പ്രൈം വോളിബോള്‍ ലീഗ്: കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്‍മാര്‍ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. സ്‌കോര്‍: 15-8, 15-8, 11-15, 20-18. വിനിത് കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം സെറ്റില്‍ ഹൈദരാബാദ് തിരിച്ചുവന്നെങ്കിലും ഇഞ്ചോടിഞ്ച് പോരില്‍ നാലാം സെറ്റ് സ്വന്തമാക്കി കൊല്‍ക്കത്ത ജയം പിടിക്കുകയായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും കൊല്‍ക്കത്ത തോറ്റിരുന്നു. അവസാന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചാണ് ടീം ആദ്യം ജയം രേഖപ്പെടുത്തിയത്. ജയത്തോടെ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് മാറി. ഇന്ന് (വെള്ളി) രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള മുംബൈ മെറ്റിയോഴ്‌സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മിലാണ് രാത്രി 8.30ന് രണ്ടാം മത്സരം. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കാലിക്കറ്റിന്‌ സീസണിലെ ആദ്യ തോൽവി നൽകി മുംബൈ മിറ്റിയോഴ്‌സ്‌

ചെന്നൈ, 2024 ഫെബ്രുവരി 28: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 യുടെ മൂന്നാം സീസണില്‍ കാലിക്കറ്റ്‌ ഹീറോസിന്‌ ആദ്യ തോൽവി. ബുധനാഴ്‌ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സാണ്‌ കാലിക്കറ്റിനെ കീഴടക്കിയത്‌ (15–13, 9–15, 21-19, 15–12). ശുഭം ചൗധരിയാണ്‌ കളിയിലെ താരം.

‘ഹൈഡ്രജൻ ബോയ്‌’ എന്ന്‌ അറിയപ്പെടുന്ന അജിത്‌ ലാലിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ മുംബൈ ആദ്യ ഘട്ടത്തിൽതന്നെ കുതിച്ചു. എന്നാൽ സ്വയം വരുത്തിയ പിഴവുകൾ അവർക്ക്‌ തിരിച്ചടിയായി. ഡാനിയൽ മൊയത്‌യേദിയെ മുൻനിർത്തി കാലിക്കറ്റ്‌ പ്രത്യാക്രമണങ്ങൾ നെയ്‌തെങ്കിലും ശുഭം ചൗധരിയുടെ തകർപ്പൻ സെർവുകൾ മുംബൈയെ മുന്നിലെത്തിച്ചു. മോഹൻ ഉക്രപാണ്ഡ്യന്‌ സ്വതന്ത്രമായി അറ്റാക്കർക്കമാർക്ക്‌ പന്തെത്തിക്കാൻ കഴിയാത്ത്‌ കാലിക്കറ്റിന്‌ തിരിച്ചടിയായി.

ഷമീം തകർപ്പൻ ആക്രമണ നീക്കങ്ങൾകൊണ്ട്‌ മുംബൈക്ക്‌ ലീഡ്‌ നൽകി. ജെറൊം വിനീതിലൂടെ കാലിക്കറ്റ്‌ കളം പിടിക്കാൻ ശ്രമിച്ചതാണ്‌. മറുവശത്ത്‌ അമിത്‌ ഗുലിയ കാലിക്കറ്റ്‌ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ തുടങ്ങി. എം അശ്വിൻരാജിന്റെ ബുദ്ധിപരമായ നീക്കങ്ങൾ കാലിക്കറ്റിന്‌ മത്സരത്തിലേക്ക്‌ തിരിച്ചുവരാൻ കാലിക്കറ്റിന്‌ വഴിയൊരുക്കി. അമിത്‌ മാൻ നയിച്ച മൂന്നുപേർ അടങ്ങിയ പ്രതിരോധം അമിതിന്റെ ആക്രമണങ്ങളെ തടഞ്ഞു. ആ സമയം കളിയുടെ നിയന്ത്രണം കാലിക്കറ്റിന്റെ ഭാഗത്തേക്ക്‌ നീങ്ങി.

ലൂയിസ്‌ പെരോട്ടോയുടെ സാന്നിധ്യം കാലിക്കറ്റിന്‌ ആക്രമണത്തിന്‌ കൂടുതൽ വഴികൾ നൽകി. പക്ഷേ, ശുഭത്തിന്റെ സ്‌പൈക്കുകൾ മുംബൈയെ കളിയിൽ നിലനിർത്തി. സെറ്റർ വിപുൽകുമാറിന്റെ പാസ്സിങ് മുംബൈക്ക്‌ ഗുണകരമായി. അമിത്‌ കരുത്തുറ്റ സ്‌പൈക്കുകൾ തൊടുത്തുകൊണ്ടേയിരുന്നു. ഉക്രയുടെ ബുദ്ധിപരമായ കളിയും ചിരാഗിന്റെ സ്‌പൈക്കുകളും കാലിക്കറ്റിന്‌ പ്രതീക്ഷ നൽകുന്നതിനിടെയാണ്‌ തന്ത്രപരമായ തീരുമാനങ്ങൾകൊണ്ട്‌ മുംബൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്‌.

സൂപ്പർ പോയിന്റിനുള്ള കാലിക്കറ്റിന്റെ നീക്കം തെറ്റായി. അമിതിന്റെ ഉശിരൻ ഹിറ്റ്‌ കളി മുംബൈയുടെ പേരിയാക്കി. ശുഭത്തിന്റെ മിന്നുംപ്രകടനം കാലിക്കറ്റിന്‌ സീസണിലെ ആദ്യ തോൽവിയും നൽകി.
ഇന്ന്‌ (വ്യാഴം) വൈകിട്ട്‌ 6.30ന്‌ നടക്കുന്ന കളിയിൽ കൊൽക്കത്ത തണ്ടർബോൾട്‌സ്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ നേരിടും.

_റൂപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3ലെ മത്സരങ്ങള്‍ 2024 ഫെബ്രുവരി 15 വൈകുന്നേരം 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 എസ്ഡി ആന്‍ഡ എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) എന്നിവയില്‍ തത്സമയം കാണാം._

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 യുടെ മൂന്നാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. ചൊവ്വാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് ബ്ലൂ സ്‌പൈക്കേഴ്‌സ് തോറ്റത്. സ്‌കോര്‍: 16-14, 15-13, 11-15, 15-5. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. നാലു മത്സരങ്ങളും തോറ്റ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത സീസണിലെ ആദ്യ ജയം രേഖപ്പെടുത്തി.

വിനിത് കുമാര്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ കൊല്‍ക്കത്ത എട്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് മാറി. ഇന്ന് (ബുധന്‍) നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച കാലിക്കറ്റ് ഹീറോസ് ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. നാലില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച മുംബൈ നാലാം സ്ഥാനത്തും.

പ്രതികാര പോരിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്റെ വിജയക്കുതിപ്പ്‌ അവസാനിപ്പിച്ച്‌ ബംഗളൂരു ടോർപിഡോസ്‌

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23 യുടെ മൂന്നാം സീസണിൽ അഹമ്മദാബാദിന്റെ വിജയക്കുതിപ്പ്‌ അവസാനിപ്പിച്ച്‌ ബംഗളൂരു ടോർപിഡോസ്‌. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 17–-15, 15–-13, 15–-13 സ്‌കോറിനാണ്‌ ജയം. തോമസ്‌ ഹെപ്‌റ്റിൻസ്‌റ്റാളാണ്‌ കളിയിലെ താരം.
മുത്തുസാമിയുടെ തന്ത്രങ്ങളെ ബംഗളൂരു കൃത്യമായി മറികടന്നു. നന്ദയുടെ ആക്രമണങ്ങളെ മധ്യനിര ബ്ലോക്കർ മുജീബ്‌ തടഞ്ഞു. സേതുവിന്റെ ആക്രമണാത്മക സെർവുകൾ അഹമ്മദാബാദിനെ പരീക്ഷിച്ചു. എന്നാൽ മാക്‌സ്‌ സെനികയുടെ സ്‌പൈക്കുകൾ നിലവിലെ ചാമ്പ്യൻമാർക്ക്‌ പിടിവള്ളിയായി. ശ്രജൻ ഷെട്ടിയും പൗലോ ലമൗനിയെറും ബംഗളൂരുവിന്റെ ആക്രമണങ്ങളിൽ പങ്കാളികളായി. അഹമ്മദാബാദ്‌ പിഴവുകൾ വരുത്തി. സീസണിലെ ആദ്യ സെറ്റ്‌ അവർക്ക്‌ നഷ്ടമാകുകയും ചെയ്‌തു.

ബംഗളൂരുവിന്റെ നിരന്തരമായ ആക്രമണങ്ങൾ അഹമ്മദബാദിന്‌ സമ്മർദമുണ്ടാക്കി. ഹെപ്‌റ്റിൻസ്‌റ്റാളും പങ്കജ്‌ ശർമയ്‌ക്കും വരയ്‌ക്ക്‌ പുറത്തുനിന്ന്‌ ബംഗളൂരുവിനെ നിരായുധരാക്കി. നന്ദയുടെ ആക്രമണങ്ങളുടെയും മുനയൊടിച്ചു. എന്നാൽ അഹമ്മദാബാദിന്റെ ഈറ്റ അറ്റാക്കർ ഗംഭീരമായി തിരിച്ചുവന്നു. തകർപ്പൻ സെർവുകൾ കൊണ്ട്‌ അഹമ്മദാബാദിനെ കളിയിൽ നിലനിർത്തി. എന്നാൽ ഹെപ്‌റ്റിൻസ്‌റ്റാളിന്റെ കിടയറ്റ സെർവുകൾ അഹമ്മദാബാദിനെ നിശബ്‌ദരാക്കി. ബംഗളൂരു കളിയിൽ നിയന്ത്രണം നേടുകയും ചെയ്‌തു.

അഹമ്മദാബാദ്‌ കളി തന്ത്രം മാറ്റി. ഷോൺ ടി ജോണിനെ കൊണ്ടുവന്നു. എന്നാൽ ഹെപ്‌റ്റിൻസ്‌റ്റാളിനെ തടയാനായില്ല. കരുത്തുറ്റ സ്‌പൈക്കുകളുമായി ബംഗളൂരു താരം കളംവാണു. നന്ദയും മുത്തുവും ചേർന്ന്‌ അഹമ്മദാബാദിന്‌ തിരിച്ചുവരാനുള്ള അവസരമൊരുക്കിയതാണ്‌. എന്നാൽ കളിക്ക്‌ ചൂടുപിടിച്ചതൊടെ വൈശാഖ്‌ രഞ്‌ജിത്‌ സൂപ്പർ സെർവിലൂടെ ബംഗളൂരുവിന്‌ ത്രസിപ്പിക്കുന്ന ജയമൊരുക്കി.

ഇന്ന് ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് കൊൽക്കത്ത തണ്ടർ ബോൾട്ട്സിനെ നേരിടും. കളിച്ച നാല് മത്സരങ്ങളും തോറ്റ ഒരു ടീമുകൾക്കും സൂപ്പർ 5 സാധ്യത നില നിർത്താൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്

കടുത്ത പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ കീഴടക്കി ഡൽഹി തൂഫാൻസ്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ രണ്ടാം ജയം കുറിച്ച് ഡൽഹി തൂഫാൻസ്‌. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 15-11, 13-15, 15-9, 15-11 എന്ന സ്കോറിനു തോൽപിച്ചു. സന്തോഷ് ആണ് കളിയിലെ താരം.

ഇവാൻ ഫെർണാണ്ടസിൻ്റെ ഇടം കൈയൻ സ്‌പൈക്കുകൾ ഹൈദരാബാദിനു തുടക്കത്തിൽ കരുത്ത് പകർന്നു. ആക്രമണാത്മക സെർവുകൾ കൊണ്ട് അഷ്മത്തുള്ളയും അവർക്ക് ആധിപത്യം നൽകി. ലാസർ ഡോഡിക്കിൻ്റെ സ്പൈക്കുകൾ ഡൽഹിയെ തിരികെ കൊണ്ടുവന്നു. കളി സന്തുലിതമായി. പക്ഷേ പിഴവുകൾ അവർക്ക് തിരിച്ചടിയായി. സ്റ്റെഫാൻ കൊവാസിവിച്ചിൻ്റെ ബ്ലോക്കുകൾ ഹൈദരാബാദിനു മുൻ‌തൂക്കം നൽകി. എന്നാൽ സന്തോഷ് കരുത്തുറ്റ കളിയുമായി കാലുറപ്പിച്ചതോടെ ഡൽഹിയുടെ ആക്രമണം നിറഞ്ഞു.
ഒടുവിൽ ഒരു സൂപ്പർ പോയിന്റിലൂടെ ഡൽഹി മുന്നിലെത്തി.

മധ്യ നിരയിൽ അപോൺസ തകർപ്പൻ ബ്ലോക്കുകൾ കൊണ്ട് മാജിക് കാട്ടി. അതേസമയം ഇവാൻ മിന്നുന്ന സ്പൈക്കുകളിലൂടെ ഡൽഹിയുടെ പ്രതിരോധം പരീക്ഷിച്ചുകൊണ്ടിരുന്നു. ആക്രമണനിരയിൽ അനു ജെയിംസിനെ ഉൾപ്പെടുത്തി ഡൽഹി സന്തോഷിൻ്റെ സമ്മർദ്ദം കുറച്ചു. സ്വതന്ത്രമായി കളിക്കാൻ അവസരം ഒരുക്കുകയും ചെയ്തു. എന്നാൽ ജോൺ ജോസഫിൻ്റെ ബ്ലോക്ക് ഡാൽഹിയുടെ വാതിലുകളടച്ചു. ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചു വന്നു.

സർവീസ് ലൈനിൽ നിന്നുള്ള ഡോഡിക്കിൻ്റെ ഇടിമുഴക്കം പോലുള്ള പ്രകടനം ഹൈദരാബാദിനെ വിറപ്പിച്ചു. ഹേമന്തിൻ്റെ തുടർച്ചയായ ആക്രമണങ്ങളാണ് അവരെ പിടിച്ചു നിർത്തിയത്. പക്ഷേ സർവീസ് പിഴവുകൾ ഹൈദരാബാദിനെ തളർത്തി. ക്യാപ്റ്റൻ സഖ്ലൈന്റെ സമർത്ഥമായ കളി ഡൽഹിയെ കളിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സഹായിച്ചു. ഹേമന്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയതോടെ ഹൈദരാബാദിന്റെ വാതിലുകൾ വീണ്ടും തുറന്നു. എന്നാൽ ഡൽഹി വിട്ടുകൊടുത്തില്ല.മിഡിൽ ബ്ലോക്കർമാരായ അപോൺസയും ആയുഷും ചേർന്ന് ആ വാതിലുകൾ മുറുകെ അടച്ചതോടെ ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കി. നാല് മത്സരങ്ങളിൽ ഡൽഹിയുടെ രണ്ടാം വിജയമാണിത്.

ഇന്ന് ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് കൊൽക്കത്ത തണ്ടർ ബോൾട്ട്സിനെ നേരിടും. കളിച്ച നാല് മത്സരങ്ങളും തോറ്റ ഇരുരു ടീമുകൾക്കും സൂപ്പർ 5 സാധ്യത നില നിർത്താൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.

റൂപേ പ്രൈം വോളിബോൾ ലീഗ് സീസൺ 3ൻ്റെ തത്സമയ കവറേജ് 2024 ഫെബ്രുവരി 15 വൈകുന്നേരം 6:30 മുതൽ സോണി സ്‌പോർട്‌സ് ടെൻ 1 എസ്‌ഡി & എച്ച്‌ഡി, സോണി സ്‌പോർട്‌സ് ടെൻ 3 എസ്‌ഡി & എച്ച്‌ഡി (ഹിന്ദി), സോണി സ്‌പോർട്‌സ് ടെൻ 4 എസ്‌ഡി & എച്ച്‌ഡി (തമിഴ്, തെലുങ്ക്) എന്നിവയിൽ കാണാം.

കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ മറികടന്ന് മുംബൈ മിറ്റിയോഴ്‌സിന് ജയം

ചെന്നൈ, ഫെബ്രുവരി 25, 2024: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23 യുടെ മൂന്നാം സീസണിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ മുംബൈ മിറ്റിയോഴ്‌സിന് ജയം. ഞായറാഴ്ച ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ
16-14, 8-15, 18-16, 15-11 എന്ന സ്‌കോറിനാണ് മുംബൈയുടെ ജയം.

അമിത് ഗുലിയയാണ് പ്ലെയർ ഓഫ് ദ മാച്ച്. സീസണിൽ കൊച്ചിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

വീരോചിതം കാലിക്കറ്റ് ഹീറോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ വീഴ്ത്തി

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ ജൈത്രയാത്ര തുടര്‍ന്ന് കാലിക്കറ്റ് ഹീറോസ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹീറോസ് വീഴ്ത്തിയത്. സ്‌കോര്‍: 16-14, 15-8, 15-5. ലീഗില്‍ ഹീറോസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജെറോം വിനീതാണ് കൡയിലെ താരം.

ഒനൂര്‍ സുകൂറിന്റെ പ്രകടനം തുടക്കത്തില്‍ കൊല്‍ക്കത്തയെ സഹായിച്ചെങ്കിലും, ജെറോമിന്റെ കരുത്തേറിയ സര്‍വുകള്‍ അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തി. ചിരാഗ് യാദവും ലൂയിസ് പെരോറ്റോയും ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കാലിക്കറ്റ് കുതിച്ചു. എന്നാല്‍ വിനിത് കുമാറിന്റെ സ്‌പൈക്കുകളിലൂടെ കൊല്‍ക്കത്ത ഒപ്പം പിടിച്ചു. അശ്വലിന്റെ സൂപ്പര്‍ സെര്‍വ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചതിന് പിന്നാലെ സൂപ്പര്‍ പോയിന്റിലൂടെ കാലിക്കറ്റ് ഹീറോസ് ആദ്യ സെറ്റ് നേടി.

രണ്ടാം സെറ്റില്‍ ഇരുടീമുകളും മികച്ച അറ്റാക്കിങ് പുറത്തെടുത്തതോടെ ജെറോം വിനീത്-വിനിത് കുമാര്‍ പോരിനും കളം സാക്ഷിയായി. സര്‍വീസ് നിരയില്‍ നിന്നുള്ള ആക്രമണോത്സുകമായ കളിയിലൂടെ ചിരാഗ് മത്സരം കാലിക്കറ്റിന്റെ നിയന്ത്രണത്തിലാക്കി. മിഡില്‍ ബ്ലോക്കര്‍മാരായ വികാസ് മാനും ഡാനിയല്‍ മൊതാസെദിയും കൊല്‍ക്കത്തയുടെ പ്രത്യാക്രമണങ്ങളെ തടുത്തുനിര്‍ത്തി. ഉക്രപാണ്ഡ്യന്റെ സമര്‍ഥമായ പാസിങിലുടെ അറ്റാക്കിങ് തുടര്‍ന്ന ഹീറോസ് രണ്ടാം സെറ്റ് അധികം വിയര്‍ക്കാതെ നേടി.

ഉക്രപാണ്ഡ്യന്റെ സൂപ്പര്‍ സെര്‍വ് തണ്ടര്‍ബോള്‍ട്ട്‌സിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ചിരാഗ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. കൊല്‍ക്കത്ത തുടര്‍ച്ചായി അനാവശ്യ പിഴവുകള്‍ വരുത്തിയതോടെ ഹീറോസ് കുതിച്ചു. മികച്ച ടീം ഗെയിം തുടര്‍ന്ന കാലിക്കറ്റ്, തണ്ടര്‍ബോള്‍ട്ട്‌സ് അഞ്ചാം പോയിന്റില്‍ നില്‍ക്കേ സെറ്റും മത്സരവും സ്വന്തമാക്കി.

ലീഗില്‍ തിങ്കളാഴ്ച രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് ഡല്‍ഹി തൂഫാന്‍സ് ഹൈദരാബാദ് ബ്ലാക് ഹോക്സിനെ നേരിടും. രാത്രി 8.30ന് ബെംഗളൂരു ടോര്‍പ്പിഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും തമ്മിലാണ് രണ്ടാം മത്സരം.

റൂപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3ന്റെ തത്സമയ കവറേജ് 2024 ഫെബ്രുവരി 15 വൈകുന്നേരം 6:30 മുതല്‍ സോണി സ്പോര്‍ട്സ് ടെന്‍ 1 എസ്ഡി ആന്‍ഡ എച്ച്ഡി, സോണി സ്പോര്‍ട്സ് ടെന്‍ 3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍ 4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) എന്നിവയില്‍ കാണാം.

അഞ്ച് സെറ്റ് ത്രില്ലറിൽ കൊച്ചിയെ തോൽപിച്ച് ബംഗളൂരു

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ ബംഗളൂരു ടോർപിഡോസിനോട്‌ തോറ്റു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ 12–15, 16–14, 15–13, 13–15, 16-5 എന്ന സ്‌കോറിനായിരുന്നു ബംഗളൂരുവിന്റെ ജയം. തോമസ്‌ ഹെപ്‌റ്റിൻസ്‌റ്റാൾ ആണ്‌ കളിയിലെ താരം.

ഹെപ്‌റ്റിൻസ്‌റ്റാളിന്റെ തകർപ്പൻ സ്‌പൈക്കുകളിലൂടെ ബംഗളൂരുവാണ്‌ ആദ്യ ആക്രമണം തുടങ്ങിയത്‌. എന്നാൽ എറിൻ അതോസ്‌ ഫെരേയ്‌ര, ക്രോൾ ജാൻ എന്നിവരിലൂടെ കൊച്ചി തിരിച്ചടിക്കുകയായിരുന്നു. എറിൻ വർഗീസും തിളങ്ങി. അതോസിന്റെ നിർണായക ബ്ലോക്ക്‌ കൊച്ചിക്ക്‌ ആദ്യ സെറ്റ്‌ സമ്മാനിച്ചു. തുടർന്ന്‌ ഇരുസംഘവും വാശിയോടെ പോരാടി.

അവസാന സെറ്റിൽ മുജീബിന്റെ മികവിൽ ബംഗളൂരു ജയം നേടി.
ഇന്ന്‌ വിശ്രമദിനമാണ്‌. നാളെ കൊൽക്കത്ത തണ്ടർബോൾട്‌സുമായി കാലിക്കറ്റ്‌ ഹീറോസ്‌ കളിക്കും. രണ്ടാം മത്സരത്തിൽ കൊച്ചി മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.

ഡൽഹിയെ തകർത്ത്‌ കാലിക്കറ്റ് ഹീറോസിന് രണ്ടാംജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കാലിക്കറ്റ്‌ ഹീറോസിന്‌ തുടർച്ചയായ രണ്ടാംജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടക്കി. സ്‌കോർ: 15–8, 15–13, 16–14. ജെറൊം വിനീതാണ്‌ കളിയിലെ താരം.

ആദ്യ ഘട്ടത്തിൽ ഡൽഹിക്കായിരുന്നു മുൻതൂക്കം. എന്നാൽ ഡാനിയൽ മൊയതായേദിയുടെ തകർപ്പൻ പ്രകടനം കാലിക്കറ്റിന്‌ ഊർജം നൽകി. ജെറൊം വിനീതിന്റെ സ്‌പൈക്കുകൾ ഡൽഹിയെ ചിതറിച്ചു. ഡാനിയൽ അപോൺസിയിലൂടെ ഡൽഹി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കാലിക്കറ്റ്‌ വിട്ടുകൊടുത്തില്ല.

അവസാന സെറ്റിൽ ഉക്രപാണ്ഡ്യന്റെ തന്ത്രപരമായ സർവീസ്‌ ഡൽഹിയുടെ താളം തെറ്റിച്ചു. ആദ്യ കളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയാണ്‌ കാലിക്കറ്റ്‌ തോൽപ്പിച്ചത്‌.
ഇന്ന്‌ വിശ്രമദിനമാണ്‌. നാളെ കൊൽക്കത്ത തണ്ടർബോൾട്‌സുമായി കാലിക്കറ്റ്‌ കളിക്കും. രണ്ടാം മത്സരത്തിൽ കൊച്ചി മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.

ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സിനെ കീഴടക്കി അജയ്യരായി കുതിച്ച്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദബാദ് ഡിഫൻഡേഴ്‌സ്‌ മിന്നുന്ന പ്രകടനം തുടരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ നേരിട്ടുളള സെറ്റുകൾക്ക്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ തോൽപ്പിച്ചു (17‐15, 15‐13, 15‐11). നന്ദഗോപാൽ ആണ്‌ കളിയിലെ താരം.

മാക്‌സ്‌ സെനിക കരുത്തുറ്റ തുടക്കമാണ്‌ അഹമ്മദാബാദിന്‌ നൽകിയത്‌. മുത്തുസാമി ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട്‌ ഈ ഓസ്‌ട്രേലിയൻ അറ്റാക്കർക്ക്‌ വഴിയൊരുക്കി. അഷ്‌മത്തുള്ളാഹ് ഹൈദരാബാദിനായി മികച്ച നീക്കങ്ങൾ നടത്തി. അങ്കമുത്തുവും നന്ദഗോപാലും ഇടിമിന്നൽ കരുത്തുള്ള സൂപ്പർ സെർവുകളുമായി ഹൈദരാബാദ്‌ പ്രതിരോധത്തെ വിറപ്പിച്ചു. എന്നാൽ ഹൈദരാബാദ്‌ താരം ഹേമന്തിന്റെ സർവീസ്‌ മത്സരത്തെ ചലനാത്മമാക്കി.

ലാൽ സുജന്റെ കുറ്റമറ്റ നീക്കങ്ങളാണ്‌ പല ഘട്ടങ്ങളിലും ഹൈദരാബാദിനെ രക്ഷിച്ചത്. എന്നാൽ നന്ദ മിന്നുന്ന സ്പൈക്കുകളിലൂടെ സ്വന്തംപക്ഷത്തെ മുന്നിലെത്തിക്കാൻ തുടങ്ങി. ഇവാൻ ജോസിന്റെ ഇടങ്കയ്യൻ സ്പൈക്കുകൾ ഹൈദരാബാദിന് തിരിച്ചുവരാൻ അവസരമൊരുക്കി. എന്നാൽ മുത്തു തന്ത്രപരമായ നീക്കങ്ങളാൽ കളി നിയന്ത്രിച്ചതോടെ എതിർപക്ഷത്തിന് ശ്വാസം മുട്ടി.

നന്ദയുടെ ആക്രമണങ്ങളും ആങ്കമുത്തുവിന്റെ ചടുല നീക്കങ്ങളും ഹൈദരാബാദിന്‌ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ജോൺ ജോസഫും സാഹിൽ കുമാറും ചേർന്ന് ഹൈദരാബാദിന്റെ പോരാട്ടത്തിന് തുടക്കമിട്ടു. എന്നാൽ പിറന്നാളുകാരൻ സ്‌റ്റെഫാൻ കൊവാസെവിച്ച്‌ മധ്യഭാഗത്ത്‌ നിർണായക ബ്ലോക്കുകൾ സൃഷ്‌ടിച്ചു. എൽഎം മനോജ് സൂപ്പർ പോയിന്റിൽ നിർണായക ബ്ലോക്ക്‌ കുറിച്ചതോടെ ഹൈദരാബാദിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. അഹമ്മദാബാദ്‌ അവരുടെ തുടർച്ചയായ മൂന്നാം മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.

ആദ്യ രണ്ട് സീസണുകളുടെ വിജയത്തെത്തുടര്‍ന്ന്, റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ അസ്‌ലി എന്റര്‍ടെയ്‌നര്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും. ആരാധകര്‍ക്ക് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മറ്റൊരു ആവേശകരമായ സീസണ്‍ പ്രതീക്ഷിക്കാവുന്നതിനോടൊപ്പം, 2024 ഫെബ്രുവരി 15ന് വൈകിട്ട് 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലീവിലും ലൈവ് സ്ട്രീമിങ് വഴി വോളിബോള്‍ കോര്‍ട്ടിലെ മുന്‍നിര ടീമുകളുടെ പോരാട്ടവും ആസ്വദിക്കാം

റുപേ പ്രൈം വോളി: ജൈത്രയാത്ര തുടര്‍ന്ന് ചെന്നൈ ബ്ലിറ്റ്‌സ്

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ജൈത്രയാത്ര തുടര്‍ന്ന് ചെന്നൈ ബ്ലിറ്റ്‌സ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയുടെ തിരിച്ചടി. സ്‌കോര്‍: 14-16, 21-20, 15-5, 17-19, 15-8.

ആദ്യ സെറ്റ് നഷ്ടമായ ചെന്നൈ ഇഞ്ചോടിഞ്ച് പോരില്‍ രണ്ടാം സെറ്റ് നേടി. അനായാസമായിരുന്നു മൂന്നാം സെറ്റിലെ വിജയം. എന്നാല്‍ നാലാം സെറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചെങ്കിലും, അവസാന സെറ്റില്‍ ആരാധകരുടെ ആവേശം കരുത്താക്കി മികവ് വീണ്ടെടുത്ത ചെന്നൈ സീസണിലെ മൂന്നാം ജയം നേടി. തുടര്‍ച്ചയായ ജയത്തോടെ ചെന്നൈ ആറ് പോയിന്റുമായി ടേബിളില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളും തോറ്റ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

ഇന്ന് (വെള്ളി) കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കളത്തിലിറങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് ആണ് ഹീറോസിന്റെ എതിരാളികള്‍. രാത്രി 8.30ന് ബ്ലൂ സ്‌പൈക്കേഴ്‌സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. ആദ്യ മത്സരം ജയിച്ച കാലിക്കറ്റ് നിലവില്‍ നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും തോറ്റ ബ്ലൂ സ്‌പൈക്കേഴ്‌സ് എട്ടാം സ്ഥാനത്തും.

ബംഗളൂരുവിനെ തകർത്ത്‌ മുംബൈ മിറ്റിയോഴ്‌സ്‌ വിജയവഴിയിൽ

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ പിന്നിട്ടുനിന്നശേഷം ബംഗളൂരു ടോർപിഡോസിനെ കീഴടക്കി മുംബൈ മിറ്റിയോഴ്‌സ്‌. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിലായിരുന്നു മുംബൈയുടെ ജയം . സ്‌കോർ: 8–-15, 15–-12, 15–-10, 11–-15, 15–-9. അമിത്‌ ഗുലിയ ആണ്‌ കളിയിലെ താരം.

കഴിഞ്ഞ കളിയിൽ ഡൽഹി തൂഫാൻസിനോടേറ്റ ഞെട്ടിക്കുന്ന തോൽവിയിൽനിന്ന്‌ പാഠം പഠിച്ച പോലെയായിരുന്നു ബംഗളൂരുവിന്റെ തുടക്കം. സേതുവിലൂടെ അവർ ഒന്നാന്തരം സെർവുകളുമായി കളംപിടിച്ചു. എന്നാൽ ശുഭം ചൗധരി ആക്രമണം തുടങ്ങിയതോടെ മുംബൈ കളിയിലേക്ക്‌ തിരിച്ചുവന്നു. നിർണായക സെറ്റിൽ അമിത്‌ മികച്ച പ്രകടനം പുറത്തെടുത്തതോടെ മുംബൈ ജയംകുറിച്ചു. അവസാന കളിയിൽ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനോട്‌ മുംബൈ തോറ്റിരുന്നു. സീസണിലെ രണ്ടാം ജയമാണ്‌ അവർക്ക്‌. ബംഗളൂരു മൂന്ന്‌ കളിയിൽ രണ്ടിലും തോറ്റു. ഇന്ന്‌ രണ്ട്‌ മത്സരങ്ങളാണ്‌. ആദ്യ കളിയിൽ കൊൽക്കത്ത തണ്ടർബോൾട്‌സ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. വൈകിട്ട്‌ 6.30നാണ്‌ കളി. രാത്രി 8.30ന്‌ നടക്കുന്ന കളിയിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സിനെ നേരിടും.

Exit mobile version