Picsart 24 02 29 21 22 08 884

പ്രൈം വോളിബോള്‍ ലീഗ്: കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്‍മാര്‍ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. സ്‌കോര്‍: 15-8, 15-8, 11-15, 20-18. വിനിത് കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം സെറ്റില്‍ ഹൈദരാബാദ് തിരിച്ചുവന്നെങ്കിലും ഇഞ്ചോടിഞ്ച് പോരില്‍ നാലാം സെറ്റ് സ്വന്തമാക്കി കൊല്‍ക്കത്ത ജയം പിടിക്കുകയായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും കൊല്‍ക്കത്ത തോറ്റിരുന്നു. അവസാന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചാണ് ടീം ആദ്യം ജയം രേഖപ്പെടുത്തിയത്. ജയത്തോടെ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് മാറി. ഇന്ന് (വെള്ളി) രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള മുംബൈ മെറ്റിയോഴ്‌സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മിലാണ് രാത്രി 8.30ന് രണ്ടാം മത്സരം. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version