ആവേശമാവാൻ റഗ്ബി ലോകകപ്പ്, നാളെ തുടക്കം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റഗ്ബി ലോകകപ്പിന് നാളെ ജപ്പാനിൽ തുടക്കം. ആധിപത്യം തുടരാൻ ന്യൂസിലാൻഡിന്റെ ‘ഓൾ ബ്ളാക്‌സ്’ ഇറങ്ങുമ്പോൾ അവരെ എന്ത് വിലകൊടുത്തും തടയുക എന്ന വലിയ ലക്ഷ്യവുമായാണ് മറ്റ് ടീമുകൾ ലോകകപ്പിന് എത്തുക. 4 ഗ്രൂപ്പുകളിൽ ആയി 5 വീതം ടീമുകൾ അണിനിരക്കുന്ന ലോകകപ്പിൽ മൊത്തം 20 ടീമുകൾ ആണ് പങ്കെടുക്കുക. 2011 ലും 2015 ലും തുടർച്ചയായി ലോകകപ്പ് നേടിയ ന്യൂസിലാൻഡ്, 2007 ലെ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയുടെ ‘സ്പ്രിങ് ബോക്‌സ്’ എന്നിവർക്ക് പുറമെ 2018 ൽ മികച്ച പ്രകടനം തുടർന്ന അയർലൻഡ് എന്നിവർക്കാണ് കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. 2018 ൽ ന്യൂസിലാൻഡ് തോൽക്കുമെന്നു തെളിയിച്ച ദക്ഷിണാഫ്രിക്കയും അയർലൻഡ് ടീമുകൾ ഇത്തവണ ഓൾ ബ്ളാക്സിനു കനത്ത വെല്ലുവിളി ഉയർത്തും എന്നതിൽ സംശയം ഇല്ല.

ആതിഥ്യം വഹിക്കുന്ന ജപ്പാൻ, അയർലൻഡ്, സ്‌കോട്ട്‌ലൻഡ്, റഷ്യ, സമോവ ടീമുകൾ ആണ് ഗ്രൂപ്പ് എയിൽ അണിനിരക്കുന്നത്. 2018 ൽ 1995 നു ശേഷം ആദ്യമായി ന്യൂസിലാൻഡ് ടീമിനെ ഒരു ട്രൈ പോലും നേടാൻ സമ്മതിക്കാതെ ജയിച്ച 6 ടീമുകളുടെ ഗ്രാന്റ്‌ സ്‌ലാമിലും കിരീടം നേടിയ അയർലൻഡിനാണ് ഗ്രൂപ്പിൽ നിന്നു മുന്നേറാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്നത്. ജാക്ക് കോനൻ, സാന്റർ, പീറ്റർ ഒമഹോനി തുടങ്ങിയവർ അണിനിരക്കുന്ന അയർലൻഡ് ടീമിന് ഗ്രൂപ്പിൽ നിന്നും മുന്നോട്ടുള്ള പ്രയാണം എളുപ്പം ആവും എന്നു തന്നെ കരുതാം. ഡാർസി ഗ്രഹാം കരുത്ത് പകരുന്ന സ്‌കോട്ട്‌ലൻഡ് ടീമിനൊപ്പം ജപ്പാനെയും ഗ്രൂപ്പിൽ എഴുതിതള്ളാൻ ആവില്ല. കസുക്കി ഹിമെനോ ആണ് നാട്ടുകാരുടെ വലിയ പ്രതീക്ഷ. എന്നും ലോകകപ്പിൽ അട്ടിമറികൾ ശീലിച്ച സമോവയെയും കരുതിത്തന്നെ ഇരിക്കണം. സാന്നിധ്യം അറിയിക്കുന്നതിനു അപ്പുറം വല്ലതും ചെയ്യാൻ റഷ്യക്ക് ആവുമോ എന്നു കണ്ടറിയണം. ഡാഗിർ ഗാദ്ചീവ്‌ ആണ് അവരുടെ ശ്രദ്ധേയ താരം. അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ടീമുകൾ തന്നെയാണ് ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമുകൾ.

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കടുക്കും. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് പുറമെ ഇറ്റലി, കാനഡ, നമീബിയ ടീമുകൾ ആണ് ഗ്രൂപ്പ് ബിയിൽ അണിനിരക്കുന്നത്. തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കക്കും കിരീടം നിലനിർത്താൻ ഇറങ്ങുന്ന ന്യൂസിലാൻഡിനും രണ്ടാം സ്ഥാനം എന്നത് അത്ര പ്രിയപ്പെട്ട ഒന്നാവില്ല. രണ്ടാം സ്ഥാനം കിട്ടുന്ന ടീം ക്വാട്ടർ ഫൈനലിൽ അയർലൻഡ് ടീമിനെ നേരിടേണ്ടി വരും എന്നതിനാൽ എന്ത് വിലകൊടുത്തും ഒന്നാം സ്ഥാനം നേടുക ആവും ഇരു ടീമുകളുടെയും ലക്ഷ്യം. മുഖ്യാതാരം ടി ജെ പെരെനാറ, 25 കാരൻ ആന്റി സവയേ എന്നിവർ ആണ് ഓൾ ബ്ളാക്സിന്റെ പ്രധാനതാരങ്ങൾ. മറുവശത്ത് ഡയന്റിയുടെ അഭാവത്തിൽ ഇറങ്ങുന്ന സ്പ്രിങ് ബോക്സിന്റെ പ്രധാനശക്തി സബു കോസിയിൽ ആണ്. ജയം ശീലമാക്കിയ ന്യൂസിലാൻഡ് ടീമിനെ 2018 ൽ തോൽപ്പിച്ചത് ദക്ഷിണാഫ്രിക്കക്ക് വലിയ ആത്മവിശ്വാസം നൽകും. ഗ്രൂപ്പിലെ മറ്റ്‌ ടീമുകൾ ആയ ഇറ്റലി, നമീബിയ, കാനഡ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടക്കാൻ റഗ്ബി ലോകകപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറികൾക്ക് ജപ്പാൻ സാക്ഷിയാകേണ്ടി വരും എന്നത് തന്നെയാണ് വാസ്തവം.

ഈ ലോകകപ്പിലെ മരണഗ്രൂപ്പ് എന്ന് തന്നെ ഗ്രൂപ്പ് സിയെ വിശേഷിപ്പിക്കാം. യു.എസ്.എ, ടോങ ടീമുകൾക്ക് പുറമെ റഗ്ബിയിലെ പരമ്പരാഗത ശക്തികൾ ആയ ഇംഗ്ലണ്ട്, ഫ്രാൻസ്, അർജന്റീന ടീമുകൾ ഗ്രൂപ്പിൽ മുഖാമുഖം വരുമ്പോൾ വമ്പൻ ടീമുകളിൽ ഒന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോകും എന്നുറപ്പാണ്. 25 കാരൻ ജോ ടോഫെറ്റെയുടെ ശക്തിയിൽ ഇറങ്ങുന്ന യു.എസ്.എ അവരുടേതായ ദിനം അപകടകാരികൾ ആണ്. എങ്കിലും മത്സരം ഇംഗ്ലണ്ട്, ഫ്രാൻസ്, അർജന്റീന ടീമുകൾ തന്നെയാവും. 2003 ലെ ജേതാക്കൾ ആയ റഗ്ബിയുടെ ജന്മഭൂമി ആയ ഇംഗ്ലീഷ് ടീമിന്റെ പ്രധാനകരുത്ത് 26 കാരൻ ആയ ഹെൻറി സ്ലേഡ് ആണ്. യുവതാരം 21 കാരൻ ഡെബ ബാമ്പയുടെ സാന്നിധ്യം ഫ്രാൻസിനെ കൂടുതൽ അപകടകാരികൾ ആക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നും റഗ്ബിയിലെ വലിയ ശക്തിയായ അർജന്റീനയുടെ പ്രധാന താരം 24 കാരൻ എമിലിയാനെ ബോഫേല്ലിയാണ്. മരണഗ്രൂപ്പിൽ ഏത് പ്രധാന ടീമാണ് പുറത്ത് പോവുക എന്ന ചോദ്യം ആവും ഗ്രൂപ്പ് ഘട്ടത്തിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുക.

റഗ്ബിയിലെ പ്രാധാനശക്തികൾ ആയ ഓസ്‌ട്രേലിയ, വെയിൽസ് ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പ് ഡിയിൽ ഫിജി, ഉറുഗ്വായ്, ജോർജിയ ടീമുകളും കളത്തിൽ ഇറങ്ങുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് വാതുവെപ്പ് ആരോപണത്തെ തുടർന്ന് പരിശീലകനെ നാട്ടിലേക്ക് അയച്ച വെയിൽസിന് അത് തിരിച്ചടി ആവുമോ എന്നു കണ്ടറിയണം. അതിനാൽ തന്നെ ഓസ്‌ട്രേലിയ, വെയിൽസ് ടീമുകൾക്ക് ഒപ്പം സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് തിളങ്ങിയ ഫിജിയെ കുറച്ച് കാണാൻ ആവില്ല. ഫിജിയിൽ ജനിച്ച 24 കാരൻ ആയ ഇസി നയ്സറാനിയാണ് ഓസ്‌ട്രേലിയയുടെ പ്രമുഖതാരം. യുവതാരം ജോഷ് ആദംസിൽ വലിയ പ്രതീക്ഷ വച്ച് പുറത്തുന്നു വെയിൽസും. പെസെലി യാറ്റോ ആണ് ഫിജിയിൽ ശ്രദ്ധിക്കേണ്ട താരം. ഗ്രൂപ്പിൽ വലുതായി എന്തെങ്കിലും ചെയ്യാൻ ഉറുഗ്വായ്, ജോർജിയ ടീമുകൾക്ക് ആവുമോ എന്നു കണ്ട് തന്നെ അറിയണം. ജപ്പാൻ ലോകകപ്പിൽ തുടർച്ചയായ മൂന്നാം പ്രാവശ്യവും കിരീടം നേടാൻ ന്യൂസിലാൻഡിന്റെ വിഖ്യാതമായ ‘ഓൾ ബ്ളാക്‌സ്’ ടീമിന് ആവുമോ അല്ല പുതിയ ജേതാക്കൾ പ്രത്യക്ഷപ്പെടുമോ എന്നത് തന്നെയാവും പ്രധാനമായും ഉയർന്നു കേൾക്കാവുന്ന ചോദ്യം.