ചരിത്രം കുറിച്ച് തമിഴ് തലൈവാസ്, മൂന്ന് വട്ടം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി തുടക്കം

അടിമുടി മാറി പ്രൊകബഡി ആറാം സീസണിനു എത്തിയ തമിഴ് തലൈവാസിനു നാട്ടിലെ ആദ്യ ജയം. കഴിഞ്ഞ സീസണില്‍ ചെന്നൈയില്‍ വെച്ച് വിജയം കിട്ടാക്കനിയായ ശേഷം ഇത്തവണ മൂന്ന് വട്ടം ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പരാജയപ്പെടുത്തിയാണ് തമിഴ് തലൈവാസ് പ്രൊ കബഡിയുടെ ഏറ്റവും പുതിയ സീസണിനു തുടക്കം കുറിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ 42-26 എന്ന പോയിന്റിനു തമിഴ് തലൈവാസ് പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.

അജയ് താക്കൂറും സുര്‍ജീത്ത് സിംഗും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തലൈവാസിനെ റെയിഡ് പോയിന്റുകളില്‍ ഒപ്പം പിടിക്കുവാന്‍ പര്‍ദീപ് നര്‍വാലിനും മന്‍ജീത്തിനും അല്പമെങ്കിലും സാധിച്ചുവെങ്കിലും പ്രതിരോധത്തില്‍ തലൈവാസ് എറെ മുന്നിലായിരുന്നു. 14 പോയിന്റ് നേടിയ അജയ് താക്കൂറും 7 പോയിന്റുമായി സുര്‍ജ്ജിത്തും തലൈവാസിനെ നയിച്ചു. പര്‍ദീപ് നര്‍വാല്‍ 11 പോയിന്റ് നേടിയപ്പോള്‍ പുതുതായി എത്തിയ മന്‍ജീത്ത് 8 പോയിന്റുമായി പട്ന നിരയില്‍ തിളങ്ങി.

റെയിഡിംഗില്‍ തമിഴ് തലൈവാസ് 24 പോയിന്റ് നേടിയപ്പോള്‍ പട്ന പൈറേറ്റ്സ് 21 പോയിന്റാണ് നേടിയത്. പ്രതിരോധത്തില്‍ 11 പോയിന്റുമായി തമിഴ് തലൈവാസ് 2 പോയിന്റ് മാത്രം നേടിയ പട്നയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. ആറ് ഓള്‍ഔട്ട് പോയിന്റ് വിജയികള്‍ സ്വന്തമാക്കിയപ്പോള്‍ എതിരാളികള്‍ രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്.

Previous articleആവേശ മത്സരത്തിൽ കണ്ടീരവയിൽ സമനില, ഗോളുമായി 16കാരൻ താരമായി
Next articleപെനാൾട്ടി തുലച്ച് മഹ്റസ്, ആൻഫീൽഡിൽ സമനില