എതിരാളികളില്ലാതെ വീണ്ടും ആന്ത്രോത്ത്, ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനു സമാപനം

Fanport

അഗത്തി : അഗത്തിയിൽ നടന്ന 26 മതു ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനു ഇന്ന് സമാപനം കുറിച്ചു. 10 ദിവസങ്ങളായി അത്ലെറ്റിക്സ്, നീന്തൽ, ഗെയിംസ് ഇനങ്ങളിലായി ലക്ഷദ്വീപിലെ 10 ദ്വീപിലേയും യുവ പ്രതിഭകൾ മാറ്റുരച്ച ഗെയിംസിൽ പതിവ് പോലെ ആന്ത്രോത്ത് ദ്വീപ് ചാമ്പ്യന്മാരായി. നാഷണൽ സ്കൂൾ ഗെയിംസിലേക്കുള്ള സെലക്ഷൻ കൂടിയായ സ്കൂൾ ഗെയിംസ് ഇത്തവണ മികച്ച നിലവാരം പുലർത്തി എന്നാണ് പൊതുവിലയിരുത്തൽ.

അണ്ടർ 14, അണ്ടർ 17, അണ്ടർ 19 എന്നീ വിഭാഗങ്ങളായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടന്ന മത്സരങ്ങളിൽ ആന്ത്രോത്തിന് ഇത്തവണയും വലിയ വെല്ലുവിളി ഉയർത്താൻ മറ്റ് ദ്വീപുകൾക്കായില്ല. 26 സ്‌കൂൾ ഗെയിംസുകളിൽ ഇത് 23 മത്തെ തവണയാണ് ആന്ത്രോത്ത് ചാമ്പ്യന്മാരാകുന്നത്. അണ്ടർ 14 വിഭാഗത്തിൽ കവരത്തിക്കു പിറകിലായെങ്കിലും അണ്ടർ 17, 19 വിഭാഗങ്ങളിൽ ആന്ത്രോത്തിന് വെല്ലുവിളികൾ ഉണ്ടായില്ല. നീന്തലിൽ പതിവ് ആധിപത്യം പുലർത്തിയ കവരത്തി അത്ലെറ്റിക്സിൽ ആന്ത്രോത്തിന് പുറകിലുമെത്തി. എന്നാൽ ഗെയിംസിലെ മോശം പ്രകടനമാണ് അവർക്ക് വിനയായത്.

അത്ലെറ്റിക്സിൽ പതിവ് പോലെ സമഗ്രാധിപത്യം പുലർത്തി ഓവറോൾ ചാമ്പ്യന്മാരായ ആന്ത്രോത്തിന് 147 പോയിന്റ് നേടിയപ്പോൾ രണ്ടാമതുള്ള കവരത്തിക്ക് 112 പോയിൻ്റാണ് നേടാനായത്. മൂന്നാം സ്ഥാനത്തിനായി മികച്ച പോരാട്ടമാണ് അയൽക്കാരായ അമിനിയും കടമത്തും തമ്മിൽ നടന്നത്. ഒടുവിൽ 99 പോയിൻ്റ് നേടിയ അമിനി മൂന്നാമതെത്തിയപ്പോൾ 90 പോയിൻ്റുമായി കടമത്തിന് നാലാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നു. ഗെയിംസിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും സ്വന്നിധ്യം കൊണ്ട് ശ്രദ്ധ നേടാൻ ഏറ്റവും ചെറിയ ദ്വീപായ ബിത്രക്ക് സാധിച്ചു.