വിധി മാറ്റിയെഴുതി തമിഴ് തലൈവാസ്, പട്നയെ അട്ടിമറിച്ചു

- Advertisement -

പട്ന പൈറേറ്റ്സിനെ അട്ടിമറിച്ച് തങ്ങളുടെ വിധി മാറ്റിയെഴുതി തമിഴ് തലൈവാസ്. മികച്ച പ്രകടനം അജയ് താക്കൂര്‍ പുറത്തെടുത്തിട്ടും തോല്‍വി പതിവായി മാറിയ തമിഴ് തലൈവാസിനു ആശ്വാസമായി വിജയം. അതും ടൂര്‍ണ്ണമെന്റിലെ മികച്ച ടീമിലൊന്നായ പട്ന പൈറേറ്റ്സിനെതിരെ. പൂനെയിലെ ചത്രപതി ശിവാജി കോംപ്ലക്സില്‍ നടന്ന പ്രൊകബഡി ലീഗിലെ 124ാം മത്സരത്തില്‍ 40-37 എന്ന സ്കോറിനാണ് തമിഴ് തലൈവാസ് വിജയം പിടിച്ചെടുത്തത്. പകുതി സമയത്ത് 29-12നു തലൈവാസ് ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ നിറം മങ്ങിയെങ്കിലും വിജയം കൈവിടാതിരിക്കുവാന്‍ തലൈവാസിനു സാധിച്ചു.

ആദ്യ പകുതിയില്‍ 29 പോയിന്റ് നേടിയ തലൈവാസിനു രണ്ടാം പകുതിയില്‍ വെറും 11 പോയിന്റാണ് നേടാനായത്. പതിവു പോലെ അജയ് താക്കൂര്‍ തന്നെയാണ് മത്സരത്തില്‍ തലൈവാസിനെ മുന്നില്‍ നിന്ന് നയിച്ചത്. 13 പോയിന്റ് താക്കൂര്‍ നേടിയപ്പോള്‍ 11 പോയിന്റുമായി പ്രപഞ്ചന്‍ മികച്ച പിന്തുണ ടീമിനു നല്‍കി. പര്‍ദീപ് നര്‍വാല്‍ 19 പോയിന്റുമായി മത്സരത്തിലെതന്നെ ടോപ് സ്കോറര്‍ ആയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. മോനു ഗോയത് 7 പോയിന്റ് നേടി.

ആദ്യ പകുതിയില്‍ 17 പോയിന്റിനു പിന്നിലായതിനു ശേഷം തിരികെ വന്ന പട്ന എന്നാല്‍ 3 പോയിന്റ് വ്യത്യാസത്തില്‍ മത്സരം അടിയറവു പറയുകയായിരുന്നു. റെയിഡിംഗില്‍ 29-25നു മുന്‍കൈ പട്നയ്ക്കായിരുന്നു. പ്രതിരോധത്തില്‍ തലൈവാസ് ആയിരുന്നു മുന്നില്‍(11-6). മത്സരത്തില്‍ രണ്ട് തവണ പട്ന ഓള്‍ഔട്ട് ആയപ്പോള്‍ ഒരു തവണ തലൈവാസും പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement