അത്ലറ്റികോ മാഡ്രിഡിനെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ ആദ്യ പരാജയം ഏറ്റുവാങ്ങി അത്ലറ്റികോ മാഡ്രിഡ്. സ്വന്തം മൈതാനത്ത് വലൻസിയ ആണ് അത്ലറ്റികോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ കുറവ് നേരം പന്ത് കൈവശം വച്ചെങ്കിലും കൂടുതൽ അവസരങ്ങൾ വലൻസിയ ആണ് ഉണ്ടാക്കിയത്. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ മുൻ റയൽ മാഡ്രിഡ് അക്കാദമി താരം ഹ്യൂഗോ ഡുരോ വലൻസിയക്ക് ആയി ആദ്യ ഗോൾ സമ്മാനിച്ചു.

34 മത്തെ മിനിറ്റിൽ ഫ്രാൻ പെരസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഹ്യൂഗോ ഡുരോ അത്ലറ്റികോക്ക് അടുത്ത അടി നൽകി. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ തിയറി കൊരെയ്രയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹാവി ഗുയെരോ വലൻസിയ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ വലൻസിയ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ അത്ലറ്റികോ മാഡ്രിഡ് നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്.

ലാ ലീഗ; ഒസാസുനക്കെതിരെ കഷ്ടിച്ച് കടന്ന് കയറി ബാഴ്‌സലോണ

ഒസാസുനക്കെതിരായ ലാ ലീഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം കണ്ടെത്തി ബാഴ്‌സലോണ. അവസരങ്ങൾ ഒരുക്കുന്നതിൽ വളരെ അധികം പിറകോട്ടു പോയ സാവിയുടെ ടീം ഒസാസുനയുടെ വീര്യത്തിന് മുന്നിൽ പലപ്പോഴും വിറച്ചെങ്കിലും മൂന്ന് പോയിന്റ് കരസ്ഥമാക്കുകയായിരുന്നു. ജൂൾസ് കുണ്ടേ, ലെവെന്റോവ്സ്കി എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കി. ചിമ്മി അവിയ്യ ഒസാസുനയുടെ ഗോൾ കണ്ടെത്തി. ജാവോ കാൻസലോ, ഫെലിക്‌സ്, ഇനിഗോ മാർട്ടിനസ് എന്നിവർ രണ്ടാം പകുതിയിൽ ബാഴ്‌സ ജേഴ്‌സിയിൽ അരങ്ങേറി. ഗവി ബാഴ്‌സ ജേഴ്സിയിൽ നൂറാം മത്സരം പൂർത്തുയാക്കി.

ആദ്യ മിനിറ്റിൽ തന്നെ ബാഴ്‌സ ഗോളിന് അടുത്തെത്തി. ഡി യോങ്ങിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു മടങ്ങിയപ്പോൾ റീബൗണ്ടിൽ ലെവെന്റോവ്സ്കിക്കും ലക്ഷ്യം കാണാൻ ആയില്ല. 32ആം മിനിറ്റിൽ ഓറോസിന്റെ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് റ്റെർ സ്റ്റഗൻ സേവ് ചെയ്തു. ഇഞ്ചുറി ടൈമിൽ ജൂൾസ് കുണ്ടെയിലൂടെ ബാഴ്‌സ സമനില പൂട്ട് പൊട്ടിച്ചു. ഗുണ്ടോഗന്റെ കോർണറിൽ നിന്നുമാണ് താരം ഹെഡറിലൂടെ വല കുലുക്കിയത്. ഒസാസുനയുടെ ശക്തമായ പ്രതിരോധ തന്ത്രങ്ങൾക്ക് മുന്നിൽ അവസരം സൃഷ്ടിക്കാൻ ആവാതെ പലപ്പോഴും ബാഴ്‌സ അന്തിച്ചു നിന്നു.

രണ്ടാം പകുതിയിലും ബാഴ്‌സയുടെ നിക്കങ്ങൾക് മാറ്റം ഉണ്ടായില്ല. ലെവെന്റോവ്സ്കിയുടെ ക്രോസ് കീപ്പർ സേവ് ചെയ്തു. പകരക്കാരനായി ചിമ്മി അവിയ്യ എത്തിയതോടെ ഒസാസുന കൂടുതൽ അപകടകാരികൾ ആയി. തുടക്കത്തിൽ ചിമ്മിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 76ആം മിനിറ്റിൽ ചിമ്മി അവിയ്യാ ഗോൾ കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും താരത്തിന്റെ തകർപ്പൻ ഷോട്ട് റ്റെർ സ്റ്റഗന് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. 85ആം മിനിറ്റിൽ ബാഴ്‌സലോണ ലീഡ് തിരിച്ചു പിടിച്ചു. ലെവെന്റോവ്സ്കിയെ കാറ്റെന്യാ ബോസ്‌കിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കാറ്റെന്യാക്ക് റെഡ് കാർഡും ലഭിച്ചു. കോർണറിൽ നിന്നും ഇകർ മുന്യോസിന് ലഭിച്ച അവസരം കുണ്ടേ മറ്റൊരു കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഒസാസുന തുടർച്ചയായി ക്രോസുകൾ ഉതിർത്തപ്പോൾ കുണ്ടേയുടെ ഇടപെടലുകൾ ആണ് ബാഴ്‌സക്ക് ആശ്വാസമായത്. അവസാന മിനിറ്റുകളിൽ റാഫിഞ്ഞക്കും അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാൻ ആയില്ല.

റയലിന് വീണ്ടും തിരിച്ചടി, വിനീഷ്യസ് ജൂനിയർക്കും പരിക്ക്

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടിയായി പരിക്ക്. നേരത്തെ ഗോൾ കീപ്പർ കോർട്ടോ, പ്രതിരോധ താരം മിലിറ്റാവോ എന്നിവരെ പരിക്ക് കാരണം ദീർഘകാലത്തേക്ക് അവർക്ക് നഷ്ടമായിരുന്നു. ഇത്തവണ സെൽറ്റ വിഗക്ക് എതിരായ മത്സരത്തിൽ ബ്രസീൽ മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയറിനു ആണ് പരിക്കേറ്റത്.

സെൽറ്റ പ്രതിരോധത്തെ പിന്തുടർന്ന് പന്ത് നേടാനുള്ള വിനീഷ്യസിന്റെ ഓട്ടത്തിനു ഇടയിൽ താരത്തിന് കാലിനു പരിക്കേൽക്കുക ആയിരുന്നു. ഹാംസ്ട്രിങിൽ ആണ് താരത്തിന് വേദന അനുഭവപ്പെട്ടത്. തുടർന്ന് മെഡിക്കൽ സഹായം വേണ്ടി വന്ന താരത്തെ ആഞ്ചലോട്ടി പിൻവലിക്കുക ആയിരുന്നു. താരത്തിന്റെ പരിക്ക് ഗുരുത്തരമാണോ എന്നത് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാണ് അറിയുക.

കാഡിസിന്റെ കോട്ട പൊളിച്ചു; സീസണിലെ ആദ്യ ജയം കുറിച്ച് ബാഴ്‌സലോണ

ലാ ലീഗയിൽ സീസണിലെ ആദ്യ വിജയം കുറിച്ച് എഫ്സി ബാഴ്‌സലോണ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ കീഴടക്കിയത്. പെഡ്രി, ഫെറാൻ ടോറസ് എന്നിവർ വല കുലുക്കി. മത്സരത്തിന്റെ 80 മിനിറ്റോളം കോട്ട കെട്ടി നിന്ന കാഡിസിനെയും കീപ്പർ ലെദെസ്മയേയും അവസാന പത്ത് മിനിറ്റിൽ കണ്ടെത്തിയ ഗോളുകളിലൂടെ സാവിയും സംഘവും കീഴടക്കുകയായിരുന്നു. ഇതോടെ നിർണായകമായ മൂന്ന് പോയിന്റും കരസ്ഥമാക്കാനായി. കഴിഞ്ഞ മത്സരത്തിലും ഗോൾ കണ്ടെത്താനാവാതെ പോയ ബാഴ്‌സ ഇന്ന് ഒടുവിൽ പെഡ്രിയിലൂടെയാണ് ഇന്ന് അക്കൗണ്ട് തുറന്നത്.

അരോഹോ പരിക്കേറ്റ് പുറത്തായതിനാൽ ഡി യോങ്ങിനെ ക്രിസ്റ്റൻസനോടൊപ്പം സെൻട്രൽ ഡിഫെൻസിൽ ഉൾപ്പെടുത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. യുവതാരം ലമീൻ യമാൽ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ എത്തി. ഗവിയും സീസണിൽ ആദ്യമായി മത്സരം ആരംഭിച്ചു. പതിവ് പോലെ ബാഴ്‌സലോണ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തി. ഇടക്കുള്ള കൗണ്ടർ അറ്റാക്കുകൾക്ക് വെണ്ടി കാത്തിരുന്ന കാഡിസിന് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. 15ആം മിനിറ്റിൽ യമാലിന്റെ ക്രോസിൽ പെഡ്രിയുടെ ഹെഡർ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ലെവെന്റോവ്സ്കിയുടെ ഹെഡറും കീപ്പർ സേവ് ചെയ്തു. 28ആം മിനിറ്റിൽ ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ മാറി കടന്ന് മുന്നേറിയ യമാലിന് ലഭിച്ച സുവർണാവസരവും രക്ഷപ്പെടുത്തി കൊണ്ട് കീപ്പർ കാഡിസിനെ മത്സരത്തിൽ നിലനിർത്തി. കീപ്പർ മാത്രം മുന്നിൽ നിൽക്കെ കുണ്ടേക്ക് ലഭിച്ച അവസരവും ലെദെസ്മ പുറത്തേക്ക് തട്ടിയിട്ടു. പിറകെ ബാൾടെയിൽ നിന്നും റാഞ്ചിയ ബോളുമായി ബോക്സിലേക്ക് കുതിച്ച
റോജർ മർട്ടിയുടെ ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞു. ആദ്യ പകുതിയിലെ കാഡിസിന്റെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇഞ്ചുറി ടൈമിൽ ബോക്സിന് പുറത്തു നിന്നും ഗുണ്ടോഗന്റെ ഫ്രീകിക്ക് പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലും കാഡിസ് തങ്ങളുടെ തന്ത്രങ്ങൾ തുടർന്നു. മികച്ചൊരു കൗണ്ടർ നീക്കത്തിൽ റൂബൻ അൽക്കാരസിന് ലഭിച്ച അവസരത്തിൽ താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. കോർണറിൽ നിന്നും ഗവിയുടെ ഹെഡർ ബാറിൽ തട്ടി വഴി മാറി. ക്രിസ് റമോസിന് ലഭിച്ച അവസരവും ലക്ഷ്യം കാണാതെ പോയി. ആബ്ദെയുടെ മികച്ചൊരു ഷോട്ട് കീപ്പർ തട്ടിയകറ്റി. ഒടുവിൽ 82ആം മിനിറ്റിൽ ബാഴ്‌സ കാത്തിരുന്ന ഗോൾ എത്തി. ഗുണ്ടഗന്റെ ത്രൂ ബോൾ കണക്കാക്കി ബോക്സിനുള്ളിൽ ഓടിക്കയറിയ പെഡ്രി കൃത്യമായി പന്ത് വലയിൽ എത്തിച്ചു. പിന്നീട് ഇഞ്ചുറി ടൈമിൽ ഫെറാ ടോറസ് വിജയൻ ഉറപ്പിച്ച ഗോളും നേടി. റ്റെർ സ്റ്റഗൻ ഉയർത്തി നൽകിയ പന്ത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ലെവെന്റോവ്സ്കി ഹെഡറിലൂടെ മറിച്ചു നൽകിയപ്പോൾ ഓടിക്കയറിയ ഫെറാൻ ടോറസ് കീപ്പറെ അനായാസം മറികടന്ന് വല കുലുക്കി.

വീണ്ടും ഗെറ്റാഫെയോട് കുരുങ്ങി; സമനിലയോടെ സീസൺ ആരംഭിച്ച് ബാഴ്‌സലോണ

സമീപ കാലത്ത് ബാലികേറാമലയായ ഗെറ്റാഫെയുടെ തട്ടകത്തിൽ സമനിലയോടെ പുതിയ സീസണിന് ആരംഭം കുറിച്ച് ബാഴ്‌സലോണ. കൊളിസിയം സ്റ്റേഡിയത്തിൽ കഴിഞ്ഞ നിരവധി മത്സരങ്ങൾ ഗോൾ നേടാൻ സാധിക്കാതെ ഇരുന്ന ബാഴ്‌സക്ക് ഇന്നും മാറ്റമൊന്നും കൊണ്ടു വരാൻ ആയില്ല. ഗോൾ രഹിതമായ മത്സരത്തിൽ ബാഴ്‌സ കോച്ച് സാവിക്ക് അടക്കം മൂന്ന് തവണ റഫറി റെഡ് കാർഡ് പുറത്തെടുത്തു.

രണ്ടാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ഗുണ്ടോഗനിലൂടെ ഗോൾ നേടുന്നതിന് തൊട്ടടുത്തെത്തി. എന്നാൽ തുടർന്നുള്ള ആദ്യ പകുതി സാവിക്കും സംഘത്തിനും ഒട്ടും എളുപ്പമല്ലായിരുന്നു. ഗെറ്റാഫെയുടെ ഫിസിക്കൽ ഗെയിമിന് മുന്നിൽ ബാഴ്‌സ പലപ്പോഴും പതറി. റാഫിഞ്ഞയുടെ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. താരത്തിന് ലഭിച്ച മറ്റൊരു മികച്ച അവസരം സോറിയ കൈക്കലാക്കി. ഇടവേളക്ക് മുൻപായി എതിർ താരത്തിനെ ഫൗൾ ചെയ്തതിന് റാഫിഞ്ഞക്ക് നേരെ റഫറി റെഡ് കാർഡ് വീശി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സാവി അബ്‌ദെയെ കളത്തിൽ ഇറക്കി. പെഡ്രി നൽകിയ പാസിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അരോഹോയെ ഫൗൾ ചെയ്തതിന് ഗെറ്റഫെ താരം മാറ്റ റെഡ് കാർഡ് കണ്ടു പുറത്തു പോയതോടെ ആളെണ്ണം വീണ്ടും തുല്യമായി. അരോഹോയുടെ ഹെഡർ ഗാസ്റ്റോൺ അൽവാരസ്, ഗോൾ ലൈനിന് തൊട്ടു മുൻപിൽ വെച്ചു ക്ലിയർ ചെയ്തു. ആബ്ദെയെ എതിർ താരം വീഴ്ത്തിയതിൽ ഫൗൾ വിളിക്കാതിരുന്ന തീരുമാനത്തിൽ പ്രതിഷേധിച്ചതിന് സാവിക്ക് നേരെയും റഫറി റെഡ് കാർഡ് വീശി. ലമീൻ, ഫാറ്റി തുടങ്ങിയവരും കളത്തിൽ എത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഇഞ്ചുറി ടൈമിൽ കൗണ്ടർ അറ്റാക്കിൽ നിന്നും ഗെറ്റഫെക്ക് ലഭിച്ച അവസരം ലോസനൊക്ക് മുതലെടുക്കാൻ ആയില്ല. അവസാന നിമിഷം ലഭിച്ച കോർണറിൽ താരത്തിന്റെ ഹെഡറും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

പുതിയ താരങ്ങളും പുതിയ പ്രതീക്ഷകളുമായി ലാ ലീഗ കിരീടം നിലനിർത്താൻ ബാഴ്‌സലോണ ഇറങ്ങുന്നു

ഒരിടവേളയ്ക്ക് ശേഷം ലാ ലീഗ കിരീടം ഷെൽഫിൽ എത്തിച്ച സീസണിന് ശേഷം കിരീടം നിലനിർത്താൻ എഫ്സി ബാഴ്‌സലോണ വീണ്ടും കളത്തിലേക്ക്. ലാ ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗെറ്റാഫെ ആണ് സാവിയുടെയും സംഘത്തിന്റെയും എതിരാളികൾ. മാഡ്രിഡിലെ ഗെറ്റഫെയുടെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് ആരംഭിക്കുക.

വലിയൊരു പുതുക്കിപ്പണിയലിന്റെ പിറകിൽ ആണ് ബാഴ്‌സലോണ. സെർജിയോ ബുസ്ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങി കളത്തിൽ നട്ടെല്ലായിരുന്നവർ ടീം വിട്ടു. ഇവരുടെ സ്ഥാനങ്ങളിൽ ബാൾടെയും റോമേയുവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ടീമിന് പ്രതീക്ഷയാണ്. പല താരങ്ങളെയും നോട്ടമിട്ട് ഒടുവിൽ ജിറോണയിൽ നിന്നും എത്തിച്ച റോമേയു പ്രീ സീസണിലെ മികച്ച പ്രകടനം തുടർന്നുള്ള മത്സരങ്ങളിലും തുടരും എന്നു തന്നെയാണ് ടീമിന്റെ പ്രതീക്ഷ. മുന്നേറ്റത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവും. ഡെമ്പലെ ടീം വിട്ടതോടെ റൈറ്റ് വിങ്ങിൽ ഇനി റാഫിഞ്ഞക്ക് തന്നെ സാവിയുടെ ആദ്യ പരിഗണന. ഫെറാൻ ടോറസും ഈ സ്ഥാനത്തേക്ക് എത്തിയേക്കും. ആൻസു ഫാറ്റി, ആബ്ദെ എന്നിവരെ ഇടത് വിങ്ങിൽ ആശ്രയിക്കാം. ഇതിനെല്ലാം പുറമെ യുവതാരം ലമീൻ യമാലിനും സാവി അവസരം നൽകാൻ സന്നദ്ധനാണെന്ന് അറിയിച്ചു കഴിഞ്ഞു. ലെവെന്റോവ്സ്കിക്കും റാഫിഞ്ഞക്കും ഒപ്പം ഗവിയോ ആബ്ദെയോ ആദ്യ ഇലവനിൽ എത്തും.

മധ്യനിരയിൽ പെഡ്രി, റോമേയു, ഡി യോങ് എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാവും. ഗുണ്ടോഗൻ, ഫെർമിൻ ലോപസ് ബെഞ്ചിൽ നിന്നെത്തും. പ്രതിരോധത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. പുതിയ താരം ഇനിഗോ മാർട്ടിനസ് പരിക്കിൽ നിന്നും ഇതുവരെ മുക്തനായിട്ടില്ല. പരിക്കേറ്റിരുന്ന ക്രിസ്റ്റൻസൻ, ആരാഹുവോ എന്നിവർ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്ന് സാവി വാർത്താ സമ്മേളനത്തിൽ അറിയിയിച്ചു. ഇവർക്കൊപ്പം ബാൾടേ, കുണ്ടേ എന്നിവർ പിൻ നിരയിൽ അണിനിരക്കും. റൈറ്റ് ബാക്ക് ആയിട്ടാവും കുണ്ടേ എത്തുക. ഈ സ്ഥാനത്തേക്ക് പുതിയ താരങ്ങളെ ടീം എത്തിക്കുമെന്ന് ഉറപ്പാണ്. വിജയത്തോടെ തന്നെ സീസൺ ആരംഭിക്കാൻ ബാഴ്‌സലോണ ഉന്നം വെക്കുമ്പോൾ കഴിഞ്ഞ സീസണിൽ പതിനഞ്ചാം സ്ഥാനത്ത് എത്തിയിരുന്ന ഗെറ്റാഫെയും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിൽ ആവും.

അരങ്ങേറ്റത്തിൽ ഗോളുമായി ബെല്ലിങ്ഹാം; വിജയവുമായി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിനായി ആദ്യ ഔദ്യോഗിക മത്സരത്തിന് ഇറങ്ങിയ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം തകർപ്പൻ ഗോളുമായി തിളങ്ങിയപ്പോൾ, അത്ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലോസ് ബ്ലാങ്കോസ് പുതു സീസണിന് തുടക്കം കുറിച്ചു. അത്ലറ്റിക്കിന്റെ തട്ടകത്തിൽ റോഡ്രിഗോ ആണ് ജേതാക്കളുടെ മറ്റൊരു ഗോൾ കണ്ടെത്തിയത്. ആഹ്ലാദത്തിന് ഇടയിലും പരിക്കേറ്റ് കരഞ്ഞു കലങ്ങിയ കണ്ണുമായി എഡർ മിലിറ്റാവോ കളം വിട്ടത് ടീമിനും ആരാധകർക്കും ആശങ്ക പകരുന്നുണ്ട്.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ അത്ലറ്റിക് മുഴുവൻ ഊർജത്തോടെ ആക്രമിച്ചെങ്കിലും ഉടൻ തന്നെ റയൽ മാഡ്രിഡ് ആധിപത്യം തിരിച്ചു പിടിച്ചു. വിനിഷ്യസും റോഡ്രിഗോയും മുന്നേറ്റം നയിച്ചു. 28ആം മിനിറ്റിൽ റോഡ്രിഗോയിലൂടെ റയലിന്റെ ഗോൾ എത്തി. വലത് വിങ്ങിൽ നിന്നും കർവഹാളിന് പന്ത് നൽകി മുന്നോട്ടു നീങ്ങിയ ബ്രസീലിയൻ താരം തിരികെ പാസ് സ്വീകരിച്ച് കൃത്യമായ ഫിനിഷിങിലൂടെ വല കുലുക്കി. എതിർ പ്രതിരോധത്തെ ഒന്നൊന്നായി മറികടന്നു വിനിഷ്യസ് തൊടുത്ത ഷോട്ട് കീപ്പർ തടുത്തു. പിറകെ വന്ന കോർണറിൽ നിന്നും മികച്ചൊരു ഫിനിഷിങിലൂടെ ബെല്ലിങ്ഹാം ഗോൾ കണ്ടെത്തി. താരത്തിന്റെ ഷോട്ടിൽ കുത്തിയുയർന്ന പന്ത് കീപ്പർക്ക് മുകളിലൂടെ വലയിൽ പതിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മിലിറ്റാവോ പരിക്കേറ്റ് തിരിച്ചു കയറി. റൂഡിഗർ ആണ് പകരക്കാരനായി എത്തിയത്. പകരക്കാരനായി എത്തിയ മോഡ്രിച്ചിന്റെ ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ട് കീപ്പർ കൈക്കലാക്കി. മുഴുവൻ സമയത്തിന് തൊട്ടു മുൻപ് സാങ്കെറ്റിന്റെ ഷോട്ട് മാഡ്രിഡ് പൊസിറ്റിന് തൊട്ടു മുകളിലൂടെ കടന്ന് പോയി. ഇഞ്ചുറി ടൈമിൽ പാരാദെസിന്റെ ഹെഡറും ലക്ഷ്യം കണ്ടില്ല.

റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി, കോർതോക്ക് എ.സി.എൽ ഇഞ്ച്വറി

റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിയോബോട്ട് കോർതോക്ക് എ.സി.എൽ ഇഞ്ച്വറി. ഇടത് കാൽ മുട്ടിന്റെ ലിഗമന്റിന് ആണ് ബെൽജിയം താരത്തിന് ഗുരുതര പരിക്ക് ഏറ്റത്. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ താരം കണ്ണീരോടെയാണ് കളം വിട്ടത്. തുടർന്ന് പരിശോധനകൾക്ക് ശേഷം താരത്തിന്റെ പരിക്ക് റയൽ സ്ഥിരീകരിച്ചു. തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ വരും ദിനങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാവും എന്നും റയൽ സ്ഥിരീകരിച്ചു.

ഇതോടെ മാസങ്ങളോളം താരം പുറത്ത് ഇരിക്കും. തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർക്ക് ഏറ്റ പരിക്ക് റയലിന് വലിയ തിരിച്ചടിയാണ്‌. അതേസമയം ഉടൻ തന്നെ റയൽ പുതിയ ഗോൾ കീപ്പറിന് ആയി ശ്രമം തുടങ്ങും എന്നാണ് റിപ്പോർട്ട്. നിലവിൽ ഫ്രീ ഏജന്റ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡേവിഡ് ഡിഗെയെ, ചെൽസി ഗോൾ കീപ്പർ കെപ എന്നിവരെ റയൽ ലക്ഷ്യം വച്ചേക്കും എന്നാണ് സൂചന. സീസൺ തുടങ്ങും മുമ്പ് തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പറുടെ അഭാവം റയലിന് വലിയ തിരിച്ചടി തന്നെയാവും.

റാഫ ബെനിറ്റസ് ലാ ലീഗയിൽ തിരിച്ചെത്തി, സെൽറ്റ വിഗോ പരിശീലകൻ ആവും

സ്പാനിഷ് പരിശീലകൻ റാഫ ബെനിറ്റസ് ലാ ലീഗയിൽ തിരിച്ചെത്തി. സെൽറ്റ വിഗോയിൽ 3 വർഷത്തേക്ക് ആണ് 63 കാരനായ ബെനിറ്റസ് കരാർ ഒപ്പ് വച്ചത്. മുൻ ലിവർപൂൾ, റയൽ മാഡ്രിഡ് പരിശീലകൻ ആയ ബെനിറ്റസ് വലൻസിയക്ക് 2 തവണ ലാ ലീഗ കിരീടങ്ങൾ നേടി നൽകിയിട്ടുണ്ട്.

7 വർഷങ്ങൾക്ക് ശേഷം ആണ് ബെനിറ്റസ് സ്‌പെയിനിൽ പരിശീലകൻ ആയി തിരിച്ചു എത്തുന്നത്. കാർലോസ് കാർവഹാലിന് പകരക്കാരനായി ആണ് ബെനിറ്റസ് സെൽറ്റയുടെ പരിശീലകൻ ആവുന്നത്. ജനുവരിയിൽ എവർട്ടൺ പുറത്താക്കിയ ശേഷം ബെനിറ്റസ് ഏറ്റെടുക്കുന്ന ആദ്യ ജോലിയാണ് ഇത്. ബെനിറ്റസ് പരിശീലകൻ ആവുന്ന 14 മത്തെ ക്ലബ് ആണ് സെൽറ്റ.

പുതു സീസണിലേക്കുള്ള മത്സരക്രമങ്ങൾ നിശ്ചയിച്ച് ലാ ലീഗ

അടുത്ത സീസണിലെ മത്സരക്രമങ്ങൾ ലാ ലീഗ പുറത്തു വിട്ടു. ഓഗസ്റ്റ് 12നും 13നും ആയി ആരംഭിക്കുന്ന ലീഗിന്റെ ആദ്യ വാരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സക്ക് ഗെറ്റാഫെ ആണ് എതിരാളികൾ. ഗെറ്റഫെയുടെ തട്ടകത്തിൽ വെച്ചാണ് മത്സരം നടക്കുക. റയൽ മാഡ്രിഡിനും ആദ്യം എവേ മത്സരം ആണ്. അത്ലറ്റിക് ക്ലബ്ബ് ആണ് എതിരാളികൾ. അത്ലറ്റികോ മാഡ്രിഡ് മെട്രോപോളിറ്റാനോയിൽ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ഗ്രാനഡയെ വരവേൽക്കും. സെവിയ്യ-വലൻസിയ, വിയ്യാറയൽ-ബെറ്റിസ് മത്സരങ്ങൾ ആണ് ആദ്യ വാരത്തിലെ ഗ്ലാമർ പോരാട്ടങ്ങൾ.

സീസണിൽ ക്യാമ്പ്ന്യൂവിൽ നിന്നും മാറി പുതിയ സ്റ്റേഡിയത്തിൽ കളിക്കുന്ന ബാഴ്‌സ ആദ്യ മൂന്ന് മത്സരങ്ങൾ എവേ ആവണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ അവർക്ക് കാഡിസിനെ നേരിടണം. മൂന്നാം മത്സരത്തിൽ വിയ്യാറയലും ആണ് എതിരാളികൾ. റയലിന് രണ്ട്, മൂന്ന്, നാല് വാരങ്ങളിൽ താരതമ്യേന ദുർബലരായ അൽമേരിയാ, സെൽറ്റ, ഗെറ്റാഫെ എന്നിവരെ നേരിടണം. എന്നാൽ ലീഗിന്റെ അവസാന രണ്ടു മത്സരങ്ങൾ വിയ്യാറയൽ, റയൽ ബെറ്റിസ് ടീമുകളാണ് എതിരാളികൾ എന്നത് കിരീടപ്പോരാട്ടത്തിൽ നിർണായമാവും. ബാഴ്‌സക്ക് ലീഗിലെ അവസാന എതിരാളികൾ സെവിയ്യ ആണ്.

ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ ആദ്യ മത്സരം ബാഴ്‌സയുടെ തട്ടകത്തിൽ വെച്ച് നടക്കും. ഒക്ടോബർ 29നാണ് പോരാട്ടം. പിന്നീട് ബെർണബ്യുവിൽ വെച്ചുള്ള മത്സരം ഏപ്രിൽ 24നും കുറിച്ചിട്ടുണ്ട്. നഗരവൈരികളായ അത്ലറ്റികോയും റയലും തമ്മിൽ സെപ്റ്റംബർ 24 അത്ലറ്റികോയുടെ തട്ടകത്തിൽ ഏറ്റു മുട്ടും. രണ്ടാം മത്സരം ഫെബ്രുവരി നാലിന് ബെർണബ്യുവിൽ വെച്ചും നടക്കും. മത്സര ദിനങ്ങൾ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മറ്റ് കപ്പ് മത്സരങ്ങളുടെ തിയ്യതി അനുസരിച്ചു മാറ്റങ്ങൾ വരാം. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കടുത്ത മത്സരങ്ങൾ പൊതുവെ തുടർച്ചയായ വാരങ്ങളിൽ വരാത്തത് വമ്പൻ ടീമുകൾക്ക് ആശ്വാസമാണ്.

ക്ലബ്ബ് ചരിത്രത്തിൽ ഇടം പിടിച്ച് കൊണ്ട് ഇരൗല റയോ വയ്യക്കാനോ വിടുന്നു

റയോ വയ്യക്കാനോയുടെ ചരിത്രത്തിലെ ഒരു യുഗം അവസാനിപ്പിച്ചു കൊണ്ട് കോച്ച് ആൻഡോണി ഇരൗല ടീം വിടുമെന്ന് ഉറപ്പിച്ചു. ടീം മുന്നോട്ടു വെച്ച പുതിയ കരാർ തള്ളിയ അദ്ദേഹം സീസണോടെ റയോ വിടുകയാണെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക ആണ് റിപ്പോർട്ട് ചെയ്തത്. വയ്യക്കാനോയിൽ മികച്ച കളികെട്ടഴിക്കുന്നതിന് തന്ത്രങ്ങൾ പുതിയ കോച്ചിനെ സ്വന്തമാക്കാൻ സപെയിനിൽ നിന്നും പുറത്തു നിന്നും ടീമുകൾ സജ്ജരായി നിൽപ്പാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം എതിരാളികളുടെ പോലും കയ്യടി നേടിയ ഇരൗലയുടെ സാന്നിധ്യം കൈവിടുന്നത് റയോക്ക് വലിയ തിരിച്ചടി ആവും. ടീമിന്റെ പുതിയ ഓഫർ മികച്ചതാണെങ്കിലും മറ്റൊരു വലിയ ക്ലബ്ബ് തന്നെയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് മാർക ചൂണ്ടിക്കാണിക്കുന്നത്.

മുൻ അത്‌ലറ്റിക് ബിൽബാവോ താരമായിരുന്ന ഇരൗല, സെഗുണ്ട ഡിവിഷനിൽ മിരാന്റെസിനെ പരിശീലിപ്പിച്ച ശേഷമാണ് റയോയിൽ എത്തുന്നത്. മിരാന്റസിനെ സ്പാനിഷ് കപ്പ് സെമി ഫൈനലിലേക്ക് നയിച്ച അദ്ദേഹത്തെ റയോ നോട്ടമിടുകയായിരുന്നു. റയോയെ രണ്ടാം ഡിവിഷനിൽ നിന്നും ലാ ലീഗയിലേക്ക് എത്തിക്കാൻ സഹായിച്ച ഇരൗല, ടീമിനെ നാൽപത് വർഷത്തിന് ശേഷം കോപ്പ് ഡെൽ റെയ് സെമിയിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ അക്രമണാത്മക ശൈലി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. റയൽ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളെ കീഴടക്കാനും റയോക്കൊപ്പം അദ്ദേഹത്തിന് സാധിച്ചു. നിലവിൽ സെവിയ്യ, അത്ലറ്റിക് ക്ലബ്, വിയ്യാറയൽ ടീമുകൾ ഇരൗലയുടെ അടുത്ത നീകത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു പക്ഷെ അടുത്ത ഒരു സീസണിൽ അദ്ദേഹം കോച്ചിങ്ങിൽ നിന്നും വിട്ടു നിന്നാലും അത്ഭുതമില്ലെന്നു മാർക വെളിപ്പെടുത്തുന്നു. ഫെബ്രുവരിയിൽ ലീഡ്സിൽ നിന്നും ഓഫർ ഉണ്ടായിട്ടും അദ്ദേഹം റയോ വയ്യക്കാനോ വിടാൻ തയ്യാറായിരുന്നില്ല.

വിനീഷ്യസിന്റെ ചുവപ്പ് കാർഡ് റദ്ദാക്കി, ഒപ്പം വലൻസിയക്ക് ശിക്ഷയും പിഴയും

വലൻസിയക്ക് എതിരായ മത്സരത്തിൽ വംശീയ അധിക്ഷേപങ്ങൾ നേരിടുകയും തുടർന്ന് നടന്ന പ്രതികരണത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്ത വിനീഷ്യസ് ജൂനിയറിന്റെ ചുവപ്പ് കാർഡ് റഫറി ഫെഡറേഷൻ റദ്ദാക്കി. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ താരത്തിന് കളിക്കാൻ ആവും. വിനീഷ്യസ് നേരിട്ട റേസിസവും താരത്തിന് നൽകിയ ചുവപ്പ് കാർഡും ഏറെ വിവാദമായ ശേഷമാണ് നടപടി.

അതേസമയം സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ വലൻസിയക്ക് എതിരെയും നടപടി പ്രഖ്യാപിച്ചു. ആദ്യം കാണികളെ ന്യായീകരിച്ചു രംഗത്ത് എത്തിയ സ്പാനിഷ് അധികൃതർ ഏറെ പ്രതിഷേധത്തിന് ശേഷമാണ് നടപടി എടുത്തത്. 5 മത്സരങ്ങളിൽ വലൻസിയ സ്റ്റേഡിയത്തിൽ ആരാധകരെ ഭാഗികമായി മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിനീഷ്യസിന് വംശീയ ആക്രമണം നേരിട്ട മരിയോ കെമ്പസ്‌ സൗത്ത് സ്റ്റാന്റിൽ ആരെയും പ്രവേശിപ്പിക്കില്ല. ഇതിനു ഒപ്പം 45,000 യൂറോ പിഴയും വലൻസിയ ഒടുക്കണം.

Exit mobile version