പിങ്ക് പാന്തേഴ്സിനെ മറികടന്ന് ടൈറ്റന്‍സ്

ഡല്‍ഹി ത്യാഗരാജ് സ്പോര്‍ട്സ് കോംപ്ലക്സിലെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ജയം സ്വന്തമാക്കി തെലുഗു ടൈറ്റന്‍സ്. ഇരു ടീമുകളും റെയിഡ് പോയിന്റുകള്‍ വാരിക്കൂട്ടിയ മത്സരത്തില്‍ 41-34 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ മറികടന്നത്. പകുതി സമയത്ത് 23-11 നു ലീഡ് ചെയ്തിരുന്ന ടൈറ്റന്‍സിനെ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട് വന്ന ജയ്പൂരിനു മറികടക്കാനായില്ലെങ്കിലും ലീഡ് കുറച്ചു കൊണ്ടുവരാന്‍ മാത്രമേ സാധിച്ചുള്ളു.

17 പോയിന്റുകളുമായി ജയ്പൂരിന്റെ പവന്‍ കുമാറും ടൈറ്റന്‍സിന്റെ രാഹുല്‍ ചൗധരിയും മത്സരത്തിലെ ടോപ് സ്കോറര്‍ ആയി മാറി. നിലേഷ് സാലുങ്കേ(7), വിശാല്‍ ഭരദ്വാജ്(5) എന്നിവര്‍ രാഹുലിനു പിന്തുണയായി നിലയുറപ്പിച്ചു. അതേ സമയം ജയ്പൂരിന്റെ മഞ്ജീത്ത് ചില്ലര്‍, ജസ്വീര്‍ സിംഗ് എന്നിവര്‍ നിറംമങ്ങിപ്പോയത് ടീമിനു തിരിച്ചടിയായി.

27 പോയിന്റുകള്‍ റെയിഡിംഗ് വിഭാഗത്തില്‍ ടൈറ്റന്‍സ് സ്വന്തമാക്കിയപ്പോള്‍ പിങ്ക് പാന്തേഴ്സ് 25 പോയിന്റ് നേടി. പ്രതിരോധത്തിലെ മികവാണ് ടീമുകളെ തമ്മില്‍ വേര്‍തിരിച്ചത്. 11-3 നു ആ വിഭാഗത്തില്‍ ടൈറ്റന്‍സ് ആധിപത്യം പുലര്‍ത്തി. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ടിനു വിധേയരായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎം എൽ എമാർ ബൂട്ടണിഞ്ഞു, മുഖ്യമന്ത്രി ഇലവനെ വീഴ്ത്തി സ്പീക്കർ ഇലവൻ
Next articleആദ്യ പാദത്തിൽ ബെംഗളൂരുവിന് തോൽവി; ഇനി പ്രതീക്ഷ രണ്ടാം പാദത്തിൽ