ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സിൽ വോളിബോൾ സ്വർണം നേടി ഫ്രാൻസ്, റഷ്യക്ക് വെള്ളി

ഒളിമ്പിക്‌സിൽ ആദ്യമായി വോളിബോളിൽ മെഡൽ കണ്ടത്തി ഫ്രാൻസ്. അതും സ്വർണമാക്കി മാറ്റിയ ഫ്രഞ്ച് പട തങ്ങളുടെ നേട്ടം അവിസ്മരണീയമാക്കി. വോളിബോളിലെ പ്രധാന ശക്തികളിൽ ഒന്നായ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയെ 5 സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ആണ് ഫ്രാൻസ് ടീം മറികടന്നത്. ആദ്യ രണ്ടു സെറ്റുകളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ഫ്രാൻസ് റഷ്യൻ ടീമിനെ കടന്നാക്രമിച്ചു. 25-23 നേരിയ വ്യത്യാസത്തിൽ ആദ്യ സെറ്റ് നേടിയ ഫ്രാൻസ് രണ്ടാം സെറ്റ് 25-17 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നും നാലും സെറ്റുകളിൽ തിരിച്ചടിക്കുന്ന റഷ്യൻ ടീമിനെയാണ് കാണാൻ ആയത്.

മൂന്നാം സെറ്റ് 25-21 നു നേടി തിരിച്ചു വരവിന്റെ സൂചന നൽകി. നാലാം സെറ്റിലും സമാനമായ പ്രകടനം ആവർത്തിച്ച റഷ്യൻ ടീം സെറ്റ് 15-21 നു തന്നെ നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ഇരു ടീമുകളും പുറത്ത് എടുത്തത്. ഒടുവിൽ റഷ്യൻ പോരാട്ട വീര്യം 15-12 നു മറികടന്ന ഫ്രഞ്ച് പട ചരിത്രം എഴുതി. ഫ്രാൻസിന് ആയി 26 പോയിന്റുകൾ നേടിയ എർവിൻ നാഗപത്, 15 പോയിന്റുകൾ നേടിയ പാർട്ടി എന്നിവർ തിളങ്ങിയപ്പോൾ റഷ്യക്ക് ആയി മിഖയിലോവ് 21 പോയിന്റും എഗോർ 20 തും പോയിന്റുകൾ നേടി. നേരത്തെ ബ്രസീലിനെ തോൽപ്പിച്ച അർജന്റീന വോളിബോൾ വെങ്കലം നേടിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് അർജന്റീനയുടെ മറുപടി, ബ്രസീലിനെ തോൽപ്പിച്ചു വെങ്കലം

ഒളിമ്പിക് പുരുഷ വോളിബോളിൽ വലിയ ശത്രുക്കൾ ആയ ബ്രസീലിനെ വീഴ്‌ത്തി അർജന്റീനക്ക് വെങ്കലം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു സെറ്റും ജയിച്ച ശേഷം മത്സരം കൈവിട്ട നിരാശ അർജന്റീന വെങ്കല മെഡലിനായുള്ള മത്സരത്തിൽ തീർത്തു. അതിശക്തമായ പോരാട്ടം കണ്ട 5 സെറ്റ് വാശിയേറിയ മത്സരത്തിൽ 2 നെതിരെ 3 സെറ്റുകൾക്ക് ആണ് അർജന്റീന ജയം കണ്ടത്.

അതിശക്തമായ പോരാട്ടം കണ്ട ആദ്യ സെറ്റിൽ 25-23 നു അവസാന നിമിഷങ്ങളിൽ ആണ് ബ്രസീൽ സെറ്റ് കൈവിട്ടത്. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ ബ്രസീൽ തിരിച്ചടിച്ചു. 25-20, 25-20 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ അവർ 2-1 നു മുന്നിലെത്തി. എന്നാൽ നാലാം സെറ്റിൽ തിരിച്ചു വന്ന അർജന്റീന 25-17 സെറ്റ് നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. കടുത്ത പോരാട്ടം കണ്ട അഞ്ചാം സെറ്റിൽ 15-13 നേരിയ വ്യത്യാസത്തിൽ അർജന്റീന വോളി ബോളിലെ വലിയ ശക്തിയായ ബ്രസീലിനെ വീഴ്ത്തി. സൂപ്പർ താരം ഫെക്കുണ്ടോ കോന്റെ, ബ്രൂണോ ലിമ, മാർട്ടിൻ റാമോസ് തുടങ്ങിയവരുടെ മികവ് ആണ് അർജന്റീനക്ക് സ്വർണം സമ്മാനിച്ചത്.

ഒളിമ്പിക് വോളിബോളിൽ രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം അർജന്റീനയെ തോൽപ്പിച്ചു ബ്രസീൽ

ഒളിമ്പിക്സിൽ തങ്ങളുടെ പ്രിയ ഇനം ആയ വോളിബോളിൽ ബ്രസീലിനു അവിസ്മരണീയ ജയം. തങ്ങളുടെ എന്നത്തേയും മുഖ്യ എതിരാളികൾ ആയ അർജന്റീനക്ക് എതിരെ ആദ്യ രണ്ടു സെറ്റ് തോറ്റ ശേഷം തിരിച്ചു വന്നാണ് പുരുഷ വിഭാഗത്തിൽ ബ്രസീൽ പൂൾ ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം കണ്ടത്. ആദ്യ രണ്ടു സെറ്റുകളിൽ തങ്ങളുടെ സൂപ്പർ താരം ഫക്കുണ്ടോ കോന്റെയുടെ മികവിൽ അർജന്റീന ബ്രസീലിനു മേൽ വലിയ ആധിപത്യം നേടി. 25-19, 25-21 എന്ന സ്കോറിന് അവർ ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കി. എന്നാൽ തുടർന്നു ഡഗ്ലസ് സോസയുടെ തകർപ്പൻ സ്പൈക്കുകളുടെ മികവിൽ ബ്രസീൽ തിരിച്ചു വരവ് ആണ് കണ്ടത്.

25-16 നു മൂന്നാം സെറ്റ് നേടിയ ബ്രസീൽ നാലാം സെറ്റ് 25-21 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ മത്സരം കടുത്തു. ഒടുവിൽ ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ അർജന്റീനക്ക് ആയെങ്കിലും കോന്റെയുടെ നിർണായക സമയത്തെ അബദ്ധം അവർക്ക് തോൽവി സമ്മാനിച്ചു. 16-14 ആണ് ബ്രസീൽ അവസാന സെറ്റ് നേടിയത്. ബ്രസീൽ ഗ്രൂപ്പിൽ രണ്ടു കളികളും ജയിച്ചപ്പോൾ അർജന്റീന രണ്ടു കളിയും തോറ്റു. പുരുഷ വിഭാഗത്തിൽ പൂള് ബിയിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് റഷ്യൻ ഒളിമ്പിക് കമ്മിറ്റി അമേരിക്കക്ക് എതിരെയും ജയം കണ്ടു. അതേസമയം വനിത വോളിബോളിൽ നിലവിലെ ജേതാക്കൾ ആയ ചൈനയെ തുർക്കി അട്ടിമറിച്ചു. 25-21, 25-14, 25-14 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു തുർക്കി ജയം.

കേരളത്തിലെ വോളിബോൾ മത്സരങ്ങളും മാറ്റി

കേരളത്തിലും കൊറോണാ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ വോളിബോൾ മത്സരങ്ങളും മാറ്റുന്നു. സംസ്ഥാന വോളീബോള്‍ അസോസിയേഷന്റെ കീഴിലുള്ള എല്ലാ മത്സരങ്ങളും മറ്റിവെക്കാൻ സംസ്ഥാന വോളിബോൾ അസോസിയേഷൻ നിർദേശം നൽകി. ജില്ലാ തലം മുതൽ ദേശീയ തലത്തിൽ വരെയുള്ള എല്ലാ വോളീബോള്‍ ടൂര്‍ണമെന്റുകളും മാർച്ച് 31 വരെ നിര്‍ത്തിവെക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി ഫുട്ബോൾ, സെവൻസ് ഫുട്ബോൾ എന്നിവയൊക്കെ ഇതിനകം കൊറൊണ കാരണം മാറ്റിവെച്ചിട്ടുണ്ട്.

വോളിബോൾ ആവേശം, ലക്ഷദ്വീപ് സ്‌കൂൾ മേളക്ക് കൊടിയേറി

ഉത്ഘാടനപരിപാടികൾക്ക് മുമ്പേ തന്നെ ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് ആവേശത്തിലേക്ക് ആന്ത്രോത്ത് എത്തി. അതും അവരുടെ ഏറ്റവും പ്രിയപ്പെട്ട വോളിബോൾ മത്സരങ്ങൾ ആണ് കായികമേളക്ക് തുടക്കം കുറിച്ചത്. ഇന്നലെ രാത്രി ഫ്ളഡ് ലൈറ്റിനു കീഴിൽ നടന്ന മൂന്ന് മത്സരങ്ങൾക്കും നിറഞ്ഞ ഗാലറിയാണ് കുട്ടികളെ സ്വാഗതം ചെയ്തത്. മൂന്ന് സെറ്റ് മത്സരങ്ങൾ ആണ് വോളിബോളിൽ നടത്തിയത്.

ആദ്യ മത്സരത്തിൽ അണ്ടർ 17 ആൺകുട്ടികളിൽ കിൽത്താൻ ദ്വീപിനെ നേരിട്ടുള്ള 2 സെറ്റുകൾക്ക് മറികടന്ന മിനിക്കോയി തങ്ങളുടെ ആദ്യ ജയം കുറിച്ചു. രണ്ടാം മത്സരത്തിൽ അഗത്തിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ചെത്ത്ലത്ത് ദ്വീപും കരുത്ത് കാട്ടി. അതേസമയം അണ്ടർ 19 മത്സരത്തിൽ നാട്ടുകാർക്ക് ആവേശം നൽകിയ ആന്ത്രോത്ത് കിൽത്താനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നപ്പോൾ മിനിക്കോയിയെ മറികടന്ന കവരത്തിയും ജയം കണ്ടു. ഉത്ഘാടനത്തിനു ശേഷം ഇന്ന് മുതൽ രാത്രിയും പകലും കായിക ആവേശത്തിൽ ആവും ആന്ത്രോത്ത്.

പാക്കിസ്ഥാനോട് പരാജയം, ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം മാത്രം, ഓസ്ട്രേലിയയെ കീഴടക്കി ഇറാന്‍ ചാമ്പ്യന്മാര്‍

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ 3-2 എന്ന സ്കോറിനാണ് പാക്കിസ്ഥാന്റെ വിജയം. ഇന്ത്യന്‍ ആരാധകരുടെ ആരവങ്ങള്‍ക്കിടയിലാണ് മത്സരം പുരോഗമിച്ചതെങ്കിലും ആദ്യ രണ്ട് സെറ്റുകളും ഇഞ്ചോടിഞ്ഞുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയം കുറിച്ചു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും ജയിച്ച് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും അവസാന സെറ്റില്‍ വമ്പന്‍ ആധിപത്യം നേടി പാക്കിസ്ഥാന്‍ മത്സരവും ഏഴാം സ്ഥാനവും സ്വന്തമാക്കി. സ്കോര്‍: 23-25, 21-25, 25-20, 25-19, 6-15.

ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ 25-14, 25-17, 25-21 എന്ന സ്കോറിന് ഓസ്ട്രേലിയയെ കീഴടക്കി ആതിഥേയരായ ഇറാനാണ് ചാമ്പ്യന്മാരായത്. 3-1ന് കൊറിയയെ കീഴടക്കി ജപ്പാന്‍ മൂന്നാം സ്ഥാനം നേടി. 25-23, 25-17, 23-25, 25-22 എന്ന നിലയിലായിരുന്നു ജപ്പാന്റെ വിജയം. ചൈനയ്ക്കെതിരെ വിജയം സ്വന്തമാക്കി ചൈനീസ് തായ്‍പേയ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി. 25-16, 23-25, 25-20, 25-16 എന്ന സ്കോറിന് 3-1 ന്റെ വിജയമാണ് തായ്‍പേയ് സ്വന്തമാക്കിയത്.

അഞ്ചാം സ്ഥാനമില്ല, ഇനി ഏഴാം സ്ഥാനത്തിനായി ഇന്ത്യ പൊരുതും എതിരാളികള്‍ പാക്കിസ്ഥാന്‍

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 5-8 വരെയുള്ള സ്ഥാനനിര്‍ണ്ണയ മത്സരത്തില്‍ ഇന്ത്യയ്ക്ക് ചൈനീസ് തായ്‍പേയോട് തോല്‍വി. കൊറിയയോട് ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ ചൈനീസ് തായ്‍പേയോടും 1-3 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്. 20-25, 25-22, 11-25, 16-25 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ സെറ്റില്‍ പൊരുതി കീഴടങ്ങിയ ഇന്ത്യ രണ്ടാം സെറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് നിറം മങ്ങിയ പ്രകടനത്തിലൂടെ മത്സരത്തില്‍ പിന്നോക്കം പോയി.
.
ഏഴാം സ്ഥാനത്തിനായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 3-1ന് ജയം പാക്കിസ്ഥാനായിരുന്നു. തങ്ങളുടെ സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 1-3ന് പാക്കിസ്ഥാന്‍ ചൈനയോട് കീഴടങ്ങി. 25-17, 125-19, 15-25, 26-24 എന്നിങ്ങനെയായിരുന്നു ചൈനയുടെ വിജയം.

കൊറിയയോട് ക്വാര്‍ട്ടറില്‍ കീഴടങ്ങി ഇന്ത്യ, ഇനി അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങള്‍ക്കായി മത്സരിക്കും

ദക്ഷിണ കൊറിയയോട് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടങ്ങി ഇന്ത്യ. 1-3 എന്ന സ്കോറിനാണ് ഇന്ത്യ വീണത്. ആദ്യ രണ്ട് സെറ്റുകളും കൈവിട്ട ഇന്ത്യ മൂന്നാം സെറ്റ് നേടിയെങ്കിലും നാലാം സെറ്റിലും ഇന്ത്യ ദക്ഷിണകൊറിയയുടെ മുന്നില്‍ തളരുകയായിരുന്നു. സ്കോര്‍: 25-20, 25-23, 20-25, 25-21.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ 3-2 എന്ന സ്കോറിന് കീഴടക്കി. ആദ്യ രണ്ട് സെറ്റുകളും നേടി പാക്കിസ്ഥാന്‍ സെമിയിലേക്ക് എത്തുമെന്ന് കരുതപ്പെട്ടുവെങ്കിലും ഓസ്ട്രേലിയ മികച്ച പ്രകടനത്തിലൂടെ പാക്കിസ്ഥാനെ പിന്നീടുള്ള രണ്ട് സെറ്റുകളില്‍ നിഷ്പ്രഭമാക്കുകയായിരുന്നു. അവസാന സെറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ജയം ഓസ്ട്രേലിയയ്ക്കൊപ്പം നിന്നു. സ്കോര്‍: 21-25, 21-25, 25-18, 25-14, 15-13.

പൂള്‍ ഇ ക്ലാസിഫിക്കേഷനില്‍ ഇറാനോടും ഇന്ത്യയ്ക്ക് തോല്‍വി

ഏഷ്യന്‍ ശക്തികളായ ഇറാനോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് പൂള്‍ ഇ ക്ലാസിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ത്യയുടെ തോല്‍വി. നേരത്തെ തങ്ങളുടെ പൂള്‍ ക്ലാസിഫിക്കേഷന്‍ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. 16-25, 21-25, 21-25 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരാജയം.

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി. നാല് തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ടീമാണ് ദക്ഷിണ കൊറിയ.

ഓസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി ഇന്ത്യ

ഏഷ്യന്‍ സീനിയര്‍ പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2019ന്റെ പൂള്‍ ഇ ക്ലാസ്സിഫിക്കേഷന്‍ മത്സരത്തില്‍ ലോക റാങ്കിംഗില്‍ 16ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയോട് പൊരുതി നിന്നുവെങ്കിലും നേരിട്ടുള്ള സെറ്റുകളില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യ. ലോക റാങ്കിംഗില്‍ 131ാം സ്ഥാനത്തുള്ള ഇന്ത്യ 27-29, 24-26, 21-25 എന്ന സ്കോറിനാണ് കീഴടങ്ങിയത്. ആദ്യ രണ്ട് ഗെയിമുകളും ടൈ ബ്രേക്കറിലേക്ക് ചെന്നെത്തിയെങ്കിലും തങ്ങളുടെ മത്സര പരിചയവും കേളി മികവും മുതലാക്കി ഓസ്ട്രേലിയ മുന്നിലെത്തി.

ഇന്ന് ഇറാനുമായാണ് ഇന്ത്യയുടെ മത്സരം.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഒളിമ്പിക് യോഗ്യത ടൂര്‍ണ്ണമെന്റിലും ഇടം

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ. 5 പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഇതോടെ ചൈനയില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിമ്പിക് യോഗ്യത ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് ഇടം ലഭിച്ചു.

ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലോക റാങ്കിംഗില്‍ 39ാം സ്ഥാനക്കാരും നിലവിലെ ഏഷ്യന്‍ റണ്ണറപ്പുകളുമായ കസാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ ആരംഭിച്ചത്. ആവേശകരമായ മത്സരത്തില്‍ 3-2ന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 31-29, 25-14, 28-30, 18-25, 15-9 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അതേ സമയം ചൈനയോട് ഇന്ത്യ 16-25, 15-25, 21-25 എന്ന സ്കോറിനാണ് ഇന്ത്യ പിന്നില്‍ പോയത്.

അവസാന മത്സരത്തില്‍ ഒമാനെതിരെ ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും മത്സരം 22-25, 25-12, 25-21, 25-19 എന്ന സ്കോറിന് വിജയം ഇന്ത്യ സ്വന്തമാക്കി. അവസാന മത്സരത്തില്‍ ചൈന കസാക്കിസ്ഥാനെ കീഴടക്കിയതോടെ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം സാധ്യമായി.

വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍

അണ്ടര്‍ 23 ഏഷ്യന്‍ പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുവാന്‍ ഇന്ത്യയ്ക്കായില്ലെങ്കിലും വെള്ളിമെഡല്‍ ജേതാക്കളായി ടീമിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഫൈനലില്‍ ചൈനീസ് തായ്‍പേയോടാണ് ഇന്ത്യ 1-3 എന്ന സ്കോറില്‍ കീഴടങ്ങിയത്.

ആദ്യ രണ്ട് സെറ്റുകളും കൈവിട്ട ശേഷം മൂന്നാം സെറ്റ് വിജയിച്ചുവെങ്കിലും നാലാം സെറ്റില്‍ പൊരുതി 23-25 എന്ന സ്കോറിലാണ് ഇന്ത്യ കീഴടങ്ങിയത്. സ്കോര്‍: 21-25, 20-25, 25-19, 23-25. ഫൈനലില്‍ കടന്നതിനാല്‍ ഇന്ത്യയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത ലഭിച്ചിരുന്നു.

Exit mobile version