വലിയ വിജയവുമായി പ്ലേ ഓഫ് ഉറപ്പിച്ച് യുപി യോദ്ധ

ബംഗാള്‍ വാരിയേഴ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി പ്രൊകബഡി ലീഗ് പ്ലേ ഓഫ് ഉറപ്പാക്കി യുപി യോദ്ധ. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ഇതോടെ വിജയിച്ചാണ് പ്ലേ ഓഫിലേക്ക് യുപി കടക്കുന്നത്. 41-25 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ് പുറത്തായി. 19-11നു ആദ്യ പകുതിയില്‍ ലീഡ് നേടിയ യുപി രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന് മുന്നേറി.

ഋഷാംഗ് ദേവഡിഗ(9), ശ്രീകാന്ത് ജാഥവ്(6), നിതേഷ് കുമാര്‍(6) എന്നിവര്‍ക്കൊപ്പം സച്ചിന്‍ കുമാര്‍ അഞ്ച് പോയിന്റുമായി യുപി നിരയില്‍ തിളങ്ങി. ബംഗാളിനായി ആരും തന്നെ അഞ്ച് പോയിന്റിനു മേലെ നേടിയില്ല. 19-16നു റെയിഡിംഗില്‍ യുപി മുന്നിട്ട് നിന്നപ്പോള്‍ 14-7 എന്ന വലിയ ലീഡാണ് പ്രതിരോധത്തില്‍ ടീം സ്വന്തമാക്കിയത്. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും യുപിയ്ക്ക് സാധിച്ചു.