വിയ്യാറയൽ പരിശീലകൻ ജോസെ റോഹോ മാർട്ടിൻ “പച്ചേറ്റ” പുറത്ത്. സീസണിൽ മോശം പ്രകടനം തുടരുന്ന ടീം അവസാന മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനോടും തോൽവി വഴങ്ങിയതോടെയാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. 12 മത്സരങ്ങൾ അവസാനിക്കുമ്പോൾ വെറും 3 ജയവുമായി ലാ ലീഗയിൽ 13ആം സ്ഥാനത്താണ് വിയ്യാറയൽ. യൂറോപ്പ ലീഗിൽ വ്യാഴാഴ്ച മക്കബി ഹൈഫക്കെതിരെ നേടിയ ജയവും കോച്ചിനെ തുണച്ചില്ല. മത്സര ശേഷം ആസ്വദിച്ചു പന്ത് തട്ടാൻ ടീമിന് കഴിയുന്നില്ലെന്ന് ആത്മാവിമർഷനവും അദ്ദേഹം നടത്തി.
അതേ സമയം മുൻ വലൻസിയ കോച്ച് മാർസെലിനോയെയാണ് പകരക്കാരനായി വിയ്യാറയൽ ഉന്നമിട്ടിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊയും സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഒളിമ്പിക് മാഴ്സെയുടെ കോച്ചിങ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയ അദ്ദേഹം നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. മാഴ്സെയിൽ ടീം മാനേജ്‌മെന്റിമെതിരായ ആരാധക രോഷം കാരണമായിരുന്നു അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്. വലൻസിയ, അത്ലറ്റിക് ക്ലബ്ബ് ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള മാർസെലിനൊ മുൻപ് 2013 മുതൽ 2016വരെ വിയ്യാറയലിന്റെയും പരിശീലകൻ ആയിരുന്നു. സീസൺ ആരംഭിച്ച ശേഷം വിയ്യാറയൽ പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകൻ ആണ് പച്ചേറ്റ. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം കിക്കെ സെറ്റിയനെ പുറത്താക്കിയാണ് പച്ചേറ്റയെ ക്ലബ്ബ് തന്ത്രങ്ങളോതാൻ എത്തിക്കുന്നത്. എന്നാൽ അദ്ദേഹത്തിനും കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ടു പോയില്ല.
Tag: La Liga
ജൂഡ് തന്നെ താരം; എൽ ക്ലാസിക്കോയിൽ തകർപ്പൻ തിരിച്ചു വരവ് ജയവുമായി റയൽ മാഡ്രിഡ്
ലീഡ് വഴങ്ങിയ ശേഷം തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ തകർപ്പൻ തിരിച്ചു വരവുമായി റയൽ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഡ്രിഡിന്റെ ജയം. ജൂഡ് ബെല്ലിങ്ഹാം തന്നെ റയലിന്റെ രണ്ടു ഗോളുകളും നേടിയപ്പോൾ ഗുണ്ടോഗൻ ബാഴ്‌സയുടെ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്താനും റയലിനായി.
ആദ്യ പകുതിയിൽ ബാഴ്‌സക്ക് ആയിരുന്നു മുൻതൂക്കം. പ്രതീക്ഷകൾക്ക് വിപരീതമായി ശക്തമായ റയൽ മധ്യനിരയെ പിടിച്ചു കെട്ടാനും അവസരങ്ങൾ ഒരുക്കാനും ബാഴ്‌സ മിഡ്ഫീൽഡിനായി. ഫെർമിൻ ലോപസ്, ഗുണ്ടോഗൻ, കാൻസലോ എന്നിവരുടെ പ്രകടനം നിർണായകമായി. വിനിഷ്യസിന് അരോഹോ തടയിട്ടു. ആറാം മിനിറ്റിൽ തന്നെ ബാഴ്‌സ മത്സരത്തിൽ ലീഡ് എടുത്തു. ഫെറാൻ ടോറസുമായി പാസ് ചെയ്തു മുന്നേറാനുള്ള ഗുണ്ടോഗന്റെ ശ്രമം തടയിടാൻ റയൽ പ്രതിരോധം ശ്രമിച്ചെങ്കിലും അലാബയുടെ ടാക്കിൽ ബോസ്‌കിലേക്ക് ഓടിക്കയറിയ ജർമൻ ക്യാപ്റ്റന്റെ കാലുകളിലേക്ക് തന്നെ പന്തെത്തിച്ചു. കെപ്പയേയും മറികടന്ന് ഗുണ്ടോഗൻ പന്ത് വലയിൽ എത്തിച്ചു. താരത്തിന്റെ ബാഴ്‌സക്ക് വേണ്ടിയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ഫെർമിൻ ലോപസിന്റെ മികച്ചൊരു ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. അതേ സമയം റയലിൽ നിന്നും കാര്യമായ അവസരങ്ങൾ ഉണ്ടായില്ല. റുഡിഗറുടെ ലോങ് റേഞ്ചറും ക്രൂസിന്റെ മികച്ചൊരു പാസിൽ കർവഹാളിന്റെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചതും ആയിരുന്നു റയലിന്റെ മികച്ച അവസരങ്ങൾ.
രണ്ടാം പകുതിയിൽ മാഡ്രിഡ് തിരിച്ചു വരവിന്റെ സൂചനകൾ നൽകി. തുടക്കത്തിൽ റോഡ്രിഗോക്ക് ലഭിച്ച അവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഇനിഗോയുടെ ഹെഡർ ശ്രമം പോസ്റ്റിലിടിച്ചു മടങ്ങിയപ്പോൾ പിറകെ അരോഹോയുടെ ശ്രമം കെപ്പ തടഞ്ഞു. ക്രൂസിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞു. കാൻസലോയുടെ ഷോട്ട് റയൽ പ്രതിരോധം തടയിട്ടു. ചൗമേനിയുടെ ഷോട്ടും കീപ്പർ കൈക്കലാക്കി. പകരക്കാരനായി മോഡ്രിച്ച് എത്തിയതോടെ മാഡ്രിഡ് പൂർണമായും ആധിപത്യം പുലർത്തി. 68ആം മിനിറ്റിൽ റയൽ സമനില ഗോൾ കണ്ടെത്തി. റയലിന്റെ മുന്നേറ്റം ക്ലിയർ ചെയ്യനുള്ള ശ്രമം ബോക്സിന് പുറത്തു അവസരം കാത്തിരുന്ന ബെല്ലിങ്ഹെലിന്റെ കാലുകളിലേക്ക് പന്തെത്തിച്ചപ്പോൾ താരത്തിന്റെ തകർപ്പൻ ഒരു ലോങ് റേഞ്ചർ റ്റെർ സ്റ്റഗന് യാതൊരു അവസരവും നൽകാതെ വലയിലേക്ക് തന്നെ പതിച്ചു. പിന്നീട് റാഫിഞ്ഞയും ലെവെന്റോവ്സ്കിയും കളത്തിൽ എത്തിയതോടെ ബാഴ്‌സയും പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇതോടെ ഇരു ഭാഗത്തേക്കും പന്ത് തുടർച്ചായി എത്തി. ഇഞ്ചുറി ടൈമിൽ ജൂഡ് തന്നെ റയലിന്റെ വിജയ ഗോൾ കണ്ടെത്തി. കർവഹാളിന്റെ ക്രോസിൽ കൃത്യമായി ബോക്സിലേക്ക് എത്തിയ താരത്തെ തടയാൻ പ്രതിരോധ താരങ്ങൾക്ക് പിഴച്ചപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. ഇതോടെ റയൽ മൂന്ന് പോയിന്റും സ്വന്തമാക്കി.
ഒന്നാമതെത്താൻ റയൽ, തോൽവി അറിയാതെ ബാഴ്‌സ; ആവേശപോരാട്ടമാകാൻ സീസണിലെ ആദ്യ എൽ ക്ലാസിക്കോ
സീസണിലെ ആദ്യ എൽ ക്ലാസികോക്ക് ബാഴ്‌സലോണയുടെ നിലവിലെ സ്റ്റേഡിയമായ മോൻഡ്വിക് തട്ടകം ഒരുക്കുമ്പോൾ പോയിന്റ് ടേബിളിൽ മുന്നോട്ട് കുതിക്കാൻ ഉന്നം വെച്ച് റയൽ മാഡ്രിഡും ബാഴ്‌സയും. ഒരു പോയിന്റ് മാത്രമാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഇന്ന് പുലർച്ചെ ജയം കണ്ട ജിറോണ തന്നെയാണ് ലീഗിൽ ഒന്നാമത്. ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് തിരികെ എത്താനുള്ള സുവർണാവസരമാണ് ആൻസലോട്ടിക്കും സംഘത്തിനും എങ്കിൽ തോൽവി അറിയാതെയുള്ള കുതിപ്പ് തുടർന്ന് മുന്നോട്ടു കുതിക്കാൻ ആവും സാവിയുടെ ഉന്നം. ജയിച്ചാലും ഒന്നമതെത്താൻ ബാഴ്‌സക്ക് സാധിക്കില്ലെങ്കിലും എൽ ക്ലാസിക്കോ ഫലം സീസണിൽ നിർണായകമാകും എന്ന കാര്യത്തിൽ സംശയമില്ല. ശനിയാഴ്ച്ച വൈകീട്ട് ഏഴേ നാല്പത്തിയഞ്ചിനാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.
സീസണിൽ മുന്നേ കുതിക്കുന്ന റയലിന്റെ മധ്യനിരയിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങുന്ന ജൂഡ് ബെല്ലിങ്ഹാം തന്നെയാണ് മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സീസണിൽ റെക്കോർഡ് ഗോൾ സ്കോറിങ് നടത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ ആദ്യ എൽ ക്ലാസിക്കോയിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പ്. കൂടാതെ റോഡ്രിഗോയും ഗോൾ കണ്ടെത്തി കഴിഞ്ഞത് ആൻസലോട്ടിക്ക് ആശ്വാസം പകരും. പലപ്പോഴും ഗോളടിയിൽ ബെല്ലിങ്ഹാമിനെ മാത്രം ആശ്രയിക്കുന്നത് വമ്പൻ മത്സരങ്ങളിൽ തിരിച്ചടി ആവാതിരിക്കാൻ മറു തന്ത്രങ്ങൾ മെനയാനും ആൻസലോട്ടി ശ്രമിച്ചേക്കും. മുഖ്യ താരങ്ങൾ ഒന്നും ബാഴ്‌സ മധ്യ നിരയിൽ ഉണ്ടായേക്കില്ല എന്നതിനാൽ മത്സരം ഈ മേഖലയിൽ നിയന്ത്രിക്കാനും റയൽ തയ്യാറായേക്കും. ക്രൂസും മോഡ്രിച്ചും വാൽവെർടെയും ചൗമേനിയും കമാവിംഗയും ചേരുന്ന റയൽ മിഡ്ഫീൽഡിൽ ആരെയൊക്കെ ആൻസലോടി ആദ്യ ഇലവനിൽ ഇറക്കും എന്നതും കണ്ടറിയേണ്ടതാണ്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മെന്റി തന്നെ എത്തും എന്ന് ആൻസലോട്ടി സൂചന നൽകിയതോടെ പതിവ് സൂപ്പർ സബ്ബ് റോളിൽ തന്നെ ആവും കമാവിംഗ എത്തുക. പിൻനിരയിൽ എഡർ മിലിറ്റാവോയുടെ അഭാവത്തിലും റുഡിഗർ, അലാബ എന്നിവരും റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാളും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. നാച്ചോയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പോസ്റ്റിന് കീഴിൽ കെപ്പ തന്നെ എത്തും. വിനിഷ്യസ്, റോഡ്രിഗോ എന്നിവരെ മുൻ നിർത്തിയുള്ള പതിവ് ശൈലി തന്നെ ആവും ആൻസലോട്ടി മത്സരത്തിൽ പരീക്ഷിക്കുക. പരിക്കേറ്റിരുന്ന അർദ ഗുലർ പരിശീലനം പുനരാരംഭിച്ചിരുന്നെങ്കിലും ടീമിൽ ഉൾപ്പെട്ടിട്ടില്ല. പതിവ് പോലെ വിനിഷ്യസിന്റെ കുതിപ്പുകൾ തന്നെ ആവും റയൽ മുന്നേറ്റങ്ങളുടെ ആണിക്കല്ലാകാൻ പോകുന്നത്.
അതേ സമയം പരിക്കിന്റെ പിടിയിൽ ശ്വാസം മുട്ടുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ മത്സരങ്ങളിൽ യുവതാരങ്ങളുടെ മികവിൽ ജയം കണ്ട ടീമിന് വമ്പൻ പോരാട്ടത്തിൽ എന്ത് തന്ത്രം മെനയാൻ സാധിക്കും എന്നത് നിർണായകമാണ്. റയലിന്റെ അതി ശക്തമായ മധ്യനിരക്ക് ഒപ്പം നിൽക്കാൻ ഗവിക്കും റോമേയുവിനും ഒപ്പം ഗുണ്ടോഗന്റെ പരിചയസമ്പത്തും കൂടി ചേരുമ്പോൾ ബാഴ്‌സക്ക് സാധിച്ചേക്കും. സീസണിൽ തകർപ്പൻ ഫോമിലാണ് എന്ന് ഗവി പല തവണ തെളിയിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ പെഡ്രിയുടെ അഭാവം ടീമിൽ അത്ര പ്രകടമവില്ല എന്നാവും സാവിയും കരുതുന്നത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ആരൊക്കെ എത്തുമെന്ന് ടീം പ്രഖ്യാപിക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ. പരിക്ക് മാറി ലെവെന്റോവ്സ്കി ആദ്യ ഇലവനിൽ എത്തിയേക്കും എന്ന് തന്നെയാണ് അവസാന വട്ട സൂചനകൾ. അതേ സമയം റാഫിഞ്ഞ, ഡിയോങ് എന്നിവരുടെ കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇവരെ കളത്തിൽ ഇറക്കാൻ മെഡിക്കൽ ടീമിന്റെ അനുമതിക്ക് വേണ്ടി അവസാന നിമിഷം വരെ കാത്തിരിക്കാൻ ആണ് സാവിയുടെ തീരുമാനം എന്നറിയുന്നു. വലത് ബാക്ക് സ്ഥാനത്ത് ആരെത്തും എന്നും ഇതിന് ശേഷമേ അറിയാൻ സാധിക്കൂ. പതിവ് പോലെ വിനിഷ്യസിനെ പൂട്ടേണ്ടത് അത്യാവശ്യം ആണെങ്കിലും കാൻസലോയെ തന്നെ ഈ സ്ഥാനത്ത് ആശ്രയിക്കാൻ സാവി തുനിഞ്ഞെക്കും. കഴിഞ്ഞ മുഖാമുഖങ്ങളിൽ എല്ലാം അരോഹോ ഈ ചുമതല വഹിച്ചു വരികയായിരുന്നു. അത് കൊണ്ട് പ്രതിരോധത്തിൽ കാര്യമായി സംഭാവന ചെയുന്ന റാഫിഞ്ഞക്ക് കളത്തിൽ ഇറങ്ങാൻ കഴിഞ്ഞാൽ കാൻസലോയെ തന്നെ റൈറ്റ് ബാക്ക് സ്ഥാനത്ത് എത്തിച്ച് ബാഴ്‌സക്ക് തന്ത്രം മെനയാം. സീസണിൽ മികച്ച പ്രകടനം നടത്തുന്ന ജാവോ ഫെലിക്സിന്റെ സാന്നിധ്യവും മത്സരത്തിൽ നിർണായകമാവും. എതിർ ബോസ്‌കിനുള്ളിൽ അപകടം വിതക്കാനുള്ള താരത്തിന്റെ കഴിവ് റയലിന് വലിയ തലവേദന സൃഷ്ടിച്ചേക്കും. ഇനിഗോ മാർട്ടിനസും ക്രിസ്റ്റൻസനും ഫോമിൽ ആണെങ്കിലും കഴിഞ്ഞ മത്സരം കൂടുതൽ സമയം കളത്തിൽ ഉണ്ടായ ഇനിഗോക്ക് സാവി വിശ്രമം അനുവദിച്ചെക്കും. താരം പകരക്കാരനായും എത്തിയേക്കും. ഫെർമിൻ ലോപസ് ആണ് മറ്റൊരു ശ്രദ്ധേയ താരം. പ്രീ സീസൺ എൽ ക്ലാസിക്കോയിൽ ഒന്നാന്തരമോരു ഗോളുമായി വരവരിയിച്ച താരം, ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ബാഴ്‌സക്ക് വേണ്ടി തകർപ്പൻ കളി കെട്ടഴിച്ച ശേഷമാണ് എത്തുന്നത്. അപ്രതീക്ഷിത സ്ഥാനങ്ങളിൽ നിന്നും ഷോട്ട് ഉതിർക്കാൻ കഴിവുള്ള താരത്തെ സാവിക്ക് നിർണായക അവസരങ്ങളിൽ പകരക്കാരനായി കളത്തിൽ ഇറക്കാനും സാധിക്കും. ലമീൻ യമാലിനും ലോകത്തിന് മുന്നിൽ തന്റെ പ്രതിഭ അറിയിക്കാനുള്ള മറ്റൊരു അവസരമാണ് ഈ എൽ ക്ലാസിക്കോ. എല്ലാത്തിനും പുറമെ പോസ്റ്റിന് കീഴിൽ ക്യാപ്റ്റൻ റ്റെർ സ്റ്റഗന്റെ ഫോമും ടീമിന് ഊർജം പകരും.
പരിക്കേറ്റ താരങ്ങളിൽ ചിലക്കെങ്കിലും തിരിച്ചു വരാൻ സാധിച്ചാൽ അത് ബാഴ്‌സക്ക് നല്കുന്ന ഊർജം ചെറുതാകില്ല. റാഫിഞ്ഞയുടെയും ഡിയോങ്ങിന്റെയും സാന്നിധ്യം തന്നെ ഇതിൽ നിർണായകം. സാവിയുടെ മുഴുവൻ തന്ത്രങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ളവരാണ് ഇവർ. ഡി യോങ് മദ്യനിരയിൽ എത്തിയാൽ കരുത്തുറ്റ റയൽ മിഡ്ഫീൽഡിന് ഒപ്പത്തിനൊപ്പം നിൽക്കാൻ ബാഴ്‌സക്ക് സാധിക്കും. അല്ലാത്ത പക്ഷം ഒരു പക്ഷെ മത്സര ഗതി തീരുമാനിക്കുന്നതും മധ്യനിര തന്നെ ആവും. ഗോളടിയാണ് റയൽ ശ്രദ്ധിക്കേണ്ട മേഖല. പല നിർണായ ഘട്ടങ്ങളിലും ബെല്ലിങ്ഹാമിന്റെ മികവ് കൊണ്ട് രക്ഷപ്പെട്ട ടീം സെവിയ്യക്കെതിരെ ഗോൾ നേടാനാവാതെ പതറിയതും ആൻസലോട്ടിക്ക് വിഷമം സൃഷ്ടിക്കും. അതേ സമയം അത്ലറ്റിക് ക്ലബ്ബിനെതിരെ മാർക് ഗ്യുവിന്റെ ഗോളിൽ രക്ഷപ്പെട്ട ബാഴ്‌സക്ക് ലെവെന്റോവ്സ്കിയുടെ തിരിച്ചു വരവ് വലിയ ഊർജമാകും. കൂടാതെ റാഫിഞ്ഞ കൂടി എത്തിയാൽ മുന്നെത്തിൽ ഗോൾ കണ്ടെത്താനുള്ള സാധ്യതകൾ കൂടും. പതിവ് പോലെ വാൽവെർടെ, ചൗമേനി, ക്രൂസ്, മോഡ്രിച്ച് എന്നിവരുടെ ബോക്സിന് പുറത്തു നിന്നും ഗോൾ തേടിയുള്ള ഷോട്ടുകൾക്കും ആൻസലോടി അനുമതി നൽകും. ഇതോടെ റോമേയുവിനും ഗുണ്ടോഗനും കാര്യമായി തന്നെ ഇവർക്ക് തടയിടാൻ മെനക്കെടേണ്ടി വരും. ആദ്യ ഇലവനിൽ എത്തിയാലും ലെവെന്റോവ്സ്കി മുഴുവൻ സമയം കളിക്കില്ലെ ബാക്കിയുള്ള സമയം സാവി എന്ത് തന്ത്രമാണ് മനസിൽ കാണുന്നത് എന്നതും ഉറ്റു നോക്കേണ്ടതാണ്. പതിവ് പോലെ സ്പോട്ടിഫൈയുടെ എൽ ക്ലാസിക്കോ സ്‌പെഷ്യൽ ജേഴ്‌സി ആയാവും ബാഴ്‌സ ഇറങ്ങുക. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ആരാവും പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുക എന്ന് നിശ്ചയിക്കാൻ കെൽപ്പുള്ള മത്സരം ആണ് ഇതെന്നതിനാൽ ഇരു ടീമുകളും മുഴുവൻ ശക്തിയും സംഭരിച്ച് തന്നെ മത്സരത്തിന് അണിനിരക്കും.
അരങ്ങേറ്റത്തിൽ ഗോളുമായി പതിനെഴുകാരൻ ഗ്യൂ; അത്ലറ്റിക്കിനെ കീഴടക്കി ബാഴ്‌സലോണ
സീനിയർ ടീം അരങ്ങേറ്റം അവിസ്മരണീയമാക്കിയ പതിനെഴുകാരനായ മുന്നേറ്റ താരം മാർക് ഗ്യൂ നേടിയ ഏക ഗോളിന്റെ ബലത്തിൽ അത്ലറ്റിക് ക്ലബ്ബിനെ വീഴ്ത്തി ബാഴ്‌സലോണ. ഭൂരിഭാഗം സമയവും ഗോൾരഹിതമായ മത്സരത്തിൽ പത്തു മിനിറ്റോളം ശേഷിക്കേ താരം ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനും ജിറോണക്കും തൊട്ടു പിറകിൽ മൂന്നാം സ്ഥാനത്ത് എത്താനും ബാഴ്‌സക്കായി. അത്ലറ്റിക് ക്ലബ്ബ് അഞ്ചാമത് തുടരുകയാണ്. ഇതോടെ അടുത്ത വാരം നടക്കുന്ന എൽ ക്ലാസിക്കോയും നിർണായകമായി.
ലെവെന്റോവ്സ്കിയുടെ അഭാവത്തിൽ ജാവോ ഫെലിക്സിനെ മുൻ നിർത്തിയാണ് ബാഴ്‌സ കളത്തിൽ എത്തിയത്. ഇരു ഭാഗത്തും ഗോൾ നേടാൻ അവസരങ്ങൾ പിറന്നെങ്കിലും കീപ്പർമാരുടെ മികവിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. തുടക്കത്തിൽ ഇനാകി വില്യംസിന്റെ ഷോട്ട് കൈക്കലാക്കിയ റ്റെർ സ്റ്റഗൻ താരത്തിന്റെ മറ്റൊരു തകർപ്പൻ ശ്രമം പോസ്റ്റിന് മുകളിലൂടെ തട്ടിയിട്ടു. ബാൾടെയുടെ പാസിൽ ബോക്സിനുള്ളിൽ നിന്നും ഫെർമിന്റെ ഷോട്ട് ഉനയ് സൈമൺ തടുത്തു. ജാവോ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചു. തന്റെ മുൻ ക്ലബ്ബിനെതിരെ ആദ്യ ഇലവനിൽ എത്തിയ ഇനിഗോ മാർട്ടിനസും നിർണായ ബ്ലോക്കുകൾ നടത്തി. ഇടവേളക്ക് മുൻപായി നിക്കോ വില്യംസിന്റെ ശ്രമം തടഞ്ഞ് റ്റെർ സ്റ്റഗൻ ബാഴ്‌സയുടെ രക്ഷകനായി.
രണ്ടാം പകുതിയിൽ ബാഴ്‌സ കൂടുതൽ ലക്ഷ്യ ബോധം കാണിച്ചു. എങ്കിലും ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഫെലിക്‌സിന്റെ ശ്രമം തടഞ്ഞ ഉനയ്, പിറകെ ഫെർമിനും അവസരം നൽക്കാതെ പന്ത് തട്ടിയകറ്റി. ഫെലിക്‌സ് ഒരുക്കിയ മികച്ചൊരു അവസരത്തിൽ ലമീന്റെ ഷോട്ട് ഇഞ്ചുകൾ അകന്ന് പോയി. കാൻസലോയുടെ ഷോട്ട് ഉനയ് തട്ടിയകറ്റി. അത്ലറ്റികിന് ആദ്യ പകുതിയിലെന്ന പോലെ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. പിന്നീട് പകരക്കാരനായി എത്തിയ മാർക് ഗ്യൂ മത്സരം മാറ്റി മറിച്ചു. കളത്തിൽ ഇറങ്ങി ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലെടുത്തു. ജാവോ ഫെലിക്സിന്റെ ത്രൂ ബോളുമായി ബോസ്‌കിലേക്ക് കയറിയ താരം തന്റെ അരങ്ങേറ്റത്തിലെ ആദ്യ മുന്നേറ്റത്തിൽ തന്നെ വല കുലുക്കി. 79ആം മിനിറ്റിലാണ് ഗോൾ പിറന്നത്. പിന്നീട് ലമീന്റെ ക്രോസിൽ നിന്നും ഫെലിക്സിന്റെ ഹെഡർ കീപ്പർ തട്ടിയകറ്റി. പിന്നീട് ഇരു ഭാഗത്തും അവസരങ്ങൾ പിറക്കാതെ പോയതോടെ മത്സരം ബാഴ്‌സ സ്വന്തമാക്കി.
ഡീഗോ അലോൻസോക്ക് കീഴിൽ പുതിയ തുടക്കം; റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ
ലാ ലീഗയിൽ റയൽ മാഡ്രിഡിന് തിരിച്ചടി നൽകി സമനിലയിൽ തളച്ച് സെവിയ്യ. പുതിയ കോച്ച് ഡീഗോ അലോൻസോക്ക് കീഴിൽ മികച്ച കളി പുറത്തെടുത്ത സെവിയ്യയും മാഡ്രിഡും ഓരോ ഗോൾ വീതമടിച്ചു പിരിയുകയായിരുന്നു. മാഡ്രിഡിന് വേണ്ടി കർവഹാൾ വല കുലുക്കിയപ്പോൾ സെവിയ്യയുടെ ഗോൾ അലബയുടെ സെൽഫ് ഗോൾ ആയിരുന്നു. പോയിന്റ് നഷ്ടമായെങ്കിലും റയലിന്റെ ഒന്നാം സ്ഥാനത്തിന് തൽക്കാലം ഇളക്കം തട്ടില്ല.
ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ പിറന്നെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല. തുടക്കത്തിൽ തന്നെ മാഡ്രിഡ് രണ്ടു തവണ എതിർ വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. നാലാം മിനിറ്റിൽ വാൽവെർടേയുടെ ഗോൾ ജൂഡ് ബെല്ലിങ്ഹാമിന്റെ ഓഫ്സൈഡ് മൂലം തള്ളികളഞ്ഞു. ഏഴാം മിനിറ്റിൽ ബെല്ലിങ്ഹാം കൗണ്ടർ നീക്കത്തിൽ വല കുലുക്കി എങ്കിലും ഒകാമ്പോസിനെ റുഡിഗർ വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചിരുന്നു. 23 ആം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും റകിറ്റിച്ചിന്റെ ശ്രമം കെപയെ കീഴടക്കി എങ്കിലും ഗോൾ ലൈൻ സേവുമായി കർവഹാൾ ടീമിന്റെ രക്ഷകനായി. പിറകെ ഒകാമ്പോസിന്റെ ശ്രമം കെപ്പ തട്ടിയകറ്റി. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നും അലാബയുടെ ഷോട്ടിന് സെർജിയോ റാമോസ് തടയിട്ടു. റൂഡിഗറുടെ മികച്ചൊരു ലോങ് പാസിൽ വിനിഷ്യസ് നേരെ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും കീപ്പർ തട്ടിയകറ്റി.
രണ്ടാം പകുതിയിലും ടീമുകൾ അവസരങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും കയ്യങ്കാളിയിലേക്കും തിരിഞ്ഞ മത്സരം ആവേശകരമായി. കർവഹാളിന്റെ ക്രോസിൽ നിന്നും റോഡ്രിഗോയുടെ ശ്രമം കീപ്പർ തടഞ്ഞു. ടോണി ക്രൂസിന്റെ ശക്തമായ ഷോട്ടിന് റാമോസ് തടയിട്ടു. ഒകാമ്പോസിന്റെ ഹെഡർ കെപ സേവ് ചെയ്തു.74ആം മിനിറ്റിൽ സെവിയ്യ ലീഡ് എടുത്തു. ആകൂന്യയുടെ ക്രോസ് തടയാനുള്ള അലാബയുടെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. എന്നാൽ വെറും നാലു മിനിറ്റിനു ശേഷം റയൽ സമനില ഗോളും കണ്ടെത്തി. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നും കർവഹാൾ മികച്ചൊരു ഹെഡറുമായാണ് ഗോൾ കണ്ടെത്തിയത്. 80ആം മിനിറ്റിൽ റാമോസിന്റെ തകർപ്പൻ ഹെഡർ കെപ്പ സേവ് ചെയ്തു. അവസാന നിമിഷം ക്രൂസിന്റെ ഫ്രീക്കിക് കീപ്പറുടെ കൈകളിൽ അവസാനിച്ചു.
ഡീഗോ അലോൺസോ ഇനി സെവിയ്യക്ക് തന്ത്രങ്ങളോതും, മെന്റിലിബാറിനും മടക്കം
സീസണിലെ മോശം തുടക്കത്തിന് പിറകെ പുതിയ പരിശീലകനെ എത്തിച്ച് സെവിയ്യ. മുൻ ഉറുഗ്വെ ദേശിയ ടീം പരിശീലകൻ ആയിരുന്ന ഡീഗോ അലോൺസോയെയാണ് യൂറോപ്പ ലീഗ് ചാമ്പ്യന്മാർ എത്തിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം ഒരു വർഷത്തിനുള്ളിൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ പരിശീലകൻ ആണ് അലോൺസോ. സീസൺ അവസാനിക്കുന്നത് വരെയാണ് 48കാരന് കരാർ നൽകിയിരിക്കുന്നത്.
നേരത്തെ സെവിയ്യയെ യൂറോപ്പ ലീഗ് കിരീടം ഉയർത്താൻ സഹായിച്ചെങ്കിലും പുതിയ സീസണിൽ ഒട്ടും ആശാവഹമായ തുടക്കമല്ല മെന്റിലിബാറിന് ലഭിച്ചിരുന്നത്. എട്ട് മത്സരങ്ങളിൽ നിന്നും വെറും 8 പോയിന്റുമായി തരം താഴ്ത്തൽ മേഖലയിൽ നിന്നും വെറും രണ്ടു പോയിന്റ് മാത്രം അകലെയാണ് ക്ലബ്ബ്. കുറഞ്ഞ കാലമെങ്കിലും വളരെയധികം കഠിനമായിരുന്നു കഴിഞ്ഞ മാസങ്ങൾ എന്ന് മെന്റിലിബാർ തന്റെ വിടവാങ്ങൽ കുറിപ്പിൽ അറിയിച്ചു. ക്ലബ്ബിനും ആരാധകർക്കും താരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. സെവിയ്യക്ക് എന്നും തന്റെ ഹൃദയതത്തിലാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഇന്റർ മയാമി പരിശീലകൻ കൂടിയായ ഡീഗോ അലോൻസോയുടെ ആദ്യ യുറോപ്യൻ വെല്ലുവിളിയാണ് സെവിയ്യ. നേരത്തെ പരാഗ്വെ, മെക്സിക്കോ തുടങ്ങിയ ലീഗുകളിൽ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഇദ്ദേഹം 2019ലാണ് ഇന്റർ മയാമി പരിശീലകൻ ആവുന്നത്. പിന്നീട് 2021ൽ ഉറുഗ്വെ ദേശിയ ടീമിന്റെ ചുമതലയും ഏറ്റെടുത്തു. എന്നാൽ ലോകക്കപ്പിലെ മോശം പ്രകടനത്തിന് പിറകെ ടീം വിട്ടു. മുൻപ് താരമെന്ന നിലയിൽ വലൻസിയ, അത്ലറ്റികോ മാഡ്രിഡ്, റെസിങ് , മലാഗ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വരവ്; ഗ്രനാഡക്കെതിരെയും സമനിലയിൽ കുരുങ്ങി ബാഴ്‌സലോണ
ലാ ലീഗയിൽ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി ബാഴ്‌സലോണ. സീസണിലെ മൂന്നാം സമനില വഴങ്ങിയ ടീം, ഇന്ന് ഗ്രനാഡയുമായി രണ്ടു ഗോളുകൾ വീതമടിച്ചു പിരിയുകയായിരുന്നു. ലമീൻ യമാൽ, സെർജി റോബർട്ടോ എന്നിവർ ബാഴ്‌സക്കായി ഗോൾ കണ്ടെത്തി. ഗ്രനാഡയുടെ ഗോളുകൾ ബ്രയാൻ സരഗോസയാണ് കുറിച്ചത്. ഇതോടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒന്നാമതുള്ള റയലിനേക്കാൾ മൂന്ന് പോയിന്റ് പിറകിലാണ്.
നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിൽ ആയതോടെ മുന്നേറ്റത്തിൽ ഫെറാ ടോറസിനെയും മധ്യനിരയിൽ ഫെർമിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. മത്സരം ഇരുപത് സെക്കൻഡ് പിന്നിടിമ്പോഴേക്കും ബാഴ്‌സ വലയിൽ ഗ്രാനഡ പന്തെത്തിച്ചിരുന്നു. ടച്ച് എടുത്ത ബാഴ്‌സയിൽ നിന്നും റാഞ്ചിയെടുത്ത ബോൾ ബോയെ ഓടിക്കയറിയ ബ്രയാൻ സരഗോസക്ക് കൈമാറിയപ്പോൾ താരം ബോക്സിലേക്ക് കയറി തൊടുത്ത ഷോട്ട് റ്റെർ സ്റ്റഗനും തടുക്കാൻ ആയില്ല. പിന്നീട് ഗ്രനാഡ ഡിഫെൻസിലേക്ക് വലിഞ്ഞു. മത്സരം പൂർണമായും അവരുടെ പകുതിയിലേക്ക് ചുരുങ്ങി. ഫെറാൻ ടോറസിന്റെയും ഫെലിക്സിന്റെയും ശ്രമങ്ങൾ തടുത്ത കീപ്പർ ആന്ദ്രേ ഫെരെര, ഡ്രബ്ബിൽ ചെയ്തു കയറി ഗവി തൊടുത്ത ഷോട്ടും തട്ടിയകറ്റി. ബാൾടെ പോസ്റ്റിന് മുന്നിലേക്കായി നൽകിയ ക്രോസിലേക്ക് ഫെറാൻ ടോറസിന് എത്താൻ സാധിച്ചില്ല. ബാഴ്‌സ അവസരങ്ങൾ തുറക്കുന്നതിനിടെ ഗ്രാനഡ വീണ്ടും ഞെട്ടിച്ചു. കൗണ്ടർ നീക്കത്തിൽ ഗുമ്പാവു നൽകിയ മികച്ചൊരു ത്രൂ പാസ് പിടിച്ചെടുത്തു കുതിച്ച ബ്രയാൻ, ഒപ്പം ഓടിയെത്തിയ കുണ്ടേയെ മറികടന്ന ശേഷം അനായാസം വല കുലുക്കി. ജാവോ ഫെലിക്സിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പരിക്കേറ്റ് ജൂൾസ് കുണ്ടേ തിരിച്ചു കയറിയത് ബാഴ്‌സക്ക് വീണ്ടും തിരിച്ചടി ആയി. എന്നാൽ ഇഞ്ചുറി സമയത്ത് ഒരു ഗോൾ തിരിച്ചടിക്കാൻ സാധിച്ചത് ബാഴ്‌സക്ക് ആശ്വാസം നൽകി. ബോക്സിനുള്ളിൽ ജാവോ ഫെലിക്സിന്റെ ഗോൾ ശ്രമം ഗ്രാനഡ താരങ്ങളിൽ തട്ടി ലമീൻ യമാലിന്റെ കാലുകളിൽ എത്തിയപ്പോൾ താരം അനായാസം പന്ത് വലയിൽ എത്തിച്ചു. ഇതോടെ ലാ ലീഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ ആയി മാറാനും ലമീന് സാധിച്ചു.
രണ്ടാം പകുതിയിൽ ബാഴ്‌സലോണ കൂടുതൽ ആധിപത്യം പുലർത്തി. കോർണറിൽ നിന്നെത്തിയ ബോളിൽ ഫെർമിന്റെ ഷോട്ട് കീപ്പർ തടുത്തു. 58ആം മിനിറ്റിൽ ഗ്രാനഡ വീണ്ടും ഗോളിന് അടുത്തെത്തി. ബോയെയുടെ ദേഹത്ത് തട്ടിയ പന്ത് പോസ്റ്റിനെ തൊട്ടിരുമി കടന്നു പോയി. ഗുണ്ടോഗന്റെ ഷോട്ട് കീപ്പർ തടുത്തു. ഫെറാൻ നൽകിയ അവസരത്തിൽ അരോഹോയുടെ ഷോട്ട് പൊസിറ്റിന് ഇഞ്ചുകൾ മാത്രം അകന്ന് പോയി . ഗവിയുടെ ദുർബലമായ ഷോട്ട് കീപ്പർ കൈകളിൽ ഒതുക്കി. 85ആം മിനിറ്റിൽ ബാൾടെയുടെ പാസിൽ നിന്നും സെർജി റോബർട്ടോ സമനില ഗോൾ നേടി. താരത്തിന്റെ ഷോട്ട് കീപ്പർ തടുത്തെങ്കിലും വലയിലേക്ക് തന്നെ പതിച്ചു. പിറകെ ബ്രയാൻ മറ്റൊരു സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. ജാവോ കാൻസലോയുടെ ക്രോസിൽ നിന്നും ജാവോ ഫെലിക്‌സ് വല കുലുക്കി എങ്കിലും നീക്കത്തിനിടയിൽ ഫെറാൻ ടോറസ് ഓഫ് ആയതായി റഫറി വിധിച്ചു. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
പത്തിൽ പത്തുമായി ജൂഡ്; ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് റയൽ മാഡ്രിഡ്
റയൽ മാഡ്രിഡ് ജേഴ്സിയിൽ തന്റെ പത്താം മത്സരത്തിൽ പത്ത് ഗോളുകൾ തികച്ച ജൂഡ് ബെല്ലിങ്ഹാമിന്റെ മിന്നുന്ന ഫോമിന്റെ ബലത്തിൽ ഒസാസുനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്. ഇന്ന് നടന്ന മത്സരത്തിൽ ബെല്ലിങഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ വിനിഷ്യസ്, ജോസെലു എന്നിവരും വല കുലുക്കി. ഇതോടെ ഒന്നാം സ്ഥാനത്ത് രണ്ടു പോയിന്റ് ലീഡോടെ തുടരാനും ആൻസലോട്ടിക്കും സംഘത്തിനും ആയി.
റയൽ തന്നെ തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തി. ഒൻപതാം മിനിറ്റിൽ ജൂഡിലൂടെ സ്കോറിങ് ആരംഭിച്ചു. ബോക്സിനുളിൽ മോഡ്രിച്ചിന്റെ പാസ് സ്വീകരിച്ച കർവഹാൾ മറിച്ചു നൽകിയ പാസ് ജൂഡ് തകർപ്പൻ ഷോട്ടിലൂടെ വലയിൽ എത്തിച്ചു. വിനിഷ്യസിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. മുഴുവൻ സമയത്തിനു തൊട്ടു മുൻപ് സമനില ഗോൾ കണ്ടെത്താനുള്ള സുവർണാവസരം ഒസാസുന തുലച്ചു. മാർക് ചെയ്യപ്പെടാതെ നിന്ന മോൻകയോളയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോസെലുവിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി പോയി. 54ആം മിനിറ്റിൽ ബെല്ലിങ്ഹാം റയൽ ജേഴ്‌സിയിലെ തന്റെ പത്താം ഗോൾ കുറിച്ചു. ബോക്സിന് തൊട്ടു പുറത്തു നിന്നും വാൽവേർടെക്ക് പാസ് കൈമാറി ഓടിക്കയറിയ ജൂഡ്, പന്ത് തിരിച്ചു സ്വീകരിച്ച് കീപ്പറേ അനായാസം മറികടന്ന് വല കുലുക്കി. ഇതോടെ റയലിനായി ആദ്യ പത്ത് മത്സരങ്ങളിൽ പത്ത് ഗോളുകൾ നേടിയ സാക്ഷാൽ ക്രിസ്റ്റ്യാനോക്ക് ഒപ്പം എത്താനും ഇംഗ്ലീഷ് താരത്തിനായി. 65ആം മിനിറ്റിൽ വിനിഷ്യസും ലക്ഷ്യം കണ്ടു. വാൽവെർടേയുടെ പാസ് സ്വീകരിച്ചു കുതിച്ച താരം, കീപ്പറേയും മറികടന്ന് ഒഴിഞ്ഞ പോസിറ്റിലേക്ക് പന്തെത്തിച്ചു. അഞ്ച് മിനിറ്റിനു ശേഷം ജോസെലുവും സ്കോറിങ് പട്ടികയിൽ ഇടം പിടിച്ചു. ചൗമേനി ഉയർത്തി നൽകിയ പാസ് എതിർ ബോക്സിന് തൊട്ടു പുറത്തു നിന്നായി നിയന്ത്രിച്ച വിനിഷ്യസ് ചുറ്റും പൊതിഞ്ഞ എതിർ താരങ്ങൾക്കിടയിലൂടെ ഒരുക്കി നൽകിയ അവസരം ജോസെലു വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ബോക്സിനുള്ളിൽ ബാർഹായുടെ ഹാൻഡ് ബോളിൽ റയലിന് പെനാൽറ്റി ലഭിച്ചെങ്കിലും ജോസെലുവിന്റെ ഷോട്ട് തടുത്തു കൊണ്ട് കീപ്പർ ഒസാസുനയുടെ തോൽവി ഭാരം കൂടാതെ കാത്തു.
മത്സരത്തിന്റെ വിധി നിശ്ചയിച്ച് റാമോസിന്റെ സെൽഫ് ഗോൾ; സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ
സെർജിയോ റാമോസ് സ്വന്തം വലയിൽ എത്തിച്ച സെൽഫ് ഗോൾ നിർണായക മത്സരത്തിന്റെ വിധി നിശ്ചയിച്ചപ്പോൾ ബാഴ്‌സലോണക്ക് സ്വന്തം തട്ടകത്തിൽ വീണ്ടും വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയം കണ്ടെത്തുകയായിരുന്നു. ഇതോടെ താൽക്കാലികമായി ഒന്നാം സ്ഥാനത്തേക്ക് ഉയരാനും സാവിക്കും സംഘത്തിനും ആയി.
ഇരു ടീമുകൾക്കും തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. തുടക്കത്തിൽ തന്നെ പൊസിറ്റിന് മുൻപിൽ വെച്ചു ബാൾടെ നൽകിയ ക്രോസ് ലാമീന് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. ലൂകെബാകിയോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഫെലിക്സിന്റെ ഷോട്ട് കീപ്പർ തടുത്തു. റാകിറ്റിച്ചിന്റെ ലോങ് റേഞ്ചർ റ്റെർ സ്റ്റഗൻ മുഴുനീള ഡൈവിങ്ങിലൂടെ തട്ടിയകറ്റി. ഇരുപതാം മിനിറ്റിൽ കാൻസലോ ഒരു മികച്ച നീക്കത്തിലൂടെ ഒരുക്കി നൽകിയ അവസരത്തിൽ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചു. ബോക്സിനുളിൽ വെച്ചു ഒകമ്പോസിന്റെ ഷോട്ട് ഗവി തടുത്തു. ഇടക്ക് റാഫിഞ്ഞ പരിക്കേറ്റ് പിന്മാറിയത് ബാഴ്‌സക്ക് തിരിച്ചടി ആയി. പകരക്കാരനായി എത്തിയ ഫെർമിൻ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ച വെച്ചത്. പിന്നീട് ലമീൻ മികച്ചൊരു അവസരം നൽകിയെങ്കിലും ഫെർമിന്റെ ദുർബലമായ ഷോട്ട് കീപ്പർ തടുത്തു. ഫ്രീകിക്കുകളിൽ നിന്നും മെനഞ്ഞെടുത്ത അവസരങ്ങളിൽ ഗോൾ കണ്ടെത്താനുള്ള സെവിയ്യയുടെ ശ്രമങ്ങളും ഫലം കണ്ടില്ല.
രണ്ടാം പകുതിയിലും മത്സരം മാറ്റമില്ലാതെ തുടർന്നു. ഫെർമിന്റെ മികച്ചൊരു പാസിൽ നിന്നും ലെവെന്റോവ്സ്കിയുടെ ഷോട്ട് സേവിയ്യ താരങ്ങളിൽ തട്ടി തെറിച്ചു. ഗവിയുടെ ഹെഡർ പോസ്റ്റിനിരുമി കടന്ന് പോയി. ലെവെന്റോവ്സ്കിയുടെ മറ്റൊരു ഷോട്ട് കീപ്പർ സ്ഥാനം തെറ്റി നിൽക്കെ ബാടേ ക്ലിയർ ചെയ്തു. സെവിയ്യക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ ലമേലയുടെ ഹെഡർ പോസ്റ്റിന് ഇഞ്ചുകൾ മാത്രം മാറി കടന്ന് പോയി. 76ആം മിനിറ്റിൽ മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോൾ എത്തി. ഫെറാൻ ടോറസ് നൽകിയ ക്രോസ് ലമീൻ പൊസിറ്റിന് മുന്നിലേക്കായി ഹെഡർ ചെയ്‌തു നൽകിയപ്പോൾ തടയാനുള്ള റാമോസിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. ഇതിനു മുമ്പ് മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം തന്നെയാണ് സെവിയ്യയിലേക്ക് മടങ്ങി എത്തിയ റാമോസ് കാഴ്ച്ച വെച്ചത്. പിന്നീട് സുസോയുടെ മികച്ചൊരു പാസ് സ്വീകരിച്ച് കുതിച്ച ജീസസ് നവാസിന്റെ ശ്രമം പക്ഷെ കുണ്ടേ തടുത്തു. എതിർ താരത്തിൽ നിന്ന് റാഞ്ചിയെടുത്ത ബോളിൽ ഫെറാൻ അവസരം ഒരുക്കിയപ്പോൾ ലെവെന്റോവ്സ്കിയുടെ ഷോട്ട് പ്രതിരോധം തടഞ്ഞു. ഇഞ്ചുറി സമയത്തും കാര്യമായ അവസരം ഒരുക്കാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ ബാഴ്‌സ ജയം സ്വന്തമാക്കി.
റയലിന് “തല” വേദന സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ്; സീസണിലെ ആദ്യ തോൽവി നേരിട്ട് ലോസ് ബ്ലാങ്കോസ്
റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ്. മെട്രോപൊളിറ്റാനൊയിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സിമിയോണിയുടെയും സംഘത്തിന്റെയും വിജയം. അൽവാരോ മൊറാട ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്രീസ്മൻ ടീമിന്റെ മറ്റൊരു ഗോൾ കുറിച്ചു. മൂന്ന് ഗോളുകളും ഹെഡറിലൂടെയാണ് പിറന്നത്. ക്രൂസ് റയലിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റയൽ. അത്ലറ്റികോ അഞ്ചാമതാണ്.
സ്വന്തം തട്ടകത്തിൽ രണ്ടും കല്പിച്ചു തന്നെയാണ് അത്ലറ്റികോ മാഡ്രിഡ് ഇറങ്ങിയത്. ആദ്യ നിമിഷങ്ങളിൽ റയലിന് താളം കണ്ടെത്താനും ആയില്ല. നാലാം മിനിറ്റിൽ തന്നെ മൊറാട എതിർ വലയിൽ പന്തെത്തിച്ചു. ഇടത് വിങ്ങിൽ നിന്നും സാമുവൽ ലിനോയുടെ തകർപ്പൻ ഒരു ക്രോസ് സ്പാനിഷ് സ്‌ട്രൈക്കർ ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഹിമിനസിന്റെ ഹെഡർ ശ്രമം പുറത്തേക്ക് പോയി. 18ആം മിനിറ്റിൽ ഗ്രീസ്മാൻ ലീഡ് ഇരട്ടിയാക്കി. ആദ്യ ഗോളിന്റെ അതേ മാതൃകയിൽ ആയിരുന്നു രണ്ടാം ഗോളും. സൗളിന്റെ ക്രോസിൽ നിന്നും ഗ്രീസ്മാൻ ഹെഡർ ഉതിർത്ത് ഗോൾ കണ്ടെത്തുകയായിരുന്നു. ലൊറന്റെയുടെ പാസിൽ നിന്നും ബോക്സിനുള്ളിൽ സൗളിന്റെ ശ്രമം തടഞ്ഞു കൊണ്ട് കെപ റയലിനെ മത്സരത്തിൽ നിലനിർത്തി. 35ആം മിനിറ്റിൽ ക്രൂസിലൂടെ റയൽ സമനില ഗോൾ കണ്ടെത്തി. ബോക്സിന് തൊട്ടു പുറത്തു വെച്ചും പന്ത് ലഭിച്ച താരം ലോറന്റെയെ ഡ്രിബിൾ ചെയ്ത ശേഷം തൊടുത്ത ശക്തിയേറിയ ഷോട്ട് ഒബ്ലാക്കിന് പിടി കൊടുക്കാതെ വലയിൽ പതിച്ചു. ഇതോടെ ഊർജം വീണ്ടെടുത്ത റയൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. അത്ലറ്റികോ പ്രതിരോധം പലപ്പോഴും വിറക്കാനും തുടങ്ങി. ആദ്യ പകുതിയുടെ മുഴുവൻ സമയത്തിന് തൊട്ടു മുൻപ് കമാവിംഗ പന്ത് വലയിൽ എത്തിച്ചെങ്കിലും നീക്കത്തിനിടയിൽ ബെല്ലിങ്ഹാമിന്റെ ക്രോസ് ബോക്സിലേക്ക് വരവെ റൂഡിഗർ ഓഫ്‌സൈഡ് ആയിരുന്നതായി റഫറി പ്രഖ്യാപിച്ചു. താരം പന്തിൽ ടച്ച് എടുത്തില്ലെന്ന് മാഡ്രിഡ് താരങ്ങൾ പ്രതിഷേധം ഉയർത്തി എങ്കിലും റഫറി ചെവി കൊണ്ടില്ല. പിന്നീട് റോഡ്രിഗോയെ വീഴ്ത്തിയതിന് ഹിമിനസ് മഞ്ഞക്കാർഡ് കണ്ടു.
രണ്ടാം പകുതിയിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ എത്തിയത്. മോഡ്രിച്ചിന് പകരം ഹോസെലു കളത്തിൽ എത്തി. 46ആം മിനിറ്റിൽ തന്നെ മൊറാട അത്ലറ്റികോയുടെ ലീഡ് തിരിച്ചു പിടിച്ചു. ഗ്രീസ്മാന്റെ പസ് സ്വീകരിച്ച് സൗൾ തൊടുത്ത ക്രോസിൽ നിന്നും ഒരിക്കൽ കൂടി ഹെഡറിലൂടെ മൊറാട വല കുലുക്കി. പിന്നീട് ഹെർമോസോയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. ചൗമേനി അടക്കം അൻസലോട്ടി മാറ്റങ്ങൾ കൊണ്ടു വന്നതോടെ റയൽ മത്സരം പതിയെ നിയന്ത്രണത്തിൽ ആക്കി. എന്നാൽ അത്ലറ്റികോ പ്രതിരോധം ഉറച്ചു തന്നെ നിന്നു. റൂഡിഗറുടേയും ചൗമേനിയുടെയും ഷോട്ടുകൾ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയപ്പോൾ ബ്രാഹീം ഡിയാസിന്റെ ശ്രമം കീപ്പർ തടുത്തു. അവസാന നിമിഷം കൊറിയയെ ഫൗൾ ചെയ്തതിന് ബെല്ലിങ്ഹാം മഞ്ഞക്കാർഡും നേടി.
തുടരുന്ന “ജാവോ” എഫക്റ്റ്, ഇരട്ട ഗോളുമായി ലെവെന്റോവ്സ്കി; ഗംഭീര തിരിച്ചു വരവിൽ മൂന്ന് പോയിന്റ് പോക്കറ്റിലാക്കി ബാഴ്‌സലോണ
തോൽവി കണ്മുൻപിൽ കണ്ട നിമിഷങ്ങളിൽ നിന്നും വിരോചിതമായ തിരിച്ചു വരവുമായി ബാഴ്‌സലോണ. ഇന്ന് സ്വന്തം തട്ടകത്തിൽ സെൽറ്റ വീഗോയെ നേരിട്ട സാവിയും സംഘവും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം കാണുകയായിരുന്നു. രണ്ടു ഗോളുകൾ വഴങ്ങി പിറകിൽ പോയ ശേഷം അവസാന പത്ത് മിനിറ്റിൽ ആയിരുന്നു ലീഗ് ചാംപ്യന്മാരുടെ തിരിച്ചു വരവ്. ലെവെന്റോവ്സ്കി ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ ജാവോ കാൻസലോ വിജയ ഗോൾ നേടി. അസിസ്റ്റുമായി ഫെലിക്‌സും തിളങ്ങിയപ്പോൾ പോർച്ചുഗീസ് താരങ്ങളുടെ പ്രകടനം ബാഴ്‌സയിൽ ഒരിക്കൽ കൂടി നിർണായകമായി.
അഞ്ച് പ്രതിരോധ താരങ്ങളുമായി കൃത്യമായ പദ്ധതിയോടെയാണ് റാഫേൽ ബെനിറ്റ്സ് ടീമിനെ അണിനിരത്തിയത്. അവസരങ്ങൾ ഒരുക്കി എടുക്കാൻ ബാഴ്‌സ നന്നേ പാടുപെട്ടപ്പോൾ കൗണ്ടറിലൂടെ എതിർ ഗോൾ മുഖത്ത് തുടർച്ചയായ അപകടം സൃഷ്ടിക്കാൻ സെൽറ്റക്കായി. ബാഴ്‌സ തന്നെ പന്ത് കൈവശം വെച്ച തുടക്കത്തിലെ മിനിട്ടുകൾക്ക് ശേഷം പക്ഷെ ലക്ഷ്യത്തിന് നേരെ ആദ്യ ഷോട്ട് വന്നത് ഇയാഗോ ആസ്പാസിലൂടെ ആയിരുന്നു. താരത്തിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തട്ടിയകറ്റി. പിറകെ വന്ന കോർണർ ക്ലിയർ ചെയ്യാൻ സാധിച്ചെങ്കിലും ഗോൾ തടുക്കാൻ ബാഴ്‌സക്കായില്ല. തികച്ചും മാർക്ക് ചെയ്യപ്പെടാതെ ഇരുന്ന ലാർസൻ ബോസ്‌കിന്റെ ഇടത് ഭാഗത്ത് നിന്നും തൊടുത്ത ഷോട്ട് വലയിൽ പതിച്ചു.19ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ഇതോടെ സെൽറ്റയുടെ കൗണ്ടർ നീക്കങ്ങൾ ശക്തിയാർജിച്ചു. ഇത്തരമൊരു നീക്കത്തിൽ സെൽറ്റ ഗോളിന് അടുത്തെത്തിയെങ്കിലും ബോക്സിനുള്ളിൽ ബംമ്പയുടെ പാസ് അലോൻസോ ക്ലിയർ ചെയ്തു. ഗുണ്ടോഗന്റെ നൽകിയ അവസരത്തിൽ ഫെലിക്സിന് ലക്ഷ്യം കാണാൻ ആയില്ല. ലാർസന്റെ ഹെഡർ ശ്രമം റ്റെർ സ്റ്റഗൻ തടഞ്ഞു. പിറകെ ബംമ്പയുടെ ഷോട്ട് തടുത്ത് റോമേയു കൂടുതൽ ലീഡ് വഴങ്ങാതെ ബാഴ്‌സയെ കാത്തു.
രണ്ടാം പകുതിയിൽ ബാഴ്‌സ മാറ്റങ്ങളുമായി കളത്തിൽ എത്തിയെങ്കിലും ഗോൾ കണ്ടെത്താൻ വിഷമിച്ചു. അതേ സമയം സെൽറ്റക്ക് താളം നിലനിർത്താൻ ആയി. പലപ്പോഴും മൈതാന മധ്യത്തിൽ ബാഴ്‌സ പൊസെഷൻ കളയുക കൂടി ചെയ്തതോടെ സെൽറ്റ കൂടുതൽ അപകടകാരികൾ ആയി. 63ആം മിനിറ്റിൽ ഫെറാൻ ടോറസിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ മാത്രം അകന്ന് പോയി. റ്റെർ സ്റ്റഗനും അരഹുവോയും നടത്തിയ ഇടപെടലുകൾ കൂടുതൽ ഗോൾ വഴങ്ങാതെ ബാഴ്‌സയെ കാത്തു. പക്ഷെ 76 ആം മിനിറ്റിൽ ആസ്പസിന്റെ തകർപ്പൻ പാസിൽ നിന്നും ഡോവികസ് ഗോൾ നേടിയതോടെ സെൽറ്റ ജത്തിലേക്ക് നീങ്ങുകയാണെന്ന തോന്നൽ ഉയർത്തി. എന്നാൽ അവസാന പത്ത് മിനിറ്റിൽ മത്സരം മാറി മറിഞ്ഞു. 80 ആം മിനിറ്റിൽ ഫെലിക്‌സ് ഉയർത്തി നൽകിയ ബോളിൽ ലെവെന്റോവ്സ്കി ഗോൾ വല കുലുക്കി. ഇതോടെ ബാഴ്‌സ കൂടുതൽ ശക്തമായി സമനില ഗോളിന് വേണ്ടി നീക്കം തുടങ്ങി. 85ആം മിനിറ്റിൽ ജാവോ കാൻസലോ ബോക്സിനുള്ളിൽ നിന്നും നൽകിയ അവസരത്തിൽ ലെവെന്റോവ്സ്കി മനോഹരമായ ഫിനിഷിങിലൂടെ ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിന് ശേഷം ഗവി നൽകിയ എണ്ണം പറഞ്ഞ ക്രോസിലേക്ക് കുതിച്ചെത്തി കാൻസലോ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചു വല കുലുക്കുക കൂടി ചെയ്തതോടെ ബാഴ്‌സ കൈവിട്ടെന്ന് തോന്നിച്ച മത്സരം തിരിച്ചു പിടിച്ചു. പിന്നീട് മിൻഹ്വെസക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ നിർണായകമായ മൂന്ന് പോയിൻറ് കരസ്ഥമാക്കാൻ ബാഴ്‌സക്കായി.
സെർജിയോ റാമോസിന്റെ തിരിച്ചു വരവിൽ സീസണിലെ ആദ്യ ജയം നേടി സെവിയ്യ
ലാ ലീഗയിലെ ആദ്യ ജയം നേടി സെവിയ്യ. സീസണിൽ ആദ്യ 3 മത്സരവും പരാജയപ്പെട്ട സെവിയ്യ ലാസ് പാമോസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് തോൽപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷം ക്ലബിൽ തിരിച്ചെത്തിയ സെർജിയോ റാമോസിന്റെ രണ്ടാം അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പ്രതിരോധത്തിൽ മികച്ചു നിന്ന റാമോസ് ടീമിന് സീസണിലെ ആദ്യ ക്ലീൻ ഷീറ്റും സമ്മാനിച്ചു.
പന്ത് കൂടുതൽ നേരം കൈവശം വെച്ചത് എതിരാളികൾ ആയിരുന്നു എങ്കിലും മത്സരത്തിൽ 26 ഷോട്ടുകൾ ആണ് സെവിയ്യ ഉതിർത്തത്. എങ്കിലും ഗോൾ കണ്ടത്താൻ അവർ ബുദ്ധിമുട്ടി. മത്സരത്തിൽ രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡോഡി ലുകബാകിയോ നേടിയ ഗോളിന് ആണ് സെവിയ്യ ജയം കണ്ടത്. ജയത്തോടെ റിലഗേഷൻ സോണിൽ നിന്നും അവർ പുറത്ത് കടന്നു.