തുടർച്ചയായ നാലാം തവണയും ഫ്രഞ്ച് ലീഗിലെ മികച്ച കളിക്കാരനായി എംബപ്പെ

പാരീസ് സെന്റ് ജെർമെയ്‌നെ 11-ാം ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സഹായിച്ചതിന് പിന്നാലെ എംബപ്പെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് ലീഗ് 1 മികച്ച കളിക്കാരനായി എംബപ്പെ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ സീസണിൽ ലീഗിൽ 28 ഗോളുകൾ നേടിയ ഫ്രാൻസ് താരം ലീഗിലെ ടോപ് സ്കോററും ആയിരുന്നു. തുടർച്ചയായി അഞ്ചാം സീസണിൽ ആണ് ഫ്രഞ്ച് ലീഗിൽ ടോപ് സ്‌കോററായി എംബപ്പെ ഫിനിഷ് ചെയ്യുന്നത്.

ഈ സീസണിൽ ആകെ 40 ഗോളുകൾ എംബപ്പെ പി എസ് ജിൽ ആയി സ്‌കോർ ചെയ്തു. പി‌എസ്‌ജിയ്‌ക്കൊപ്പം മൂന്ന് തവണ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡ് എംബപ്പെ മറികടന്നു.

ക്ലബ്ബിനെ രണ്ടാം സ്ഥാനത്തേക്ക് നയിക്കുകയും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് തിരിച്ചുവരുകയും ചെയ്തതിന് ലെൻസ് പരിശീലകൻ ഫ്രാങ്ക് ഹെയ്‌സ് സീസണിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ലെൻസ് ഗോൾകീപ്പർ ബ്രൈസ് സാംബ മികച്ച കീപ്പറായും പാരീസ് സെന്റ് ജെർമെയ്ൻ ലെഫ്റ്റ് ബാക്ക് ന്യൂനോ മെൻഡസ് മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാൻസിൽ ചരിത്രം കുറിച്ച് പി എസ് ജി!! പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടം

പി എസ് ജി ഒരിക്കൽ കൂടെ ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തി. ഇന്ന് സ്റ്റ്രാസ്ബർഗിനെ സമനിലയിൽ പിടിച്ചതോടെയാണ് പി എസ് ജി കിരീടം ഉറപ്പിച്ചത്. പി എസ് ജിക്ക് ഇന്ന് സമനില മതിയായിരുന്നു കിരീടം നേടാൻ. ഇന്ന് ലയണൽ മെസ്സി നേടിയ ഏക ഗോളിന്റെ ബലത്തിലാണ് പി എസ് ജി കിരീടം നേടിയത്. രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ഗോൾ വന്നത്. കളി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാമതുള്ള ലെൻസിന് ഇനി ശേഷിക്കുന്ന മത്സരം വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താൻ ആവില്ല. ഒരു മത്സരം ഇനിയും ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലടക്കം ബാക്കി ടൂർണമെന്റുകളിൽ ഒക്കെ കാലിടറിയ പി എസ് ജിക്ക് ഈ കിരീടം ആശ്വാസകരമാകും.

37 മത്സരങ്ങളിൽ നിന്ന് 85 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള ലെൻസിന് 81 പോയന്റും. പി എസ് ജിക്ക് ഇത് പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടമാണ്. അവസാന പതിനൊന്ന് വർഷങ്ങൾക്കിടയിൽ ആണ് ഇതിൽ 9 ലീഗ് കിരീടവും പി എസ് ജി സ്വന്തമാക്കിയത്. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18, 2018-19, 2019-20, 2021-22 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്.

ഈ കിരീട നേട്ടത്തോടെ സെന്റ് എറ്റിയനെ മറികടന്ന് ഫ്രാൻസിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടിയ ടീമായി പി എസ് ജി മാറി.

ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി കിലിയൻ എംബപ്പെ

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. 5 വർഷം മുമ്പ് മൊണാക്കോയിൽ നിന്നു അന്നത്തെ ലോക റെക്കോർഡ് തുകക്ക് പാരീസിൽ എത്തിയ എംബപ്പെ ലീഗിൽ 139 ഗോളുകൾ ആണ് അവർക്ക് ആയി നേടിയത്. ഇന്ന് ലെൻസിന് എതിരായ ഗോളോടെയാണ് താരം ചരിത്രം കുറിച്ചത്.

വെറും 24 കാരനായ എംബപ്പെ എഡിസൺ കവാനിയുടെ 138 ഗോളുകൾ എന്ന റെക്കോർഡ് ആണ് മറികടന്നത്. നേരത്തെ കവാനി സാൾട്ടൻ ഇബ്രമോവിച്ചിന്റെ 113 ഗോളുകൾ മറികടന്നു ആയിരുന്നു റെക്കോർഡ് ഇട്ടത്. അതേസമയം പാരീസിനും മൊണാക്കോക്കും ആയി ലീഗ് വണ്ണിൽ ഗോൾ അടിച്ചു കൂട്ടിയ ഫ്രഞ്ച് താരം 21 നൂറ്റാണ്ടിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി മാറി.

ഗോളടിച്ച് മെസ്സിയും എംബപ്പെയും, പി എസ് ജി കിരീടത്തിന് അടുത്ത്

ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെൻസിനെ തോൽപ്പിച്ച് പി എസ് ജി കിരീടത്തോടെ അടുത്തു. ലയണൽ മെസ്സിയും എംബപ്പെയും ഗോളുകൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പി എസ് ജി വിജയിച്ചത്. തുടക്കത്തിൽ തന്നെ ലെൻസിന്റെ മിഡ്ഫീൽഡർ അബ്ദുൽ സമദ് ചുവപ്പ് കണ്ടതാണ് കളി ഏകപക്ഷീയം ആക്കിയത്. 19ആം മിനുട്ടിൽ ആയിരുന്നു സമദ് ചുവപ്പ് കണ്ടത്.

31ആം മിനുട്ടിൽ വിറ്റിനയുടെ പാസ് സ്വീകരിച്ച് എംബപ്പെ പി എസ് ജിയുടെ ആദ്യ ഗോൾ നേടി. ഈ ഗോളോടെ പി എസ് ജിയുടെ ലീഗ് വണിലെ എക്കാലത്തെയും ടോപ് സ്കോറർ ആയ എംബപ്പെ മാറി. 37ആം മിനുറ്റിൽ വെറ്റിന പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി.

നാൽപ്പതാം മിനുട്ടിൽ പി എസ് ജി മൂന്നാം ഗോളും നേടി. ഇത്തവണ എംബപ്പെ ഒരുക്കിയ അവസരത്തിൽ നിന്ന് മെസ്സി ആയിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഒരു ഗോൾ ലെൻസ് മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി.

ഈ വിജയത്തോടെ പി എസ് ജി 31 മത്സരങ്ങളിൽ നിന്ന് 72 പോയിന്റിൽ എത്തി. രണ്ടാമതുള്ള ലെൻസിന് 63 പോയിന്റ് മാത്രമെ ഉള്ളൂ. ഇനി ഏഴ് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

അവസാന മിനുട്ടിൽ മെസ്സിയുടെ പാസ്, എംബപ്പെയുടെ ഫിനിഷ്!! പി എസ് ജിക്ക് വിജയം

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് അവസാന നിമിഷം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബ്രെസ്റ്റിനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സമനിലയിലേക്ക് പോവുക ആയിരുന്ന മത്സരത്തിൽ ഒരു 89ആം മിനുട്ടിലെ ഗോളിൽ എംബപ്പെ ആണ് പി എസ് ജിക്ക് വിജയം നൽകിയത്. ഇന്ന് ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ സോളർ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

ഈ ഗോളിന് 43ആം മിനുട്ടിൽ തന്നെ ബ്രെസ്റ്റ് മറുപടി നൽകി. കളി പിന്നീട് 89ആം മിനുട്ട് വരെ 1-1 എന്ന് തുടരുകയാണ്. അവസാനം മെസ്സിയുടെ പാസിൽ നിന്ന് എംബപ്പെ പി എസ് ജിയെ രക്ഷിച്ചു 3 പോയിന്റ് നൽകി‌. ഈ വിജയത്തോടെ പി എസ് ജിക്ക് 27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റ് ഉണ്ട്‌. രണ്ടാം സ്ഥാനത്തുള്ള മാഴ്സയെക്കാൾ 11 പോയിന്റിന്റെ ലീഡ് പി എസ് ജിക്ക് ഉണ്ട്.

ചരിത്രം തിരുത്തുന്ന എംബപ്പെ!!

പാരീസ് സെന്റ് ജെർമെയ്‌നിന്റെ കൈലിയൻ എംബപ്പെ ക്ലബിലെ ഒരു റെക്കോർഡ് കൂടെ തന്റേതു മാത്രമാക്കി. അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആയി എംബപ്പെ ഇന്നലെ മാറി. ഇന്നലെ ലീഗിൽ നേടിയ ഗോളൊടെ എംബപ്പെക്ക് 201 ഗോളുകളായി. റെക്കോർഡ് ഉടമ എഡിൻസൺ കവാനിയുടെ 200 ഗോളുകൾ എന്ന നേട്ടം ആണ് എംബപ്പെ മറികടന്നത്‌. ക്ലബ്ബിനായി 156 ഗോളുകൾ നേടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ഒരു സീസൺ മുമ്പ് എംബപ്പെ മറികടന്നിരുന്നു.

ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ എംബാപ്പെ നാന്റെസിന് എതിരെ നേടിയ ഗോളാണ് ടീമിന് ജയവും ഉറപ്പിച്ച് കൊടുത്തത്‌. കവാനി 301 മത്സരങ്ങളിൽ നിന്നാണ് 200 ഗോളുകൾ നേടിയത്.എംബപ്പെ വെറും 247 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിൽ എത്തി. 2017ൽ ആയിരുന്നു എംബപ്പെ പി എസ് ജിയിലേക്ക് എത്തിയത്.

“താൻ നെയ്മറിനെ ആക്രമിച്ചതല്ല” – എംബപ്പെ

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഫോർവേഡ് കൈലിയൻ എംബപ്പെ താൻ സഹതാരം നെയ്മറിനെ ആക്രമിക്കുകയോ അദ്ദേഹത്തിനെതിറ് വിരൽ ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിച്ചു. അടുത്തിടെ എംബപ്പെയുടെ ഒരു പ്രസ്താവന വിവാദമായിരുന്നു. നന്നായി ഭക്ഷണം കഴിക്കേണ്ടതിന്റെയും ഉറങ്ങുന്നതിന്റെയും ആവശ്യം താരങ്ങൾക്ക് ഉണ്ട് എന്ന് എംബപ്പെ പറഞ്ഞിരുന്നു. അത് നെയ്മറിനെ ഉദ്ദേശിച്ചല്ല എന്ന് അദ്ദേഹം ഇന്ന് പറഞ്ഞു.

പിഎസ്ജി ഡ്രെസ്സിംഗ് റൂമിനുള്ളിലെ പിരിമുറുക്കത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലാണ് എംബാപ്പെയുടെ പ്രസ്താവന. ഇന്നലെ ലില്ലെക്കെതിരായ നെയ്‌മർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എംബാപ്പെ പറഞ്ഞു. ടീമിന് അവനെ ആവശ്യമാണെന്നും എംബപ്പെ പറഞ്ഞു.

എംബപ്പെ ഫ്രാൻസിന്റെ അടുത്ത ക്യാപ്റ്റൻ ആകും!!

യുവ സ്ട്രൈക്ലർ എംബപ്പെ തന്റെ 24ആം വയസ്സിൽ തന്നെ ഫ്രാൻസിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തേക്കും. എംബപ്പെ ആകും ഫ്രാൻസിന്റെ അടുത്ത ക്യാപ്റ്റൻ എന്ന് ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹ്യൂഗോ ലോറിസ് ആയിരുന്നു ദീർഘകാലമായി ഫ്രാൻസിന്റ്സ് ക്യാപ്റ്റൻ. എന്നാൽ ലോകകപ്പ്ഫൈനലോടെ ലോരിസ് വിരമിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് വരാനെ കൂടെ അന്തർ ദേശീയ ഫുട്ബോളിൽ നിന്ന് വിരമിച്ചതോടെയാണ് ക്യാപ്റ്റൻസി എംബപ്പെയിലേക്ക് തന്നെ എത്തും എന്ന് ഏതാണ്ട് ഉറപ്പായത്.

സ്റ്റീവ് മന്ദണ്ട (37), കരിം ബെൻസെമ (34) എന്നിവരും ക്യാപ്റ്റൻസിക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്നു എങ്കിലും ഇരുവരും വിരമിക്കാൻ തീരുമാനിച്ചിരുന്നു. സ്ട്രൈക്കറായ ജിറൂദും വിരമിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. എംബപ്പെയെ ഇപ്പോൾ ക്യാപ്റ്റൻ ആക്കിയാൽ ലോരിസിനെ പോലെ ദീർഘകാലം ഫ്രാൻസിന് ഒരു ക്യാപ്റ്റനെ കിട്ടും എന്നും അധികൃതർ ആലോചിക്കുന്നു.

എംബാപ്പെ പെനാൾട്ടി തുലച്ചെങ്കിലും പി എസ് ജിക്ക് ജയം, ഗോളുമായി മെസ്സി തിളങ്ങി

ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം പി എസ് ജി ഫോമിലേക്ക് തിരികെയെത്തി. ഇന്ന് ലീഗിൽ മോണ്ട്പിയെയെ നേരിട്ട പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. നെയ്മർ ഇന്ന് പരിക്ക് കാരണം ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ഇന്ന് മത്സരം ആരംഭിച്ച് 8ആം മിനുട്ടിൽ തന്നെ പി എസ് ജിക്ക് അനുകൂലമായ പെനാൾട്ടി വിധി. പെനാൾട്ടി എടുത്ത എംബാപ്പെക്ക് പിഴച്ചു. ലീഡെടുക്കാനുള്ള അവസരം നഷ്ടമായി.

35ആം മിനുട്ടിൽ മെസ്സിയും 52ആം മിനുട്ടിൽ ഹകിമിയും ഗോൾ നേടി എങ്കിലും രണ്ട് ഗോളും വാർ നിഷേധിച്ചു. അവസാനം 55ആം മിനുട്ടിൽ റുയിസിലൂടെ പി എസ് ജി ലീഡ് എടുത്തു. 72ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഫിനിഷ്. റുയിസിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷം സൈറെ എമെരിയിലൂടെ പി എസ് ജി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

ഈ വിജയത്തോടെ 51 പോയിന്റുമായി ലീഗിൽ ഒന്നാമതാണ് പി എസ് ജി. രണ്ടാമതുള്ള മാഴ്സെയെക്കാൾ 5 പോയിന്റിന്റെ ലീഡ് അവർക്ക് ഉണ്ട്‌

ലോകകപ്പിൽ ഗോൾഡൻ ബോൾ എംബപ്പെക്ക് നൽകണമായിരുന്നു എന്ന് റൊണാൾഡോ

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ എംബപ്പെ ഗോൾഡൻ ബോൾ അർഹിച്ചിരുന്നു എന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. ഈ ലോകകപ്പിൽ എന്നെ ഏറ്റവുമധികം ആകർഷിച്ച കളിക്കാരൻ കൈലിയൻ എംബാപ്പെയാണ് എന്ന് റൊണാൾഡോ പറഞ്ഞു.

ആദ്യ മത്സരം മുതൽ ഫൈനൽ വരെ അദ്ദേഹത്തിന് മികച്ച ലോകകപ്പ് ആയിരുന്നു. ഗോൾ നേടിയില്ലെങ്കിലും, ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയോ സെമിയിൽ മൊറോക്കോക്കെതിരെയോ ഒക്കെ എംബപ്പെയുടെ കളിയിലെ സംഭാവന മികച്ചതായിരുന്നു. റൊണാൾഡോ പറഞ്ഞു.

ഫൈനലിൽ അവൻ നാല് ഗോളുകൾ ആണ് നേടിയത്. ഷൂട്ടൗട്ടിലെ ഗോളും ഗോളായാണ് ഞാൻ കണക്കിലെടുക്കുന്നത്. സാങ്കേതികമായി, അവൻ എല്ലാവർക്കും മുകളിലാണ്, അവനെ തടയാൻ കഴിയാത്ത അവസ്ഥയാണ്. റൊണാൾഡോ പറഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുക്കേണ്ടതായിരുന്നു. കാരണം അവൻ അത് അർഹിക്കുന്നു. റൊണാൾഡോ പറഞ്ഞു.

ഇതാണ് എംബപ്പെ, ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ദിവസം രണ്ടേ ആയുള്ളൂ, പി എസ് ജിക്ക് ഒപ്പം പരിശീലനം തുടങ്ങി

എംബപ്പെക്ക് എതിരെ അർജന്റീന ആരാധകരും അർജന്റീന താരങ്ങളും ആക്രമണവും അധിക്ഷേപവും നടത്തുക ആണെങ്കിലും എംബപ്പെക്ക് അതിൽ ഒന്നും ശ്രദ്ധയില്ല. ഇന്ന് രാവിലെ അദ്ദേഹം പി എസ് ജിക്ക് ഒപ്പം പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. ഫൈനൽ കഴിഞ്ഞു വെറും 63 മണിക്കൂറുകൾക്ക് അകം ആണ് എംബപ്പെ പരിശീലനം പുനരാരംഭിച്ചത്.

ക്വാർട്ടറിലും പ്രീക്വാർട്ടറിലും പുറത്തായവർ വരെ വിശ്രമം കഴിഞ്ഞ് തിരിച്ചുവരാൻ സമയമെടുക്കവെ ആണ് എംബപ്പെ പരിശീലനം പുനരാരംഭിച്ചത്. ഫൈനലിൽ കളിച്ച എല്ലാ താരങ്ങൾക്കും എല്ലാ ക്ലബുകളും ഒരാഴ്ച അധികം വിശ്രമം നൽകിയിട്ടുണ്ട്.

എംബപ്പെ ഈ ലോകകപ്പിൽ എട്ടു ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കൊയിരുന്നു. ഫൈനലിൽ ഹാട്രിക്ക് നേടിയെങ്കിലും ലോക കിരീടം തുടർച്ചയായ രണ്ടാം വട്ടവും സ്വന്തമാക്കാൻ യുവതാരത്തിന് ആയില്ല. അർജന്റീനക്ക് എതിരാറ്റ ഫൈനലിന് ശേഷം എംബപ്പെക്ക് എതിരെ രൂക്ഷമായ രീതിയിൽ ആണ് അർജന്റീന ആരാധകരും താരങ്ങളും പ്രതികരിച്ചത്. അർജന്റീന കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ എംബപ്പെക്ക് എതിരായുള്ള ചില പരാമർശങ്ങളും ആഹ്ലാദ പ്രകടനങ്ങളും വലിയ വിവാദമായിരുന്നു.

എംബപ്പെയുടെ അത്ഭുതം, കളി എക്സ്ട്രാ ടൈമിലേക്ക്

ഖത്തർ ലോകകപ്പ് ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം നിശ്ചിത സമയം അവസാനിക്കുമ്പോൾ 2-2 എന്ന നിലയിൽ ആണിത്. രണ്ട് മിനുട്ടിന് ഇടയിൽ രണ്ട് ഗോളുകൾ നേടി എംബപ്പെയാണ് ഫ്രാൻസിനെ തിരികെ സമനിലയിൽ എത്തിച്ചത്.ആദ്യ പകുതിയിൽ 2-0ന് മുന്നിൽ നിന്ന ടീമാണ് അർജന്റീന.

ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് നന്നായി തുടങ്ങിയത് അർജന്റീന ആയിരുന്നു. അവർ തുടക്കം മുതൽ പന്ത് കൈവശം വെച്ചാണ് കളിച്ചത്. നല്ല നീക്കങ്ങളും നടത്തി. എന്നാൽ ലോരിസിനെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. പക്ഷെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടി അർജന്റീനയുടെ രക്ഷയ്ക്ക് എത്തി.

ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുക്കാൻ എത്തിയത് സാക്ഷാൽ മെസ്സി. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അർജന്റീനയേ അടുപ്പിച്ച് കൊണ്ട് മെസ്സി ഗോൾ നേടി. സ്കോർ 1-0. മെസ്സിയുടെ ഈ ലോകകപ്പിലെ ആറാം ഗോളായി ഇത്.

ഫ്രാൻസ് ഈ ഗോൾ വന്നിട്ടും ഉണർന്നില്ല. 36ആം മിനുട്ടിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടറിൽ നിന്ന് മെസ്സി തുടങ്ങിയ അറ്റാക്ക് മകാലിസ്റ്ററിൽ എത്തി. മകാലിസ്റ്റർ ഗോൾ മുഖത്ത് വെച്ച് ഡി മരിയക്ക് പാസ് നൽകി. ഗോളുമായി ഡി മരിയ അർജന്റീനയെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.

ഇതിനു ശേഷം ദെഷാംസ് രണ്ട് മാറ്റങ്ങൾ ഫ്രാൻസ് ടീമിൽ വരുത്തി. ജിറൂദും ഡെംബലെയും പുറത്ത് പോയി തുറാമും മുവാനിയും കളത്തിലേക്ക് എത്തി. എങ്കിലും ആദ്യ പകുതിയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഫ്രാൻസിന് ആയില്ല.

രണ്ടാം പകുതിയിലും ഫ്രാൻസ് നിരവധി മാറ്റങ്ങൾ നടത്തി. പക്ഷെ ഒരു മാറ്റവും അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കാൻ പോവുന്നത് ആയിരുന്നില്ല. ഫ്രാൻസിന് നല്ല ഒരു അവസരം പോലും നൽകാതെ പിടിച്ചു നിൽക്കാൻ അർജന്റീനക്കായി. പക്ഷെ 80ആം മിനുട്ടിൽ അർജന്റീന സമ്മാനിച്ച പെനാൾട്ടി ഫ്രാൻസിന് ആശ്വാസം നൽകി. ഒറ്റമെൻഡി മുവാനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

പിന്നെ ആവേശകരമായ അവസാന പത്തു മിനുട്ടുകൾ. അർജന്റീന ഡിഫൻസ് ശക്തമാക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ വക രണ്ടാം ഗോൾ. തുറാമിന്റെ പാസിൽ നിന്ന് എംബപ്പെയുടെ അപാര ഫിനിഷ്. 2-2. ഈ ലോകകപ്പിലെ എംബപ്പെയുടെ എഴാം ഗോൾ.

ഇതിനു ശേഷം ഫ്രാൻസ് നിരന്തരം അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കി. റാബിയോ കളിയുടെ ഇഞ്ച്വറി ടൈമിൽ വിജയ ഗോളിന് അടുത്ത് എത്തി എങ്കിലും മൂന്നാം ഗോൾ വന്നില്ല. 97ആം മിനുട്ടിൽ മെസ്സിയുടെ ഒരു സ്ക്രീമർ ലോരിസ് തടഞ്ഞത് ഫ്രാൻസിന് രക്ഷയായി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക്.

Exit mobile version