കൈല്‍ ജാമിസണ്‍ ആയിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം

ക്രൈസ്റ്റ്ചര്‍ച്ചില്‍ 11 വിക്കറ്റാണ് ന്യൂസിലാണ്ട് പേസര്‍ കൈല്‍ ജാമിസണ്‍ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ ആറും വിക്കറ്റ് നേടിയ താരം അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് പാക്കിസ്ഥാന്‍ ബാറ്റിംഗിനെ തകര്‍ത്ത് കളയുകയായിരുന്നു. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാരും താരത്തിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് മത്സരശേഷം സംസാരിക്കുകയും ചെയ്തു.

ഇരു ടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം കൈല്‍ ജാമിസണ്‍ ആയിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ അഭിപ്രായപ്പെട്ടത്. കൈല്‍ ജാമിസണ്‍ സ്പെഷ്യല്‍ ക്രിക്കറ്ററാണെന്നാണ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ പറഞ്ഞത്. ഈ ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ താരം വലിയ പങ്കാണ് വഹിക്കുന്നതെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

താരത്തിന്റെ വരവോടെ ന്യൂസിലാണ്ട് ബൗളിംഗ് നിര സമ്പൂര്‍ണ്ണമായെന്നും ന്യൂസിലാണ്ട് നായകന്‍ സൂചിപ്പിച്ചു.

കൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലാണ്ടിന് ഇന്നിംഗ്സ് വിജയം

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 176 റണ്‍സിന്റെയും കൂറ്റന്‍ വിജയം നേടി ന്യൂസിലാണ്ട്. മത്സരത്തിന്റെ നാലാം ദിവസം കൈല്‍ ജാമിസണ്‍ ഇന്ന് നേടിയ അഞ്ച് വിക്കറ്റ് അടക്കം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.

37 റണ്‍സ് നേടിയ അസ്ഹര്‍ അലിയും സഫര്‍ ഗോഹറും ആണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍. ആദിബ് അലി 26 റണ്‍സും ഫഹീം അഷ്റഫ് 28 റണ്‍സും നേടിയപ്പോള്‍ മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.

അസ്ഹര്‍ അലിയ്ക്ക് ശതകം നഷ്ടം, ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍

ക്രൈസ്റ്റ്ചര്‍ച്ചിലെ പാക്കിസ്ഥാന്റെ ചെറുത്ത്നില്പിന് അവസാനം കുറിച്ച് ന്യൂസിലാണ്ട്. ഒന്നാം ദിവസത്തെ അവസാന സെഷനില്‍ ടീം 297 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി കൈല്‍ ജാമിസണ്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ പാക്കിസ്ഥാന്‍ നിരയില്‍ അസ്ഹര്‍ അലിയ്ക്ക് തന്റെ ശതകം നഷ്ടമായി.

Kylejamieson

93 റണ്‍സാണ് താരം നേടിയത്. മുഹമ്മദ് റിസ്വാന്‍(61), ഫഹീം അഷ്റഫ്(48), സഫര്‍ ഗോഹര്‍(34) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. അഞ്ചാം വിക്കറ്റില്‍ 88 റണ്‍സ് നേടിയ റിസ്വാന്‍-അസ്ഹര്‍ അലി കൂട്ടുകെട്ടിന് ശേഷം അസ്ഹര്‍ അലിയും ഫഹീം അഷ്റഫും 56 റണ്‍സ് ആറാം വിക്കറ്റില്‍ നേടിയിരുന്നു. ഫഹീമും സഫര്‍ ഗോഹറും പുറത്തായ ശേഷം അധികം വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ന്യൂസിലാണ്ട് നിരയില്‍ ജാമിസണിന് പുറമെ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. മാറ്റ് ഹെന്‍റിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പൊരുതുന്നു

കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഒരു ഘട്ടത്തില്‍ 83/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഇരുവരും ചേര്‍ന്ന് 88 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ പാക്കിസ്ഥാന്റെ ചെറുത്ത്നില്പായി മാറിയത്.

61 റണ്‍സ് നേടിയ റിസ്വാനെയും പുറത്താക്കി കൈല്‍ ജാമിസണ്‍ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. റിസ്വാന്‍ പുറത്തായ ശേഷം അസ്ഹര്‍ അലിയ്ക്ക് കൂട്ടായി ഫഹീം അഷ്റഫ് ആണ് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 47 റണ്‍സാണ് ഇതുവരെ നേടിയത്.

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 56 ഓവറില്‍ നിന്ന് 218/5 എന്ന നിലയില്‍ ആണ്. 90 റണ്‍സുമായി അസ്ഹര്‍ അലിയും 26 റണ്‍സ് നേടി ഫഹീം അഷ്റഫുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

കൈല്‍ ജാമിസണെതിരെ പിഴ ചുമത്തി ഐസിസി

ഐസിസി പെരുമാറ്റ ചട്ട ലംഘനത്തിന്റെ പേരില്‍ ന്യൂസിലാണ്ട് പേസര്‍ കൈല്‍ ജാമിസണിനെതിരെ നടപടി. പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സംഭവം നടക്കുന്നത്. പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിലെ 75ാം ഓവറിലാണ് സംഭവം നടക്കുന്നത്. ഫഹീം അഷ്റഫിന് നേരെ പന്ത് വലിച്ചെറിഞ്ഞതിനാണ് നടപടി. ക്രീസിനുള്ളില്‍ റണ്‍സ് നേടുവാനുള്ള ഉദ്ദേശ്യത്തോടെ അല്ലാതെ നിന്ന താരത്തിനെതിരെയാണ് പ്രകോപനകരമായ രീതിയില്‍ ജാമിസണ്‍ പന്തെറിഞ്ഞത്.

താരത്തിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായും വിധിച്ചു.

 

ഫോളോ ഓണ്‍ ഒഴിവാക്കി പാക്കിസ്ഥാന്‍, പാക്കിസ്ഥാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് ഫഹീം അഷ്റഫും മുഹമ്മദ് റിസ്വാനും

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ പാക്കിസ്ഥാന് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 239 റണ്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും നടത്തിയ ചെറുത്ത്നില്പാണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 80/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് പൊരുതി നില്‍ക്കുവാന്‍ സഹായിച്ചത്.

80/6 എന്ന നിലയില്‍ നിന്ന് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും ചേര്‍ന്നാണ് പാക്കിസ്ഥാന്റെ ചെറുത്ത്നില്പ് നടത്തിയത്. ഏഴാം വിക്കറ്റില്‍ 107 റണ്‍സ് നേടി പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു കൂട്ടുകെട്ട് റണ്ണൗട്ട് രൂപത്തിലാണ് വേര്‍പിരിക്കപ്പെട്ടത്.

71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. റിസ്വാന്‍ പുറത്തായ ശേഷവും മികവ് തുടര്‍ന്ന ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സ്കോര്‍ 232 റണ്‍സില്‍ എത്തിച്ച് ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ ടീമിനെ സഹായിച്ചു.

91 റണ്‍സ് നേടിയ ഫഹീം പുറത്തായതോടെ പാക്കിസ്ഥാന്റെ ഇന്നിംഗ്സിന് സമാപ്തിയും മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. 192 റണ്‍സിന്റെ ലീഡ് നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചു. ന്യൂസിലാണ്ടിന് വേണ്ടി കൈല്‍ ജാമിസണ്‍ മൂന്നും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, തീപാറും സ്പെല്ലുമായി ന്യൂസിലാണ്ട് പേസര്‍മാര്‍

ബേ ഓവലില്‍ ന്യൂസിലാണ്ടിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്റെ കിണഞ്ഞ് പരിശ്രമം. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം 54 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് നേടിയിട്ടുള്ളത്.

ആബിദ് അലി(25) ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് പുറത്തായ താരങ്ങളാരും തന്നെ അഞ്ചിന് മേലെ റണ്‍സ് നേടിയില്ല. മുഹമ്മദ് അബ്ബാസ്(5), അസ്ഹര്‍ അലി(5), ഹാരിസ് സൊഹൈല്‍(3) എന്നിവരുടെ വിക്കറ്റുകളാണ് 30/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീമിന് നഷ്ടമായത്.

മുഹമ്മദ് റിസ്വാനും(15*), ഫവദ് അലവുമാണ്(7*) പാക്കിസ്ഥാന് വേണ്ടി ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിന് വേണ്ടി കൈല്‍ ജാമിസണും ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു.

ഷാന്‍ മസൂദിന്റെ വിക്കറ്റ് നഷ്ടം, പാക്കിസ്ഥാന് 30 റണ്‍സ്

ന്യൂസിലാണ്ടിനെ 431 റണ്‍സിന് പുറത്താക്കി തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഒരു വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ടീം 30 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ആബിദ് അലി 19 റണ്‍സും റണ്ണൊന്നുമെടുക്കാതെ നൈറ്റ്വാച്ച്മാന്‍ മുഹമ്മദ് അബ്ബാസുമാണ് ക്രീസിലുള്ളത്.

10 റണ്‍സ് നേടിയ ഷാന്‍ മസൂദിനെയാണ് പാക്കിസ്ഥാന് നഷ്ടമായത്. കൈല്‍ ജാമിസണ് ആണ് വിക്കറ്റ്. ന്യൂസിലാണ്ടിന്റെ സ്കോറിന് 401 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാനുള്ളത്.

വിന്‍ഡീസിനെതിരെ മികവ് പുലര്‍ത്തിയാല്‍ കൈല്‍ ജാമിസണിന് ഐപിഎല്‍ കരാര്‍ ലഭിയ്ക്കുമെന്ന് ഷെയിന്‍ ബോണ്ട്

വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മികവ് പുലര്‍ത്തിയാല്‍ ന്യൂസിലാണ്ട് യുവ താരം കൈല്‍ ജാമിസണിന് ഐപിഎല്‍ കരാര്‍ ലഭിയ്ക്കുവാന്‍ വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞ് മുന്‍ താരം ഷെയിന്‍ ബോണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ച് കൂടിയായി ബോണ്ടിന്റെ അഭിപ്രായത്തില്‍ കൈല്‍ കഴിഞ്ഞ സീസണില്‍ ന്യൂസിലാണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെന്നാണ്.

താരത്തിന്റെ ഈ പ്രകടന മികവ് ന്യൂസിലാണ്ടിനെ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുവാന്‍ സാധ്യമാക്കി. ഇതാദ്യമായി വിന്‍ഡീസിനെതിരെ ടി20യില്‍ ജാമിസണിന് അവസരം ലഭിച്ചിട്ടുണ്ട്. ഐപിഎല്‍ നാല് മുതല്‍ അഞ്ച് മാസം അകലെ തന്നെ നടക്കുവാനുള്ള സാധ്യതയുള്ളതിനാല്‍ തന്നെ ഈ അവസരം ന്യൂസിലാണ്ട് യുവതാരം കൈക്കലാക്കിയാല്‍ താരത്തിന് ഐപിഎല്‍ കരാര്‍ ലഭിയ്ക്കുമെന്നാണ് ബോണ്ട് വ്യക്തമാക്കുന്നത്.

തിരിച്ചടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍, ഏഴ് റണ്‍സ് ലീഡ്, ചെറുത്തിനില്പുമായി കൈല്‍ ജൈമിസണ്‍

ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയുടെ ബാറ്റിംഗ് പരാജയത്തിന് ശേഷം മികച്ച തുടക്കം നേടിയ ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. തലേ ദിവസത്തെ സ്കോറായ 63/0 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ടിനെ 235 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ മത്സരത്തില്‍ 7 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്. 49 റണ്‍സുമായി വാലറ്റത്തില്‍ പൊുതിയ കൈല്‍ ജൈമിസണാണ് ഇന്ത്യയുടെ ലീഡ് കുറച്ച് കൊണ്ടുവന്നത്. അര്‍ദ്ധ ശതകം നേടിയ ടോം ലാഥം ആണ് മറ്റൊരു പ്രധാന സ്കോറര്‍. 52 റണ്‍സാണ് ലാഥം നേടിയത്.

മുഹമ്മദ് ഷമി 4 വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന് കനത്ത പ്രഹരങ്ങള്‍ നല്‍കിയത്. 177/8 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാണ്ടിന് 9ാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 51 റണ്‍സ് നേടിയ ജൈമിസണ്‍-നീല്‍ വാഗ്നര്‍(21) കൂട്ടുകെട്ടിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കോളിന്‍ ഡി ഗ്രാന്‍ഡോം 26 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് കൈല്‍ ജൈമിസണ്‍ മടങ്ങിയത്.

അര്‍ദ്ധ ശതകങ്ങളുമായി പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഇന്ത്യ 242 റണ്‍സിന് ഓള്‍ഔട്ട്

വെല്ലിംഗ്ടണിന് പുറമെ ക്രൈസ്റ്റ്ചര്‍ച്ചിലും തകര്‍ന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിര. മൂന്ന് താരങ്ങള്‍ നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യന്‍ ഇന്നിംഗ്സില്‍ 242 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പുജാര(54) , ഹനുമ വിഹാരി(55) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്.

അവസാന വിക്കറ്റില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചെറുത്തുനില്പുയര്‍ത്തി 26 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 242 റണ്‍സിലേക്ക് എത്തുകയായിരുന്നു. ന്യൂസിലാണ്ടിനായി കൈല്‍ ജൈമിസണ്‍ 5 വിക്കറ്റ് നേടി. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് നേടിയിട്ടുണ്ട്. 27 റണ്‍സുമായി ടോം ലാഥവും 29 റണ്‍സ് നേടിയ ടോം ബ്ലണ്ടലുമാണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ന്യൂസിലാണ്ട് 179 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ന്യൂസിലാണ്ട് 348 റണ്‍സിന് പുറത്ത്, 183 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാമിന്നിംഗ്സില്‍ നൂറ് കടന്ന് ഇന്ത്യ

ഇന്ത്യയ്ക്കെതിരെ 183 റണ്‍സിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം216/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിനായി വാലറ്റത്തില്‍ നിന്നുള്ള മികവാര്‍ന്ന പ്രകടനമാണ് ടീമിന്റെ 348 റണ്‍സിലേക്ക് എത്തിച്ചത്. കോളിന്‍ ഡി ഗ്രാന്‍ഡോം(43), കൈല്‍ ജൈമിസണ്‍(44), ട്രെന്റ് ബോള്‍ട്ട്(38) എന്നിവരുടെ നിര്‍ണ്ണായക പ്രകടനങ്ങളാണ് ന്യൂസിലാണ്ടിന് മത്സരത്തില്‍ മികച്ച ലീഡ് നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബോളിംഗിലും ബാറ്റിംഗിലും തിളങ്ങിയ കൈല്‍ ജൈമിസണ്‍ ആണ് ന്യൂസിലാണ്ട് നിരയില്‍ നിര്‍ണ്ണായകമായി മാറിയിട്ടുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 42 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടിയിട്ടുണ്ട്. മയാംഗ് അഗര്‍വാല്‍ തന്റെ അര്‍ദ്ധ ശതകം(58) നേടിയെങ്കിലും മറ്റു താരങ്ങള്‍ വേഗത്തില്‍ പുറത്താകുകയായിരുന്നു. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

Exit mobile version