രണ്ടാം ജയം നേടാനാകാതെ തലൈവാസ്, ആതിഥേയരെ വീഴ്ത്തി യുപി യോദ്ധ

തമിഴ് തലൈവാസിനെ 37-32 എന്ന സ്കോറിനു പരാജയപ്പെടുത്തി യുപി യോദ്ധ. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 18 – 4 ന്റെ വ്യക്തമായ ലീഡ് യുപി നേടിയെങ്കിലും രണ്ടാം പകുതിയില്‍ ആവേശകരമായ തിരിച്ചുവരവ് തലൈവാസ് നടത്തുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ കൂറ്റന്‍ ലീഡ് യുപിയുടെ തുണയ്ക്കെത്തി. മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ലീഡ് രണ്ട് പോയിന്റായി കുറച്ച് സ്കോര്‍ 30-32 എന്ന നിലയിലേക്ക് തലൈവാസ് കൊണ്ടെത്തിച്ചുവെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ മത്സരം യുപി സ്വന്തമാക്കി.

12 പോയിന്റുമായി തലൈവാസിന്റെ അജയ് താക്കൂര്‍ മത്സരത്തില്‍ മികച്ച് നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും താരത്തിനു വേണ്ടത്ര പിന്തുണ നല്‍കുവാനായിരുന്നില്ല. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് 8 പോയിന്റ് നേടിയപ്പോള്‍ ശ്രീകാന്ത് ജാധവ് 5 പോയിന്റ് നേടി. റെയിഡിംഗില്‍ മികവ് പുലര്‍ത്തിയത് തമിഴ് തലൈവാസായിരുന്നുവെങ്കില്‍(23-18) പ്രതിരോധത്തില്‍ 10-5ന്റെ ലീഡ് യുപി കൈവശപ്പെടുത്തി.

ഇരു ടീമുകളും രണ്ട് തവണ ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തിലെ വ്യത്യാസമായി മാറിയത് യുപി നേടിയ 5 എക്സ്ട്രാ പോയിന്റുകളാണ്.