊ സെൽസയുടെ പാസിൽ നിന്നായിരുന്നു കപൗയുടെ ഗോൾ. എന്നാൽ തുടർന്ന് സമനില ഗോൾ കണ്ടത്താൻ അവർക്ക് ആയില്ല. നിലവിൽ വിയ്യറയൽ അഞ്ചാമത് നിൽക്കുമ്പോൾ റയൽ വയ്യഡോയിഡ് പതിനാലാം സ്ഥാനത്തേക്ക് ഉയർന്നു.

സമനില വഴങ്ങി ബാഴ്‌സലോണ, ലീഗിൽ 10 മത്സരങ്ങൾ ബാക്കി നിൽക്കെ റയലിനെക്കാൾ 13 പോയിന്റ് മുന്നിൽ

സ്പാനിഷ് ലാ ലീഗയിൽ പതിനൊന്നാം സ്ഥാനക്കാർ ആയ ജിറോണക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങി ബാഴ്‌സലോണ. 10 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ രണ്ടാം സ്ഥാനക്കാർ ആയ റയൽ മാഡ്രിഡും ആയുള്ള പോയിന്റ് വ്യത്യാസം 15 ആയി ഉയർത്താനുള്ള മികച്ച അവസരം ആണ് സമനില കാരണം ബാഴ്‌സലോണക്ക് നഷ്ടമായത്. ബാഴ്‌സലോണ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. എതിർ ഗോൾ കീപ്പറുടെ മികവ് ആണ് പലപ്പോഴും ബാഴ്‌സക്ക് വിലങ്ങുതടിയായത്.

മികച്ച ഒരവസരം ലെവൻഡോവ്സ്കി ബാറിന്റെ മുകളിലൂടെ അടിച്ചപ്പോൾ സ്വന്തം സഹതാരത്തിന്റെ ബാക് പാസ് ഗോൾ ലൈൻ കടക്കാതെ മികച്ച ഫോമിൽ ഉണ്ടായിരുന്ന ജിറോണ ഗോൾ കീപ്പർ ഗസനിക കഷ്ടിച്ച് ആണ് രക്ഷിച്ചത്. ആദ്യ പകുതിയിൽ റഫീനിയ, അറൗഹോ എന്നിവരുടെ ഷോട്ടുകൾ രക്ഷിച്ച ജിറോണ കീപ്പർ മത്സരത്തിന്റെ ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ ടോറസിന്റെ കോർണറിൽ നിന്നുള്ള ഗാവിയുടെ ഹെഡർ വളരെ കഷ്ടിച്ച് ആണ് രക്ഷിച്ചത്. സ്വന്തം മൈതാനത്ത് ജയം കാണാൻ ആവാത്ത നിരാശയിൽ ആണ് സാവിയും സംഘവും ഇന്ന് കളം വിട്ടത്. അതേസമയം ലീഗിൽ നേരത്തെ നടന്ന മത്സരത്തിൽ റയോ വല്ലകാനോയെ അത്ലറ്റികോ മാഡ്രിഡ് 2-1 നു തോൽപ്പിച്ചു. ജയത്തോടെ ലീഗിൽ റയലിന് 2 പോയിന്റുകൾ പിറകിൽ മൂന്നാമത് ആണ് അത്ലറ്റികോ.

വാൽവെർഡേയുടെ കുഞ്ഞിനെ താൻ അപമാനിച്ചു എന്ന വാർത്തകൾ കള്ളമെന്നു വിയ്യറയൽ താരം

ഇന്നലെ നടന്ന റയൽ മാഡ്രിഡ്, വിയ്യറയൽ സ്പാനിഷ് ലാ ലീഗ മത്സര ശേഷം റയൽ താരം ഫെഡെ വാൽവെർഡേ തന്നെ തല്ലിയ വിഷയത്തിൽ പ്രതികരണവും ആയി വിയ്യറയൽ താരം അലക്‌സ് ബയെന. സാമൂഹിക മാധ്യമത്തിൽ ആണ് താരം പ്രതികരണം നടത്തിയത്. സാന്റിയാഗോ ബെർണബ്യുവിൽ നേടിയ മികച്ച വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ താരം തനിക്ക് നേരിട്ട ആക്രമണത്തിൽ സങ്കടവും രേഖപ്പെടുത്തി.

അതേസമയം താൻ പറഞ്ഞു എന്നു പറയുന്ന കാര്യം അത്ഭുതപ്പെടുത്തുന്നത് ആണെന്ന് പറഞ്ഞ താരം താൻ അത്തരം കാര്യം പറഞ്ഞു എന്നു പറയുന്നത് കള്ളം ആണെന്നും കൂട്ടിച്ചേർത്തു. നേരത്തെ ബയെന വാൽവെർഡേയുടെ കുഞ്ഞിനെ അപമാനിച്ചു എന്നും ഇതിന്റെ പ്രതികരണം ആണ് വാൽവെർഡേയിൽ നിന്നു ഉണ്ടായത് എന്നും വാർത്തകൾ ഉണ്ടായിരുന്നു. നിലവിൽ ഈ ആക്രമണത്തിന്റെ പുറത്ത് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

Exit mobile version