അർജന്റീന മോട്ടോ ജിപി മാവെറിക്ക് വിനാലെസിന്

ഖത്തർ ജിപിയിൽ വിജയത്തോടെ സീസൺ തുടങ്ങിയ വിനാലെസ് അർജന്റീനയിലും വിജയമാവർത്തിച്ചു. Termas de Río Hondo ലെ വിജയത്തോടു കൂടി അമേരിക്കൻ ഇതിഹാസം വെയിൻ റൈൻലീക്ക് ശേഷം സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിക്കുന്ന യമഹ റൈഡർ ആയി മാറി 22 കാരനായ വിനാലെസ്. യമഹയുടെ ഇറ്റാലിയൻ റൈഡർ വാലന്റീനോ റോസി രണ്ടാമതായി ഫിനിഷ് ചെയ്തു. വിനാലെസുമായി 2.915 സെക്കൻഡ്‌സ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. ആറാമതായി റേസ് ആരംഭിച്ച വിനാലെസ് ആദ്യലാപ്പിന്റെ അവസാനത്തിൽ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി. കാൾ ക്രാറ്റ്കളോയെ രണ്ടാം ലാപ്പിൽ വിനാലെസ് മറികടന്നു.
നിലവിലെ ചാമ്പ്യൻ മാർക്ക് മർക്കസ് ആയിരുന്നു ലീഡ് ചെയ്തതെങ്കിലും നാലാം ലാപ്പിൽ ക്രാഷ് ആയി പുറത്തുപോയി. തുടർന്ന് ലീഡ് നേടിയ വിനാലെസ് ഒന്നാം സ്ഥാനം വിട്ടുകൊടുത്തില്ല. രണ്ടാം സ്ഥാനത്തു കാൾ ക്രാറ്റ്കളോ തുടർന്നെങ്കിലും 19 /25 ലാപ്പിൽ വാലന്റീനോ റോസി അദ്ദേഹത്തെ മറികടന്നു. 38 കാരനായ ‘ഇറ്റാലിയൻ റോസി’ തന്റെ 350 ആം ജിപിയിൽ രണ്ടാം സ്ഥാനം നേടി. രണ്ടു വിജയങ്ങളുമായി 50  പോയിന്റുമായി വിനാലെസ് വേൾഡ് ചാംപ്യൻഷിപ്പിനായി ലീഡ് ചെയ്യുമ്പോൾ യമഹയുടെ തന്നെ റോസി 36  പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.