പങ്കജ് അദ്വാനിക്ക് വീണ്ടും ലോക കിരീടം; ഇന്ത്യക്ക് അഭിമാന നിമിഷം

സിഗപ്പൂരിന്റെ പീറ്റർ ഗിൽക്രിസ്റ്റിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പങ്കജ് അദ്വാനി തന്റെ 11മത്തെ ലോക ബില്ല്യാഡ് ചാംപ്യൻഷിപ് (150 അപ്പ് ഫോർമാറ്റ്) സ്വന്തമാക്കി.

ബംഗളൂരുവിൽ നടന്ന ഫൈനലിൽ മുൻ ലോക ചാംപ്യൻ ആയ പീറ്റർ ഗിൽക്രിസ്റ്റിനെ മൂന്നിനെതിരെ ആറു ഗെയിമുകൾക്കാണ് പങ്കജ് പരാജയപ്പെടുത്തിയത്. ഇതോടെ പങ്കജ് അദ്വാനിയുടെ കരിയറിലെ 16മത്തെ ലോക കിരീടമായി ഇത്.

മത്സരത്തിന്റെ ആദ്യ രണ്ടു ഗെയിമുകളും സ്വന്തമാക്കിയ പങ്കജ് മികച്ച രീതിയിലാണ് തുടങ്ങിയത്. തുടർന്നുള്ള രണ്ടു ഗെയിമുകൾ സ്വന്തമാക്കി ഗിൽക്രിസ്റ്റ് മത്സരം ആവേഷകരമാക്കി.

തുടർന്നു വന്ന അഞ്ചും ആറും ഗെയിമുകൾ വിജയിച്ച പങ്കജ് എതിരാളിക്ക് മേൽ വ്യക്തമായ ആധിപത്യം നേടുന്നതാണ് കണ്ടത്. ഏഴാമത്തെ ഗെയിം ഗിൽക്രിസ്റ്റ് വിജയിച്ചു എങ്കിലും എട്ടും ഒന്പതും ഗെയിമുകൾ പങ്കജിന് മുൻപിൽ അടിയറവ് വെച്ചതോടെ മത്സരവും ലോക കിരീടവും പങ്കജ് സ്വന്തമാക്കുകയായിരുന്നു.