ബ്രൂണോ ഡ സില്‍വയുടെ കരുത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിന് ആദ്യ ജയം, കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചത് 3-2ന്

Newsroom

Img 20220217 Wa0033
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 17 ഫെബ്രുവരി 2022: കാലിക്കറ്റ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആദ്യ വിജയം കുറിച്ചു. സ്‌കോര്‍: 15-14, 15-9, 15-14, 10-15, 12-15. ചെന്നൈ രണ്ട് പോയിന്റ് നേടി. ചെന്നൈ ബ്ലിറ്റ്‌സിന്റെ ബ്രൂണോ ഡ സില്‍വ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റുപേ പ്രൈം വോളിബോള്‍ ലീഗിലെ അഞ്ച് മത്സരങ്ങളില്‍ ചെന്നൈ ബ്ലിറ്റ്‌സിന്റെ ആദ്യ ജയമാണിത്.

ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ മികവില്‍ ചെന്നൈ ബ്ലിറ്റ്‌സ് ആദ്യ സെറ്റില്‍ 7-5ന് ലീഡ് നേടി. ജെറോം വിനിത്, അജിത്‌ലാല്‍ സി എന്നിവരുടെ സ്‌പൈക്കുകള്‍ കാലിക്കറ്റ് ഹീറോസിനെ 9-9ന് സമനിലയിലാക്കാന്‍ സഹായിച്ചു. ഡേവിഡ് ലീ ഒരു മികച്ച സ്‌പൈക്ക് സൃഷ്ടിച്ച് ഹീറോസിന് സൂപ്പര്‍ പോയിന്റും 13-12ന്റെ ലീഡും നല്‍കിയെങ്കിലും, ബ്രൂണോ ഡ സില്‍വയുടെ മികച്ച സെര്‍വിലൂടെ ബ്ലിറ്റ്‌സ് 15-14ന് ആദ്യ സെറ്റ് അവസാനിപ്പിച്ചു. ഹീറോസിന്റെ അനാവശ്യ പിഴവുകള്‍ രണ്ടാം സെറ്റില്‍ ബ്ലിറ്റ്‌സിന് 11-8ന്റെ ലീഡ് നല്‍കി. പിനമ്മ പ്രശാന്ത് സൂപ്പര്‍ സെര്‍വ് പുറത്തെടുത്ത് ബ്ലിറ്റ്‌സിന്റെ ലീഡുയര്‍ത്തി. രണ്ടാം സെറ്റ് 15-9ന് അവസാനിപ്പിച്ച ചെന്നൈ മത്സരത്തില്‍ 2-0ന് മുന്നിലെത്തി.

അജിത്‌ലാലിന്റെ രണ്ട് മിന്നും സ്‌പൈക്കുകള്‍ മൂന്നാം സെറ്റില്‍ 11-11ന് സ്‌കോര്‍ സമനിലയിലാക്കാന്‍ കാലിക്കറ്റിനെ തുണച്ചു. അഖിന്‍ ജി.എസിന്റെ ഒരു മികച്ച ബ്ലോക്കിലൂടെ സൂപ്പര്‍ പോയിന്റ് നേടിയ ചെന്നൈ 13-11ന് ലീഡും നേടി, ഉടന്‍ തന്നെ ഒരു സൂപ്പര്‍ പോയിന്റ് നേടി ഹീറോസ് തിരിച്ചടിച്ചു. സ്‌കോര്‍ 13-13. ഗോണ്‍സാലസ് ഉജ്ജ്വലമായ സ്‌പൈക്ക് സൃഷ്ടിച്ചതോടെ മൂന്നാം സെറ്റും (15-14) ചെന്നൈക്കൊപ്പമായി.

Img 20220217 Wa0034
നാലാം സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം കാഴ്ച്ചവച്ചു. സ്‌കോര്‍ 9-9 എന്ന നിലയിലായി. ക്യാപ്റ്റന്‍ ജെറോം വിനിത് ഒരു മികച്ച സ്‌പൈക്കിലൂടെ സൂപ്പര്‍ പോയിന്റ് നേടി, 12-9ന് ഹീറോസിന് മൂന്ന് പോയിന്റ് ലീഡ് സമ്മാനിച്ചു. മികവ് തുടര്‍ന്ന ടീം 15-10ന് നാലാം സെറ്റ് സ്വന്തമാക്കി.

ആവേശം വീണ്ടെടുത്ത ബ്ലിറ്റ്‌സ് അവസാന സെറ്റില്‍ 6-3ന് മുന്നിലെത്തി. എന്നാല്‍ അജിത്‌ലാല്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഹീറോസിനെ 11-9ന് മുന്നിലെത്തിച്ചു. ലീഡ് നിലനിര്‍ത്തിയ കാലിക്കറ്റ് അന്‍സബിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന് പിന്നാലെ 15-12ന് അഞ്ചാം സെറ്റ് നേടി പോരാട്ടം അവസാനിപ്പിച്ചു.