പുതിയ സീസണില്‍ യുമുംബയുടെ വിജയത്തുടക്കം

തെലുഗു ടൈറ്റന്‍സിനെതിരെ 31-25ന്റെ മികച്ച വിജയം നേടി തങ്ങളുടെ വിജയം യുമുംബ കുറിച്ചതോടെ 2019 പ്രൊകബഡി സീസണിന് ആവേശത്തുടക്കം. ഇന്ന് ഹൈദ്രാബാദിലെ ഗാച്ചി ബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ തെലുഗു ടൈറ്റന്‍സിനെയാണ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുമുംബ മറികടന്നത്. ആദ്യ പകുതിയില്‍ 17-10ന്റെ ലീഡും മുംബൈയ്ക്ക് തന്നെയായിരുന്നു.

10 പോയിന്റുമായി അഭിഷേക് സിംഗ് ആണ് മുംബൈ നിരയിലെ മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് ബലിയന്‍, സന്ദീപ് നര്‍വാല്‍, ഫസല്‍ അത്രെച്ചാലി എന്നിവര്‍ നാല് വീതം പോയിന്റും നേടി. അതേ സമയം ടൈറ്റന്‍സിന് വേണ്ടി രജനീഷ് എട്ട് പോയിന്റും സിദ്ധാര്‍ത്ഥ് ദേശായി 5 പോയിന്റും നേടി. കഴിഞ്ഞ സീസണില്‍ മുംബൈയുടെ പ്രധാന റെയിഡറുടെ ദൗത്യം സിദ്ധാര്‍ത്ഥിനായിരുന്നു, അന്നത്തെ അത്ര മികവ് ഇന്ന് തന്റെ മുന്‍ ടീമിനെതിരെ താരത്തിന് പുറത്തെടുക്കുവാനാകാതെ പോയതും തെലുഗു ടൈറ്റന്‍സിന് തിരിച്ചടിയായി.

ടാക്കിള്‍ പോയിന്റുകളില്‍ ഇരു ടീമുകളും പത്ത് പോയിന്റ് വീതം നേടി തുല്യത പാലിച്ചപ്പോള്‍ റെയിഡ് പോയിന്റില്‍ നേരിയ ലീഡ്(16-15) കൈവശപ്പെടുത്തുവാന്‍ യുമുംബയ്ക്കായി. എന്നാല്‍ രണ്ട് തവണ ഓള്‍ഔട്ട് ആയതാണ് തെലുഗു ടൈറ്റന്‍സിന് തിരിച്ചടിയായത്. 1 അധിക പോയിന്റും നേടി തങ്ങളുടെ ആറ് പോയിന്റിന്റെ ലീഡ് കരസ്ഥമാക്കുവാന്‍ യുമുംബയ്ക്കായി.