ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇരട്ട പ്രഹരവുമായി കൈൽ മയേഴ്സ്, ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം

ഗ്രേനാഡയിൽ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍. സാക്ക് ക്രോളിയെയും ജോ റൂട്ടിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി കൈൽ മയേഴ്സ് ആണ് ഇംഗ്ലണ്ടിനെ 46/3 എന്ന നിലയിലേക്ക് തള്ളിയിട്ടത്. അധികം വൈകാതെ ഡാനിയേൽ ലോറന്‍സിനെ ജെയ്ഡന്‍ സീൽസ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റും നഷ്ടമായി.

26 റൺസുമായി അലക്സ് ലീസും  റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.

വിന്‍ഡീസിന് 49 റൺസിന്റെ നേരിയ ലീഡ് മാത്രം, രമേശ് മെന്‍ഡിസിന് 6 വിക്കറ്റ്

ഗോളിലെ രണ്ടാം ടെസ്റ്റിൽ 49 റൺസിന്റെ നേരിയ ലീഡ് നേടി വെസ്റ്റിന്‍ഡീസ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 253 റൺസിൽ അവസാനിച്ചതോടെ ആതിഥേയര്‍ക്കെതിരെ ചെറിയ ലീഡ് മാത്രമാണ് ടീമിന് നേടാനായത്.

72 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 44 റൺസ് നേടി. കൈൽ മയേഴ്സ് 36 റൺസുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 137/1 എന്ന നിലയിലായിരുന്ന വിന്‍ഡീസ് വലിയ സ്കോര്‍ നേടുമെന്ന് ഏവരും കരുതിയെങ്കിലും രമേശ് മെന്‍ഡിസിന്റെ ആറ് വിക്കറ്റ് നേട്ടം ശ്രീലങ്കയ്ക്ക് ആശ്വാസം നല്‍കി.

മെന്‍ഡിസിന് പിന്തുണയുമായി ലസിത് എംബുല്‍ദേനിയയും പ്രവീൺ ജയവിക്രമയും രണ്ട് വീതം വിക്കറ്റ് നേടി. വിന്‍ഡീസിനായി എന്‍‍ക്രുമ ബോണ്ണര്‍ 35 റൺസ് നേടി.

കൈൽ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക്

വിന്‍ഡീസ് താരം കൈല്‍ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക് എത്തുന്നു. ബിര്‍മ്മിംഗം ബെയേഴ്സ് അവരുടെ അവസാന മൂന്ന് ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കായാണ് താരത്തിന്റെ സേവനം ഉറപ്പാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വോര്‍സ്റ്റര്‍ഷയറിനെതിരെയുള്ള മത്സരം മുതൽ ടീമിനൊപ്പം താരം ചേരും.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന് വേണ്ടി മികവ് പുലര്‍ത്തുവാന്‍ ശ്രമിക്കുമെന്നും ലഭിച്ച അവസരത്തിൽ വലിയ സന്തോഷമുണ്ടെന്നും കൈല്‍ മയേഴ്സ് വ്യക്തമാക്കി. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പുറത്താകാതെ ഇരട്ട ശതകം നേടിയാണ് കൈല്‍ മയേഴ്സ് വാര്‍ത്ത പ്രാധാന്യം നേടിയത്.

395 റൺസ് ചേസ് ചെയ്ത് വിന്‍ഡീസ് വിജയം ഒരുക്കിയത് താരമായിരുന്നു. അതേ ടൂറിൽ ഏകദിന അരങ്ങേറ്റവും ന്യൂസിലാണ്ടിനെതിരെ ഏതാനും മാസത്തിൽ ടി20 അരങ്ങേറ്റവും താരം നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞു, കളിയിൽ തടസ്സം സൃഷ്ടിച്ച് മഴ

രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തകര്‍ച്ച. ചായയ്ക്ക് പിരിയുമ്പോള്‍ ടീം 63/6 എന്ന നിലയിലാണ്. കൈൽ മയേഴ്സ് 3 വിക്കറ്റ് നേടിയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 22 റൺസുമായി ക്രീസിലുണ്ട്. 212 റൺസിന്റെ ലീഡാണ് ടീമിനിപ്പോളുള്ളത്.

കീഗന്‍ പീറ്റേഴ്സൺ 18 റൺസ് നേടി. മഴ വില്ലനായി എത്തി കളി തടസ്സപ്പെടുത്തിയപ്പോളാണ് അമ്പയര്‍മാര്‍ ചായയ്ക്ക് നേരത്തെ പിരിയാമെന്ന് തീരുമാനിച്ചത്.

കെമര്‍ റോച്ച് രണ്ട് വിക്കറ്റും ജേസൺ ഹോള്‍ഡര്‍ ഒരു വിക്കറ്റും നേടി ആതിഥേയര്‍ക്കായി മികവ് പുലര്‍ത്തി.

ഇരട്ട ശതകത്തിന്റെ ബലത്തിൽ ടെസ്റ്റ് റാങ്കിംഗിൽ മികച്ച അരങ്ങേറ്റം കുറിച്ച് ഡെവൺ കോൺവേ

ലോര്‍ഡ്സിൽ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ശതകം കുറിച്ച ഡെവൺ കോൺവേ ടെസ്റ്റ് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു. 77ാം റാങ്കിലേക്കാണ് താരം ഉയര്‍ന്നത്. 447 റേറ്റിംഗ് പോയിന്റോടെയാണ് തന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെ താരം ഐസിസി പട്ടികയിലെത്തിയത്. ഇത്രയും റേറ്റിംഗ് പോയിന്റ് ഒരു ന്യൂസിലാണ്ട് താരം ഇതാദ്യമായിട്ടാണ് നേടുന്നത്.

ഐസിസി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ അരങ്ങേറ്റ റേറ്റിംഗ് പോയിന്റാണിത്. ഇംഗ്ലണ്ടിന്റെ ആര്‍ഇ ഫോസ്റ്റര്‍ ആണ് അരങ്ങേറ്റ പട്ടികയിൽ ഒന്നാമത്. കോൺവേയെക്കാൾ രണ്ട് പോയിന്റ് അധികമാണ് ഫോസ്റ്റര്‍ നേടിയത്. രണ്ടാം സ്ഥാനം വെസ്റ്റിന്‍ഡീസിന്റെ കൈല്‍ മയേഴ്സ് ആണ്. 447 പോയിന്റായിരുന്നു മയേഴ്സ് നേടിയത്.

ഫോസ്റ്റര്‍ 1903ൽ തന്റെ അരങ്ങേറ്റത്തിൽ ഓസ്ട്രേലിയയ്ക്കെതിരെെ 287 റൺസാണ് നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കൈൽ മയേഴ്സ് ബംഗ്ലാദേശിനെതിരെ അരങ്ങേറ്റത്തിൽ 40, 210 എന്നീ സ്കോറുകള്‍ നേടിയത്. ഡെവൺ കോൺവേ ആദ്യ ഇന്നിംഗ്സിൽ 200 റൺസും രണ്ടാം ഇന്നിംഗ്സിൽ 23 റൺസും നേടി.

ബംഗ്ലാദേശില്‍ ചരിത്രം കുറിക്കുവാന്‍ സഹായിച്ച താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി വെസ്റ്റിന്‍ഡീസ്

ക്രുമാ ബോണ്ണര്‍, കൈല്‍ മയേഴ്സ് എന്നീ വിന്‍ഡീസിന്റെ ബംഗ്ലാദേശിലെ ചരിത്ര വിജയം സാധ്യമാക്കിയ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. ഇവരെ കൂടാതെ ജോഷ്വ ഡാ സില്‍വ, അകീല്‍ ഹൊസൈന്‍ എന്നിവര്‍ക്കും ആദ്യമായി വെസ്റ്റിന്‍ഡീസ് കേന്ദ്ര കരാര്‍ നല്‍കുകയാണ്.

18 താരങ്ങള്‍ക്കാണ് കേന്ദ്ര കരാര്‍ നല്‍കുമാന്‍ വെസ്റ്റിന്‍ഡീസ് തീരുമാനിച്ചിരിക്കുന്നത്. ഷിമ്രണ്‍ ഹെറ്റ്മ്യറിന് എന്നാല്‍ കേന്ദ്ര കരാര്‍ ബോര്‍ഡ് നല്‍കിയിട്ടില്ല.

Windiescentralcontract

280 റണ്‍സ് നേടി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് വെസ്റ്റിന്‍ഡീസ്, ശ്രീലങ്കയ്ക്ക് 368 റണ്‍സ് വിജയ ലക്ഷ്യം

ആന്റിഗ്വ ടെസ്റ്റിന്റെ അവസാന ദിവസം ലങ്ക വിജയത്തിനായി നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. 17 റണ്‍സുമായി ലഹിരു തിരിമന്നേയും 11 റണ്‍സ് നേടി ദിമുത് കരുണാരത്നേയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

നേരത്തെ 368 റണ്‍സ് ലീഡുമായി വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 280/4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്രെയിഗ് ബ്രാത്‍വൈറ്റ്(85), കൈല്‍ മയേഴ്സ്(55), ജേസണ്‍ ഹോള്‍ഡര്‍(71*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ആതിഥേയര്‍ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് – റഖീം കോണ്‍വാല്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ശ്രീലങ്കയേല്പിച്ച കനത്ത പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് ബ്രാത്‍വൈറ്റ് തന്റെ ശതകത്തിന് അരികെയാണ് നില്‍ക്കുന്നത്. 99 റണ്‍സ് നേടി ബ്രാത്‍വൈറ്റിന് കൂട്ടായി 43 റണ്‍സുമായി റഖീം കോണ്‍വാല്‍ ആണ് ക്രീസില്‍.

ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ വെസ്റ്റിന്‍ഡീസ് ലഞ്ചിന് പിരിയുമ്പോള്‍ 27 ഓവറില്‍ 86/3 എന്ന നിലയിലായിരുന്നുവെങ്കിലും രണ്ടാം സെഷനിലെ ആദ്യ ഓവറില്‍ തന്നെ 49 റണ്‍സ് നേടിയ കൈല്‍ മയേഴ്സിനെ ടീമിന് നഷ്ടമായി.

രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 171/5 എന്ന നിലയിലായിരുന്നു.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(18), ജേസണ്‍ ഹോള്‍ഡര്‍(30), അല്‍സാരി ജോസഫ്(29) എന്നിവരോടൊപ്പം ചെറുത്ത് നിന്ന ക്രെയിഗ് ടീം സ്കോര്‍ 222/7 എന്ന നിലയിലേക്ക് എത്തിച്ചു.

തുടര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ക്രെയിഗ് – റഖീം കൂട്ടുകെട്ട് വെസ്റ്റിന്‍ഡീസിനെ ആദ്യ ദിവസം അവസാനിക്കുന്നതിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇരട്ട പ്രഹരങ്ങളുമായി ലക്മല്‍, ആദ്യ സെഷനില്‍ വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടി

ആന്റിഗ്വയില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 86/2 എന്ന നിലയില്‍. ജോണ്‍ കാംപെല്ലിനെയും ക്രുമാ ബോണ്ണറെയും പുറത്താക്കി സുരംഗ ലക്മല്‍ ആണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയത്.

15/2 എന്ന നിലയില്‍ നിന്ന് ടീം 86/2 എന്ന നിലയില്‍ ആണ് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍. 26 റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 49 റണ്‍സ് നേടി കൈല്‍ മയേഴ്സുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

മൂന്നാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ നേടിയിട്ടുള്ളത്. സുരംഗ ലക്മലിന്റെ ബൗളിംഗില്‍ കൈല്‍ മയേഴ്സിന്റെ ക്യാച്ച് പതും നിസ്സങ്ക കൈവിട്ടതാണ് ഇപ്പോള്‍ ലങ്കയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 375 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ആതിഥേയരായ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് 236/4 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലെ ആദ്യ രണ്ട് സെഷനുകളില്‍ ഒരു വിക്കറ്റ് മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്. അതിനാല്‍ തന്നെ വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.

113 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുമാ ബോണ്ണര്‍ ആണ് കളിയിലെ താരം. കൈല്‍ മയേഴ്സുമായി ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടാണ് ബോണ്ണര്‍ നേടിയത്. ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് കൂടി ആതിഥേയര്‍ക്ക് നഷ്ടമായെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറും ബോണ്ണറും സമനിലയിലേക്ക് വേണ്ടി കളിക്കുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ 18 റണ്‍സ് നേടി. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയയും വിശ്വ ഫെര്‍ണാണ്ടോയും രണ്ട് വീതം വിക്കറ്റ് നേടി.

അവസാന സെഷനില്‍ വിന്‍ഡീസ് നേടേണ്ടത് 194 റണ്‍സ്, കൈവശം എട്ട് വിക്കറ്റ്

375 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസ് അഞ്ചാം ദിവസത്തെ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ 181/2 എന്ന നിലയില്‍. വിജയത്തിനായി ഒരു സെഷന്‍ അവസാനിക്കുമ്പോള്‍ 194 റണ്‍സാണ് ആതിഥേയര്‍ നേടേണ്ടത്. 84 റണ്‍സ് നേടി ക്രുമാ ബോണ്ണറും 50 റണ്‍സ് നേടിയ കൈല്‍ മയേഴ്സുമാണ് വെസ്റ്റ് ഇന്‍ഡീസിനായി ക്രീസിലുള്ളത്.

103 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 476 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത് . ക്രെയിഗ് ബ്രാത്‍വൈറ്റ്(23), ജോണ്‍ കാംപെല്‍ എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. വിശ്വ ഫെര്‍ണാണ്ടോ, എംബുല്‍ദേനിയ എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റ് നേടി.

തന്റെ ഈ പ്രകടനം യുവതാരങ്ങള്‍ക്ക് പ്രഛോദനമാകും – കൈല്‍ മയേഴ്സ്

വിന്‍ഡീസിനെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച കൈല്‍ മയേഴ്സിന്റെ അഭിപ്രായത്തില്‍ തന്റെ ഈ പ്രകടനം യുവ താരങ്ങള്‍ക്ക് ഏറെ പ്രഛോദനമാകുമെന്ന് പറഞ്ഞ് കൈല്‍ മയേഴ്സ്. നാലാം ദിവസം വിന്‍ഡീസ് 59/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് താരവും ക്രുമാ ബോണ്ണറും ക്രീസിലേക്ക് എത്തുന്നത്. വിജയത്തിന് ഇനിയും 336 റണ്‍സ് നേടണമെന്ന ഘട്ടത്തില്‍ ആരും വിന്‍ഡീസിന് സാധ്യത കല്പിച്ചിരുന്നില്ല.

നാലാം ദിവസം അവസാനിക്കുമ്പോള്‍ 110/3 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ഈ കൂട്ടുകെട്ട് അവസാന ദിവസം 216 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി വിന്‍ഡീസിനെ ഏഷ്യയിലെ ഏറ്റവും വലിയ ചേസിംഗ് നടത്തി വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് തന്നെ മികച്ചൊരു അനുഭവമായിരുന്നു അപ്പോള്‍ ശതകവും ഇരട്ട ശതകവും നേടാനായി എന്നത് ഈ അനുഭവത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നുവെന്നും കൈല്‍ മയേഴ്സ് അഭിപ്രായപ്പെട്ടു. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ തനിക്ക് ഈ നേട്ടം സ്വന്തമാക്കുവാനായി എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും അതിനാല്‍ തന്നെ ഇത് മറ്റു യുവതാരങ്ങള്‍ക്കും പ്രഛോദനമാകുമെന്നാണ് കരുതുന്നതെന്നും മയേഴ്സ് വ്യക്തമാക്കി.

Exit mobile version