ഖത്തർ മോട്ടോ ജിപി വിനാലെസിന്, വാലന്റീനോ റോസി മൂന്നാമത്

മോട്ടോ ജിപി സീസൺ വിജയത്തോടുകൂടി മാവെറിക്ക് വിനാലെസ് തുടങ്ങി. മഴകാരണം വൈകിത്തുടങ്ങിയ ഖത്തർ മോട്ടോ ജിപി യമഹയ്ക്ക് വേണ്ടി ആദ്യമായിറങ്ങിയ വിനാലെസ് നേടി. തികച്ചും ദുർഘടമായ കാലാവസ്ഥയിലും ട്രാക്ക് കണ്ടിഷനിലും മികച്ച പ്രകടനം കാഴച്ചവെച്ചാണ് 22  കാരനായ വിനാലെസ്  ഈ നേട്ടം കൈവരിച്ചത്. ഡ്യുക്കാട്ടിയുടെ ആൻഡ്രിയ ഡോവിസിയോസോ രണ്ടാമതായി ഫിനിഷ് ചെയ്തു. യമഹയുടെ തന്നെ വാലന്റീനോ റോസി മൂന്നാമതായും ഫിനിഷ് ചെയ്തു. നിലവിലെ ചാമ്പ്യൻ മാർക്ക് മാർക്കേസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

2011ലെ കെയ്‌സി സ്റ്റോണറുടെ വിജയത്തിന് ശേഷം ആദ്യമായാണ് പുതിയ ടീമിന് വേണ്ടി ഇറങ്ങുന്ന റൈഡർ ആദ്യസ്ഥാനത്ത് എത്തുന്നത്. 20 ലാപ്പായി ചുരുക്കിയ മത്സരത്തിൽ സ്‌പെയിനിന്റെ മാവെറിക്ക് വിനാലെസിന്റെ രണ്ടാം കരിയർ വിജയമാണ്. ഏഴുതവണ ലോക ചാമ്പ്യനായ വാലന്റീനോ റോസി പത്താം സ്ഥാനത്ത് നിന്നാരംഭിച്ചാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. വഴുക്കലുള്ള ട്രാക്കിൽ മുന്നോട്ടു പോകുവാൻ മറ്റുള്ളവർ ബുദ്ധിമുട്ടിയപ്പോൾ പരിചയസമ്പത് റോസിക്ക് തുണയായി.

മോട്ടോ 2 യിൽ ഫ്രാങ്കോ മോർബിഡെല്ലി ഒന്നാമതെത്തി. മോട്ടോ 3  യിൽ സ്‌പെയിനിന്റെ ജൊവാൻ മിർ ഒന്നാമതെത്തി. ആവേശോജ്വലമായ റെയിസിൽ ബ്രിട്ടന്റെ ജോൺ മക്ഫിയെ 0 .135 സെക്കന്റസിനു പിന്നിലാക്കിയാണ് മിർ വിജയിച്ചത്.