റഗ്ബി ലോകകപ്പിൽ ആവേശപോരാട്ടത്തിൽ വെയിൽസിനെ മറികടന്നു ദക്ഷിണാഫ്രിക്ക ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റഗ്ബി ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനു ഒടുവിൽ രണ്ടാം സെമിഫൈനലിൽ വെയിൽസിനെ മറികടന്നു ദക്ഷിണാഫ്രിക്ക ഫൈനൽ പ്രവേശിച്ചു. അക്ഷരാർത്ഥത്തിൽ റഗ്ബിയുടെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ 19-16 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് ജയം കണ്ടത്. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. റഗ്ബിയിൽ ഇത് വരെ ഇംഗ്ലണ്ടിനോട് തൊറ്റിട്ടില്ലാത്ത ദക്ഷിണാഫ്രിക്ക കളിച്ച രണ്ട് ലോകകപ്പ് ഫൈനലിലും ജയം കണ്ടിട്ടും ഉണ്ട്. എന്നാൽ ഓൾ ബ്ളാക്സിനെ മറികടന്നു വരുന്ന ഇംഗ്ലീഷ് പടയെ എഴുതിതള്ളാൻ ആവില്ല. സെമിഫൈനലിലെ ആവേശം ഫൈനലിൽ ആവർത്തിക്കാൻ ആവും ഇരുടീമുകളും ശ്രമിക്കുക.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയപ്പോൾ മത്സരം കടുത്തു. എന്നാൽ ലഭിച്ച 3 പെനാൽട്ടിയും ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്കായും ലഭിച്ച പെനാൽട്ടി 2 എണ്ണവും ലക്ഷ്യം കണ്ട ഡാൻ ബിഗ്ഗറും സ്‌കോർ 9-6 എന്ന നിലയിൽ ആക്കി. ഇതിനിടയിൽ വിങർ നോർത്ത് പരിക്കേറ്റു പുറത്ത് പോയത് വെയിൽസിന് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഡാൻ ബിഗ്ഗർ മത്സരത്തിൽ വെയിൽസിനെ ഒപ്പമെത്തിച്ചു. എന്നാൽ ശേഷം മനോഹരമായി കളിച്ച ദക്ഷിണാഫ്രിക്ക ഡാമിയൻ ഡി അല്ലൻഡെയിലൂടെ ട്രൈ നേടി. ഒപ്പം തന്റെ കിക്ക് ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് സ്‌കോർ 16-9 എന്ന നിലയിൽ ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കി.

എന്നാൽ തുടർന്ന് സർവ്വം മറന്നു പൊരുതുന്ന വെയിൽസിനെ അവിശ്വസനീയമായ നിലക്ക് പ്രതിരോധിക്കുന്ന ദക്ഷിണാഫ്രിക്കയെ ആണ് കാണാൻ ആയത്. എന്നാൽ ജോഷ് ആദംസിലൂടെ ട്രൈ നേടിയ വെയിൽസ് മത്സരത്തിൽ തിരിച്ചെത്തി. ലഭിച്ച കിക്ക് ലക്ഷ്യം കണ്ട ലേ ഹാഫ്പെന്നി സ്‌കോർ 16-16 ആക്കി. എന്നാൽ വിട്ട് കൊടുക്കാതെ പൊരുതിയ ദക്ഷിണാഫ്രിക്ക മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് മത്സരം സ്പ്രിങ് ബോക്സിനു സമ്മാനിച്ചു. മത്സരത്തിൽ തന്റെ അഞ്ചാം കിക്ക് ആയിരുന്നു പൊള്ളാർഡിനു ഇത്. 5 കിക്കുകളിലും അസാധാരണമായ കൃത്യത പുലർത്തിയ ഹാന്ദ്ര പൊള്ളാർഡ് തന്നെയാണ് സെമിഫൈനലിലെ താരമായത്. രണ്ട് സെമിഫൈനലുകളിലും കണ്ട ആവേശപോരാട്ടം തന്നെയാവും ഫൈനലിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടത്തിലും ജപ്പാൻ കാത്തിരിക്കുക. തങ്ങളുടെ മൂന്നാം ലോകകിരീടം ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുമ്പോൾ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 2003 നു ശേഷമുള്ള രണ്ടാം ലോകകിരീടം ആണ്.