80 പോയിന്റുകള്‍ക്ക് ശേഷം സമനിലയില്‍ പിരിഞ്ഞ് യുപിയും ബംഗാളും

- Advertisement -

റെയ്ഡര്‍മാര്‍ പോയിന്റ് വാരിക്കൂട്ടിയ മത്സരത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ വാരിയേഴ്സും യുപി യോദ്ധയും. 40-40 എന്ന സ്കോറിനു ടീമുകള്‍ പിരിഞ്ഞപ്പോള്‍ അവസാന റെയിഡിലാണ് യുപി സമനില പിടിച്ചെടുത്തത്. പകുതി സമയത്ത് 18-15നു യുപിയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ബംഗാളിനു സാധിച്ചിരുന്നു.

ഇരു ടീമുകളിലെയും റെയ്ഡര്‍ മാര്‍ 25 വീതം പോയിന്റാണ് മത്സരത്തില്‍ നിന്ന് നേടിയത്. പ്രതിരോധത്തില്‍ ബംഗാള്‍ 12 പോയിന്റ് നേടിയപ്പോള്‍ യുപി സ്വന്തമാക്കിയത് 8 പോയിന്റാണ്. ഇരു ടീമുകളും മത്സരത്തില്‍ ഒരു തവണ ഓള്‍ഔട്ട് ആയി. അധിക പോയിന്റിലെ മേല്‍ക്കൈ ആണ് യുപിയ്ക്ക് സമനില നേടുവാന്‍ സഹായകരമായത്. 5-1നു ഈ വിഭാഗത്തില്‍ യുപിയായിരുന്നു മുന്നില്‍.

16 പോയിന്റ് നേടിയ ബംഗാളിന്റെ മനീന്ദര്‍ സിംഗ് ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. ജാംഗ് കുന്‍ ലീ ഏഴ് പോയിന്റും സുര്‍ജിത്ത് സിംഗ് ആറ് പോയിന്റും നേടി. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് പതിമൂന്ന് പോയിന്റും ഋഷാംഗ് ദേവഡിഗ 9 പോയിന്റും നേടി.

Advertisement