ജൈത്രയാത്ര തുടര്‍ന്ന് മുംബൈ

തുടര്‍ വിജയങ്ങളുമായി യുമുംബ പ്രൊകബഡി ലീഗില്‍ കുതിയ്ക്കുന്നു. ഇന്നലെ ഗുജറാത്തിനെതിരെ 36-26 എന്ന സ്കോറിനാണ് ടീം വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 17-14നു 3 പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നതെങ്കില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അത് 10 പോയിന്റായി ഉയര്‍ത്തുവാന്‍ ടീമിനു സാധിച്ചു.

6 പോയിന്റുമായി സിദ്ധാര്‍ത്ഥ് ദേശായി, രോഹിത് റാണ, രോഹിത് ബലിയന്‍, ധര്‍മ്മരാജ് ചേരാലതന്‍ എന്നിവരാണ് മുംബൈ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഗുജറാത്ത് നിരയില്‍ 8 പോയിന്റുമായി സച്ചിന്‍ മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയി. റെയിഡിംഗില്‍ ഗുജറാത്തായിരുന്നു 15-14നു മുന്നില്‍. എന്നാല്‍ പ്രതിരോധത്തിലെ മികവ് മുംബൈയുടെ വിജയം ഉറപ്പാക്കി.

17-8നാണ് പ്രതിരോധത്തില്‍ മുംബൈ മുന്നില്‍ നിന്നത്. രണ്ട് തവണ ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനു സാധിച്ചു. 3-1നു അധിക പോയിന്റുകളില്‍ ഗുജറാത്ത് മുന്‍കൈ നേടി.