മാച്ച് പ്രിവ്യു: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് Vs ചെന്നൈ ബ്ലിറ്റ്സ്

Newsroom

Kochi Blue Spikers

ബംഗളൂരു: 2023 ഫെബ്രുവരി 6
എ23 റുപേ പ്രൈം വോളിബോൾ രണ്ടാം സീസണിന്‌ ചൂടുപിടിക്കവെ ബംഗളൂരുവിൽ ആരാധകരെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടം. സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌ അയൽക്കാരായ എതിരാളികളായ ചെന്നൈ ബ്ലിറ്റ്‌സിനെതിരെ ചൊവ്വാഴ്‌ച ഇറങ്ങുന്നു. കഴിഞ്ഞ വർഷം ഇരു ടീമുകൾക്കും കടുത്ത ടൂർണമെൻറായിരുന്നു. കൊച്ചി അവസാന സ്ഥാനത്തായപ്പോൾ ചെന്നൈ അവസാന പടിയിൽ രണ്ടാംസ്ഥാനത്താണ് പൂർത്തിയാക്കിയത്‌. സീസണിൽ കളിച്ച ആറ്‌ കളിയിൽ ഒരെണ്ണത്തിൽ മാത്രമാണ്‌ കൊച്ചിക്ക്‌ ജയം രേഖപ്പെടുത്താനായത്‌. എന്നാൽ ആ ഏക വിജയം ചെന്നൈക്കെതിരെയായിരുന്നു. മറുവശത്ത്‌ ചെന്നൈ കഴിഞ്ഞ സീസണിൽ ആറ്‌ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചു. ഇക്കുറി ഇരു ടീമുകളും വിജയത്തോടെ തുടങ്ങാനാണ്‌ ആഗ്രഹിക്കുന്നത്‌.

‘‘രണ്ടാം സീസണിൽ ഒരുപാട്‌ പുതിയ കളിക്കാർ വന്നിട്ടുണ്ട്‌. ഇന്ത്യൻ കളിക്കാർക്ക്‌ ഇതൊരു വലിയ വേദിയായി മാറി. കളിക്കാരെല്ലാം പൂർണമായി ശാരീരികക്ഷമത കൈവരിച്ചവരാണ്‌. കിട്ടിയ അവസരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. കൊച്ചിക്കെതിരെ ജയത്തോടെ തുടങ്ങാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌’’‐ ചെന്നൈ ബ്ലിറ്റ്‌സ്‌ ക്യാപ്‌റ്റൻ നവീൻ രാജ ജേക്കബ്‌ പറഞ്ഞു.

Chennai Blitz

കൊച്ചി ടീമിനെ ഈ വർഷം നയിക്കുന്നത്‌ പെറുവിൽനിന്നുള്ള മികച്ച താരവും പരിചയ സമ്പന്നനുമായ എഡ്വേർഡോ റൊമെയ് ആണ്‌. റൊമയ്‌യുടെ പരിചയ സമ്പത്ത്‌ ടീമിന്‌ ഗുണം നൽകി. അതേസമയം റുപേ പ്രൈം വോളിബോൾ ലീഗിലെ പുതിയ അന്തരീക്ഷം മനസിലാക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോഴും റൊമയ്‌.

“എന്നെ സംബന്ധിച്ചടുത്തോളം, വ്യക്തിപരമായ ഒരു വിദേശ കളിക്കാരനെന്ന നിലയിൽ ഞാൻ പുതിയതിനെ കണ്ടെത്തുകയാണ്‌. പുതിയ ആളെന്ന രീതിയിൽ എല്ലാവരും എങ്ങനെ പരിശീലിക്കുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്ന്‌ മനസിലാക്കാനാണ്‌ ഞാൻ ശ്രമിച്ചത്‌. ഒരാളും മറ്റൊരാളെപ്പോലെ പ്രതികരിക്കുന്നില്ല. ഇത്‌ വളരെ ചെറിയ സീസണാണ്‌. അതിനാൽ വേഗത്തിൽ കാര്യങ്ങൾ ചെയ്യണം. ഇത്‌ കളിയുടെ ഭാഗമാണ്‌. അതിനാൽ കുഴപ്പമില്ല”‐ ഇതായിരുന്നു റൊമയുടെ പ്രതികരണം.

അതേസമയം, ആദ്യ മത്സരത്തിന്‌ മുമ്പ് സീസണിൽ ഇതിനകം മൂന്ന്‌ മത്സരങ്ങൾ കണ്ടത്‌ കൊച്ചിക്കെതിരെ ഏതൊക്കെ മേഖലകളിൽ പ്രവർത്തിക്കണമെന്നതിൽ ടീമിനെ സഹായിക്കുമെന്ന്‌ നവീൻ വിശ്വസിക്കുന്നു.

“ഞങ്ങൾ നന്നായി തയ്യാറെടുത്തു. നാളെത്തക്കായി ഞങ്ങൾ മൂന്ന് മത്സരങ്ങൾ കണ്ടുകഴിഞ്ഞു. ശ്രദ്ധിക്കേണ്ട മേഖലകൾ ഏതൊക്കെയാണെന്ന് ഇതിനകം കണ്ടു. അതിനാൽ, ആ മേഖലകൾ ശരിയാക്കുകയും അതേ ചിന്തയോടെ പരിശീലനം നടത്തുകയും ചെയ്തു‐നവീൻ പറഞ്ഞു.

റൊമയിനെ സംബന്ധിച്ചടുത്തോളം ചെന്നൈ ബ്ലിറ്റ്‌സിനെതിരായ ആദ്യ മത്സരത്തിന്‌ മുമ്പുള്ള പ്രഭാത പരിശീലനമാണ് പ്രധാനമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. കളത്തെക്കുറിച്ച്‌ കൂടുതലായി മനസിലാക്കാനും കളിക്കുന്ന ഏരിയയെകുറിച്ച്‌ വ്യക്തമായി അറിയാനും ഇത്‌ സഹായിക്കുമെന്ന്‌ റൊമയ്‌ വിശ്വസിക്കുന്നു.

“നാളെത്തെ മത്സരത്തിനായുള്ള അവസാന മിനുക്കുപണികളിലാണ്‌ ഞങ്ങൾ. എന്താണ്‌ ചെയ്‌തതെന്നും എന്താണ്‌ ചെയ്യുന്നത്‌ എന്നതിനെക്കുറിച്ചും ടീമിന്‌ ആത്മവിശ്വാസമുണ്ടാകുക എന്നത്‌ പ്രധാനമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. നാളത്തെ മോണിംഗ് സെഷൻ പ്രധാനമാണ്‌. കാരണം ആദ്യമായി ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്‌‐ റൊമയ്‌ പറഞ്ഞു.

ഞായറാഴ്‌ച കാലിക്കറ്റ്‌ ഹീറോസ്‌ മുംബൈ മിറ്റിയോഴ്‌സുമായി ഏറ്റുമുട്ടിയപ്പോൾ, സ്വന്തം ടീമിനെ പ്രോത്‌സാഹിപ്പിക്കാൻ കേരളത്തിലെ ആരാധകർ നിറഞ്ഞെത്തിയിരുന്നു. ആ ഇടിമുഴക്കം നിറഞ്ഞ അന്തരീക്ഷത്തിന്‌ സമാനമായ സ്ഥിതി കൊച്ചിയുടെ കളിക്കുമുണ്ടാകുമെന്ന്‌ നവീൻ വിശ്വസിക്കുന്നു. എന്നാൽ ടീം കളിയിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

“കേരളാ ആരാധകർ കാലിക്കറ്റിനെ എങ്ങനെയാണ് പിന്തുണച്ചതെന്ന് ഞങ്ങൾ കണ്ടു, കൊച്ചിക്കും സമാനമായ പിന്തുണ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷേ അത് ഞങ്ങളുടെ കളിയെ ബാധിക്കില്ല. സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നന്നായി കളിക്കണം‐ നവീൻ പറഞ്ഞു.

അയൽപ്പോര്‌ എന്ന രീതിയിലാണ്‌ കൊച്ചി ചെന്നൈയെ നേരിടുമ്പോഴെല്ലാം സംസാരം. എന്നാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൊച്ചി ക്യാപ്‌റ്റൻ എഡ്വേർഡോ ആഗ്രഹിക്കുന്നില്ല. തന്റെ ആയുധപ്പുരയിലെ യുവ കളിക്കാരും അവരുടെ ഊർജവും ആദ്യ വിജയം നേടുന്നതിന് നിർണായകമാകുമെന്ന് എഡ്വേർഡോ പ്രതീക്ഷ പുലർത്തി.

“ഇത് വളരെ ആത്മാർപ്പണമുളള ടീമാണ്. യുവ സംഘമാണ്. ഞങ്ങളിൽ അതിനൊത്ത ഊർജമുണ്ട്‌, അതിനാൽ 15 പോയിന്റുകളുടെ ഒരു ചെറു ഗെയിം വിജയിക്കാൻ ഇത് സഹായകമാകും. ഊർജ്ജസ്വലത പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അത്‌ ഞങ്ങൾ വിജയം നൽകും‐ എഡ്വേർഡോ പൂർത്തിയാക്കി