നീന്തലിൽ ജൂനിയർ തലത്തിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ചു സിനിമ നടൻ മാധവന്റെ മകൻ വേദാന്ത് മാധവൻ

1500 മീറ്റർ ഫ്രീ സ്റ്റൈലിൽ ജൂനിയർ തലത്തിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ച് സിനിമ നടൻ ആർ.മാധവന്റെ മകൻ വേദാന്ത് മാധവൻ. തമിഴ്, ഹിന്ദി അടക്കമുള്ള സിനിമകളിൽ തിളങ്ങി റൊമാന്റിക് ഹീറോ ആയി പേരെടുത്ത അച്ഛന്റെ പാതയിൽ നിന്നു വിഭിന്നമായി സഞ്ചരിക്കുന്ന മകൻ നീന്തലിൽ പുതിയ ഉയരങ്ങൾ ആണ് ലക്ഷ്യം വക്കുന്നത്.

ജൂനിയർ തല ദേശീയ അക്വാടിക് ചാമ്പ്യൻഷിപ്പിൽ 16.01.73 മിനിറ്റിൽ ആണ് 16 കാരനായ വേദാന്ത് 1500 മീറ്റർ നീന്തി കയറിയത്. 2017 ൽ മധ്യപ്രദേശിന്റെ അദ്വേദ് പേജ് സ്ഥാപിച്ച 16.06.43 മിനിറ്റ് എന്ന സമയം ആണ് തമിഴ്നാടിന്റെ വേദാന്ത് തിരുത്തിക്കുറിച്ചത്. മകന്റെ നേട്ടത്തിൽ സന്തോഷം പങ്കിട്ട മാധവൻ ‘Never Say Never’ എന്നു കുറിച്ച് മകന്റെ റെക്കോർഡ് തിരുത്തിയുള്ള ഫിനിഷിങ് വീഡിയോ ട്വിറ്ററിൽ പങ്ക് വെക്കുകയും ചെയ്തു.