റഗ്ബി ലോകകപ്പിൽ ഇംഗ്ലണ്ട്- ന്യൂസിലാൻഡ് സെമിഫൈനൽ

റഗ്ബി ലോകകപ്പിൽ ആദ്യ സെമിഫൈനൽ ലൈനപ്പ് ആയി. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പിച്ചപ്പോൾ അയർലൻഡിനെ തകർത്തായിരുന്നു ഓൾ ബ്ളാക്‌സിന്റെ സെമിഫൈനൽ പ്രവേശനം. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരായ തങ്ങളുടെ സമീപകാല മികച്ച റെക്കോർഡ് തുടർന്ന ഇംഗ്ലണ്ട് 40-16 എന്ന സ്കോറിന് ആണ് ജയം കണ്ടത്. തുടർച്ചയായ 7 മത്സരത്തിലും ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് ശക്തമായി ആണ് മത്സരം തുടങ്ങിയത്. ജോണി മേ തന്റെ 50 താമത്തെ മത്സരത്തിൽ രണ്ട് ട്രൈകളുമായി തിളങ്ങിയപ്പോൾ പ്രതിരോധത്തിൽ കളിയിലെ താരമായ ടോം കറി നടത്തിയ പ്രകടനം ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായി.

കഴിഞ്ഞ ലോകകപ്പിൽ നാട്ടിൽ വച്ച് തങ്ങളെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കിയ ഓസ്‌ട്രേലിയക്ക് എതിരായ മധുര പ്രതികാരം കൂടിയായി ഇംഗ്ലണ്ടിന് ഇത്. പെനാൽട്ടി, കൺവേർഷൻ എന്നിവയിലൂടെ 20 പോയിന്റ് നേടിയ ഓവൻ ഫെരെലും ഇംഗ്ലീഷ് പ്രകടനത്തിൽ നിർണായകമായി. അതേസമയം രണ്ടാം ക്വാർട്ടർ ഫൈനലിൽ ന്യൂസിലാൻഡ് അയർലൻഡിനെ തകർത്തു തങ്ങളുടെ നാലാം ലോകകപ്പ് ലക്ഷ്യമാക്കി സെമിഫൈനലിലേക്ക് മുന്നേറി.  46-14 എന്ന സ്കോറിന് ആണ് ഓൾ ബ്ളാക്‌സ് ജയം കണ്ടത്. അയർലൻഡിനു എതിരെ മികച്ച റെക്കോർഡ് ഉണ്ടെങ്കിലും കഴിഞ്ഞ 3 ൽ രണ്ടിലും തോറ്റതിന് മറുപടി കൂടിയായി ന്യൂസിലാൻഡിനു ഈ ജയം.

മത്സരത്തിൽ 7 ട്രൈ സ്‌കോർ ചെയ്ത ഓൾ ബ്ളാക്‌സിനായി ആരോൺ സ്മിത്ത് 2 ട്രൈ നേടി. മത്സരത്തിൽ ഉടനീളം ഓൾ ബ്ളാക്‌സിന് വെല്ലുവിളി ആവാൻ അയർലൻഡിനു ആയില്ല. നമീബിയക്ക് എതിരായ മത്സരത്തിനു ശേഷം 2 ആഴ്ചകൾക്ക് ശേഷം കളത്തിൽ ഇറങ്ങിയത് പുറത്ത് കാണിക്കാത്ത പ്രകടനം ആണ് ഓൾ ബ്ളാക്‌സ് നടത്തിയത്. ഇത് വരെ ലോകകപ്പിൽ വലിയ പരീക്ഷണങ്ങങ്ങൾ നേരിടാത്ത ഓൾ ബ്ളാക്‌സിന് ഒരു വെല്ലുവിളി ആവാനുള്ള ശ്രമം ആവും ഇംഗ്ലണ്ട് നടത്തുക. അടുത്ത ശനിയാഴ്ച ആണ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് സെമിഫൈനൽ മത്സരം. റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന മൂന്നും നാലും ക്വാർട്ടർ ഫൈനലുകളിൽ വെയിൽസ് ഫ്രാൻസിനെയും ആതിഥേയരായ ജപ്പാൻ ദക്ഷിണാഫ്രിക്കയെയും നേരിടും.

Previous articleവാർ തുണയായി, ബേൺലിക്കെതിരെ ലെസ്റ്ററിന് ജയം
Next articleഇഞ്ചുറി ടൈമിൽ വിജയ ഗോൾ, ബ്രയ്റ്റൺ ഹൃദയം തകർത്ത് വില്ല