ലോക വോളി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി 6 മലയാളികൾ, താരങ്ങളെ പരിചയപ്പെടാം

അടുത്ത മാസം 19 മുതൽ 31 വരെ ചൈനീസ് തായ്പൊയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ആറു മലയാളി താരങ്ങൾ , ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ അഭിവാജ്യഘടകമായ ഈ സൂപ്പർ താരങ്ങളെ നമുക്ക് പരിചയപ്പെടാം ആശംസകൾ നേരാം,നാല് എംജി യൂണിവേഴ്സിറ്റി താരങ്ങളും രണ്ടു കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളുമടങ്ങുന്ന മലയാളികളുടെ അഭിമാന താരങ്ങളിൽ മൂന്നു താരങ്ങളെ ഇന്ന് പരിചയപ്പെടുത്താം.

 

1, ശ്രീഹരി കെ .കെ

ആലപ്പുഴ മുഹമ്മ സ്വദേശിയായ ശ്രീഹരി കേരളത്തിലെ ശ്രദ്ധേയനായ യുവ ലിബേറൊമാരിൽ ഒരാളാണ്.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ വോളിബോളിലേക്ക് കാലെടുത്തു വെച്ച യുവതാരം പാലാ സെന്റ് തോമസ് കോളജിൽ എത്തിയതോടു കൂടിയാണ് വോളിബോളിനെ ഗൗരവമായി കാണാൻ തുടങ്ങിയത് ,വോളിബോൾ താരമായിരുന്ന സഹോദരൻ സോജന്റെയും സെന്റ് തോമസ് കോളേജ് അദ്ധ്യാപകൻ മനോജ് സാറിന്റെയും ശിക്ഷണത്തിൽ വോളിയിൽ ഉയരങ്ങൾ കീഴടക്കാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല,ജില്ലാ തല ജൂനിയർ ചാംപ്യൻഷിപ്പുകളിൽ മികവാർന്ന പ്രകടനം നടത്തിയ ശ്രീഹരിയെ തേടി കഴിഞ്ഞ വര്ഷം MG യുണിവേഴ്സിറ്റി ടീമിന്റെ വിളിയെത്തി ,പാലാ സെന്റ് തോമസ് കോളേജ് വേദിയായ കഴിഞ്ഞ വർഷത്തെ ഓൾ ഇന്ത്യ ഇന്റർ യൂനിബേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ MG ക്കു വേണ്ടി മികച്ച പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്. തന്റെ കൂടി പ്രകടന മികവ് ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റിയിൽ MGക്കു മൂന്നാം സ്ഥാനം നേടിക്കൊടുത്തു.

തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു തുടങ്ങിയത് പാലാ സെന്റ് തോമസിൽ മനോജ് സാറിന്റെ ശിക്ഷണത്തിൽ വോളിബോൾ അഭ്യസിച്ചു തുടങ്ങിയത് മുതലാണെന്നു ശ്രീഹരി മനസ് തുറക്കുന്നു, അകക്കണ്ണ് കൊണ്ട് എതിരാളിയുടെ ഷോട്ടുകൾ അളന്നു തിട്ടപ്പെടുത്തി സെറ്ററുടെ ആത്മവിശ്വാസം ഒരു നൂറിരട്ടിയിലേക്ക് വർധിപ്പിക്കാൻ ശേഷിയുള്ള പാസുകൾ നൽകാൻ മിടുക്കനായ ശ്രീഹരിക്കു കഴിഞ്ഞ വർഷം വാരാണാസിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനൊപ്പം കളിക്കാനുള്ള ഭാഗ്യം കൂടി കിട്ടി.

പ്രോഗ്രസീവ് ചാരമംഗലം വോളിബോൾ ക്ലബ്ബിൽ നിന്നു കിട്ടിയ പ്രോത്സാഹനം ശ്രീഹരിയെ ഒരു കഠിനാദ്ധ്വാനിയായ താരമാക്കി,
ആത്മാർത്ഥതയോടെ ടീമിന് വേണ്ടി അദ്ധ്വാനിച്ചു കളിക്കുന്ന ശ്രീഹരിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചു കൊണ്ട് വീണ്ടുമൊരു ഇന്റർനാഷണൽ മത്സരം കളിക്കാനുള്ള അവസരം തേടി വന്നിരിക്കുകയാണ്.

2, ഷമീം പരപ്പനങ്ങാടി

ഫുട്‌ബോളിന്റെ മക്കയായ മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് വോളിബോളിൽ വിജയക്കൊടി പറപ്പിക്കാനൊരുങ്ങുകയാണ് ഷമീം ,ഉയരക്കാരുടെ കളിയിൽ ഉയരക്കൂടുതൽ മുതലെടുത്തു തന്നെയാണ് ഈ യുവ താരം ഉയരങ്ങൾ കീഴടക്കാൻ ഇറങ്ങിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉള്ളാനം സ്വദേശികളായ മുഹമ്മദ് കോയ മറിയുമ്മ ദമ്പതികളുടെ മകനായ ഷമീം ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പ്ലസ് ടു പഠനത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയിൽ ഡിഗ്രി പഠനത്തിന് ചേർന്ന ശേഷമാണ് വോളിബോള് കാര്യമായെടുത്തത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കായിക അദ്ധ്യപകൻ ശ്രീ : ജേക്കബ് ജോസഫ് സാർ മിനുക്കിയെടുത്ത ഈ മിഡ്‌ഡിൽ ബ്ലോക്കർ അവസാന വർഷം കേരള യൂത്ത്‌ ടീമിന്റെ ഭാഗമായിരുന്നു, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റിയിൽ MG ക്കു വേണ്ടി മതിൽ തീർത്ത ഷമീം മലപ്പുറത്ത് വളർന്നു വരുന്ന ജൂനിയർ താരങ്ങൾക്ക് പ്രചോദനമാണ്.

ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കു കളിക്കാൻ കഴിയാതെ പോയ സങ്കടം ഒരു ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് വിളി വന്നതിലൂടെ മറക്കുന്ന ഷമീം മലപ്പുറത്തെ ലോക്കൽ ടൂർണമെന്റുകളിൽ മിന്നും താരം കൂടിയാണ് ,190 CM ഉയരക്കാരനായ ഷമീം കെട്ടുന്ന പ്രധിരോധകോട്ടകൾ തച്ചു തകർക്കാൻ എതിരാളികൾ അൽപ്പം വിയർപ്പൊഴുക്കേണ്ടി വരുമെന്നത് തീർച്ചയാണ്.

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്ക് ഷമീമിനും ക്ഷണമുണ്ടെന്നറിഞ്ഞ നിമിഷം മുതൽ മലപ്പുറത്തെ ഓരോ വോളി പ്രേമിയും പ്രതീക്ഷയിലാണ് അവരുടെ പ്രതീക്ഷകൾ കാക്കാൻ ഷമീമിന് കഴിയട്ടെ.

3, അഭിഷേക് രാജീവ്

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അഭിഷേക് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുമ്പോഴാണ് വോളീബോൾ കളരിയിലേക്ക് എത്തിപ്പെടുന്നത്, കേന്ദ്രീയ വിദ്യാലയത്തിലെ കായിക അദ്ധ്യാപകൻ സുധീഷ് നരിക്കുനി അഭിഷേകിനെ വോളിബോളിലേക്ക് തിരിച്ചു വിട്ടത് വെറുതെയായില്ല. കേരളത്തിലെ മികച്ചൊരു യൂത്ത്‌ അറ്റാക്കർ ആയി വളർന്ന ഈ ഇരുപത്തൊന്നുകാരൻ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ കാസർക്കോട് ജില്ലക്ക് വേണ്ടി കളത്തിലിറങ്ങിയാണ് പ്രൊഫഷണൽ വോളിയിലേക്ക് ചുവടു വെച്ചത്.

രണ്ടു വർഷം തുടർച്ചയായി യൂത്തു ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലക്ക് വേണ്ടി ജെയ്സി അണിഞ്ഞ അഭിഷേക് ഇന്ന് കേരളത്തിലെ ഒട്ടു മിക്ക യൂത്തു താരങ്ങളും വളർന്നു വന്ന പാലാ സെന്റ് തോമസ് കോളേജിൽ നിന്നാണ് ആധുനിക വോളിയിലെ വിദ്യകൾ കരസ്ഥമാക്കിയത് 2017 ലെ ദേശീയ യൂത്ത്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ ഈ താരം പാലായിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ MG യൂണിവേഴ്സിറ്റിക്കു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇന്റർ യൂണിവേഴ്സിറ്റിയിലെ ശ്രദ്ധേയമായ പ്രകടനം ഈ അറ്റാക്കർക്ക് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്ക് വഴി തുറന്നു, വാരണാസിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെ കുപ്പായമിട്ട അഭിഷേകിനെ ചൈനയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്ക് വിളിക്കാൻ ടീം സെലക്ടർമാർക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേരളത്തിന്റെ ചുണക്കുട്ടന്മാർ ഇന്ത്യൻ ടീമിന് വിജയം കൊണ്ടുവരും അതിൽ അഭിഷേകിന്റെ കൈക്കരുത്തുമുണ്ടാവും.

 

കൂടുതൾ വോളി വാർത്തകൾക്ക്:

https://www.facebook.com/volleyLive/

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial