Picsart 24 02 20 20 47 01 719

കൊച്ചി വീണു, ചെന്നൈ ബ്ലിറ്റ്‌സിന് തുടർച്ചയായ രണ്ടാം ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന്‌ തുടർച്ചയായ രണ്ടാംജയം. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോൽപ്പിച്ചു. സ്‌കോർ: 15–10, 15–12, 16–14. ചെന്നൈയുടെ അഖിൻ ജി എസ്‌ ആണ്‌ കളിയിലെ താരം.

അമൻ കുമാറിലൂടെ ആധികാരികമായി തുടങ്ങിയ കൊച്ചിയെ ലിയാൻഡ്രോ ജോസിന്റെ തകർപ്പൻ പ്രകടനത്തിലൂടെയാണ്‌ ചെന്നൈ തടഞ്ഞത്‌. കളി പുരോഗമിക്കുംതോറും പ്രതിരോധത്തിലെ കെട്ടുറപ്പില്ലായ്‌മ കൊച്ചിയെ തളർത്തി. മറുവശത്ത്‌ അഖിന്റെ ബ്ലോക്കുകൾ ചെന്നൈക്ക്‌ കരുത്ത്‌ പകർന്നു. ആവേശകരമായ അവസാന സെറ്റിൽ ലിയാൻഡ്രോയുടെയും ദിലിപ്‌ കുമാറിന്റെയും മികവ്‌ ചെന്നൈയെ ജയത്തിലേക്ക്‌ നയിച്ചു.

ആദ്യകളിയിൽ കൊച്ചി കാലിക്കറ്റ്‌ ഹീറോസിനോട്‌ തോറ്റിരുന്നു. ചെന്നൈ ആദ്യ കളിയിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനോട്‌ തോറ്റെങ്കിലും അടുത്ത രണ്ട്‌ കളിയിലും തകർപ്പൻ ജയം നേടി. ഇന്ന്‌ (ബുധൻ) വൈകിട്ട്‌ 6.30ന്‌ ബെംഗളൂരു ടോർപിഡോസ്‌ മുംബൈ മെറ്റിയോഴ്‌സുമായി കളിക്കും.

Exit mobile version