2018 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. 2014 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തിയത് ഹോക്കി താരം സര്‍ദാര്‍ സിംഗ് ആയിരുന്നു. അടുത്തിടെ ഫിന്‍ലന്‍ഡിലെ സാവോ ഗെയിംസില്‍ താരം സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി മികച്ച ഫോമിലാണ് താരം. ചൈനീസ് തായ്പേയ് എതിരാളിയായ ചാവോ-സുന്‍ ചെംഗിനെയാണ് സാവോ ഗെയിംസില്‍ നീരജ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്ലറ്റിക്സ് മീറ്റിലും നീരജ് സ്വര്‍ണ്ണം നേടിയിരുന്നു.
വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. നേരിട്ടുള്ള ഗെയിമുകളില്‍ 22-20, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ലോക 38ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുമായി ബ്രസീലിന്റെ ഗോര്‍ കൊയ‍്‍ലോ ആണ് അജയ് ജയറാമിനോട് പരാജയമേറ്റു വാങ്ങിയത്.
34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കിയത്. മിഥുന്‍ മഞ്ജുനാഥ് തന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ 21-19, 21-12 എന്ന സ്കോറിനു തായ്‍ലാന്‍ഡ് താരത്തിനോട് വിജയം കുറിച്ചു. അതേ സമയം ഇന്ത്യയുടെ കാര്‍ത്തിക്ക് ജിന്‍ഡാല്‍ കാനഡയുടെ സിയാവോഡോംഗ് ഷെംഗിനോട് 10-21, 22-24 എന്ന സ്കോറിനു പരാജയപ്പെട്ടു.
യോനെക്സ് സണ്‍റൈസ് വിയറ്റ്നാം ഓപ്പണില്‍ ജയം നേടി അജയ് ജയറാം. ഇന്തോനേഷ്യന്‍ താരത്തിനെ നേരിട്ടുള്ള ഗെയിമുകളില്‍ അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അജയ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 21-7, 21-16. ആദ്യ ഗെയിമില്‍ നിഷ്പ്രഭമായ ഇന്തോനേഷ്യ താരം രണ്ടാം ഗെയിമില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും അജയ് ജയറാം അടുത്ത റൗണ്ടിലേക്ക് വിജയിച്ച് കയറി.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് കിരീടം മരിന്‍ നേടിയത് നേടിയത്. 21-19, 21-10 എന്ന സ്കോറിനായിരുന്നു ജയം. 45 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് മരിന്റെ കിരീടധാരണം. ഒളിമ്പിക്സ് ഫൈനലിലെന്ന പോലെ ഇവിടെയും വെള്ളി മെഡല്‍ കൊണ്ട് സിന്ധു സംതൃപ്തിപ്പെടേണ്ടതുണ്ട്.
ആദ്യ ഗെയിമില്‍ ആദ്യ പോയിന്റുകള്‍ മരിനാണ് നേടിയതെങ്കിലും സിന്ധു പിന്നീട് 8-5ന്റെ ലീഡ് നേടുകയായിരുന്നു. എന്നാല്‍ തുടരെ രണ്ട് പോയിന്റ് നേടി കരോളിന മരിന്‍ ലീഡ് 8-7 ആയി കുറച്ചു. ഇടവേള സമയത്ത് സിന്ധു 11-8നു മുന്നിട്ട് നിന്നു.
രണ്ടാം പകുതി പുരോഗമിക്കവേ നാല് പോയിന്റ് ലീഡ് നിലനിര്‍ത്തി സിന്ധു 15-11നു മുന്നിലെത്തിയെങ്കിലും മരിന്‍ മികച്ച തിരിച്ചുവരവ് നടത്തി ആദ്യ ഗെയിമില്‍ 16-15നു ലീഡ് നേടി. പിന്നീട് ഓരോ പോയിന്റിനും തീവ്രമായ പോരാട്ടം ഇരുവരും പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി മാറി. 18-18നു ഒപ്പം നിന്ന ശേഷം രണ്ട് ഗെയിം പോയിന്റുകള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം ആദ്യ ഗെയിം 21-19നു വിജയിച്ചു.
രണ്ടാം ഗെയിമില്‍ സിന്ധുവിനുമേല്‍ വ്യക്തമായ ആധിപത്യമാണ് കരോളിന മരിന്‍ നേടിയത്. 7-1നു തുടക്കത്തില്‍ ലീഡ് നേടിയ മരിന്‍ സിന്ധുവിനു തിരിച്ചുവരവിനു അവസരം നല്‍കാതെ ഇടവേള സമയത്ത് 11-2 ന്റെ ലീഡ് കരസ്ഥമാക്കി. ആദ്യ പകുതിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം സിന്ധു ഇടവേളയ്ക്ക് ശേഷം പുറത്തടുത്തുവെങ്കിലും അപ്രാപ്യമായ ലീഡായിരുന്നു മരിന്‍ കൈവശപ്പെടുത്തിയിരുന്നത്.
രണ്ടാം ഗെയിമും മത്സരവും 21-10 എന്ന സ്കോറിനു സ്വന്തമാക്കി കരോളിന മരിന്‍ തന്റെ ലോക കിരീടം സ്വന്തമാക്കുകയായിരുന്നു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്ന് പിവി സിന്ധു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. നാളെ നടക്കുന്ന ഫൈനല്‍ മത്സരം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമാണ്. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 24-22. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
നേരത്തെ നടന്ന സെമിയില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ പരാജയപ്പെടുത്തിയാണ് മരിന്‍ ഫൈനലില്‍ എത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സ്പാനിഷ് താരത്തിന്റെ തിരിച്ചുവരവ്. 13-21, 21-16, 21-13 എന്ന സ്കോറിനായിരുന്നു കരോളിന മരിന്റെ ജയം.
സിന്ധുവിന്റെ മത്സരത്തില്‍ ആദ്യ ഗെയിമിലെ 0-5നു പിന്നില്‍ നിന്ന ശേഷം മികച്ച തിരിച്ചുവരവാണ് സിന്ധു നടത്തിയത്. ആദ്യ പകുതിയില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും യമാഗൂച്ചിയ്ക്കായിരുന്നു ഇടവേള സമയത്ത് 11-10 ന്റെ ലീഡ്. പിന്നീട് മത്സരത്തിലേക്ക് തിരികെ എത്തിയ സിന്ധു 19-13നു ലീഡ് കൈക്കലാക്കി. പിന്നീട് മൂന്ന് പോയിന്റുകള്‍ കൂടി ജപ്പാന്‍ താരം നേടിയെങ്കിലും ഗെയിം 21-16നു സിന്ധു സ്വന്തമാക്കി.
രണ്ടാം ഗെയിമിലും യമാഗൂച്ചി തന്നെയാണ് തുടക്കത്തില്‍ മുന്നിലെത്തിയത്. ഇടവേള സമയത്ത് താരം 11-7നു മുന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ 19-12നു മുന്നിലെത്തി താരം ഗെയിം സ്വന്തമാക്കുവാന്‍ 2 പോയിന്റ് അകലെയായിരുന്നു. തുടര്‍ന്ന് 7 പോയിന്റുകള്‍ തുടര്‍ച്ചയായി നേടിയാണ് സിന്ധു ജപ്പാന്‍ താരത്തിനൊപ്പമെത്തിയത്. അവിടെ നിന്ന് മാച്ച് പോയിന്റില്‍ സിന്ധുവെത്തിയെങ്കിലും ജപ്പാന്‍ താരം 20-20നു ഒപ്പമെത്തി.
പിന്നീട് യമാഗൂച്ചിയ്ക്ക് ഗെയിം പോയിന്റും സിന്ധുവിനു മാച്ച് പോയിന്റും മാറി മാറി ലഭിച്ച മത്സരത്തിനൊടുവില്‍ 24-22 നു സിന്ധു ജയം കരസ്ഥമാക്കി ഫൈനലിലേക്ക് യാത്രയാകുകയായിരുന്നു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ ആറാം സീഡായ കെന്റോ മൊമോട്ടോയോട് തോറ്റാണ് സായി പ്രണീത് പുറത്തായത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ 12-21, 12-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി പിവി സിന്ധു സെമിയില്‍. ഇന്ന് നടന്ന തീപാറും മത്സരത്തില്‍ 58 മിനുട്ട് പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം ഇരു താരങ്ങളും പൊരുതിയെങ്കിലും അവസാന നിമിഷം സിന്ധു മുന്നിലെത്തുകയായിരുന്നു. സ്കോര്‍: 21-17, 21-19.
ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധു മുന്നിലായിരുന്നു. പിന്നീട് സിന്ധു 17-13 ന്റെ ലീഡ് നേടി മത്സരത്തില്‍ ഏറെ മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ആദ്യ ഗെയിം 21-17 എന്ന സ്കോറിനു സിന്ധു കൈക്കലാക്കി. രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ ഒഖുഹാര 9-3നു ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും ഇടവേള സമയത്ത് ലീഡ് നില 8-11 ആയി സിന്ധു കുറച്ച് കൊണ്ടുവന്നു.
ഇടവേളയ്ക്ക് ശേഷം മൂന്ന് പോയിന്റ് നേടി ജപ്പാന്‍ താരത്തിനൊപ്പം സിന്ധു എത്തി. പിന്നീട് ഇരു താരങ്ങളും ലീഡ് മാറി മാറി നേടി. 19-19 ല്‍ ഇരു താരങ്ങളും ഒപ്പമെത്തിയെങ്കിലും സിന്ധു ഗെയിം 21-19നു നേടി സെമി ഉറപ്പിച്ചു.
കാലിക്കറ്റ് സർവകലാശാല കായിക പഠന വിഭാഗത്തിന്റെ കീഴിൽ നടത്തി വരുന്ന പ്രോമിസിംഗ് യങ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ് (പുരുഷ) 08.08.2018 മുതൽ 14.08.2018 വരെ സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. +2 കഴിഞ്ഞ് ഒന്നാം വർഷ ഡിഗ്രി പ്രവേശനം കാത്തിരിക്കുന്ന കുട്ടികൾക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 08.08.2018 ബുധനാഴ്ച രാവിലെ 8.30ന് സർവകലാശാല സ്റ്റേഡിയത്തിൽ സ്പോർട്സ് കിറ്റ് സഹിതം ഹാജരാവണമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് 2018ല്‍ നിന്ന് പുറത്തായി ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് ജോഡികളും. ഇന്ന് നടന്ന മത്സരത്തില്‍ ചൈനീസ് ടീമിനോടാണ് ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം പുറത്തായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു തോല്‍വി. 21-17, 21-10 എന്ന സ്കോറിനായിരുന്നു തോല്‍വി.
ആദ്യ ഗെയിമില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും രണ്ടാം ഗെയിമില്‍ ചൈനീസ് ടീം കൂടുതല്‍ ശക്തിയോടെ ഇന്ത്യന്‍ ജോഡിയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
സ്പെയിനിന്റെ ഒളിമ്പിക്സ് ചാമ്പ്യന്‍ കരോളിന മരിനോട് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ട് സൈന നെഹ്‍വാല്‍. സൈനയെ അനായാസമായാണ് ഇന്ന് മരിന്‍ പരാജയപ്പെടുത്തിയത്. 31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 6-21, 11-21 എന്ന സ്കോറിനായിരുന്നു മരിന്‍ ജയം സ്വന്തമാക്കിയത്. ഇതോടെ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ സാന്നിധ്യമായി സിന്ധു മാത്രമാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്.
പിവി സിന്ധു നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ നോസോമി ഒഖുഹാരയെ നേരിടും. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ സായി പ്രണീത് ജപ്പാന്‍ താരവും ആറാം സീഡുമായ കെന്റോ മോമോട്ടോയെ നേരിടും.
കൊറിയയുടെ ജി ഹ്യുന്‍ സംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു. ജയത്തോടെ സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 42 മിനുട്ട് നീണ്ട് മത്സരത്തിന്റെ ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത ചെറുത്ത് നില്പ് കൊറിയന്‍ താരത്തില്‍ നിന്ന് സിന്ധു നേരിട്ടു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്ന് സായി പ്രണീത്. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെയാണ് സായി പ്രണീത് പരാജയപ്പെടുത്തിയത്. 21-13, 21-11 എന്ന സ്കോറിനായിരുന്നു ജയം. 39 മിനുട്ടുകള്‍ നീണ്ട മത്സരത്തില്‍ അനായാസമായ ജയമാണ് പ്രണീത് സ്വന്തമാക്കിയത്.
അതേ സമയം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീകാന്ത് കിഡംബി തോല്‍വിയേറ്റു വാങ്ങി. 18-21, 18-21 എന്ന സ്കോറിനാണ് മലേഷ്യയുടെ ഡാരെന്‍ ല്യൂവിനോട് കിഡംബി അടിയറവ് പറഞ്ഞത്.