എംബാപ്പെ ഹാട്രിക്ക്!! റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിൽ നിന്ന് വൻ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി പുറത്ത്. ഇന്ന് മാഡ്രിഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇതോടെ 6-3ന്റെ അഗ്രഗേറ്റ് സ്കോറിൽ റയൽ പ്രീക്വാർട്ടാറിലേക്ക് മുന്നേറി.

കിലിയൻ എംബപ്പെയുടെ ഹാട്രിക്ക് ആണ് റയൽ മാഡ്രിഡിന് കരുത്തായത്. ഇന്ന് നാലാം മിനുറ്റിൽ തന്നെ എംബപ്പെ തന്റെ ഗോൾ വേട്ട ആരംഭിച്ചു. റൗൾ അസെൻസിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആദ്യ ഗോൾ.

33ആം മിനുറ്റിൽ റോഡ്രിഗോ നൽകിയ പാസ് സ്വീകരിച്ച് എംബപ്പെ ലീഡ് ഇരട്ടിയാക്കി. 61ആം മിനുറ്റിൽ എംബപ്പെ ഹാട്രിക്കും പൂർത്തിയാക്കി. ഈ ഹാട്രിക്കോടെ എംബപ്പെ ഈ സീസണിൽ 28 ഗോൾ സ്കോർ ചെയ്തു. അവസാനം നികോ ഗോൺസാലസിലൂടെ സിറ്റി ഒരു ഗോൾ മടക്കി എങ്കിലും സമയം ഏറെ വൈകിയിരുന്നു.

എംബപ്പെ ഫ്രാൻസ് ടീമിൽ തിരികെയെത്തും

മാർച്ചിൽ ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ഫ്രാൻസ് ടീമിൽ കൈലിയൻ എംബാപ്പെ തിരിച്ചെത്തും എന്ന് ദിദിയർ ഡെഷാംപ്സ് സ്ഥിരീകരിച്ചു. നവംബറിൽ നടന്ന ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്കുള്ള ഫ്രാൻസിന്റെ ടീമിൽ നിന്ന് റയൽ മാഡ്രിഡ് ഫോർവേഡിനെ ഡെഷാമ്പ്സ് പുറത്താക്കിയിരുന്നു.

റയൽ മാഡ്രിഡിലേക്ക് മാറിയതിന് ശേഷം എംബാപ്പെയുടെ ഫോം മോശമായതിനാൽ ആയിരുന്നു ഇറ്റലിക്കും ഇസ്രായേലിനുമെതിരായ മത്സരങ്ങളിൽ നിന്ന് ഡെഷാംപ്സ് താരത്തെ ഒഴിവാക്കിയത്.

“തീർച്ചയായും, എംബപ്പെ ടീമിൽ ഉണ്ടാകും. അദ്ദേഹം തന്റെ എല്ലാ ഫോമും തിരികെ കണ്ടെത്തിയിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ കളിയിൽ പ്രകടമാണ്.” ഡെഷാമ്പ്സ് പറഞ്ഞു.

86 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഫ്രാൻസിനായി 48 ഗോളുകൾ എംബാപ്പെ ഇതുവരെ നേടിയിട്ടുണ്ട്.

ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിനുള്ള റയൽ മാഡ്രിഡ് ടീമിൽ എംബപ്പെ ഇടം നേടി

ഡിസംബർ 18ന് ഖത്തറിൽ നടക്കുന്ന ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിനുള്ള റയൽ മാഡ്രിഡിൻ്റെ ടീമിൽ കൈലിയൻ എംബപ്പെയെ ഉൾപ്പെടുത്തി. ഡിസംബർ 10ന് അറ്റലാൻ്റയ്‌ക്കെതിരായ റയൽ ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ തുടയ്‌ക്ക് പരിക്കേറ്റെങ്കിലും ടീമിൻ്റെ അവസാന പരിശീലന സെഷനിൽ എംബാപ്പെ പങ്കെടുത്തിരുന്നു. ലുസൈൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എംബപ്പെ കളിക്കുമെന്ന് കരുതപ്പെടുന്നു.

മെക്സിക്കൻ ക്ലബായ പചുകയെ ആണ് റയൽ മാഡ്രിഡ് നേരിടേണ്ടത്. 2023-24 യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായാൺ റയൽ മാഡ്രിഡ് ഇന്റർ കോണ്ടിനന്റൽ കപ്പിന് യോഗ്യത നേടിയത്. 2024 CONCACAF ചാമ്പ്യൻസ് കപ്പ് ജേതാക്കളായാണ് പച്ചൂക ഈ മത്സരത്തിന് എത്തുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവും ഇൻ്റർകോണ്ടിനെൻ്റൽ പ്ലേഓഫിലെ ചാമ്പ്യനും പങ്കെടുക്കുന്ന പുതുതായി അവതരിപ്പിച്ച വാർഷിക ടൂർണമെൻ്റാണ് ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ്.

എംബാപ്പെയുടെ പരിക്ക് “സാരമുള്ളതല്ല” എന്ന് ആഞ്ചലോട്ടി

അറ്റലാൻ്റയ്‌ക്കെതിരായ റയൽ മാഡ്രിഡിൻ്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ എംബപ്പെയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളല്ല എന്ന് പരിശീലകൻ ആഞ്ചലോട്ടി. “ഇത് ഒരു ഓവർലോഡിന്റെ പ്രശ്നം മാത്രമാണ്” എന്ന് ആഞ്ചലോട്ടി പറഞ്ഞു.

ഇന്നലെ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ എംബാപ്പെ സ്‌കോറിങ്ങ് തുറന്ന് താൻ ഫോമിലേക്ക് ഉയരുകയാണെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പരിക്കേറ്റ് കളം വിടേണ്ടി വന്നത്. പരിക്ക് ഗുരുതരമല്ല എന്ന വാർത്ത റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വാസം നൽകും. താരത്തിന്റെ പരിക്കിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം നാളെ ലഭിക്കും. ഇതോടെ എപ്പോൾ എംബപ്പെക്ക് കളിക്കാൻ ആകും എന്ന് വ്യക്തമാകും.

വീണ്ടും എംബാപ്പെ പെനാൾട്ടി തുലച്ചു! റയൽ മാഡ്രിഡിന് തോൽവി

സാൻ മാമെസിൽ അത്‌ലറ്റിക് ക്ലബിനോട് 2-1ന് തോറ്റ റയൽ മാഡ്രിഡിൻ്റെ ലാ ലിഗയിൽ ബാഴ്സലോണക്ക് മേൽ ലീഡ് നേടാനുള്ള പ്രതീക്ഷകൾ തകർന്നു. തോൽവിയോടെ 15 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി ലോസ് ബ്ലാങ്കോസ് രണ്ടാം സ്ഥാനത്താണ്. അധിക മത്സരം കളിച്ച ബാഴ്‌സലോണയേക്കാൾ നാല് പോയിൻ്റ് പിന്നിലാണ് അവർ ഇപ്പോൾ.

ഇന്ന് 53-ാം മിനിറ്റിൽ അലെക്‌സ് ബെറെൻഗറിലൂടെ അത്‌ലറ്റിക് ക്ലബ് സ്‌കോറിംഗ് ആരംഭിച്ചു, ഇനാക്കി വില്യംസിൻ്റെ ക്രോസ് റയൽ മാഡ്രിഡിൻ്റെ പ്രതിരോധത്തിൽ കുഴപ്പമുണ്ടാക്കിയതിന് ശേഷം റീബൗണ്ട് മുതലെടുത്തായിരുന്നു ഗോൾ. 68-ാം മിനിറ്റിൽ സന്ദർശകർക്ക് സമനില നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും കൈലിയൻ എംബാപ്പെ പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.

78-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ മാഡ്രിഡ് സമനില ഗോൾ കണ്ടെത്തി. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ അത്‌ലറ്റിക് ലീഡ് തിരിച്ചുപിടിച്ചു. പകരക്കാരനായി എത്തിയ ഗോർക്ക ഗുരുസെറ്റ പ്രതിരോധത്തിൽ ഫെഡറിക്കോ വാൽവെർഡെയുടെ പിഴവ് മുതലാക്കുകയായിരുന്നു.

അത്‌ലറ്റിക് ക്ലബിൻ്റെ വിജയം അവരെ ടേബിളിൻ്റെ നാലാം സ്ഥാനത്ത് നിർത്തുന്നു.

എംബപ്പെയുടെ തകർപ്പൻ ഗോൾ!! ഒന്നാം സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് അടുക്കുന്നു

മാഡ്രിഡ്: സാൻ്റിയാഗോ ബെർണബ്യൂവിൽ ഇന്ന് റയൽ മാഡ്രിഡ് ഗെറ്റാഫെയ്‌ക്കെതിരെ തകർപ്പൻ വിജയം നേടി. ജൂഡ് ബെല്ലിംഗ്ഹാമിൻ്റെയും കൈലിയൻ എംബാപ്പെയുടെയും ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡ് 2-0ന് ആണ് ഗെറ്റഫയെ തകർത്തത്. ഈ വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് റയലിന് 33 പോയിൻ്റായി. ടേബിൾ ടോപ്പർമാരായ ബാഴ്‌സലോണയ്ക്ക് ഒരു പോയിൻ്റ് മാത്രം പിന്നിലാണ് റയൽ. ബാഴ്സലോണ റയലിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.

30-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം ഒരു പെനാൽറ്റി മിഡിൽ ഡൗൺ ചെയ്ത് ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. റുദിഗറിനെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. എട്ട് മിനിറ്റുകൾക്ക് ശേഷം, ജൂഡിന്റെ പാസിൽ നിന്ന് എംബപ്പെ റയലിന്റെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിന് ഏറെ പുറത്ത് നിന്നുള്ള ഒരു അളന്നു മുറിച്ച സ്ട്രൈക്കിലൂടെ ആയിരുന്നു എംബപ്പെ വല കണ്ടെത്തിയത്.

എംബപ്പെ സ്ട്രൈക്കർ അല്ല, വിംഗറാണ്, എന്നാൽ വിങ്ങിൽ വിനീഷ്യസിനേക്കാൾ നല്ല താരവുമില്ല – ബെൻസെമ

റയൽ മാഡ്രിഡിലെ കൈലിയൻ എംബാപ്പെയുടെ മോശം തുടക്കത്തിൽ പ്രതികരണവുമായി ബെൻസെമ. “എന്നെ സംബന്ധിച്ചിടത്തോളം എംബാപ്പെ ഒരു നമ്പർ 9 അല്ല. അവൻ ഒരു ഇടതു വിങ്ങറാണ്.” എന്ന് ബെൻസീമ പറഞ്ഞു. സ്ട്രൈക്കർ ആയി കളിക്കുന്നത് ആണ് റയലിൽ അദ്ദേഹം വിഷമിക്കാൻ കാരണം എന്നാണ് ബെൻസെമ പറയുന്നത്.

എന്നിരുന്നാലും, വിങ്ങിൽ എംബപ്പെയ്ക്ക് സ്ഥാനം ലഭ്യമാകുന്നതിൻ്റെ ബുദ്ധിമുട്ട് ബെൻസെമ ചൂണ്ടിക്കാട്ടി, “ഇടത് വിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ വിനീഷ്യസ് ജൂനിയർ ഉണ്ട് എന്നതാണ് പ്രശ്നം.” ബെൻസെമ പറഞ്ഞു.

“റയൽ മാഡ്രിഡിൽ വളരെയധികം സമ്മർദ്ദമുണ്ടെന്ന് എംബാപ്പെയ്ക്ക് അറിയാം. മാഡ്രിഡിൽ, നിങ്ങൾ ഗോളുകളില്ലാതെ 2-3 മത്സരങ്ങൾ കളിച്ചാൽ തന്നെ ആരാധകരും മാധ്യമങ്ങളും നിങ്ങളെ ‘കൊല്ലും’.” ബെൻസെമ പറഞ്ഞു.

“നിങ്ങൾക്ക് ബാലൺ ഡി ഓർ നേടാം, എന്നാൽ അതിന് ശേഷം മൂന്ന് മത്സരങ്ങളിൽ നിങ്ങൾ സ്കോർ ചെയ്തില്ലെങ്കിലും, വിമർശനം സമാനമാണ്…” അദ്ദേഹം കൂട്ടിച്ചേർത്തു.

മാഡ്രിഡ് ഡെർബിയിൽ കൈലിയൻ എംബാപ്പെ കളിക്കാൻ സാധ്യതയില്ല

സ്റ്റാർ ഫോർവേഡ് കൈലിയൻ എംബാപ്പെയുടെ തുടയ്ക്ക് പരിക്കേറ്റതായി റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ വരാനിരിക്കുന്ന മാഡ്രിഡ് ഡെർബിക്കുള്ള അദ്ദേഹത്തിൻ്റെ ലഭ്യത ഇതോടെ സംശയത്തിലായി.

ഫ്രഞ്ചുകാരന് ഇടത് തുടയിൽ അസ്വസ്ഥത അനുഭവപ്പെട്ടു, വൈദ്യപരിശോധനയിൽ ഇടതു കാലിൻ്റെ തുടയെല്ലിന് പരിക്കേറ്റതായി കണ്ടെത്തി. ക്ലബ് എന്ന് താരം തിരികെയെത്തും എന്ന് വ്യക്തമാക്കിയിട്ടില്ല. പരിക്ക് സെപ്റ്റംബർ 30 ലെ മാഡ്രിഡ് ഡർബിയിൽ നിന്ന് എംബപ്പെയെ മാറ്റി നിർത്തിക്കും.

റയൽ മാഡ്രിഡിൻ്റെ ആഴം പരീക്ഷിക്കപ്പെടും, പ്രത്യേകിച്ച് അത്തരമൊരു ഉയർന്ന ഏറ്റുമുട്ടലിൽ. ഫ്രഞ്ച് ഫോർവേഡ് അവശേഷിപ്പിച്ച ശൂന്യത നികത്താൻ ആൻസലോട്ടിക്ക് തന്ത്രപരമായ ക്രമീകരണങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കാം അല്ലെങ്കിൽ ബെഞ്ച് കളിക്കാർക്ക് അവസരം നൽകേണ്ടിവരും. പരിക്ക് ടീമിൻ്റെ വേഗതയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു, കാരണം അവരുടെ സമീപകാല വിജയങ്ങൾ നയിക്കുന്നതിൽ എംബാപ്പെ നിർണായകമാണ്.

ലാ ലിഗ; അലാവസിന്റെ പോരാട്ടം അതിജീവിച്ച് റയൽ മാഡ്രിഡ്

സാൻ്റിയാഗോ ബെർണാബ്യൂവിൽ നടന്ന നാടകീയമായ ലാ ലിഗ ഏറ്റുമുട്ടലിൽ റയൽ മാഡ്രിഡ് അലാവസിനെതിരെ 3-2 ന് ജയം നേടി. ഈ വിജയത്തോടെ റയൽ മാഡ്രിഡിനെ ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള ബാഴ്‌സലോണയ്ക്ക് ഒരു പോയിൻ്റ് മാത്രം പിന്നിലാണ് റയൽ ഉള്ളത്.

ആദ്യ മിനിറ്റിൽ തന്നെ ലൂക്കാസ് വാസ്‌ക്വസ് ഗോൾ നേടിയതോടെ കളിക്ക് ആവേശകരമായ തുടക്കം ലഭിച്ചു. വിനീഷ്യസ് ജൂനിയർ ആണ് ആ ഗോളിന് അസിസ്റ്റ് നൽകിയത്.

40-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമുമായി ചേർന്ന് കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിൻ്റെ ലീഡ് ഇരട്ടിയാക്കി. ബോക്‌സിലേക്ക് കുതിക്കുന്നതിന് മുമ്പ് എംബാപ്പെ ഇംഗ്ലീഷ് മിഡ്‌ഫീൽഡറുമായി അതിവേഗ വൺ-ടു കൈമാറിയായിരുന്നു പന്ത് ഫിനിഷ് ചെയ്തത്.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ റോഡ്രിഗോ ലീഡ് 3-0 ആക്കി, അലാവെസിൻ്റെ പ്രതിരോധ പിഴവ് മുതലെടുത്ത് ടൈറ്റ് ആംഗിളിൽ നിന്ന് ബ്രസീലിയൻ താരം ഗോളടിക്കുകയായിരുന്നു.

ഗെയിം റയൽ മാഡ്രിഡ് സ്വന്തമാക്കി എന്ന് ആശ്വസിച്ചിരിക്കെ അലാവസിന്റെ തിരിച്ചടിവന്നു. 85-ാം മിനിറ്റിൽ കാർലോസ് ബെനാവിഡെസ് ഒരു ഗോൾ മടക്കി. ഒരു മിനിറ്റിനുശേഷം, കിക്ക് ഗാർസിയ മറ്റൊരു ഗോൾ കൂടെ കൂട്ടിച്ചേർത്തു, സ്കോർ 3-2 എന്നാക്കി.

വൈകിയ സമ്മർദങ്ങൾക്കിടയിലും റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ഫലം അവരെ ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത് നിലനിർത്തുന്നു.

റയൽ മാഡ്രിഡ് അവരുടെ ആക്രമണ പ്രകടനത്തിൽ നിന്ന് പോസിറ്റീവുകൾ എടുക്കും, എന്നാൽ സമനില ഗോൾ നേടാൻ അലാവസിനെ ഏതാണ്ട് അനുവദിച്ച പ്രതിരോധത്തിലെ വീഴ്ചകളെക്കുറിച്ച് കാർലോ ആൻസലോട്ടി ആശങ്കാകുലനായിരിക്കും.

സ്റ്റുഗാർട്ട് വെല്ലുവിളി അതിജീവിച്ചു റയൽ മാഡ്രിഡ് ജയം!

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ജർമ്മൻ ടീമായ സ്റ്റുഗാർട്ട് ഉയർത്തിയ വെല്ലുവിളി അതിജീവിച്ചു 3-1 നു ജയം കണ്ടു നിലവിലെ ജേതാക്കൾ ആയ റയൽ മാഡ്രിഡ്. പന്ത് കൈവശം വെക്കുന്നതിൽ ജർമ്മൻ ടീം ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ കോർട്ടോയുടെ നാലു മികച്ച രക്ഷപ്പെടുത്തലുകൾ ആണ് റയലിനെ തുണച്ചത്. റയൽ പ്രതിരോധത്തിന്റെ പിഴവുകൾ പക്ഷെ റയൽ ഗോൾ കീപ്പർ തിരുത്തി. രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. റയലിന് ആയുള്ള തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ കിലിയൻ എംബപ്പെ രണ്ടാം പകുതി തുടങ്ങിയ ഉടൻ ഗോൾ നേടി.

എംബപ്പെ

കൗണ്ടർ അറ്റാക്കിൽ നിന്നു റോഡ്രിഗോയുടെ പാസിൽ നിന്നായിരുന്നു ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ഗോൾ. 68 മിനിറ്റിൽ പക്ഷെ ജെയ്മി ലെവലിങിന്റെ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഡെന്നിസ് ഉണ്ടാവ് ജർമ്മൻ ടീമിന് അർഹിച്ച സമനില നൽകി. എന്നാൽ എന്നത്തേയും പോലെ അവസാന നിമിഷങ്ങളിൽ ജയം കാണുന്ന റയലിനെ ആണ് സാന്റിയാഗോ ബെർണബ്യുയിൽ പിന്നെ കാണാൻ ആയത്. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂക മോഡ്രിചിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ തന്റെ മുൻ ക്ലബിന് എതിരെ അന്റോണിയോ റൂഡിഗർ റയലിനെ വീണ്ടും മുന്നിൽ എത്തിച്ചു. തുടർന്ന് 95 മത്തെ മിനിറ്റിൽ തങ്ങളുടെ പകുതിയിൽ നിന്നു ഡാനി കാർവഹാൽ നൽകിയ പന്തിൽ നിന്നു മികച്ച സോളോ ഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ 18 കാരനായ ബ്രസീൽ താരം എൻഡ്രിക് റയൽ ജയം പൂർത്തിയാക്കുക ആയിരുന്നു. റയലിന് ആയി യുവ ബ്രസീലിയൻ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം തന്നെ ഇതോടെ താരം ഗംഭീരമാക്കി.

റയൽ മാഡ്രിഡിന് വീണ്ടും സമനില, എംബപ്പെക്ക് വീണ്ടും ഗോൾ ഇല്ല

ഇന്നലെ ലാസ് പാൽമാസിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ റയൽ മാഡ്രിഡ് ലാസ് പാൽമാസിന് എതിരെ 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ആതിഥേയരെ മുന്നിലെത്തിച്ച് ലാസ് പാൽമാസിനായി അഞ്ചാം മിനുട്ടിൽ മൊലേരിയോ ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ പാൽമാസിനായി. 69ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിൻ്റെ ഗോളിൽ റയൽ മാഡ്രിഡ് സമനില പിടിച്ചു. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഈ ഗോൾ.

അടുത്തിടെ റോയൽ മാഡ്രിഡിൽ ചേർന്ന കൈലിയൻ എംബാപ്പെ ഗോളടിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഈ മത്സരം ലാ ലിഗയിലെ എംബപ്പെയുടെ ഗോൾ ഇല്ലാത്ത മൂന്നാമത്തെ മത്സരമാണ്. ക്ലബ്ബിനായുള്ള തൻ്റെ ആദ്യ ലാലിഗ ഗോളിനായുള്ള തിരച്ചിലിലാണ് അദ്ദേഹം.

ഈ ഫലം റയൽ മാഡ്രിഡിൻ്റെ മൂന്ന് മത്സരങ്ങളിൽ നിന്നുള്ള രണ്ടാം സമനിലയാണ്, അവരുടെ സീസൺ തുടക്കത്തിലെ ഈ ഫോം ആശങ്കകൾ ഉയർത്തുന്നു. കിരീടപ്പോരാട്ടത്തിൽ പിന്നാക്കം പോകാതിരിക്കാൻ ടീം വേഗത്തിൽ വിജയ വഴിയിൽ എത്തേണ്ടതുണ്ട്.

എംബപ്പെക്ക് സീസണിൽ 50ൽ അധികം ഗോളുകൾ അടിക്കാനുള്ള കഴിവുണ്ട് എന്ന് ആഞ്ചലോട്ടി

റയൽ മാഡ്രിഡ് പുതിയ സ്ട്രൈക്കർ കിലിയൻ എംബപ്പെയ്ക്ക് ഒരു സീസണിൽ അമ്പതിൽ കൂടുതൽ ഗോൾ അടിക്കാൻ ആകും എന്ന് ആഞ്ചലോട്ടി. എംബപ്പെ ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ കളിച്ചു കൊണ്ട് തന്റെ റയൽ മാഡ്രിഡ് കരിയർ ആരംഭിച്ചിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഗോൾ അടിക്കാനും കിരീടം സ്വന്തമാക്കാനും എംബപ്പെക്ക് ആയി.

എംബപ്പെ

എംബപ്പെക്ക് സീസണിൽ 50 ഗോൾ അടിക്കാൻ ആകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു ആഞ്ചലോട്ടി. എംബപ്പെയ്ക്ക് തീർച്ചയായും 50 ഗോളുകൾ അടിക്കാൻ ആകും. അദ്ദേഹത്തിന് 50ൽ കൂടുതൽ ഗോൾ അടിക്കാനുള്ള കഴിവ് ഉണ്ട് എന്ന് ആഞ്ചലോട്ടി മറുപടി ആയി പറഞ്ഞു.

Exit mobile version