Img 20230210 Wa0043

റുപേ പ്രൈം വോളിബോള്‍ ലീഗ്: മുംബൈക്ക് തകര്‍പ്പന്‍ ജയം

ബെംഗളൂരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മുംബൈ മിറ്റിയോഴ്‌സിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ ചെന്നൈ ബ്ലിറ്റ്‌സിനെതിരെ ഇറങ്ങിയ ലീഗിലെ പുതുമുഖക്കാര്‍ എതിരാളികള്‍ക്ക് ഒരു സെറ്റ് പോലും വിട്ടുനല്‍കാതെയാണ് വിജയിച്ചത്. സ്‌കോര്‍: 15-14, 15-6, 15-11, 15-12, 15-9. സമ്പൂര്‍ണ വിജയത്തോടെ സീസണില്‍ ബോണസ് പോയിന്റ് നേടുന്ന ആദ്യ ടീമായും മുംബൈ മാറി.

ആദ്യ സെറ്റിലൊഴികെ മറ്റു സെറ്റുകളിലൊന്നും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ചെന്നൈക്ക് കഴിഞ്ഞില്ല. രണ്ടാം സെറ്റ് അനായാസമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈയുടെ അനു ജെയിംസ് കളിയിലെ മികച്ച താരമായി. ആദ്യ മത്സരത്തില്‍ മുംബൈ കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു. ചെന്നൈ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനോട് ജയിച്ചു. അഞ്ച് സെറ്റ് വിജയത്തോടെ മുംബൈക്ക് മൂന്ന് പോയിന്റായി. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കും ടീം കുതിച്ചു.

Exit mobile version