വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്തു, സോനം മാലിക്കിന് നോട്ടീസ്

ഇന്ത്യന്‍ ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്ത് ഇന്ത്യയുടെ ഗുസ്തി ഫെഡറേഷന്‍. ടോക്കിയോ ഒളിമ്പിക്സിനിടെ താരത്തിന്റെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ഉണ്ടായെന്നാണ് കാരണമായി കാണിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിൽ പുറത്തായ താരത്തിന് മറുപടി നല്‍കുവാന്‍ ഓഗസ്റ്റ് 16 വരെ സമയം നല്‍കിയിട്ടുണ്ട്.

ഹംഗറിയിൽ നിന്ന് ടോക്കിയോയിലെത്തിയ താരം കോച്ച് വോളോര്‍ അക്കോസിനോടൊത്താണ് പരിശീലനം നടത്തിയതെങ്കിലും ഗെയിംസ് വില്ലേജിൽ താമസിക്കുവാന്‍ വിസമ്മതിക്കുകയും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലിക്കുവാനും വിസമ്മതിച്ചിരുന്നു.

ഇത് കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക ജഴ്സി സ്പോൺസറായ ശിവ് നരേശിന്റെ ജഴ്സി ഇടാതെ മത്സരത്തിൽ നൈക്കിന്റെ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനിരങ്ങിയത്.

ഇന്ത്യയിൽ നിന്നുള്ള താരങ്ങളുടെ അടുത്ത് റൂം നല്‍കിയതിൽ അതൃപ്തി പ്രകടിപ്പിച്ച ഫോഗട്ട് അവരിൽ നിന്ന് കൊറോണ തനിക്ക് പകര്‍ന്നേക്കുമെന്ന തരത്തിലാണ് പ്രതികരിച്ചതാണെന്നാണ് ലഭിയ്ക്കുന്ന വിവരം. 19 വയസ്സുകാരി സോനം മാലിക്കിനെതിരെയും നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

താരം തന്റെ പാസ്പോര്‍ട്ട് റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഓഫീസിൽ വന്ന് സ്വയമോ കുടുംബത്തെയോ വിട്ട് സ്വീകരിക്കാതെ സായി ഒഫീഷ്യലുകളോട് വന്ന് എടുക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഈ താരങ്ങളെല്ലാം വലിയ സ്റ്റാറുകളായെന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.