ഒളിമ്പിക് വോളിബോളിൽ രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം അർജന്റീനയെ തോൽപ്പിച്ചു ബ്രസീൽ

Argbra

ഒളിമ്പിക്സിൽ തങ്ങളുടെ പ്രിയ ഇനം ആയ വോളിബോളിൽ ബ്രസീലിനു അവിസ്മരണീയ ജയം. തങ്ങളുടെ എന്നത്തേയും മുഖ്യ എതിരാളികൾ ആയ അർജന്റീനക്ക് എതിരെ ആദ്യ രണ്ടു സെറ്റ് തോറ്റ ശേഷം തിരിച്ചു വന്നാണ് പുരുഷ വിഭാഗത്തിൽ ബ്രസീൽ പൂൾ ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം കണ്ടത്. ആദ്യ രണ്ടു സെറ്റുകളിൽ തങ്ങളുടെ സൂപ്പർ താരം ഫക്കുണ്ടോ കോന്റെയുടെ മികവിൽ അർജന്റീന ബ്രസീലിനു മേൽ വലിയ ആധിപത്യം നേടി. 25-19, 25-21 എന്ന സ്കോറിന് അവർ ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കി. എന്നാൽ തുടർന്നു ഡഗ്ലസ് സോസയുടെ തകർപ്പൻ സ്പൈക്കുകളുടെ മികവിൽ ബ്രസീൽ തിരിച്ചു വരവ് ആണ് കണ്ടത്.

25-16 നു മൂന്നാം സെറ്റ് നേടിയ ബ്രസീൽ നാലാം സെറ്റ് 25-21 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ മത്സരം കടുത്തു. ഒടുവിൽ ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ അർജന്റീനക്ക് ആയെങ്കിലും കോന്റെയുടെ നിർണായക സമയത്തെ അബദ്ധം അവർക്ക് തോൽവി സമ്മാനിച്ചു. 16-14 ആണ് ബ്രസീൽ അവസാന സെറ്റ് നേടിയത്. ബ്രസീൽ ഗ്രൂപ്പിൽ രണ്ടു കളികളും ജയിച്ചപ്പോൾ അർജന്റീന രണ്ടു കളിയും തോറ്റു. പുരുഷ വിഭാഗത്തിൽ പൂള് ബിയിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് റഷ്യൻ ഒളിമ്പിക് കമ്മിറ്റി അമേരിക്കക്ക് എതിരെയും ജയം കണ്ടു. അതേസമയം വനിത വോളിബോളിൽ നിലവിലെ ജേതാക്കൾ ആയ ചൈനയെ തുർക്കി അട്ടിമറിച്ചു. 25-21, 25-14, 25-14 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു തുർക്കി ജയം.

Previous article‘തന്റെ ഒളിമ്പിക് സ്വർണം LGBT+ സമൂഹത്തിനു പ്രചോദനം ആവും എന്നാണ് പ്രതീക്ഷ’ ~ ടോം ഡെയ്ലി
Next articleമൂന്നാം ദിനത്തിൽ മെഡൽ വേട്ടയിൽ മുന്നിലെത്തി ജപ്പാൻ, അമേരിക്ക രണ്ടാമത്