മണ്ടേലയുടെ പ്രിയപ്പെട്ട റഗ്ബി താരം ചെസ്റ്റർ വില്യംസ് അന്തരിച്ചു

- Advertisement -

1995 ലെ റഗ്ബി ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലെ അംഗം ആയ ചെസ്റ്റർ വില്യംസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 49 കാരൻ ആയ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ റഗ്ബി താരം മരണപ്പെട്ടത്. കായികമത്സരങ്ങൾക്ക് ഒരു രാജ്യത്തെ ഒന്നിപ്പിക്കാം എന്നു, അടിമയാക്കപ്പെട്ട ഒരു ജനതയെ കൊണ്ട് പൊറുക്കാൻ പഠിപ്പിക്കാം എന്നു, ഉടമയായി ചമഞ്ഞവരെ തിരുത്താം എന്നു ലോകത്തെ പഠിപ്പിച്ച ഒരു മനുഷ്യൻ ഉണ്ട് നെൽസൺ മണ്ടേല, ലോകത്തിന്റെ പ്രിയപ്പെട്ട മാഡിബ. റഗ്ബി ഉപയോഗിച്ച് മണ്ടേല ദക്ഷിണാഫ്രിക്കയെ ഒരുമിപ്പിച്ചു എന്ന കഥ എന്നും ഏതു സിനിമകഥയെയും വെല്ലുന്നത് തന്നെയാണ്. എന്നും വെള്ളക്കാരന്റെ കായിക ഇനം ആയി ദക്ഷിണാഫ്രിക്കക്കാർ കണ്ട കായിക ഇനം ആയിരുന്നു റഗ്ബി. വെള്ളക്കാർ റഗ്ബി കളിക്കുമ്പോൾ ഫുട്‌ബോൾ ആയിരുന്നു കറുത്തവന്റെ മത്സരം. തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു വംശീയത തുടർന്ന വെള്ളക്കാർ എന്നും ദക്ഷിണാഫ്രിക്കയിലെ ഭൂരിഭാഗം വരുന്ന കറുത്തവരുടെ ശത്രുക്കൾ ആയിരുന്നു. അതിനാൽ തന്നെ സ്പ്രിങ് ബോക്‌ എന്നു ഓമനപ്പേരിട്ട് വെള്ളക്കാർ വിളിച്ച റഗ്ബി ടീമും അവർക്ക് ശത്രുക്കൾ ആയിരുന്നു.

പലപ്പോഴും വെള്ളക്കാരുടെ മാത്രം മത്സരം എന്നിടത്ത് നിന്നാണ് ആ ടീമിലേക്ക് തന്റെ വേഗം കൊണ്ട് വിങർ ആയ ചെസ്റ്റർ വില്യംസ് എന്ന കരുത്തവർഗ്ഗക്കാരൻ ഇടം കണ്ടത്തുന്നത്. ചെസ്റ്ററിന്റെ ടീമിലേക്കുള്ള വരവ് പല കറുത്തവർഗ്ഗക്കാരുടെയും റഗ്ബിയോടുള്ള സമീപനം മാറ്റി. എങ്കിലും 1995 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് മത്സരങ്ങളിലും ടീമിനെ പിന്തുണക്കാൻ ഭൂരിഭാഗം പേരും തയ്യാറായില്ല. എന്നാൽ ടീമിനായി ‘മാഡിബ’ തന്നെ രംഗത്ത് ഇറങ്ങിയപ്പോൾ ലോകം തന്നെ അമ്പരന്നു. റഗ്ബിയിലൂടെ ദക്ഷിണാഫ്രിക്കയെ ഒന്നിപ്പിക്കാം എന്നു കറുത്തവന്റെയും വെളുത്തവന്റെയും അതിർവരമ്പുകൾ മായിച്ചു കളയാം എന്നു മണ്ടേല തിരിച്ചറിഞ്ഞു. ഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിനു മുമ്പ് വെള്ളക്കാരുടെ അഭിമാനത്തിന്റെ പ്രതീകം എന്നു വിളിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ ജേഴ്സി അണിഞ്ഞ് പ്രത്യക്ഷപ്പെട്ട മണ്ടേല കായികരംഗം ഒരിക്കലും മറക്കാൻ ആവാത്ത ചിത്രം ആണ്. ആ ലോകകപ്പിൽ ജയം നേടിയ ടീം രാജ്യത്തെ ഒരുമിപ്പിക്കുക തന്നെയായിരുന്നു ചെയ്തത്.

ടീമിലെ മറ്റ് താരങ്ങൾ എന്ന പോലെ മണ്ടേലക്ക് ഏറെ പ്രിയപ്പെട്ട താരം ആയിരുന്നു ചെസ്റ്റർ. ആ ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ നിർണായക പങ്ക് ആണ് ചെസ്റ്റർ വില്യംസ് നടത്തിയത്. 1993 മുതൽ 2000 വരെ ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൽ കളിച്ച ചെസ്റ്റർ എന്നും ഓർമ്മിക്കപ്പെടുക ദക്ഷിണാഫ്രിക്കയിലെ റഗ്ബിയിലേക്ക് കറുത്തവർക്ക് ഒരു പാത തുറന്ന താരം എന്ന നിലയിൽ തന്നെയാവും. നെൽസൺ മണ്ടേല എന്ന പോലെ ആ റഗ്ബി ടീമിലെ ഓരോ അംഗങ്ങളെ എന്ന പോലെ ചെസ്റ്റർ വില്യംസും ചെയ്തത് റഗ്ബിയിലൂടെ ഒരു വലിയ രാജ്യത്തെ ഒരുമിപ്പിക്കുക എന്നത് തന്നെയായിരുന്നു. കായികപ്രേമികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത പേരുകളിൽ ഒന്ന് തന്നെയാണ് ചെസ്റ്റർ വില്യംസിന്റേത്. പലപ്പോഴും കായികരംഗത്തെ മഹത്തരം ആക്കുന്നത് ഇത് പോലുള്ള ജീവിതങ്ങൾ ആണ്, ആദരാഞ്ജലികൾ ചെസ്റ്റർ വില്യംസ്.

Advertisement