പൊരുതി തോറ്റ് ഹരിയാന, അരങ്ങേറ്റ വിജയം നഷ്ടമായത് ഒരു പോയിന്റിനു

നവാഗതരായ ഹരിയാന സ്റ്റീലേര്‍സിന്റെ ചെറുത്ത്നില്പ് മറികടന്ന് യുമുംബയ്ക്ക് ആദ്യ ജയം. ഇരുടീമുകളും അവസാന മിനുട്ടുകള്‍ വരെ ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ ഒരു പോയിന്റിനാണ് മത്സരം മുംബൈ സ്വന്തമാക്കിയത്(29 -28).  ആദ്യ പകുതിയില്‍ ലീഡ് ഹരിയാനയ്ക്കായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ പ്രൊകബഡി ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഹരിയാനയ്ക്കായിരുന്നു ലീഡ്. സ്കോര്‍ 15-11.

രണ്ടാം പകുതിയുടെ തുടക്കത്തിലും ലീഡ് ഉയര്‍ത്തിയ ഹരിയാന ഒരു ഘട്ടത്തില്‍ 7 പോയിന്റുകളുടെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരിചയസമ്പന്നരായ അനൂപ് കുമാര്‍, കാശിലിംഗ് അഡ്കേ എന്നിവരുടെ മികവില്‍ ലീഡ് മുംബൈ തിരിച്ചുപിടിച്ചു. മത്സരം അവസാനിക്കാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ 4 പോയിന്റ് ലീഡ് സ്വന്തമാക്കിയ മുംബൈയ്ക്കെതിരെ തിരിച്ചടിച്ച് ഹരിയാന ലീഡ് ഒന്നാക്കി കുറച്ചുവെങ്കിലും സമനില പോയിന്റ് നേടുന്നതിനു മുമ്പ് അവസാന വിസില്‍ മുഴങ്ങുകയായിരുന്നു. രണ്ടാം റൗണ്ടില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്ന മുംബൈയുടെ പതിവു ശൈലിയാണ് ഇന്നും ഹൈദ്രാബാദില്‍ കാണാനായത്.

മുംബൈയ്ക്കായി കാശിലിംഗ് 7 പോയിന്റും അനൂപ് കുുമാര്‍ 6 പോയിന്റും നേടിയപ്പോള്‍ വസീര്‍ സിംഗ്, വികാശ് ഖണ്ഡോല (ഇരുവരും 6 പോയിന്റ്) ഹരിയാനയുടെ ഉയര്‍ന്ന സ്കോറര്‍മാരായി. റെയിഡ് പോയിന്റുകളില്‍ ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ ടാക്കിള്‍ പോയിന്റുകളില്‍ രണ്ട് പോയിന്റിന്റെ ലീഡ് മുംബൈ സ്വന്തമാക്കി. ഒരു എക്സ്ട്രാ പോയിന്റ് ഹരിയാനയ്ക്കും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെൽസി താരത്തെ റാഞ്ചി മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഫുള്‍ ചാര്‍ജ്ജായി ബുള്‍സ്