ലക്ഷദ്വീപ് സ്കൂൾ കായിക മേളക്ക് അഗത്തിയിൽ തുടക്കം

Fanport

അഗത്തി : ലക്ഷദ്വീപിലെ യുവ കായികപ്രതിഭകളെ കണ്ടത്താനായി നടത്തി വരുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനു (LSG) പ്രൗഡഗംഭീരമായ തുടക്കം. പുതുതായി നിയമിതനായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫറൂഖ് ഖാൻ ഐ.പി.എസ് ആണു ഗെയിംസ് ഉദ്ഘാടനം ചെയ്തത്. എല്ലാ കായികപ്രതിഭകൾക്കും ആശംസകൾ നേർന്ന അദ്ദേഹം ഗെയിംസിനു എല്ലാ ഭാവുകങ്ങളും നേർന്നു.

ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്ര അടക്കം 10 ദ്വീപിലേയും സ്കൂളിൽ നിന്നുള്ള യുവ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയിൽ 500 നു മുകളിൽ താരങ്ങൾ പങ്കെടുക്കുന്നു. അത്ലെറ്റിക്സ്, നീന്തൽ എന്നിവക്കു പുറമെ ക്രിക്കറ്റിന് പകരം ആദ്യമായി പെൺകുട്ടികൾക്കായി വോളിബോൾ ഉൾപ്പെടുത്തിയ മേളയാണിത്. 14 നു വയസ്സിനും 17 വയസ്സിനും 19 വയസ്സിനും താഴെയായി 3 വിഭാഗങ്ങളിലായാവും മത്സരം. അത്ലെറ്റിക്സ്, വോളിബോൾ എന്നിവയിൽ സമഗ്രാധിപത്യം പുലർത്തുന്ന റെക്കോർഡ് ചാമ്പ്യന്മാരായ ആന്ത്രോത്ത് ദ്വീപിനെ പിടിച്ച് കെട്ടാനാവും മറ്റ് ദ്വീപുകളുടെ ശ്രമം. തുടർച്ചയായ എട്ടാമത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ആവും ആന്ത്രോത്ത് ലക്ഷ്യം വയ്ക്കുക. സമീപകാലത്ത് നീന്തലിൽ മികവ് പുലർത്തുന്ന കവരത്തിയും, ഫുട്ബോൾ മികവുമായെത്തുന്ന മിനിക്കോയിക്കും പുറമെ പുതിയ ഉണർവുമായെത്തുന്ന ആതിഥേയരായ അഗത്തിയും ആന്ത്രോത്തിന് വെല്ലുവിളി ഉയർത്താൻ പോന്നവരാണ്.